Gamini Singla | Photo: Instagram
'ആ മൂന്ന് വര്‍ഷക്കാലം കൂട്ടുകാരെ കണ്ടിട്ടില്ല, സിനിമകള്‍ കണ്ടില്ല, അവധികള്‍ ആഘോഷിക്കപ്പെട്ടില്ല എന്തിനേറെ ബന്ധുവീടുകളിലോ ചടങ്ങുകളിലോ പോലും പങ്കെടുത്തില്ല....'
കഠിനമായ ഒരു യാത്രയുടെ മുന്നൊരുക്കത്തില്‍, കാലിടറിപ്പോയേക്കാവുന്ന സന്ദര്‍ഭങ്ങളെ മനക്കരുത്തോടെ നേരിട്ട് സമ്മര്‍ദങ്ങളെ അതിജീവിച്ച ഒരു 24-കാരി അവളുടെ കഥ പറഞ്ഞു തുടങ്ങി. പേര് -ഗമിനി സിംഗ്ല. 2021-ലെ സിവില്‍ സര്‍വീസ് പരീക്ഷയിലെ മൂന്നാം റാങ്കുകാരി.
എട്ട് വര്‍ഷത്തിനിടെ നടന്ന ഏറ്റവും ബുദ്ധിമുട്ടേറിയ സിവില്‍ സര്‍വീസസ് പരീക്ഷയായിരുന്നു 2021-ലേത്. പത്ത് ലക്ഷത്തോളം വരുന്ന അപേക്ഷകരില്‍ നിന്ന് അവസാനവട്ട ഇന്റര്‍വ്യൂവിലേക്കെത്തിയത് 1800 പേര്‍. 685 പേരാണ് സിവില്‍ സര്‍വീസ് ലിസ്റ്റില്‍ ഇടം നേടിയത്. ശ്രുതി ശര്‍മ്മ, അങ്കിത അഗര്‍വാള്‍, ഗമിനി സിംഗ്ല, ഐശ്വര്യ വര്‍മ്മ...ചരിത്രത്തിലാദ്യമായി ആദ്യ നാല് റാങ്കും വനിതകള്‍ക്ക്. ആ നേട്ടത്തില്‍ മൂന്നാം റാങ്കുകാരിയായി ഗമിനി
ജീവിതത്തിലെ സകല വിനോദങ്ങളോടും ആഘോഷങ്ങളോടും നോ പറഞ്ഞ്, കൂട്ടുകാരോ, സോഷ്യല്‍മീഡിയ അക്കൗണ്ടോ ഇല്ലാതെ ചണ്ഡീഗഡിലെ വീട്ടില്‍ ഗമിനി പരീക്ഷയ്ക്കായി തയ്യാറെടുത്തു. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതുപോലും ചുരുക്കം ചില അവസരങ്ങളില്‍ മാത്രം. അനാവശ്യമായി കളയാന്‍ ഒരു നിമിഷം പോലുമില്ലെന്ന ബോധ്യമാവണം ഗമിനിയെ ആ കഠിനതീരുമാനത്തിന് പ്രേരിപ്പിച്ചത്. ടിവിയോ സിനിമയോ ഇല്ലാതെ പത്രം വായിച്ച്, പുസ്തകം വായിച്ച്, പഠിച്ച് മൂന്ന് വര്‍ഷക്കാലം. പലരും ഭയക്കുന്ന ഏകാന്തതയെ സഹയാത്രികനാക്കി ഗമിനി മുന്നേറി. ഗമിനിയുടെ വാക്കുകള്‍ കടമെടുത്താല്‍ സ്വയം വളരാനും വളര്‍ത്താനും ഏറ്റവും നല്ല മാര്‍ഗമാണ് ഏകാന്തത.
