വലിയ സ്വപ്നം കാണുന്നവര്‍ വലിയ ലക്ഷ്യത്തിച്ചേരുന്ന നിരവധി കാഴ്ചകള്‍ക്ക് സാക്ഷ്യംവഹിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. പരിശ്രമിച്ചാല്‍ എത്രവലിയ ഉയരത്തിലും എത്തിച്ചേരുമെന്നുള്ള ശുഭപ്രതീക്ഷ നല്‍കുന്നതാണ് 2019ലെ മിക്ക വിജയങ്ങളും. വയനാട്ടുകാരിയായ ശ്രീധന്യയുടെ സിവില്‍ സര്‍വീസ് നേട്ടം മുതല്‍ ജെഎന്‍യുവിലെ സെക്യൂരിറ്റി ജീവനക്കാരന്റെ എന്‍ട്രന്‍സ് വിജയം വരെ ഏവര്‍ക്കും പ്രചോദനമാകുന്ന വിജയങ്ങളാണ്.
ശ്രീധന്യയുടെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം
കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയുടെ നേട്ടം ചരിത്രത്താളുകളില്‍ എന്നും തങ്ങിനില്‍ക്കുന്ന വിജയമാണ്. പണിതീരാത്ത വീട്ടില്‍നിന്ന്, കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍, നിശ്ചയദാര്‍ഢ്യം കൊണ്ട് നേടിയെടുത്ത വിജയമാണത്. പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിട്ട ശ്രീധന്യ പോയവര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്കാണ് സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്തത്.
പൂക്കടയില്‍നിന്നും സര്‍ക്കാര്‍ സര്‍വീസിലെത്തിയ അഭിലാഷ്
പൂക്കടയിലെ ജോലിക്കിടെ കിട്ടുന്ന ഒഴിവ് സമയത്ത് പഠിച്ചാണ് തിരുവനന്തപുരം സ്വദേശി അഭിലാഷ് പി.എസ്.സി റാങ്ക്ലിസ്റ്റില്‍ ഒന്നാമതെത്തിയത്. തന്റേതായ രീതിയില്‍ പഠന സമയവും രീതികളും സ്വീകരിച്ചപ്പോള്‍ ഇടുക്കി ജില്ലയിലെ പി.എസ്.സി എക്സൈസ് ഡ്രൈവര്‍ പരീക്ഷയില്‍ അഭിലാഷ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. തനിക്ക് ആകാമെങ്കില്‍ അല്പമൊന്ന് പരിശ്രമിച്ചാല്‍ ആര്‍ക്കും കീഴടക്കാവുന്നതാണ് പി.എസ്.സി പരീക്ഷകളെന്ന് അഭിലാഷ് പറയുമ്പോള്‍ അത് ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല.
ചോര്‍ന്നൊലിക്കുന്ന കൂരയില്‍നിന്ന് റാങ്ക് നേട്ടവുമായി ദിവ്യ
2019ലെ നീറ്റ പരീക്ഷയിലെ ശ്രദ്ധേയമായ നേട്ടമാണ് നിലമ്പൂര്‍ ചുങ്കത്തറയിലെ ദിവ്യയുടേത്. ചോര്‍ന്നൊലിക്കുന്ന കൂരയില്‍നിന്നാണ് പട്ടികവര്‍ഗ വിഭാഗത്തില്‍ സംസ്ഥാനത്തെ ഒന്നാംറാങ്കിലേക്ക് ദിവ്യ നടന്നുകയറിയത്. അസുഖബാധിതനായ അച്ഛന്റെ മരണമുണ്ടാക്കിയ ആഘാതത്തില്‍ തളരാതെ നിശ്ചയദാര്‍ഢ്യത്തോടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ വിജയം ദിവ്യയോടൊപ്പം ചേര്‍ന്നു.
നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ വിജയം കൂടെവരുമെന്ന് ശ്രീലക്ഷ്മി
കാത്തിരിക്കാന്‍ തയ്യാറാണെങ്കില്‍, പരിശ്രമം പാഴായിപ്പോകില്ലെന്നും ഊഴം വരുമ്പോള്‍ വിജയം നമ്മോടൊപ്പമുണ്ടാകുമെന്നും തെളിയിക്കുന്ന വിജയമാണ് ആലുവക്കാരി ശ്രീലക്ഷ്മിയുടേത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓരോതവണ പരാജയംരുചിച്ചപ്പോഴും പ്രതീക്ഷ കൈവിടാതെ പരിശ്രമം തുടര്‍ന്നപ്പോള്‍ അഞ്ചാംതവണ ലക്ഷ്യത്തിലെത്തി. അതും കേരളത്തിലെ ഉയര്‍ന്ന റാങ്ക് (AIR-29) നേട്ടവുമായി.
ജെഎന്‍യു പ്രവേശനപരീക്ഷയില്‍ വിജയംനേടിയ സെക്യൂരിറ്റി ജീവനക്കാരന്‍
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ സെക്യൂരിറ്റി ജീവനക്കാരനായ രാംജല്‍ മീണ സര്‍വകലാശാല പ്രവേശന പരീക്ഷയില്‍ വിജയം നേടിയത് പോയവര്‍ഷമാണ്. ജോലിക്കിടയില്‍ കിട്ടുന്ന ചെറിയ ഇടവേളകള്‍ ഫലപ്രദമായി ഉപയോഗിച്ചപ്പോള്‍ വിജയം തേടിയെത്തി. സ്വന്തം പരിശ്രമത്തിനൊപ്പം മറ്റുള്ളവരുടെ പിന്തുണ കൂടിയായപ്പോള്‍ എളുപ്പത്തില്‍ വിജയംകാണാനായെന്നതും മീണ പറയുന്നു.
ക്രച്ചസില്‍നടന്ന് വിജയം നേടിയ സജന്‍
ശാരീരിക വെല്ലുവിളികള്‍ക്കിടയിലും പതറാത്ത മനസുമായി പരീക്ഷയെ നേരിട്ട് നീറ്റില്‍ വിജയം നേടിയ ബിഹാര്‍ സ്വദേശി സജന്‍ റായിയുടെ വേറിട്ട കഥയും 2019ല്‍ ശ്രദ്ധേയമായി. കുട്ടിക്കാലത്തുതന്നെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട സജന്‍ ഡോക്ടറാവുകയെന്ന തന്റെ ലക്ഷ്യത്തിലേക്ക് ക്രച്ചസിലൂന്നിയാണ് നടന്നുകയറുന്നത്. ബെട്ടിയയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശനം നേടിയ സജന് ന്യൂറോളജിയില്‍ സ്പെഷ്യലൈസ് ചെയ്യുകയെന്നതാണ് ലക്ഷ്യം.
സി.എ പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ തയ്യല്‍ക്കാരന്റെ മകന്‍
സാധാരണക്കാര്‍ക്ക് കാഠിന്യമേറിയതെന്ന് കരുതുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ ആദ്യശ്രമത്തില്‍തന്നെ ഒന്നാംറാങ്ക് നേടിയ ഷദാബ് ഹുസൈന്റെ നേട്ടം അല്പം അത്ഭുതത്തോടെയാണ് എല്ലാവരും നോക്കിക്കണ്ടത്. രാജസ്ഥാനിലെ കോട്ടയിലെ ഒരു തയ്യല്‍ക്കാരനാണ് ഷദാബിന്റെ പിതാവ്. ഓരോദിവസവും 12 മുതല്‍ 14 മണിക്കൂര്‍വരെ പഠനത്തിനായി മാറ്റിവെച്ച ഷദാബ് ഏകാഗ്രമായ മനസുണ്ടെങ്കില്‍ ആര്‍ക്കും ഉന്നതവിജയം സ്വന്തമാക്കാമെന്ന് പറയുന്നു.
