വോണ്യുവിന്റെ സാരഥികൾ | Photo: Special Arrangement
കല്പറ്റ: വയനാട്ടിലേക്ക് ബിസിനസ് ആവശ്യത്തിന് പോവുകയാണെന്നുപറഞ്ഞതിന് ഇസ്രയേലുകാരനായ കോബികൊഹൻ എന്ന ബിസിനസുകാരനെ കഴിഞ്ഞവർഷം ജൂലായിൽ കണ്ണൂർ വിമാനത്താവളത്തിൽ പോലീസ് തടഞ്ഞുവെച്ചു. വയനാട്ടിൽ ഐ.ടി. ബിസിനസോ, അവിടെ ടൂറിസമല്ലേയുള്ളൂ, വെറുതേപറയുകയാണോ എന്നതായിരുന്നു പോലീസുകാരുടെ സംശയം. തന്റെ കമ്പനിയുമായി കരാറുള്ള സുൽത്താൻബത്തേരിയിലെ ഐ.ടി. സ്ഥാപനത്തിലേക്ക് വന്നതായിരുന്നു അദ്ദേഹം. വയനാട്ടുകാരോടു ചോദിച്ചാലും ചിലപ്പോൾ പറയും ഇവിടെ ഐ.ടി. കമ്പനിയോ എന്ന്. പക്ഷേ, ഈ സംശയങ്ങൾക്കെല്ലാം വിസ്മയിപ്പിക്കുന്ന വിജയകഥയെഴുതി ഉത്തരംനൽകുകയാണ് ബത്തേരിക്കാരായ രണ്ടു ചെറുപ്പക്കാർ.
ബത്തേരി കീരഞ്ചിറയിലെ ആൽവിൻ കെന്റും അലൻ റിന്റൗളും. ബഹുരാഷ്ട്രകമ്പനികളിലെ ലക്ഷങ്ങൾ ശമ്പളംകിട്ടുന്ന ജോലിയുപേക്ഷിച്ച് വീട്ടിലെ ഒറ്റമുറിക്കുള്ളിൽ തുടക്കംകുറിച്ച ‘വോണ്യൂ’ എന്ന ഐ.ടി. കമ്പനിയിൽ ഇപ്പോൾ എഴുപതോളം ജീവനക്കാരുണ്ട്. യൂറോപ്പ്, യു.എസ്., മെക്സിക്കോ,സിങ്കപ്പൂർ, ഇസ്രയേൽ എന്നിവിടങ്ങളിലായി ഇവരുടെ സേവനമേഖല പടർന്നുകിടക്കുന്നു. സാറ്റലൈറ്റ് രംഗത്ത് പ്രവർത്തിക്കുന്ന യൂറോപ്പിലെ ഒരു വൻകിടകമ്പനിയുടെ ബിസിനസ് പങ്കാളിയാണ്. 4000 കോടി ഡോളർ ആസ്തിയുള്ള സിങ്കപ്പൂരിലെ ബഹുരാഷ്ട്രഭീമനായ ഗ്രാബിന്റെ ഗിഫ്റ്റിങ് സോഫ്റ്റ്‌വേർ ഇവിടെയാണ് വികസിപ്പിച്ചത്. ഇതൊക്കെ വയനാട്ടിലാണോ എന്നചോദ്യത്തിന് സുൽത്താൻബത്തേരിക്കടുത്തുള്ള ബീനാച്ചിയിൽ പ്രവർത്തിക്കുന്ന ‘വോണ്യു’വിന്റെ സാരഥികൾ വയനാട്ടിലെന്താ പറ്റൂല്ലേയെന്ന് അനുഭവത്തിൽനിന്ന് മറുപടിനൽകും.
.jpg?$p=c053a93&&q=0.8)
ആംഡോക്സ് എന്ന ബഹുരാഷ്ട്രകമ്പനിയുടെ ഏഷ്യാ പസഫിക് മീഡിയ തലവനായിരുന്നു ആൽവിൻ കെന്റ്. ടാറ്റ എലക്സി ഉൾപ്പെടെ പല ബഹുരാഷ്ട്രകമ്പനികളിലും ജോലിചെയ്തിരുന്ന അലൻ, ബെംഗളൂരുവിലെ ചെൽസിയോ നെറ്റ്‌വർക്കിങ് സെമികണ്ടക്ടർ കമ്പനിയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങിയിരുന്നയാളാണ്. രണ്ടുപേരും ജോലി രാജിവെച്ചാണ് വയനാട്ടിൽ ഐ.ടി. കമ്പനി എന്ന വെല്ലുവിളിയേറ്റെടുത്തത്. അമേരിക്കൻ കമ്പനിക്കുവേണ്ടി വികസിപ്പിച്ച ഡാറ്റ പ്രൊട്ടക്‌ഷൻ സോഫ്റ്റ്‌വേറിന്റെ പേറ്റന്റ് ഇപ്പോഴും അലനാണ്.
