ഷിനു കഫേ കോഫി ഡേയിൽ ജോലി ചെയ്യുന്ന സമയത്ത്/ തഹസിൽദാരായി ജോലിയിൽ പ്രവേശിച്ചപ്പോൾ | Photo: Special Arrangement
ഒരു കടുപ്പമേറിയ കാപ്പി കുടിച്ചിറക്കുന്നതു പോലെയായിരുന്നു ഇടുക്കി വഞ്ചിവയലുകാരനായ ഷിനുവിന്റെ ജീവിതം. കയ്പുനിറഞ്ഞ ആ ജീവിതത്തിന് കഠിനാധ്വാനത്തിലൂടെ ഷിനു മധുരം ചേര്‍ത്തു. വന്യമൃഗങ്ങളുള്ള വഴിയിലൂടെ അഞ്ച് കിലോമീറ്ററോളം സ്‌കൂളിലേക്ക് നടന്ന്, വൈദ്യുതി പോലുമില്ലാത്ത ഓലമേഞ്ഞ വീട്ടിലിരുന്ന് പഠിച്ച്, കഫേ കോഫീ ഡേയിലെ പാത്രങ്ങള്‍ കഴുകുന്ന ജോലി വരെ ചെയ്ത് 34 വര്‍ഷത്തെ യാത്രക്കൊടുവില്‍ ഷിനു എത്തിച്ചേര്‍ന്നിരിക്കുന്നത് കാസര്‍കോട് തഹസില്‍ദാര്‍ പദവിയിലാണ്.
ആറാം ക്ലാസില്‍ തോറ്റ ഷിനുവിനെ ഒമ്പതാം ക്ലാസില്‍ നിന്ന് ഒരു സ്വകാര്യ സ്‌കൂള്‍ പുറത്താക്കുക വരെ ചെയ്തിട്ടുണ്ട്. ആ സ്‌കൂളിന്റെ പത്താം ക്ലാസിലെ നൂറ് ശതമാനം വിജയത്തിന് ഷിനു തടസമാകുമെന്ന കാരണത്താലായിരുന്നു ടിസി കൊടുത്ത് പറഞ്ഞുവിട്ടത്. വര്‍ഷങ്ങള്‍ക്കിപ്പുറം ബയോടെക്‌നോളജില്‍ പിജിയും ബയോഇന്‍ഫര്‍മാറ്റിക്‌സില്‍ എംഫിലും പൂര്‍ത്തിയാക്കി ഷിനു അതിനെല്ലാം മധുരപ്രതികാരം ചെയ്തു.
അട്ടകളും വന്യമൃഗങ്ങളും നിറഞ്ഞ വഴി
പെരിയാര്‍ കടുവ സങ്കേതത്തില്‍ ഉള്‍പ്പെടുന്ന വഞ്ചിവയലില്‍ ഊരാളി ഗ്രോതസമുദായത്തിലാണ് ഷിനുവിന്റെ ജനനം. മഹാരാഷ്ട്രക്കാരനായ രാം ബഹദൂര്‍ ഠാക്കൂറിന്റെ ഉടമസ്ഥതയിലുള്ള വണ്ടിപ്പെരിയാറിലെ തേയിലത്തോട്ടത്തിലും തേക്കടിയിലെ ലേക്ക് പാലസിലെ ബോട്ടിലുമൊക്കെ സഹായിയാരുന്നു ഷിനുവിന്റെ മുത്തച്ഛന്‍. അച്ഛന്‍ വിജയന് കൃഷിപ്പണിയും വാച്ചര്‍ ജോലിയും. അന്ന് അമ്മ വസന്തയും അച്ഛനെ സഹായിക്കാനിറങ്ങും. കൂലിയെല്ലാം നന്നേകുറവ്.
