വീട്ടമ്മയില്‍ നിന്ന് ബിസിനസ്സുകാരിയിലേക്ക്, ഇന്ന് ലക്ഷങ്ങള്‍ വരുമാനം; ഐഷ സമീറിന്റെ വിജയവഴികള്‍


ഭാഗ്യശ്രീഓണ്‍ലൈന്‍ പഠനകാലത്ത് കുട്ടികള്‍ക്കുണ്ടായ പഠനവിടവിനെ മറികടക്കാന്‍ 'ഒരു കുട്ടിക്ക് ഒരു ടീച്ചര്‍' എന്ന ആശയത്തില്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ സംരംഭം ആരംഭിച്ച ഐഷ സമീറിന്റെ വിജയവഴികള്‍

.

പെണ്‍കുട്ടികള്‍ക്ക് പണത്തിനും സ്വര്‍ണത്തിനുമപ്പുറം വിദ്യാഭ്യാസമാണ് നല്‍കേണ്ടതെന്നും, അവര്‍ക്കൊരു തൊഴിലാണ് ഉണ്ടാവേണ്ടതെന്നും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു ഉപ്പയുടെ മകള്‍. വിദ്യാഭ്യാസ യോഗ്യതകളെല്ലാം ഉണ്ടായിട്ടും വിവാഹശേഷം 14 വര്‍ഷക്കാലം വീട്ടമ്മയായി അവര്‍ ഒതുങ്ങിക്കൂടി. പക്ഷേ, കോവിഡ് കാലം അവര്‍ക്ക് മുന്നില്‍ സാധ്യതകളുടെ പുതുലോകം തുറന്നു. ആവശ്യങ്ങളാണ് കണ്ടുപിടിത്തങ്ങളുടെ മാതാവെന്നാണല്ലോ ചൊല്ല്. എന്നാല്‍ ആവശ്യങ്ങളല്ല, അത്യാവശ്യങ്ങളാണ് ഐഷയെ സംരംഭകയാക്കിയത്. തന്റെ കുട്ടികളനുഭവിച്ച പ്രശ്‌നത്തിന് പരിഹാരം കണ്ടപ്പോള്‍ അതൊരു ബിസിനസ് ആശയമായി തന്നെ വളര്‍ന്നു.

ഓണ്‍ലൈന്‍ പഠനകാലത്ത് കുട്ടികള്‍ക്കുണ്ടായ പഠനവിടവിനെ എങ്ങനെ മറികടക്കാമെന്ന ചിന്തയില്‍ നിന്നാണ് 'ഒരു കുട്ടിക്ക് ഒരു ടീച്ചര്‍' എന്ന ആശയം തലശേരിക്കാരി ഐഷ സമീറിനുണ്ടാകുന്നത്. ഇതിനായി ഏകാംഗ ട്യൂഷന്‍ ടീച്ചര്‍മാരുടെ ശ്യംഖലതന്നെ അവര്‍ കെട്ടിപ്പടുത്തു. 'വണ്‍ ഓണ്‍ വണ്‍' എന്ന പേരില്‍ ഐഷ നയിച്ച ആ ട്യൂഷന്‍ ശ്യംഖല ഒറ്റവര്‍ഷം കൊണ്ട് വരുമാനമായി നേടിയെടുത്തത് നാല്‍പത് ലക്ഷം രൂപയാണ്. ഭര്‍ത്താവ് സമീര്‍ അബ്ദുള്ളയുടെയും കുടുംബത്തിന്റെയും പിന്തുണയാണ് വിജയമന്ത്രമെന്ന് പറയുകയാണ് ഐഷബിസിനസ് ആശയം തന്ന കോവിഡ് കാലം
"മക്കളുടെ പഠനമെല്ലാം ദുബായില്‍ തന്നെയായിരുന്നു. 2020 മാര്‍ച്ചില്‍ നാട്ടിലെത്തിയപ്പോഴാണ് കോവിഡ് ലോക്ക്ഡൗണ്‍ വരുന്നത്. തിരിച്ചു പോകാന്‍ പറ്റാതായി. മക്കളുടെ ഒരു അധ്യയനവര്‍ഷം കൂടിയല്ലേ ഒപ്പം പോവുക. അതെനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെയാണ് നാട്ടിലെ സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്തത്. പക്ഷേ ഓണ്‍ലൈന്‍ പഠനവും പുതിയ സ്‌കൂളും പാഠ്യരീതിയുമൊന്നും അവര്‍ക്ക് ഇഷ്ടമായില്ല. പൊരുത്തപ്പെടാന്‍ പരമാവധി ശ്രമിച്ചെങ്കിലും അവര്‍ക്കതിന് കഴിഞ്ഞില്ലെന്ന് പറയുന്നതാവും ശരി. അവരുടെ പഠനമൊക്കെ ആകെ താളം തെറ്റി.