83-ാം വയസില്‍ ബിരുദാനന്തര ബിരുദം നേടി സൊഹാന്‍ സിങ് ഗില്‍
പഠനത്തിനും ബിരുദനേട്ടത്തിനും പ്രായമൊരു തടസമല്ലെന്നു തെളിയിക്കുന്ന നേട്ടമാണ് പഞ്ചാബില്‍നിന്നുള്ള സൊഹാന്‍ സിങ് ഗില്ലിന്റേത്. 1958ല്‍ കെനിയയില്‍ അധ്യാപകനായി ജോലി നേടിയ ഗില്‍ തിരികെ വരുന്നത് 1991ലാണ്. തുടര്‍പഠനത്തിനുള്ള മോഹം വീണ്ടുമുണ്ടായത് 2018ലാണ്. ജലന്ധറിലെ ലവ്ലി പ്രൊഫണല്‍ സര്‍വകലാശാലയില്‍നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടുമ്പോള്‍ 83 വയസ് പ്രായമുണ്ട് അദ്ദേഹത്തിന്.
ആദ്യശ്രമത്തില്‍ സിവില്‍ സര്‍വീസ് വിജയവുമായി പെട്രോള്‍പമ്പ് ജീവനക്കാരന്റെ മകന്‍
പരിശ്രമിച്ചാല്‍ സാധാരണക്കാരനും സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന വിജയം സ്വന്തമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് മധ്യപ്രദേശില്‍നിന്നുള്ള പ്രദീപ് സിങ്. ഇന്‍ഡോറിലെ ഒരു പെട്രോള്‍പമ്പ് ജീവനക്കാരന്റെ മകനായ പ്രദീപ് 22-ാം വയസില്‍ ആദ്യശ്രമത്തില്‍ 93-ാം റാങ്കാണ് നേടിയെടുത്തത്. പരിശീലന വേളയില്‍ തനിക്ക് ഉറച്ച പിന്തുണ നല്‍കിയ മാതാപിതാക്കള്‍ക്കാണ് പ്രദീപ് തന്റെ വിജയത്തിന്റെ ക്രെഡിറ്റ് നല്‍കുന്നത്.
നളിന്‍ ഖണ്ഡേവാളിന്റെ വിജയം കഠിന പ്രയത്നത്തിന്റേത്
രാജസ്ഥാനില്‍നിന്നുള്ള നളിന്‍ ഖണ്ഡേവാള്‍ പോയവര്‍ഷം നീറ്റില്‍ ഒന്നാംറാങ്ക് നേടിയത് കണിശതയാര്‍ന്ന പരിശീലനത്തിലൂടെയാണ്. ദിവസം ഏഴുമുതല്‍ എട്ടു മണിക്കൂര്‍വരെ പരിശീലനത്തിനു മാറ്റിവെച്ച നളിന്‍ സാമൂഹ്യമാധ്യമങ്ങളേയും സ്മാര്‍ട്ട്ഫോണിനെയും മാറ്റിനിര്‍ത്തുകയും ചെയ്തു. സ്മാര്‍ട്ട്ഫോണില്‍ ഏറെസമയം പാഴാക്കുന്ന പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ക്ക് തീര്‍ച്ചയായും മാതൃകയാക്കാവുന്ന വിജയംകൂടിയാണ് നളിന്റേതെന്ന് പറയാതെവയ്യ.
ഇവര്‍ മാത്രമല്ല 2019ലെ വിജയികള്‍, നേട്ടമുണ്ടാക്കിയവര്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമാകുന്നത് പരീക്ഷകളോടുള്ള സമീപന രീതികളിലും സ്വന്തം കഴിവിലുള്ള വിശ്വാസത്തിലുമാണ്. ശുഭപ്രതീക്ഷയോടെ ആത്മാര്‍ഥമായി പരിശ്രമിക്കുന്ന ആര്‍ക്കും എത്രവലിയ പ്രതിസന്ധിയും തരണംചെയ്ത് വിജയികളാകാമെന്ന് തെളിക്കുകയാണ് ഇവര്‍.
Content Highlights: Success Stories 2019: defying all odds these candidates secured great success in competitive exams