'മോഹന്‍ നിങ്ങള്‍ നടനാകണമെന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതായിരിക്കും'- ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയില്‍ രഞ്ജിത്ത് മമ്മൂട്ടിയോട് പറഞ്ഞ ഡയലോഗ്. പോരാട്ടത്തിന്റെ നീണ്ട അധ്യായം പിന്നിട്ട് ഐഎഎസ് എന്ന കടമ്പ വിജയകരമായി കടന്ന റാണിപേട്ട് സബ്കളക്ടര്‍ കെ. ഇളംബഹവതിന്റെ ജീവിതം വായിച്ചറിയുമ്പോള്‍ ആ ഡയലോഗ് ഇങ്ങനെ മാറ്റിപറയാം. 'നിങ്ങള്‍ കളക്ടറാകണണെന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതായിരിക്കും'. അതിനായി നിയമാവലിയും മാറും. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയാണ് ഇളംബഹവത്.
1997-ല്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇളംബഹവതിന്റെ പിതാവ് മരിക്കുന്നത്. വില്ലേജ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറായിരുന്ന പിതാവിന്റെ വരുമാനമാനത്തിലായിരുന്നു കുടുംബം ജീവിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടായപ്പോള്‍ പഠനം നിര്‍ത്തി അമ്മയെ കൃഷിയില്‍ സഹായിക്കാന്‍ ഇളംബഹവത് തുടര്‍പഠനം ഉപേക്ഷിച്ചു.
കൃഷിയില്‍ നിന്നുള്ള വരുമാനം തുച്ഛമായിരുന്നെങ്കിലും എന്ത് ചെയ്യണമെന്ന വ്യക്തമായ ധാരണ ഇളംബഹവതിന് ഉണ്ടായിരുന്നില്ല. ജൂനിയര്‍ അസിസ്റ്റന്‍ഡ് പോലുള്ള ചെറിയ തസ്തികകളിലേക്ക് അപേക്ഷിച്ചെങ്കിലും ജോലി കിട്ടിയില്ല. അധികാര സ്ഥാനങ്ങളിലുണ്ടായിരുന്നവര്‍ ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് ആ ജോലി നല്‍കിയെന്നും അദ്ദേഹം ഓര്‍ക്കുന്നു.
പിന്നീടുള്ള ഒമ്പത് വര്‍ഷത്തോളം വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും കയറിയിറങ്ങിയെങ്കിലും ഇളംബഹവതിനെ സഹായിക്കാന്‍ ആരും തയ്യാറായില്ല. ഇക്കാലയളവിലൊക്കെയും ഉച്ചവരെ കൃഷിയിടത്തിലും ശേഷം വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി അന്വേഷിച്ചുള്ള നടത്തത്തിലുമായിരുന്നു ഇളംബഹവത്. എന്നാല്‍ ഒന്നിനും മാറ്റമുണ്ടായില്ല.
ഇതിനിടെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്നും പലപ്പോഴായി നല്ലതല്ലാത്ത അനുഭവം നേരിടേണ്ടിവന്ന ഇളംബഹവതിന് ഇതിലൊരു മാറ്റം വേണമെന്ന ആഗ്രഹമുദിച്ചു. അതിനുശേഷം സ്വന്തംനിലയില്‍ സിവില്‍ സര്‍വീസിന് തയ്യാറെടുപ്പുകള്‍ തുടങ്ങുകയും മദ്രാസ് സര്‍വകലാശാലയില്‍നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ഹിസ്റ്ററിയില്‍ ബിരുദം പൂര്‍ത്തിയാക്കുകയും ചെയ്തു.
സമീപത്തുള്ള പബ്ലിക് ലൈബ്രറിയില്‍നിന്നാണ് ഇളംബഹവത് സിവില്‍ സര്‍വീസിനുള്ള പഠനം ആരംഭിച്ചത്. കൂടെ ഒമ്പത് പേരുണ്ടായിരുന്നു. റിട്ടയേഡ് ഹെഡ്മാസ്റ്ററായ പണീര്‍ ശെല്‍വം ഉള്‍പ്പെടെയുള്ളവര്‍ സഹായത്തിനുമുണ്ടായിരുന്നു. പിന്നീട് പരീക്ഷയിലൂടെ തമിഴ്‌നാട് സര്‍ക്കാരിന്റെ സൗജന്യ സിവില്‍ സര്‍വീസ് പരിശീലനത്തിന് അദ്ദേഹം യോഗ്യത നേടിയെടുത്തു.
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ആദ്യത്തെ മൂന്ന് തവണയും പരാജയമായിരുന്നു ഫലം. എന്നാല്‍ ഇതിനിടയ്ക്ക് തമിഴ്‌നാട് പി.എസ്.സിയുടെ പല പരീക്ഷകളിലും മികച്ച വിജയം നേടാനായി. പഞ്ചായത്തില്‍ അസിസ്റ്റന്‍ഡ് ഡയറക്ടര്‍, പോലീസ് വകുപ്പില്‍ ഡി.എസ്.പി ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് I തസ്തികകളില്‍ നിയമനം നേടാനായി. അപ്പോഴും സിവില്‍ സര്‍വീസ് എന്ന മോഹം ഉപേക്ഷിക്കാന്‍ ഇളംബഹവത് തയ്യാറായിരുന്നില്ല.
പിന്നീട് അഞ്ചുതവണ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയെഴുതിയ ഇളംബഹവതിന് മൂന്ന് തവണ ഇന്റര്‍വ്യൂ റൗണ്ടില്‍ കടക്കാനായി. എന്നാല്‍ അപ്പോഴും പരാജയമായിരുന്നു ഫലം. ഇതോടെ പരമാധി ശ്രമങ്ങളുടെ എണ്ണവും കഴിഞ്ഞു. എന്നാല്‍ 2014-ല്‍ സിവില്‍ സര്‍വീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പ്രതികൂലമായി ബാധിച്ചവര്‍ക്ക് രണ്ട് അവസരങ്ങള്‍കൂടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ 2015-ല്‍ വീണ്ടും പരീക്ഷയെഴുതിയ ഇളംബഹവത് 117-ാം റാങ്ക് സ്വന്തമാക്കി സ്റ്റേറ്റ് കേഡറില്‍ ഐ.എ.എസ് ഓഫീസറായി.
2016-ലാണ് ഇളംബഹവത് റാണിപേട്ട് സബ്കളക്ടറായി നിയമിതനാവുന്നത്. ജനങ്ങളുടെ ശബ്ദം കേള്‍ക്കാനും സങ്കടങ്ങള്‍ പരിഹരിക്കാനുമാണ് താന്‍ ഇവിടെയെത്തിയതെന്ന് അദ്ദേഹം പറയുന്നു. കഠിനാധ്വാനത്തിന് പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ലെന്നും സ്വപ്‌നങ്ങള്‍ പിന്തുടരാനുള്ളതാണെന്നും ഇളംബഹവത് ഓര്‍മിപ്പിക്കുന്നു.
കടപ്പാട് - The Better India
Content Highlights: K Elambhahavat IAS, Success Story, UPSC Civil Services, Career Achievement