അധ്യാപക-വിദ്യാര്‍ഥി ബന്ധം ഊഷ്മളമായില്ലെങ്കില്‍ കുട്ടികള്‍ക്ക് പഠനത്തിലുള്ള അഭിരുചി തന്നെ നഷ്ടമായേക്കും. എന്റെ മക്കളുടെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. ഭര്‍ത്താവ് മലയാളിയല്ല. അതുകൊണ്ട് കുട്ടികള്‍ക്കും മലയാളം അത്ര വശമില്ല. രണ്ടിടത്തും സി.ബി.എസ്.ഇ സിലബസാണ് പഠിപ്പിക്കുന്നതെങ്കിലും പെട്ടെന്നൊരു സുപ്രഭാതത്തില്‍ നാട്ടില്‍ അവര്‍ക്കൊരു ഐഡന്റിറ്റി ക്രൈസിസ് വന്നിട്ടുണ്ടെങ്കില്‍, അവര്‍ക്ക് ഇവിടുത്തെ രീതികളുമായി ചേര്‍ന്ന് പോകാനാവുന്നില്ലെങ്കില്‍ അവരെ തെറ്റുപറയാനാവില്ലല്ലോ. അധ്യാപകര്‍ക്ക് അവരെയും അവര്‍ക്ക് അധ്യാപകരേയും മനസിലാക്കാന്‍ കഴിഞ്ഞില്ല. ഫലമോ...അവര്‍ പഠനത്തില്‍ പിന്നാക്കം പോയി. ചെറിയ കുട്ടി ഉള്ളതുകൊണ്ട് എനിക്കും ശ്രദ്ധിക്കാനാകുന്നില്ല. എന്റെ സമാധാനം നഷ്ടപ്പെട്ട സമയമായിരുന്നു അത്.

കുട്ടികള്‍ക്ക് വേണ്ടി ട്യൂഷന്‍ ക്ലാസുകളെ കുറിച്ചും അധ്യാപകരെ കുറിച്ചും ഞാന്‍ അന്വേഷിച്ചു തുടങ്ങി. വെറും അധ്യാപകരെയല്ല പഠനത്തിനൊപ്പം അവരുടെ പ്രശ്നങ്ങള്‍ കൂടി മനസിലാക്കി അവരെ ഒന്ന് 'കംഫര്‍ട്ട്' ആക്കുന്ന അധ്യാപകരെയായിരുന്നു അവര്‍ക്കാവശ്യം. ഓണ്‍ലൈന്‍ ക്ലാസേ ശരിയാകാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ എത്രകണ്ട് ശരിയാകും? ഓണ്‍ലൈന്‍ ക്ലാസില്‍ ഒരു കുട്ടിയും ഒരു ടീച്ചറും ആണെങ്കില്‍ അതുകൂറേക്കൂടി ഫലവത്താവും എന്ന് തോന്നി. അങ്ങനെ അധ്യാപകരെ കണ്ടെത്തി. കുട്ടികളെ കേള്‍ക്കാന്‍ മനസുണ്ടാകുമ്പോള്‍ സ്വാഭാവികമായും അവര്‍ തിരിച്ചും അതേ രീതിയില്‍ പ്രതികരിക്കുമല്ലോ. മക്കള്‍ നന്നായി പഠിക്കുകയും മാര്‍ക്ക് വാങ്ങാന്‍ തുടങ്ങി എന്നതിനേക്കാള്‍ അവര്‍ ഇവിടെ 'ഹാപ്പിയായി' എന്നതിലായിരുന്നു എന്റെ സന്തോഷം