സമ്മര്‍ദം അതിജീവിക്കാന്‍ പഠനം തന്നെ ആയുധം
ഏറ്റവും മനോഹരമായ, അത്രയും കളര്‍ഫുള്‍ ലൈഫില്‍ നിന്നാണ് ഗമിനി തനിക്കുള്ളിലേക്ക് ചുരുങ്ങി പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏതൊരാളെയും പോലെ ഗമിനിക്കും അതത്ര എളുപ്പമായിരുന്നില്ല. 'മാനസിക സംഘര്‍ഷവും സമ്മര്‍ദവുമെല്ലാം അനുഭവിച്ചിട്ടുണ്ട്. അതിനെ അതിജീവിക്കുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലെ ഏക പോംവഴി'. ഓരോ കാര്യത്തിനുമെടുക്കുന്ന സമയം നിയന്ത്രിച്ച് ആ സമയം കൂടി പഠനത്തിലേക്ക് ഉപയോഗിക്കാന്‍ ഗമിനി ശ്രദ്ധിച്ചു. വെറുതേയിരിക്കുന്ന സമയം ഒന്നുകില്‍ മോക്ക് ടെസ്റ്റ്, അല്ലെങ്കില്‍ സെല്‍ഫ് ഹെല്‍പ്പിനുതകുന്ന പുസ്തകങ്ങള്‍...രണ്ടായാലും പഠനത്തിനുതകുന്നത് മാത്രം. സ്വന്തം കഴിവും പുരോഗതിയും വിലയിരുത്താന്‍ മോക്ക് ടെസ്റ്റുകളേക്കാള്‍ നല്ലൊരുമാര്‍ഗമില്ലല്ലോ.
'രണ്ട് മണിക്കൂറില്‍ 100 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. 35-40 എണ്ണം മാത്രമേ നമുക്ക് ശരിയുത്തരം അറിയുന്നതുണ്ടാവൂ. ബാക്കി ഗസ് വര്‍ക്കാണ്. ആ ഗസ്സിങ് ശരിയാകണമെങ്കില്‍ പരിശിലീനം കൂടിയേതീരൂ' ഗമിനി പറയുന്നത് വിജയികളുടെ അനുഭവകഥകളില്‍ നിന്നുള്‍ക്കൊണ്ട പാഠം.
പഠിച്ചത് എന്‍ജിനീയറിങ്, സ്വപ്നം സിവില്‍ സര്‍വീസ്
സിവില്‍ സര്‍വീസിലെ മിക്കവരെയും പോലെ ഗമിനിയും എന്‍ജിനീയറിങ് ബിരുദക്കാരിയാണ്. കമ്പ്യൂട്ടര്‍ സയന്‍സായിരുന്നു സ്ട്രീം. ബാങ്കിങ് ഭീമന്‍ ജെപി മോര്‍ഗന്‍ ചേസില്‍ ഇന്റേണായിരിക്കുമ്പോഴാണ് സിവില്‍ സര്‍വീസ് മോഹമുദിക്കുന്നത്. പിന്നീടങ്ങോട്ട് ഓരോ നിമിഷവും തയ്യാറെടുപ്പിന്റേതായിരുന്നു
മൂന്ന് വര്‍ഷം... പത്ത് മണിക്കൂര്‍ പഠനം
മിനിമം പത്ത് മണിക്കൂറെങ്കിലും പഠനത്തിനായി നീക്കി വെച്ചാണ് ഗമിനി ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണ പരീക്ഷകളിലൊന്നായ സിവില്‍ സര്‍വീസിനായി തയ്യാറെടുത്തത്. അച്ഛനും അമ്മയും സഹോദരനും പിന്നെ പഠനവും, അതാണ് ഗമിനിയുടെ വിജയമന്ത്രം. മോക്ക് ടെസ്റ്റുകള്‍, പാഠപുസ്തകങ്ങള്‍, യൂട്യൂബ് വീഡിയോകള്‍, വിജയികളുടെ അനുഭവപാഠങ്ങള്‍ എല്ലാം പഠനത്തിന്റെ ഭാഗമായി.