.jpg?$p=7621aed&&q=0.8)
തുടക്കം കൊച്ചിയിൽ
ബെംഗളൂരുവിൽ ജോലിചെയ്യുന്ന കാലത്താണ് കേരളത്തിലൊരു ഐ.ടി. സംരംഭം തുടങ്ങിയാലെന്താണ് എന്നചിന്ത അലന്റെ മനസ്സിൽവരുന്നത്. പിന്നെ വൈകിച്ചില്ല. ജോലി രാജിവെച്ചു. സംരംഭത്തിന്റെ ആശയത്തിനായി കുറച്ചുമാസങ്ങൾ ചെലവഴിച്ചു. അലനും രണ്ടു സുഹൃത്തുക്കളുംകൂടി 2019-ൽ കൊച്ചിയിലെ ഒരു കോ-വർക്കിങ് സ്പേസിൽ (പലകമ്പനികൾക്കുവേണ്ടി ജോലിചെയ്യുന്നവർക്കുള്ള ഇടം) ‘വോണ്യൂ’വിന് തുടക്കമിടുന്നത്. പിന്നീട് ഇൻഫോപാർക്കിലേക്ക് 12 പേരുമായി പ്രവർത്തനം വികസിപ്പിച്ചു. അധികംവൈകാതെ കോവിഡ് വന്നു. സംസ്ഥാനത്തെ ഐ.ടി. പാർക്കുകളെല്ലാം പൂട്ടി. എല്ലാവരും വീട്ടിലിരുന്നുള്ള ജോലിയിലേക്ക് മാറി. അങ്ങനെ ബത്തേരിയിലെ വീട്ടിൽ ആറുമാസം വർക്ക് ഫ്രം ഹോം ചെയ്തപ്പോഴാണ് വയനാട്ടിലും ഐ.ടി. കമ്പനി തുടങ്ങാനുള്ള സാധ്യതയുണ്ടെന്ന് തിരിച്ചറിയുന്നത്. ഒടുവിൽ വീടിന്റെ മുകൾനിലയിലെ മുറിതന്നെ ആസ്ഥാനമാക്കി.
നാലുമാസം ജോലിചെയ്തപ്പോഴേക്കും ആറുപേരിലേക്ക് വളർന്നു. ആറുപേർക്ക് ഒരുമിച്ചിരുന്ന് ജോലിചെയ്യാനുള്ള സൗകര്യമില്ലാതായതോടെ ബത്തേരി ടൗണിൽനിന്ന് അൽപ്പം അകലെയായി ഒരു വീടെടുത്തു. ഈ കാലയളവിൽതന്നെ അലന്റെ സഹോദരൻ ആൽവിൻ കെന്റും ജോലി രാജിവെച്ച് ഒപ്പംചേർന്നു. ഒരുവർഷം വാടകവീട്ടിൽ തുടർന്നു. 2022 ആയപ്പോൾ 15 പേരായി വളർന്നു. ഇനി ഈ സൗകര്യം പോരെന്ന് മനസ്സിലാക്കിയതോടെയാണ് 2022 മെയിൽ ബീനാച്ചിയിൽ ഒരു വലിയ ഷോപ്പിങ് കോംപ്ലക്സിന്റെ ഒരുനില പൂർണമായി എടുത്ത് പ്രവർത്തനം മാറ്റിയത്. ഇപ്പോൾ 70 ജീവനക്കാരായി. ബത്തേരി സെയ്ന്റ് മേരീസ് കോളേജിൽനിന്ന് കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ തിരഞ്ഞെടുത്ത 15 പേർകൂടി വൈകാതെ വോണ്യൂവിന്റെ ഭാഗമാവും.
.jpg?$p=eaed6a5&&q=0.8)
ലക്ഷ്യം അഞ്ചുവർഷത്തിനുള്ളിൽ ആയിരംപേർക്ക് ജോലി
ഈ വർഷം അവസാനമാവുമ്പോഴേക്കും ജീവനക്കാരുടെ എണ്ണം നൂറായി ഉയർത്താനാണ് ലക്ഷ്യം. അഞ്ചുവർഷത്തിനുള്ളിൽ ആയിരംപേർക്ക് ജോലികൊടുക്കണം. ഒരു ചെറിയ ഐ.ടി. കാമ്പസ് അതാണ് സ്വപ്നം. ഉയർന്നജോലിയും വലിയ ശമ്പളവുമെല്ലാം ഇട്ടെറിഞ്ഞ് ഇങ്ങനെയൊരു വെല്ലുവിളി വിജയിപ്പിക്കാൻ കഴിഞ്ഞെങ്കിൽ ഐ.ടി. കാമ്പസെന്ന സ്വപ്നവും യാഥാർഥ്യമാക്കാമെന്നാണ് അലൻ പറയുന്നത്.