വഞ്ചിവയലിലെ വീട്ടിലേക്ക് റോഡുണ്ടായിരുന്നില്ല. അഞ്ച് കിലോമീറ്ററുകളോളം നടന്നുവേണം ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂളിലെത്താന്‍. അന്ന് മുപ്പതോളം കടുവകള്‍ സങ്കേതത്തിലുണ്ട്. അതുകൂടാതെ സ്‌കൂളില്‍ പോകുന്ന വഴിയില്‍ മ്ലാവ്, കാട്ടുപോത്ത്, പെരുമ്പാമ്പ്, ആന ഇവയെല്ലാം ഉണ്ടാകും. ആനയെയായിരുന്നു ഏറ്റവും കൂടുതല്‍ പേടി. കുഞ്ഞുണ്ടാകുന്ന സമയത്ത് ആന കൂടുതല്‍ അപകടകാരിയാണ്. കുഞ്ഞിനെ ഉപദ്രവിക്കുമോ എന്ന് വിചാരിച്ച് നമ്മളെ ഓടിക്കും. നമ്മള്‍ കാണാമറയത്ത് എത്തുന്നതുവരെ ആന പിന്നാലെ വരും. ഓടി രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു വഴി. ഷിനു പറയുന്നു

) | Photo: Special Arrangement
ശബരിമല സന്നിധാനം കടുവ സങ്കേതത്തിന് അകത്തുള്ള സ്ഥലമാണ്. ശബരിമല സീസണിന്റെ സമയത്ത് വന്യമൃഗങ്ങളുടെ ശല്ല്യം കൂടും. അന്ന് സ്‌കൂളില്‍ പോകുന്നത് കുറച്ചുകൂടി ബുദ്ധിമുട്ടാകും.നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ ഒരുപാട് ആളുകള്‍ കാട്ടില്‍ വന്നു കയറുമ്പോള്‍ അവിടുത്തെ ജീവികളെല്ലാം വഞ്ചിവയലിലേക്കിറങ്ങും. . പറമ്പിലും മൃഗങ്ങളുടെ ശല്യം കൂടും. കിടങ്ങുണ്ട്. പക്ഷേ അതെല്ലാം നികത്തി ആന കയറിവരും.30 ഏക്കറില്‍ കൂടുതല്‍ ഈറ്റക്കാട് അവിടെയുണ്ട്. ഈ ഈറ്റ തിന്നാനാണ് ആന പ്രധാനമായിട്ടും വരിക. ആ സമയങ്ങളില്‍ സ്‌കൂളില്‍ പോകുന്നത് പേടിസ്വപ്‌നമായിരുന്നുവെന്നും ഷിനു പറയുന്നു
മഴക്കാലത്താണെങ്കില്‍ അട്ടകളുടെ ശല്യം സഹിക്കാന്‍ കഴിയില്ല. സ്‌കൂള്‍ വിട്ട് വീട്ടിലെത്തുമ്പോഴേക്ക് 50 അട്ടകളെങ്കിലും ഒരാളുടെ കാലിലുണ്ടാകും. ഉപ്പ് മേടിച്ച് കാലിലിടാനുള്ള സാമ്പത്തികം അന്നില്ല. പുകയില എല്ലാ കോളനിയിലുമുണ്ട്. അത് തുണിയില്‍ പൊതിഞ്ഞ് ഉരുട്ടിവെയ്ക്കും. എന്നിട്ട് കമ്പില്‍കെട്ടി അട്ടയുള്ള ഭാഗത്ത് വെയ്ക്കും. അങ്ങനെയാണ് അട്ടയെ തുരത്തിയിരുന്നത്. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് വീട്ടില്‍ വൈദ്യുതിയെത്തുന്നത്. അതുവരെ രാത്രി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് പഠിച്ചത്. ഷിനു പറയുന്നു.
കസേരയിലിരുന്ന് ടിവി കാണാന്‍ വിലക്ക്
ഗോത്രസമുദായത്തില്‍ നിന്ന് വന്നതിനാല്‍ ജീവിതത്തിലെ പല ഘട്ടങ്ങളിലും ഷിനുവിന് വിവേചനവും അവഗണനയും നേരിടേണ്ടി വന്നിട്ടുണ്ട്. വീടിന് കുറച്ചകലെ ടിവി കാണാന്‍ പോയപ്പോഴുള്ള അനുഭവം ഷിനു ഓര്‍ത്തെടുക്കുന്നു.
ഒരു വീട്ടില്‍ ടിവി കാണാന്‍ പതിവായി പോകാറുണ്ടായിരുന്നു. പക്ഷേ അവര്‍ ഞങ്ങളെ അവിടുത്തെ കസേരയില്‍ ഇരിക്കാന്‍ സമ്മതിക്കില്ല. മണിക്കൂറുകളോളം നിന്ന് സിനിമകള്‍ കണ്ടിട്ടുണ്ട്. കാല് കഴയ്ക്കുമ്പോള്‍ തറയിലിരിക്കും. ഞങ്ങള്‍ ഊരാളികളായതിനാലാണ് അങ്ങനെ ചെയ്തിരുന്നതെന്ന് അന്ന് കുട്ടികളായ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പിന്നീടാണ് അതെല്ലാം തിരിച്ചറിഞ്ഞത്.
സ്‌കൂളില്‍ പോകുമ്പോള്‍ പുതിയ ചെരുപ്പോ ഉടുപ്പുകളോ ഉണ്ടായിരുന്നില്ല. അന്നത്തെ ഒന്നാം ക്ലാസിലെ ഗ്രൂപ്പ് ഫോട്ടോയില്‍ ഊരാളി സമുദായത്തില്‍ നിന്നുള്ള കുട്ടികളെ വേഗം തിരിച്ചറിയും. അവരുടേത് ചെളി പറ്റിയ കാലുകളും നിറംമങ്ങിയ ഉടുപ്പുകളുമായിരിക്കും. അച്ഛന് സര്‍ക്കാര്‍ ജോലി കിട്ടുന്നതുവരെയായിരുന്നു ഇത്തരം ബുദ്ധിമുട്ടുകള്‍ ഷിനു അനുഭവിച്ചത്. ഷിനു അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന് പിഎസ്‌സി വഴി ഫോറസ്റ്റ് ഗാര്‍ഡ് ആയി ജോലി കിട്ടുന്നത്. പിഡിസി പാസ് ആയിരുന്നു ഷിനുവിന്റെ അച്ഛന്‍ വിജയന്‍. 3000 രൂപയാണ് അന്ന് ശമ്പളം.
.jpg?$p=865a072&&q=0.8)
ഇതിനിടയില്‍ അച്ഛന് കേരള പോലീസിലും പത്താം ക്ലാസ് പാസായ അമ്മയ്ക്ക് എസ്ബിഐയില്‍ ക്ലര്‍ക്ക് ആയും ജോലി ലഭിച്ചു. എന്നാല്‍ രണ്ടുപേരും ആ ജോലികള്‍ തിരഞ്ഞെടുത്തില്ല. വീട്ടില്‍ മക്കളെ ഒറ്റയ്ക്കാക്കി പോകണം എന്നതായിരുന്നു പ്രശ്‌നം. മക്കളെ പരിപാലിക്കുന്നതിനും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുമായിരുന്നു അവരുടെ ആദ്യ പരിഗണന. സമ്പാദ്യം ഒന്നുമില്ലാതെ മുഴുവന്‍ പൈസയും മൂന്ന് മക്കളുടേയും (ഷിനു, ഷാനു, ആതിര) പഠിത്തത്തിനുവേണ്ടിയാണ് വിജയനും വസന്തയും ചെലവഴിച്ചത്. 'എത്രത്തോളം പഠിക്കാന്‍ പറ്റുമോ, അത്രത്തോളം പഠിക്കണം' എന്നായിരുന്നു അവര്‍ മക്കള്‍ക്ക് നല്‍കിയ ഉപദേശം.
ടിസി കൊടുത്ത് പറഞ്ഞുവിട്ട സ്വകാര്യ സ്‌കൂള്‍
ഊരാളി സമുദായത്തില്‍പെട്ട കുട്ടികളില്‍ അധികപേരും പത്താം ക്ലാസില്‍ പഠനം നിര്‍ത്തും. ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. ഒന്നെങ്കില്‍ തേക്കടി വനം വകുപ്പിലെ താത്ക്കാലിക വാച്ചറായി ജോലിക്ക് കയറും. അതല്ലെങ്കില്‍ ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്ത് ഓടിച്ച് വരുമാനം കണ്ടെത്തും. ഉന്നത വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം കുറവായിരുന്നു. അതുകൊണ്ടുതന്നെ മക്കള്‍ക്ക് എങ്ങനെയെങ്കിലും വിദ്യാഭ്യാസം നല്‍കുക എന്നത് മാത്രമായിരുന്നു വിജയന്റേയും വസന്തയുടേയും ലക്ഷ്യം.