ധാരാളം പാരന്റ്സ് ഗ്രൂപ്പിലെ അംഗമാണ് ഞാന്‍. അവിടെ ഈ വിഷയം ചര്‍ച്ചയായപ്പോഴാണ് ഓണ്‍ലൈന്‍ പഠനകാലത്ത് സമാനപ്രശ്നം മിക്ക മാതാപിതാക്കളും അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത്. എന്തുകൊണ്ട് അത്തരമൊരു പ്രശ്നത്തെ 'അഡ്രസ്' ചെയ്തുകൂട എന്നൊരു തോന്നലില്‍ നിന്നാണ് 'വണ്‍ ഓണ്‍ വണ്‍' എന്ന ട്യൂഷന്‍ സംരംഭത്തിന്റെ പിറവി.

ഒരു ടീച്ചര്‍ ഒരു സ്റ്റുഡന്റ്

ഒരു ടീച്ചര്‍ക്ക് ഒരു കുട്ടി എന്ന രീതി ആവുമ്പോള്‍ അധ്യാപകര്‍ക്ക് നല്ല രീതിയില്‍ കുട്ടികളെ ശ്രദ്ധിക്കാനാകും. കുട്ടികളെ നന്നായി കേള്‍ക്കുകയും അവരെ അലട്ടുന്ന മറ്റ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും കുട്ടികള്‍ അധ്യാപകരോടടുക്കുകയും അവരുടെ ക്ലാസുകളോട് നല്ല രീതിയില്‍ പ്രതികരിക്കുകയും ചെയ്യും. 'വണ്‍ ഓണ്‍ വണ്‍' വഴി ചെയ്യുന്നതും ഇതേ പ്രക്രിയയാണ്. ഇതിനായി ട്യൂഷന്‍ നല്‍കാന്‍ തയ്യാറുള്ള അധ്യാപകരെ കണ്ടുപിടിച്ചു.

സോഷ്യല്‍ മീഡിയ വഴി നല്‍കിയ ഒറ്റപ്പരസ്യം കൊണ്ട് തന്നെ നൂറുകണക്കിന് ബയോഡാറ്റകളാണ് വിവിധ വിഷയങ്ങളിലായി ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്ക് രണ്ടുമൂന്ന് തവണ ഇന്റര്‍വ്യൂ നടത്തി എന്റെ ആശയം വിശദീകരിച്ചു. കോവിഡ് സമയമായതിനാല്‍ കഴിവുറ്റ അധ്യാപകര്‍ ധാരാളം വന്നു. ഇന്നും അവരില്‍ പലരും കൂടെത്തന്നെയുണ്ട്.

തുടങ്ങി ആദ്യ വര്‍ഷം തന്നെ മികച്ച പ്രതികരണം ലഭിച്ചത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. തുടക്കത്തില്‍ സുഹൃത്തുക്കളുടെയും അവരുടെ സുഹൃത്തുക്കളുടെയുമൊക്കെ മക്കളായിരുന്നു വിദ്യാര്‍ഥികളായി ഉണ്ടായിരുന്നത്.

രണ്ട് വര്‍ഷത്തിനിപ്പുറം 14 രാജ്യങ്ങളില്‍ നിന്നായി നാന്നൂറില്‍ പരം വിദ്യാര്‍ഥികളാണ് 'വണ്‍ ഓണ്‍ വണ്‍' വഴി പഠിക്കുന്നത്. നൂറില്‍ പരം അധ്യാപകരും ഇന്ന് അക്കാദമിക്കുണ്ട്.

ഐഷ സമീറും കുടുംബവും

അതിരുകളില്ലാ ട്യൂഷന്‍

രാവിലെ ആറ് മണി മുതല്‍ രാത്രി പന്ത്രണ്ട് മണി വരെ ഏത് വിഷയത്തിലും ഏത് രാജ്യത്ത് നിന്നും കുട്ടികള്‍ ആവശ്യപ്പെടുന്ന സമയത്ത് അധ്യാപകരെത്തും. ഓണ്‍ലൈന്‍ പഠനമാണെങ്കിലും അവരെ ബോറടിപ്പിക്കാതെ പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യും, പഠനത്തിന്റെ പുരോഗതി വിലയിരുത്തും.

ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കാണ് ട്യൂഷന്‍ നല്‍കുന്നത്. അതാത് വിഷയങ്ങളില്‍ യോഗ്യത നേടിയ അധ്യാപകരാണ് ക്ലാസെടുക്കുക. ചില വിഷയങ്ങള്‍ മാത്രമായിട്ടോ ചില പാഠഭാഗം മാത്രമായിട്ടോ ട്യൂഷന് വരുന്നവരുമുണ്ട്. സമ്മര്‍ വെക്കേഷന്‍ കാലത്ത് ലാംഗ്വേജ് ക്ലാസുകള്‍ക്കും മാത്തമാറ്റിക്സിനുമാണ് കൂടുതല്‍ ആവശ്യക്കാര്‍

ക്ലാസെടുക്കാനില്ല, പക്ഷേ ഇവിടെത്തന്നെയുണ്ട്

കുട്ടികളെയും അധ്യാപകരെയും തമ്മില്‍ ബന്ധിപ്പിക്കലാണ് ഞാന്‍ ചെയ്യുക. ക്ലാസെടുക്കാറില്ല. പക്ഷേ ഓരോ കുട്ടിയെയും ഓരോ അധ്യാപകനേയും അവരുടെ വിഷയങ്ങളുമെല്ലാം എനിക്ക് കാണാപ്പാഠമാണ്. കുട്ടികള്‍ക്കാവശ്യമായ നോട്ടുകള്‍, മെറ്റീരിയലുകള്‍ എന്നിവ അവര്‍ക്ക് നല്‍കും. അറ്റന്‍ഡന്‍സ്, ക്ലാസ് ലിങ്ക് എന്നിവയും പരസ്പരം നല്‍കും. രാവിലെ മുതല്‍ രാത്രിവരെ ഓണ്‍ലൈനിലാണ് ഞാനും. ഓരോ കുട്ടിയുടെയും കാര്യങ്ങള്‍ വെവ്വേറെ തന്നെ എടുത്ത് അനലൈസ് ചെയ്ത് റിപ്പോര്‍ട്ടടക്കമുള്ള കാര്യങ്ങള്‍ ചെയ്യും.ഇക്കാര്യങ്ങളെല്ലാം മുന്‍പ് തനിച്ചായിരുന്നു ചെയ്തിരുന്നത്. ഇപ്പോള്‍ ഫിനാന്‍സ് കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഒരു സ്റ്റാഫുണ്ട്. മണിക്കൂര്‍ അനുസരിച്ചാണ് അധ്യാപകര്‍ക്കുള്ള ശമ്പളവും വിദ്യാര്‍ഥികള്‍ക്കുള്ള ഫീസും. കേന്ദ്രസര്‍ക്കാരിന്റെ MSME (Ministry of Micro, Small & Medium Enterprises) അനുസരിച്ചാണ് സംരംഭം പ്രവര്‍ത്തിക്കുന്നത്.

ഒറ്റവര്‍ഷം -നാല്‍പത് ലക്ഷം ടേണോവര്‍

തുടങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴേക്കും വര്‍ഷം നാല്‍പത് ലക്ഷം ടേണോവര്‍ നേടാനായത് അഭിമാനമായി. 2020 മാര്‍ച്ചിലാണ് നാടായ തലശേരിയിലെത്തിയത്. സ്വന്തമായി വരുമാനം വന്നുതുടങ്ങിയപ്പോള്‍ ഇതു തുടരാനാണ് ഭര്‍ത്താവടക്കം പറഞ്ഞത്. ഇപ്പോള്‍ രണ്ട് വര്‍ഷമായി ഇവിടെയാണ് ഞാനും കുട്ടികളും. തെരഞ്ഞെടുത്ത വഴി വിജയത്തിലെത്തിച്ചതില്‍ വീട്ടുകാര്‍ക്കും അഭിമാനമായിരുന്നു.