ഒ.ടി.ടി. ഉൾപ്പെടെയുള്ള മാധ്യമങ്ങൾ, ഇ-കൊമേഴ്‌സ്, റിയൽ എസ്റ്റേറ്റ്, എച്ച്.ആർ. എന്നീ മേഖലകളിലെല്ലാമാണ് പ്രവർത്തിക്കുന്നത്. ബഹുരാഷ്ട്രകന്പനികളിലെ ലക്ഷങ്ങൾ വേതനംവാങ്ങിയിരുന്ന ജോലിയുപേക്ഷിച്ച് മലപ്പുറം പൊന്നാനിയിൽനിന്നുള്ള രജീഷും വൈക്കം സ്വദേശി നിജേഷും ഒപ്പംചേർന്നു. ഇപ്പോൾ നാലുപേർ ചേർന്നാണ് ‘വോണ്യൂ’വിനെ നയിക്കുന്നത്. ബീനാച്ചിയിലെ കെട്ടിടം ഏതാണ്ട് മുഴുവനായി കഴിഞ്ഞു. ഇനി അടുത്തഘട്ട വികസനത്തിന് കൂടുതൽസ്ഥലം വേണ്ടിവരുമെന്ന സ്ഥിതിയാണ്.
വയനാട്ടിലോ എന്ന് ചോദിച്ചവരുണ്ട്
വയനാട്ടിൽ ഒരു ഐ.ടി. കമ്പനി തുടങ്ങാൻപോവുന്നു എന്ന് ആഗ്രഹം പറഞ്ഞപ്പോൾത്തന്നെ ഇവിടെയോ, വിജയിക്കുമോ എന്ന് ചോദിച്ചവരുണ്ടായിരുന്നു. വിജയിക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ, വയനാട്ടിൽ പറ്റും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ഇത്രത്തോളം വലുതായതുതന്നെ അതിന് തെളിവാണ്. വൈദ്യുതിയും മികച്ച നെറ്റ്‌വർക്ക് കണക്ടിവിറ്റിയും മതി. ഇവിടുത്തെ കാലാവസ്ഥയും വിനോദസഞ്ചാരസാധ്യതകളുമെല്ലാം ആളുകളെ ആകർഷിക്കുന്ന ഘടകമാണ്. വലിയ ഐ.ടി. പാർക്കൊന്നും വേണ്ടെങ്കിലും വളർന്നുവരുന്നവർക്കായി വയനാട്ടിൽ സർക്കാർ ഒരു കോ-വർക്കിങ് സ്പേസെങ്കിലും ഒരുക്കിനൽകണം.
.jpg?$p=ef6eb26&&q=0.8)
ബിസിനസ് മാത്രമല്ല, ഇവർ യുവാക്കളെ കൈപിടിച്ചുയർത്തുന്നു
ഏഴുരാജ്യങ്ങളിൽ സേവനം നൽകുന്ന കമ്പനിയാണെങ്കിലും ഇവർക്ക് ഇത് വെറും ബിസിനസല്ല. മലബാറിലെ, പ്രത്യേകിച്ച് വയനാട്ടിലുള്ള യുവാക്കളെ ഐ.ടി. രംഗത്തേക്ക് കൈപിടിച്ചുയർത്തുകതന്നെയാണ് പ്രധാനലക്ഷ്യങ്ങളിലൊന്ന്. അതിനായി സ്കൂൾ ഓഫ് കംപ്യൂട്ടിങ് തുടങ്ങാൻ പദ്ധതിയുണ്ട്. ഐ.ടി. രംഗത്ത് ഒരുപരിചയവുമില്ലാത്ത, മറ്റുവിഷയങ്ങൾ പഠിച്ചവരെപ്പോലും പരിശീലനം നൽകി ഈ രംഗത്തേക്ക് കൊണ്ടുവരുന്നുണ്ട്. അവരിൽ ഒരുപാടുപേരെ മികച്ച പ്രോഗ്രാമർമാരാക്കി മാറ്റാനും കഴിഞ്ഞു. താമസവും ഭക്ഷണവുമെല്ലാം സൗജന്യമാണ്. കായികക്ഷമത മെച്ചപ്പെടുത്താൻ ഒരു ജിമ്മും സ്ഥാപനത്തിനകത്തുണ്ട്. വയനാട്ടിൽ ടാലന്റ്പൂളില്ല എന്നതാണ് പ്രധാന വെല്ലുവിളി. അതുണ്ടാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇവർ ആവിഷ്കരിക്കുന്നത്. ഇങ്ങനെയൊരു സാമൂഹികബാധ്യതകൂടി ഏറ്റെടുത്തതിൽ ആകൃഷ്ടനായി ഇപ്പോൾ കൊൽക്കത്ത ഐ.ഐ.എമ്മിൽ പഠിച്ചിറങ്ങിയ അഹമ്മദാബാദുകാരനായ ഒരു യുവാവ് ഇവർക്കൊപ്പം ചേർന്നിട്ടുണ്ട്. ഓസ്‌ട്രേലിയയിലുള്ള ഒരു സുഹൃത്ത് ‘വോണ്യൂ’വിലെ തുടക്കക്കാർക്ക് എല്ലാദിവസവും ക്ലാസ് നൽകുന്നു
.jpg?$p=afe3202&&q=0.8)
Content Highlights: success story of Vonnue software company Sultan Bathery wayanad
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..