സര്‍ക്കാര്‍ ജോലിയിലെത്തിയതോടെ ഷിനുവിനെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് മാറ്റുകയാണ് വിജയന്‍ ആദ്യം ചെയ്തത്. പീരുമേട്ടിലെ ഒരു സ്വകാര്യ സ്‌കൂളിലായി പിന്നീട് ഷിനുവിന്റെ പഠനം. എന്നാല്‍ ഇംഗ്ലീഷിലുള്ള പഠനം ഷിനുവിന് എളുപ്പത്തില്‍ ദഹിക്കുന്നതായിരുന്നില്ല. ആ മാറ്റം പഠനത്തെ കാര്യമായി ബാധിച്ചു. ആറാം ക്ലാസില്‍ തോല്‍ക്കുകയും ചെയ്തു. വീണ്ടും പഠിച്ചെടുത്ത് തട്ടിമുട്ടി ഒമ്പതാം ക്ലാസ് വരെ എത്തി. എന്നാല്‍ പത്താം ക്ലാസിലേക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രവേശനം നല്‍കിയില്ല. കഴിഞ്ഞ 30 വര്‍ഷമായി പത്താം ക്ലാസില്‍ നേടുന്ന 100 ശതമാനം വിജയത്തിന് ഷിനു തടസമാകുമോ എന്നായിരുന്നു അവരുടെ പേടി. ഇതോടെ ഷിനു ഉള്‍പ്പെടെ തോട്ടം തൊഴിലാളികളുടെ നാലഞ്ച് കുട്ടികള്‍ക്ക് അവര്‍ പത്താം ക്ലാസില്‍ പ്രവേശനം കൊടുത്തില്ല പകരം ടിസി കൊടുത്ത് പറഞ്ഞയച്ചു.
.jpg?$p=8a7b7b1&&q=0.8)
കൂട്ടുകാരെ പിരിയുന്നതിലെ സങ്കടമായിരുന്നു അന്ന് ഷിനുവിന് സഹിക്കാന്‍ കഴിയാതിരുന്നത്. എന്നാല്‍ അച്ഛനും അമ്മയ്ക്കും ആ പുറത്താക്കല്‍ നാണക്കേടായിരുന്നു. വണ്ടിപ്പെരിയാറിലെ പഞ്ചായത്ത് എച്ച്എസ്എസിലായിരുന്നു പത്താം ക്ലാസ് ഷിനു പഠിച്ചത്. എങ്ങനെങ്കിലും നല്ല മാര്‍ക്കോടെ വിജയിക്കണം എന്നത് ഒരു വാശിയായിരുന്നു. അങ്ങനെ 2004-ല്‍ ഫസ്റ്റ് ക്ലാസോടെ പത്താം ക്ലാസ് പൂര്‍ത്തിയാക്കി.
കുമളി അമരാവതി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം. സയന്‍സായിരുന്നു വിഷയം. അന്ന് എന്‍ട്രന്‍സ് എഴുതണമെന്ന് വലിയ ആഗ്രഹമായിരുന്നു. കൂട്ടുകാര്‍ പലരും കോച്ചിങ്ങിനും പോയി. എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തരാന്‍ ആളില്ലാതിരുന്നതും സാമ്പത്തിക പ്രയാസങ്ങളും കാരണം ഷിനു ആ മോഹം ഉപേക്ഷിച്ചു.
ശ്രമിച്ചിട്ടും കിട്ടാതെപോയ സിവില്‍ സര്‍വീസ്
അച്ഛന്റെ സുഹൃത്ത് വഴി ഷിനു തിരുവനന്തപുരത്ത് ഡിഗ്രി പഠിക്കാനെത്തുന്നത്. ബയോടെക്നോളജിയും ബോട്ടണിയും മെയിന്‍ വരുന്ന ഡബിള്‍ മെയിന്‍ ഡിഗ്രി കോഴ്‌സിന് ഗവണ്‍മെന്റ് ആര്‍ട്സ് കോളേജില്‍ ചേര്‍ന്നു. പാളയത്തെ യൂണിവേഴ്സ്റ്റി ഹോസ്റ്റലിലായിരുന്നു താമസം. അവിടുത്തെ സെന്‍ട്രല്‍ ലൈബ്രറി നന്നായി ഉപയോഗിച്ചു. ഹോസ്റ്റലില്‍ എട്ടോളം പത്രങ്ങളുണ്ടാകും. അതെല്ലാം ദിവസവും വായിച്ചു. ഡിഗ്രി സെക്കന്റ് ക്ലാസോടെയാണ് വിജയിച്ചത്.
