ജൂനി റോയി|ഫോട്ടോ: എൻ.എം. പ്രദീപ്
ഞാനിതാ ഒരു സംരംഭം തുടങ്ങാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ച ഉടന്‍ വന്നു, ബുട്ടീക്കാണോ, ബ്യൂട്ടി പാര്‍ലറാണോ എന്ന ചോദ്യങ്ങള്‍. അതെന്താ സ്ത്രീകള്‍ക്ക് ഇതല്ലാതെ ഒന്നും തുടങ്ങാന്‍ പറ്റില്ലേ എന്ന ചിന്തയാണ് അധികമാരും സഞ്ചരിക്കാത്ത പാതയിലൂടെ സഞ്ചരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ജൂനി റോയി എന്ന സംരംഭക പറയുന്നു.
കരിമ്പിന്‍ മധുരമുള്ള ചിന്ത
സ്വന്തമായി ഒരു സംരംഭം ആരംഭിക്കുമ്പോള്‍ അത് കൊണ്ട് പ്രകൃതിക്കും എന്തെങ്കിലും ഗുണമുണ്ടാകണം എന്ന ജൂനിയുടെ ചിന്തയില്‍ നിന്നാണ് 'ഉര്‍വി എക്കോവെയര്‍' എന്ന സ്ഥാപനത്തിന്റെ പിറവി. പ്രകൃതിയെ ശ്വാസം മുട്ടിക്കുന്ന പ്ലാസ്റ്റിക് എന്ന വിപത്തിനെ ഒഴിവാക്കാനുതകുന്ന, എക്കോവെയറുകള്‍ തന്നെ വിപണിയിലിറക്കാമെന്ന് മനസ്സിലുറപ്പിച്ചു. പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ ആയാലോ എന്ന് തോന്നിയെങ്കിലും ഒരു സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ കണ്ട കാഴ്ച അതില്‍ നിന്ന് പിന്തിരിപ്പിച്ചു.
ആ ചടങ്ങില്‍ കട്ടികുറഞ്ഞ പേപ്പര്‍ പ്ലേറ്റില്‍ വിളമ്പിയ ഭക്ഷണം, പലരുടേയും ശരീരത്തിലും വസ്ത്രത്തിലും വീണിരുന്നു. ആ കാഴ്ചയില്‍ നിന്നാണ് പ്രകൃതിയ്ക്ക് യോജിക്കുന്ന, കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള ഉല്‍പ്പന്നമായ കരിമ്പ് കൊണ്ടുള്ള പാത്രങ്ങളിലേക്ക് ജൂനി എത്തിയത്. കരിമ്പിന്റെ പള്‍പ്പ് എടുത്ത് ഉണ്ടാക്കുന്ന ഈ പാത്രങ്ങള്‍ മണ്ണിലേക്ക് അലിഞ്ഞ് ചേരാന്‍ ഒരുപാട് സമയമെടുക്കാറില്ല. പൂര്‍ണമായും പരിസ്ഥിതി സൗഹൃദം.
എളുപ്പമായിരുന്നില്ല തുടക്കം
കൈയില്‍ കരുതി വച്ചിരുന്ന കുറച്ച് കാശും ഒരു മുദ്രാലോണുമെടുത്താണ് 2017-ല്‍ സംരംഭം ആരംഭിച്ചത്. പ്ലാസ്റ്റിക് രഹിത സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ പ്ലാസ്റ്റിക് രഹിതമായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യ സ്ഥാപനങ്ങളിലൊന്നാണിതെന്ന് ജൂനി പറയുന്നു. ഡല്‍ഹിയില്‍ നിന്നെത്തുന്ന കരിമ്പുല്‍പ്പന്നങ്ങളുടെ കേരള തല വിതണമാണ് ജൂണിയിപ്പോള്‍ ചെയ്യുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വലിയ ഓര്‍ഡറുകളാണ് നിലവില്‍ സ്വീകരിക്കുന്നത്. ഇങ്ങനെയൊരു സ്ഥാപനം തുടങ്ങിയപ്പോള്‍ പ്ലാസ്റ്റിക് നിരോധനം കേരളത്തില്‍ നടപ്പാവില്ലെന്നും, സ്ഥാപനം നഷ്ടത്തിലാകുമെന്നും ഏറെപ്പേര്‍ ജൂനിയോട് പറഞ്ഞെങ്കിലും സ്വന്തം ഇഷ്ടത്തിന് പിന്നാലെ തന്നെ അവര്‍ സഞ്ചരിച്ചു.
പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രോല്‍സാഹനം നല്‍കാനും ആളുണ്ടായിരുന്നെന്ന് ജൂനി സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേകിച്ചും യുവാക്കളാണ് പ്ലാസ്റ്റിക് രഹിതമെന്ന ആശയത്തിനോട് കൂടുതല്‍ ആവേശം കാണിച്ചത്. ചെറിയ ചിലവില്‍ ഉര്‍വി എക്കോവെയറിന്റെ വെബ്‌സൈറ്റ് പോലും നിര്‍മിച്ച് നല്‍കിയതിവരാണ്. പ്ലാസ്റ്റിക് രഹിത ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കണം എന്ന പക്ഷക്കാരാണ് അവരില്‍ പലരും. ആളുകള്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം വന്നു. അതുകൊണ്ട് തന്നെ നിലവില്‍ വില്‍പ്പയില്‍ വര്‍ധവുണ്ടായിട്ടുണ്ടെന്ന് ജൂനി പറയുന്നു. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എക്കോവെയറുകള്‍ക്ക് വിലയധികമാണ്. അത് പലരേയും ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് പിന്നോട്ടടിക്കുന്നുണ്ടെന്നാണ്് ജൂനിയുടെ പരിഭവം.
വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍
കരിമ്പുകൊണ്ടുള്ള വസ്തുക്കള്‍ മാത്രമല്ല, മണ്‍പാത്രം, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി പ്രകൃതിയ്ക്ക് യോജിക്കുന്ന വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ കോഴിക്കോട് നടക്കാവിലുള്ള ഉര്‍വി എക്കോവെയറില്‍ നിന്ന് കിട്ടും. മണ്‍ചട്ടി പോലെയുള്ള പരമ്പരാഗത വസ്തുക്കളില്‍ ഹാന്‍ഡില്‍ വച്ച് പിടിപ്പിച്ച് അതിനൊരല്‍പം ന്യൂജെന്‍ രൂപം കൂടി നല്‍കിയാണ് വില്‍പ്പന. മുന്‍പ് മെന്‍സ്ട്രുല്‍ കപ്പുകളും പേപ്പര്‍ പേനകളും വില്‍പ്പന നടത്തിയിരുന്നു. നിലവില്‍ രണ്ട് ജോലിക്കാരാണ് സ്ഥാപനത്തിലുള്ളത്. ഫോണ്‍വഴിയാണ് കൂടുതല്‍ ഓര്‍ഡറുകളും വരുന്നതെന്ന് ഇവര്‍ പറയുന്നു.
താല്‍പര്യത്തിലാണ് കാര്യം
ഒരുപാട് പണം സമ്പാദിക്കാം എന്ന ചിന്തയോടെ ഒന്നുമല്ല സംരംഭം ആരംഭിച്ചതെന്ന് ജൂനി. പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് റോയിയും മക്കളായ റിനികയും റിതികയും പൂര്‍ണ പിന്തുണയുമായി കൂടെയുള്ളത് മുന്നോട്ട് പോകാന്‍ വലിയ ഊര്‍ജം തരുന്നുണ്ടെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ നിന്നുള്ള വരുമാനം മാത്രം പ്രതീക്ഷിച്ച് ഈ മേഖലയിലേക്ക് വരുന്നത് നഷ്ടത്തിന് കാരണമാകും. പുതിയതായി എന്തെങ്കിലും ചെയ്യാനുള്ള ഇഷ്ടം കൊണ്ടാണെങ്കില്‍ ആ ഇഷ്ടം ക്രമേണ മികച്ച വരുമാനത്തിലേക്കെത്തിക്കുമെന്നാണ് ഇവര്‍ പറയുന്നത്. പ്രകൃതിയ്ക്ക് ഗുണം നല്‍കുന്ന കാര്യമായത് കൊണ്ട് തന്നെ കൂടുതല്‍ ആള്‍ക്കാര്‍ ഈ മേഖലയിലേക്ക് കടന്നുവരണമെന്നാണ് ഈ സംരംഭകയുടെ പക്ഷം.
പ്രകൃതിക്ക് ഇണങ്ങുന്ന വസ്തുക്കളില്‍ മുന്‍പന്തിയിലാണ് കരിമ്പുപയോഗിച്ച് നിര്‍മിക്കുന്ന പാത്രങ്ങള്‍. നീരെടുത്ത് കഴിഞ്ഞ കരിമ്പിന്‍ ചണ്ടിയില്‍ നിന്നാണ് ഈ പാത്രങ്ങള്‍ നിര്‍മിക്കുന്നത്. ഇത്തരത്തില്‍ ബാക്കി വരുന്ന ചണ്ടി പള്‍പ്പാക്കി, ഒരു അച്ചിന്റെ മുകളില്‍ വച്ച് ശക്തമായ താപനിലയിലും മര്‍ദ്ദത്തിലും അമര്‍ത്തി പാത്രത്തിന്റെ രൂപത്തിലേക്കെത്തിക്കും. ഇങ്ങനെ നിര്‍മിക്കുന്ന പാത്രം നല്ല കട്ടിയുള്ളവയായിരിക്കും. രണ്ട്- മൂന്ന് മാസത്തിനുള്ളില്‍ ഇവ മണ്ണില്‍ പൂര്‍ണമായി അലിഞ്ഞില്ലാതെയാകും.

Content Highlights: Success Story of Juni Roy, An Ecofriendly Enterpreneur
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..