കൊച്ചി: മഹാമാരിയുടെ കാലത്തു പ്രതിസന്ധിയില്‍പ്പെട്ട കര്‍ഷകര്‍ക്കു വേറിട്ടൊരു കൈത്താങ്ങാവുകയാണ് മാനസി എന്ന 23-കാരി. കര്‍ഷകരെ കണ്ടെത്തി അവരില്‍ നിന്ന് ഉത്പന്നങ്ങള്‍ ശേഖരിച്ചു വിപണനം നടത്തുകയാണ് മാനസി. ഫാംഫുള്‍ എന്ന ഇന്‍സ്റ്റഗ്രാം പേജാണ് മാനസിയുടെ വെര്‍ച്വല്‍ മാര്‍ക്കറ്റ് സ്‌പേസ്.
പുണെയില്‍ ഇന്റര്‍നാഷണല്‍ ഓഫ് ബിസിനസ് ആന്‍ഡ് മീഡിയയില്‍ രണ്ടാം വര്‍ഷ എം.ബി.എ. വിദ്യാര്‍ത്ഥിനിയാണ് മാനസി. മോഡലിങ്ങിലും സജീവം. കോവിഡ് വന്നു കോളേജ് അടച്ചതോടെ അവര്‍ കടവന്ത്രയിലെ പൂര്‍ണശ്രീയെന്ന വീട്ടിലെത്തി. ഓണ്‍ലൈന്‍ ക്ലാസുകളും ചെറിയ ഫാഷന്‍ ഷൂട്ടുകളുമായി ദിവസങ്ങള്‍ പോകെ, മറ്റെന്തെങ്കിലും കൂടി ചെയ്യണമെന്നു തോന്നി. ഫാംഫുള്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതങ്ങനെ. കൃഷി ഓഫീസറായിരുന്ന അമ്മ എസ്.രാജിയാണ് കൃഷിക്കാരുടെ വിവരങ്ങള്‍ മാനസിക്കിക്കൊടുത്തത്. അവരെ നേരിട്ടുപോയി കണ്ടു. അവരുടെ ജൈവകൃഷിയുത്പന്നങ്ങള്‍ തന്റെ പേജിലൂടെ പ്രമോട്ട് ചെയ്യാന്‍ തുടങ്ങി. പൈനാപ്പിള്‍, ചേന, കുടംപുളി, പയര്‍ തുടങ്ങിയവയാണ് വിപണനം ചെയ്യുന്നത്.
ഫ്‌ളാറ്റിനുതാഴെയുള്ള ചെറിയ മുറിയിലാണു കര്‍ഷകരില്‍ നിന്നെടുക്കുന്ന ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നത്. ആവശ്യക്കാര്‍ക്കു വാഹനത്തില്‍ സാധനങ്ങളെത്തിച്ചു നല്‍കുന്നതു മാനസിയും അനിയത്തി മീനാക്ഷിയും ചേര്‍ന്നാണ്. ഗതാഗതച്ചെലവിനുള്ള പണം കഴിച്ചു ബാക്കി കര്‍ഷകര്‍ക്കു നല്‍കും.
ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍ ഉത്പന്നങ്ങള്‍ ഫാംഫുള്ളിലൂടെ വില്‍ക്കുന്നുണ്ട്. ഇപ്പോള്‍ ചെറിയ തോതിലാണ് മാനസിയുടെ സംഭരണവും വിപണനവും. അതു വികസിപ്പിക്കുന്നതിനായി കാറ്ററിങ് മേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മാനസി പറഞ്ഞു.
കര്‍ഷര്‍ക്കായി ആഴ്ചച്ചന്ത പോലെ ഒരു സ്റ്റാള്‍ ഒരുക്കി വിപണന സാധ്യത കൂട്ടണമെന്നാണ് മാനസിയുടെ ആഗ്രഹം. 2018-ലെ ഗൃഹലക്ഷ്മി ഫെയ്‌സ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പായിരുന്നു. മിസ് കേരള 2020 മത്സരത്തിലും പങ്കെടുക്കുന്നുണ്ട്. ബാഡ്മിന്റണ്‍ കോച്ചായ മോഹനചന്ദ്രന്റെ പിന്തുണയും മാനസിക്കു കരുത്തായി കൂടെയുണ്ട്.
Content Highlights: Story of manasi, who is doing Virtual marketing for farmers