പിന്നാലെ കാര്യവട്ടം ക്യാമ്പസില്‍ എംഎസ്സി ബയോടെക്നോളജിക്ക് പ്രവേശനം ലഭിച്ചു. എംഫില്‍ ബയോ ഇന്‍ഫര്‍മാറ്റിക്സിലാണ് ചെയ്തത്. ഇടയ്ക്ക് അപകടം സംഭവിച്ചതിനെ തുടര്‍ന്ന് എംഫില്‍ പഠനം നീണ്ടുപോയി. അതു പൂര്‍ത്തിയാക്കിയ ശേഷം സിവില്‍ സര്‍വീസ് സ്വപ്‌നമായിരുന്നു മുന്നിലുണ്ടായിരുന്നത്. ആദ്യപടിയായി സിവില്‍ സര്‍വീസ് അക്കാദമിയില്‍ ചേര്‍ന്നു. അന്ന് പൈസയെല്ലാം കഷ്ടപ്പെട്ട് സംഘടിപ്പിച്ചാണ് പ്രവേശനം നേടിയത്. പക്ഷേ സ്വപ്നം കണ്ടതൊന്നും നടന്നില്ല. മൂന്നു തവണ പ്രിലിംസ് ക്ലിയര്‍ ചെയ്യാന്‍ കഴിയില്ല. 2015-16ല്‍ മണ്ണന്തലയിലെ സിവില്‍ സര്‍വീസ് അക്കാദമിയിലും പഠിച്ചു. പക്ഷേ അവിടേയും വിജയിച്ചില്ല. ആ സമയത്ത് അച്ഛന് ജോലിയില്‍ സസ്പെന്‍ഷന്‍ ആയതോടെ പണത്തിന് ബുദ്ധിമുട്ടു വന്നു. അതോടെ സിവില്‍ സര്‍വീസ് മോഹം ഉപേക്ഷിച്ചു. ഷിനു നേരെ നാട്ടിലേക്ക് വണ്ടി കയറി.

പിന്നീട് വണ്ടിപ്പെരിയാറിലെ കെഎംജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലേണിങ് സെന്ററിലെത്തി പിഎസ്‌സി പഠിക്കാന്‍ തുടങ്ങി. അന്ന് ഓണ്‍ലൈന്‍ പിഎസ്‌സി ക്ലാസുകള്‍ സജീവമായിട്ടില്ല. ഒരു വര്‍ഷം ട്യൂഷന്‍ ടീച്ചറായും ജോലി ചെയ്തു. കുടുംബശ്രീയുടെ ഒരു കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കാനും നിന്നു. ഇടുക്കി ജില്ലാ ഭരണകൂടത്തിന്റേയും കുടുംബശ്രീയുടേയും നേതൃത്വത്തില്‍ 2017-ല്‍ മറയൂരില്‍ ഒരു പിഎസ്‌സി കോച്ചിങ് ക്യാമ്പിന് ചേര്‍ന്നു. അതായിരുന്നു കരിയറിലെ വഴിത്തിരിവ്. പ്രഗത്ഭരായ അധ്യാപകര്‍ ക്ലാസെടുത്ത ആ ആറു മാസത്തെ കോച്ചിങ് ജീവിതത്തില്‍ ഒരുപാട് പ്രയോജനപ്പെട്ടു. അന്ന് ഒന്നിലധികം പിഎസ്‌സി പരീക്ഷകളും എഴുതി.
കഫേ കോഫീ ഡേയിലെ ദുരിതജീവിതം
പിഎസ്‌സിയുടെ റാങ്ക് ലിസ്റ്റ് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് ദീന്‍ ദയാല്‍ ഉപാധ്യ ഗ്രാം ജ്യോതി യോജന (ഡിഡിയുജിജെവൈ) പദ്ധതി വഴി മൈസൂരില്‍ സ്‌കില്‍ ഡവലപ്മെന്റ്, പേഴ്സണാലിറ്റി ഡവലപ്മെന്റ് ക്ലാസിന് പോയത്. ആറു മാസമായിരുന്നു ക്ലാസ്. തൊഴിലില്ലാത്തവരെ ജോലിക്ക് പ്രാപ്തരാക്കുന്ന കോഴ്സായിരുന്നു അത്. എംഫില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ കഴക്കൂട്ടം കഫേ കോഫി ഡേയിലേക്കാണ് ഷിനുവിനെ തിരഞ്ഞെടുത്തത്. അഭിമുഖത്തിന് ശേഷം ഓപറേഷന്‍ ട്രെയ്നിയായിട്ട് ജോലിക്ക് കയറി.