14 വര്‍ഷത്തെ കരിയര്‍ ഗ്യാപ്പില്‍ നിന്ന് സംരംഭകയിലേക്ക്

എംഎസ്സി ബയോടെക്നോളജിയായിരുന്നു ഞാന്‍ പഠിച്ചത്. കുറച്ച് നാള്‍ ഗസ്റ്റ് ലക്ചററായി ജോലി നോക്കുന്നതിനിടെ ആയിരുന്നു വിവാഹം. അതിനുശേഷം ദുബായിലെത്തിയ ഞാന്‍ ജോലിക്കൊന്നും ശ്രമിച്ചില്ല. പിന്നെ കുട്ടികളായി. 14 വര്‍ഷം വീട്ടില്‍ കുട്ടികളും ഭര്‍ത്താവും മാത്രമായി ലോകം ചുരുങ്ങിയപ്പോഴും ഇടയ്ക്കൊരു നഷ്ടബോധം ഉണ്ടാകുമെന്നല്ലാതെ പുതുതായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയിരുന്നില്ല

ഉപ്പയടക്കം കുടുംബത്തിലെ മിക്കവരും അധ്യാപകരാണ്. ആ ലോകത്താണ് ഞാന്‍ വളര്‍ന്നത്. ആ ചര്‍ച്ചകളാണ് കുട്ടികള്‍ക്കെന്താവശ്യമെന്ന തിരിച്ചറിവ് എന്നിലുണ്ടാക്കിയത്. പ്രതിഭയറിഞ്ഞ് മിനുക്കിയെടുത്താല്‍ തിളങ്ങുന്ന രത്നക്കല്ലുകളാണ് ഓരോ കുട്ടിയെന്നും, അത് പരമാവധി മിനുക്കലാണ് അധ്യാപകന്റെ പണിയെന്നും അവിടെ നിന്നാണ് ഞാനറിഞ്ഞത്. സ്വാഭാവികമായും എനിക്ക് പരിചിതമായ അന്തരീക്ഷം തന്നെ എന്റെ കരിയറായി വന്നു ചേരുകയായിരുന്നു

സക്‌സസ്‌...ആസ്വദിക്കുകയാണിപ്പോള്‍

കരിയറില്‍ 14 വര്‍ഷം ചെറിയൊരു ഗ്യാപ്പല്ല. അതിനാൽ തന്നെ മറ്റെവിടെയെങ്കിലും ഭേദപ്പെട്ട ശമ്പളത്തില്‍ ജോലി ലഭിക്കില്ലെന്നുറപ്പാണ്. ലഭിച്ച അവസരങ്ങളെ ഉപയോഗപ്പെടുത്തിയപ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാനം ആരുടെ കീഴിലും ജോലി ചെയ്യാതെ തന്നെ കൈവന്നു. നല്ല തിരക്കും ചിലപ്പോഴൊക്കെ പ്രഷറും ഉണ്ടെങ്കിലും അവയൊക്കെ തരണം ചെയ്യാന്‍ വന്ന വഴി മാത്രം ഓര്‍ത്താല്‍ മതിയെനിക്ക്. വെറുമൊരു വീട്ടമ്മയായിരുന്ന ഐഷയല്ല കുടുംബത്തും പുറത്തുമുള്ളവര്‍ക്ക് ഇന്ന് ഞാന്‍.

സ്വന്തമായി വരുമാനം,ജോലി ഉണ്ടാകുക എന്നതിലൂടെ സമൂഹത്തില്‍ ഒരു ഐഡന്റിറ്റി കൂടിയാണ് ഒരു സ്ത്രീ സൃഷ്ടിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ 'വണ്‍ ഓണ്‍ വണ്‍' ന് മുന്‍പും ശേഷവും എന്ന് എന്നെ വേര്‍തിരിക്കേണ്ടി വരും. കാരണം അന്ന് എന്നെ നോക്കിക്കണ്ട, സംസാരിച്ച രീതിയിലല്ല ഇന്ന് പലരും എന്നോട് ഇടപെടുന്നത്. അത് ഞാന്‍ ആസ്വദിക്കുന്നുമുണ്ട്. അങ്ങനെയോര്‍ക്കുമ്പോള്‍..., യെസ്. ഐ ആം എ സക്‌സസ്ഫുള്‍ വുമണ്‍"

Content Highlights: Aysha Zameer, one on one tuition app, success stories, career guidance, inspiring stories


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented