പേരുകേട്ട കോച്ചിങ് സെന്ററില്‍ നല്ല ഫീസ് കൊടുത്ത് പഠിച്ചാല്‍ മാത്രമേ സിവില്‍ സര്‍വീസസ് പരീക്ഷ പാസാകുവെന്ന് പറയുന്നവരോട് ഗന്ധര്‍വ റാത്തോറിന് ചിലത് പറയാനുണ്ട്. ഒരു കോച്ചിങ്ങിനും പോകാതെ 2015-ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 93-ാം റാങ്ക് നേടിയ സ്വന്തം കഥ. 

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ കോമേഴ്‌സില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോഴാണ് സിവില്‍ സര്‍വീസസെന്ന സ്വപ്‌നം ഗന്ധര്‍വയുടെ മനസ്സില്‍ മുളപൊട്ടിയത്. തന്റെ വ്യക്തിത്വത്തിന് യോജിച്ച മേഖലയാണതെന്ന ബോധ്യം ആത്മവിശ്വാസവും നല്‍കി. അങ്ങനെ പഠനമാരംഭിക്കാനുള്ള തയ്യാറെടുപ്പുകളായി. വെറുമൊരു ജോലി എന്നതിന് പുറമേ നന്നായി ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്ന പ്രൊഫഷന്‍ തിരഞ്ഞെടുക്കാനുള്ള ആഗ്രഹമാണ് തന്നെ സിവില്‍ സര്‍വീസിനോട് അടുപ്പിച്ചതെന്ന് അവര്‍ പറയുന്നു. 

സ്വന്തമായി പഠനം

ഏതെങ്കിലുമൊരു പരിശീലന കേന്ദ്രത്തില്‍ ചേരാതെ സ്വന്തമായി പഠിക്കാനുള്ള തീരുമാനമാണ് ഗന്ധര്‍വയെടുത്തത്. അതിനായി കോച്ചിങ് ക്ലാസ്സുകളില്‍ പോയിരുന്ന സുഹൃത്തുക്കളുടെ സഹായം തേടി. അവരില്‍ നിന്ന് സിലബസ്, പഠനരീതി, തുടങ്ങിയ വിവരങ്ങള്‍ മനസ്സിലാക്കി. ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്ന നോട്ടുകളും പുസ്തകങ്ങളും ഉപയോഗിച്ച് സ്വന്തമായി പഠനം തുടങ്ങി. പി.ജി പഠിക്കുന്നതിനിടെ ഒരു കോച്ചിങ് സെന്ററില്‍ ചേര്‍ന്നെങ്കിലും പിന്നീടത് അവസാനിപ്പിച്ച് സ്വയംപഠനം തുടര്‍ന്നു. കോച്ചിങ് ക്ലാസ്സ്, ഹോസ്റ്റല്‍ ഫീസ് തുടങ്ങിയ ചിലവുകള്‍ വഹിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് കൂടിയാണ് സ്വയം പഠനത്തിലേക്ക് തിരിഞ്ഞതെന്ന് അവര്‍ പറയുന്നു. 

സിലബസ് അറിയണം

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ സിലബസ്സിനെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. ഒറ്റനോട്ടത്തില്‍ ഏറെ കട്ടിയായി തോന്നുമെങ്കിലും പഠിച്ച് തുടങ്ങിയാല്‍ അത് വഴുങ്ങും. സിലബസ് മനസ്സിലാക്കിക്കഴിഞ്ഞാല്‍ അടുത്തതായി വേണ്ടത് അടിസ്ഥാന വിവരങ്ങള്‍ മനസ്സിലാക്കുകയാണ്. അതിനായി എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങള്‍ പ്രയോജനപ്പെടുത്താം. സിവില്‍ സര്‍വീസ് പരീക്ഷാസഹായി എന്ന പേരില്‍ നിരവധി പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അവ തിരഞ്ഞെടുക്കുമ്പോള്‍ നല്ല ശ്രദ്ധവേണം. 