എല്ലാ തരത്തിലുമുള്ള ജോലി ചെയ്യണം. കാപുചീനോ ഉണ്ടാക്കണം, ക്ലീനിങ് ചെയ്യണം, സെര്‍വിങ് ചെയ്യണം, പാത്രങ്ങള്‍ കഴുകണം. അടിമ ജീവിതം പോലെയായിരുന്നു ആ ജോലി. ദിവസവും ഷേവ് ചെയ്തിട്ടുവേണം കടയിലെത്താന്‍. ഒരു ദിവസം ഷേവ് ചെയ്യാത്തതിനാല്‍ തിരിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചു. ചില സമയത്ത് അടിക്കുക വരെ ചെയ്തിട്ടുണ്ട്. ഒന്നും തിരിച്ചുപറയാന്‍ പറ്റുമായിരുന്നില്ല. വാടകയും ഭക്ഷണവുമെല്ലാം കഴിയുമ്പോള്‍ കൈയില്‍ കിട്ടുന്ന പതിനായിരം രൂപയില്‍ ഒന്നും ബാക്കിയുണ്ടാകില്ല.
രണ്ട് മാസത്തെ ദുരനുഭവം ഷിനു പങ്കുവെയ്ക്കുന്നു
.jpg?$p=3d186db&&q=0.8)
ആ സമയത്താണ് എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. 2018 ഏപ്രില്‍ രണ്ടിന് ഷിനു ആദ്യ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. പിഡബ്ല്യുഡിയില്‍ എല്‍ഡി ക്ലര്‍ക്ക് ആയി ജോലി തുടങ്ങി. മൂന്നു വര്‍ഷം അവിടെ ജോലി ചെയ്തു. അതിനിടയില്‍ വിവാഹം കഴിഞ്ഞു. ഭാര്യ ഷജ്‌നയോടൊപ്പം പട്ടത്തായിരുന്നു താമസം. 2021 ആയപ്പോള്‍ എല്‍ഡി ക്ലര്‍ക്ക് ആയി ജോലികിട്ടി ഭാര്യ സ്വന്തം നാടായ കണ്ണൂരിലേക്ക് പോയി. അതോടെ ഷിനു കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലേക്ക് ജോലി മാറി. അവിടെ ഒന്നര വര്‍ഷം നാട്ടില്‍ ജോലി ചെയ്തു. ആ സമയത്താണ് കെഎസ്എഫ്ഇയില്‍ ജൂനിയര്‍ അസിസ്റ്റന്റ് ആയി ജോലി കിട്ടുന്നത്. ക്ലര്‍ക്കിനേക്കാള്‍ ഉയര്‍ന്ന ശമ്പളമുണ്ടായിരുന്നു. കണ്ണൂര്‍ കെഎസ്എഫ്ഇയില്‍ ഒഴിവ് വന്നപ്പോള്‍ അവിടേക്ക് ജോലി മാറി. രണ്ട് വര്‍ഷം കെഎസ്എഫ്ഇയോടൊപ്പമായിരുന്നു.
ആ സമയത്താണ് തഹസില്‍ദാരുടെ ഷോര്‍ട്ട് ലിസ്റ്റ് വരുന്നത്. പിഎസ്സിയില്‍ എസ്സി എസ്ടി/ എസ്ടി വിഭാഗത്തില്‍ മുപ്പത് വര്‍ഷത്തിന് ശേഷം നടക്കുന്ന നേരിട്ടുള്ള പോസ്റ്റിങ്ങായിരുന്നു അത്. വിജയസാധ്യത വളരെ കുറവായിരുന്നു. മെയിന്‍ പരീക്ഷക്ക് എല്ലാവര്‍ക്കും മാര്‍ക്ക് കുറവായിരുന്നു. അതുകൊണ്ട് അഭിമുഖം നിര്‍ണായകമായികുന്നു. ആറു ഒഴിവുകളില്‍ ആറാമത്തെ ആളായിട്ടാണ് ഷിനു ജോലിയില്‍ പ്രവേശിക്കുന്നത്. കാസര്‍കോട് കളക്ട്രേറ്റിലായിരുന്നു ആദ്യ പോസ്റ്റിങ്. നിലവില്‍ കാസര്‍കോട് ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് തഹസില്‍ദാരുടെ ചുമതലയാണ് ഷിനുവിനുള്ളത്.
Content Highlights: success story of idukki native shinu who earn gov job through hard work
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..