gandharva

സിവില്‍ സര്‍വീസസ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത് മുതല്‍ മെയിന്‍ പരീക്ഷയുടെ ഉത്തരങ്ങള്‍ എഴുതിപ്പഠിക്കാന്‍ താന്‍ ശ്രദ്ധിച്ചിരുന്നു. എഴുത്തിന്റെ വേഗത വര്‍ധിപ്പിക്കാനും എല്ലാചോദ്യങ്ങള്‍ക്കും എങ്ങനെ ഉത്തരമെഴുതണമെന്ന് പഠിക്കാനും അത് സഹായിച്ചുവെന്നാണ് ഗന്ധര്‍വയുടെ അഭിപ്രായം. 'ഒരു മണിക്കൂറിനുള്ളില്‍ അഞ്ചുമുതല്‍ ഏഴ് ചോദ്യങ്ങള്‍ക്ക് വരെ ആ സമയത്ത് ഉത്തരമെഴുതി പരിശീലിച്ചിരുന്നു. അതേ ചോദ്യങ്ങള്‍ക്ക് മറ്റുള്ളവര്‍ എഴുതിയ ഉത്തരങ്ങള്‍ പരിശോധിച്ചും അതില്‍ നിന്ന് മികച്ച പോയിന്റുകള്‍ കുറിച്ച് വെച്ചും പഠനം തുടര്‍ന്നു'. 

പരിശ്രമിച്ചാലേ വിജയിക്കൂ

ഒറ്റത്തവണകൊണ്ട് നേടിയെടുക്കാവുന്നതല്ല സിവില്‍ സര്‍വീസസെന്ന ഉറച്ച ബോധ്യത്തോടെയാണ് താന്‍ പഠനമാരംഭിച്ചതെന്ന് ഗന്ധര്‍വ. ആദ്യതവണ പരീക്ഷയെഴുതിയപ്പോള്‍ പ്രിലിമിനറി പോലും കടന്നില്ല. അടുത്തവട്ടം അഭിമുഖം വരെയെങ്കിലും എത്തണമെന്ന വാശിയോടെ തയ്യാറെടുപ്പ് തുടര്‍ന്നു. ഒറ്റയ്ക്കുള്ള പഠനത്തിന് പുറമേ മറ്റ് ഉദ്യോഗാര്‍ഥികളോടും മുന്‍ പരീക്ഷകളില്‍ വിജയിച്ചവരോടുമെല്ലാം ആശയവിനിമയം നടത്തി. അതുവഴി പരീക്ഷയെക്കുറിച്ച് മൊത്തത്തിലൊരു അറിവ് നേടാനായി. 

പ്രിലിമിനറി പരീക്ഷയേക്കാളെറെ മെയിന്‍, ഇന്റര്‍വ്യൂ എന്നിവ മുന്നില്‍ക്കണ്ടായിരുന്നു തന്റെ പഠനമെന്ന് അവര്‍ പറയുന്നു. പഠനത്തിന്റെ സിംഹഭാഗവും മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാനാണ് ചെലവഴിച്ചത്. ഓപ്ഷണലുകള്‍ മനസ്സിരുത്തി പഠിച്ചു. ഓപ്ഷണലിന് നല്ല മാര്‍ക്ക് സ്‌കോര്‍ ചെയ്യുകയാണ് സിവില്‍ സര്‍വീസസ് പരീക്ഷയില്‍ മുന്നിലെത്താനുള്ള എളുപ്പവഴിയെന്നാണ് ഗന്ധര്‍വയുടെ പക്ഷം. 

നിരവധി വിവരങ്ങളാണ് ഓണ്‍ലൈനില്‍ ലഭ്യമായിരുന്നത്. അതെല്ലാം വാരി വലിച്ച് പഠിക്കാതെ ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, നിയമം, സാമൂഹിക-സാംസ്‌കാരിക വിഷയങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വായിച്ചറിയാനായിരുന്നു ശ്രമം. പഠനത്തിന് പുറമേ മനസ്സിനിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനും സമയം കണ്ടത്തിയാലേ വിജയിക്കാനാകൂ എന്നാണ് തന്റെ അനുഭവമെന്ന് ഈ ഐ.എ.എസ്സുകാരി പറയുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്: ദി ബെറ്റര്‍ ഇന്ത്യ

Content Highlights: Success story of Gandharva Rathore IAS, UPSC civil services