'ആ യാത്ര നീണ്ടതും കഠിനവുമായിരുന്നു. ഫലം വന്നപ്പോള്‍ ഒരു ഭാരമൊഴിഞ്ഞതുപോലെയാണ് തോന്നിയത്. ക്ഷേത്രത്തില്‍ പോയി. നൃത്തത്തിന് പോയി ' ഗമിനി പറയുന്നു
സ്റ്റഡി ടേബിള്‍ വ്യായാമത്തിനും ഉപയോഗിക്കാം
മറ്റൊന്നും ചെയ്യാതെ പഠനം മാത്രമായിരുന്നതിനാല്‍ ഭക്ഷണം നിയന്ത്രിക്കാന്‍ ഗമിനി ശ്രദ്ധിച്ചു. പഴങ്ങളും സാലഡും ഡ്രൈഫ്രൂട്ട്‌സുമായിരുന്നു കാര്യമായ ഭക്ഷണം. കുത്തിയിരുന്ന് പഠിക്കുമ്പോള്‍ വ്യായാമം ശീലമാക്കിയില്ലെങ്കില്‍ ശരീരം പ്രതികരിക്കും. പക്ഷേ, വ്യായാമത്തിനായി പുറത്തേക്കിറങ്ങുന്നത് ഗമിനി സമയനഷ്ടമായി കണക്കാക്കി. പകരം പഠനമുറിയില്‍ നിന്ന് തന്നെ ചെയ്യാവുന്ന വ്യായാമമുറകള്‍ പരീക്ഷിച്ചു. ഓരോ മൂന്ന് മണിക്കൂര്‍ കൂടുമ്പോഴും സ്റ്റഡി ടേബിളില്‍ നിന്ന് 200-300 തവണ വരെ ചാടുക എന്നതായിരുന്നു ഗമിനി ഇതിനായി കണ്ടെത്തിയ പോംവഴി
വെല്ലുവിളികളെ പരിശീലനം മറികടക്കും, അതിനി കാലാവസ്ഥ ആയാലും
പ്രതിബദ്ധങ്ങളെ കൃത്യമായ പ്ലാനിങ്ങോടെ സമീപിക്കുക, അതിനെ തട്ടിമാറ്റുക എന്നതായിരുന്നു ഗമിനിയുടെ രീതി. ശൈത്യകാലത്താണ് സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷ മിക്കവാറും നടക്കാറുള്ളത്. വലിയ ജാക്കറ്റുകളും,ശ്വാസതടസവും, അമിത തണുപ്പുമെല്ലാം പരീക്ഷാഹാളിലെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ വെല്ലുവിളിയാണ്. തന്നെ തോല്‍പിക്കാന്‍ നില്‍ക്കുന്ന തണുപ്പിനെ തോല്‍പിക്കാനായി പിന്നീട് ഗമിനിയുടെ പരിശ്രമം. വീട്ടിലെ ഏറ്റവും തണുപ്പേറിയ, വെളിച്ചം കുറഞ്ഞ മുറി തന്നെ പഠനമുറിയാക്കി ഗമിനി കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്ത് കടന്നു. ധരിക്കാന്‍ ഏറ്റവും സുഖമുള്ള ജാക്കറ്റ് തന്നെ തെരഞ്ഞെടുത്തു. പരീക്ഷാഹാളില്‍ തന്റെ ഏറ്റവും ബെസ്റ്റ് പെര്‍ഫോമന്‍സ് തന്നെ പുറത്തെടുക്കാന്‍ എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ഗമിനി കൃത്യമായി ചെയ്തു
പത്രവായന, അത് മസ്റ്റാണ്
ദിവസം മൂന്ന് പത്രങ്ങളാണ് തയ്യാറെടുപ്പിനായി ഗമിനി റഫര്‍ ചെയ്തത്. പരീക്ഷയ്ക്കുള്ള 80 ശതമാനവും പത്രങ്ങള്‍ കൃത്യമായി റഫര്‍ ചെയ്താല്‍ സ്‌കോര്‍ ചെയ്യാമെന്നാണ് ഗമിനിയുടെ പിതാവിന്റെ അഭിപ്രായം. പത്രത്തിലെ പ്രധാനവാര്‍ത്തകള്‍ നോട്ട് ചെയ്ത് കട്ടിങ്ങുകളാക്കി മകള്‍ക്ക് പഠിക്കാന്‍ പാകത്തിന് തയ്യാറാക്കി കൊടുത്തിരുന്നത് അദ്ദേഹമായിരുന്നു. സഹോദരന്‍ മോക്ക് ടെസ്റ്റുകള്‍ക്ക് സഹായിച്ചു.
അവള്‍ക്ക് പഠനത്തിന് എന്തൊക്കെ ആവശ്യമാണോ അതെല്ലാം വീട്ടുകാര്‍ കൃത്യമായി അറിഞ്ഞു ചെയ്തുവെന്ന് വേണം പറയാന്‍. തനിച്ചാണെന്ന തോന്നല്‍ അവള്‍ക്കുണ്ടാകാതിരിക്കാന്‍ വീട്ടുകാര്‍ പരമാവധി ശ്രമിച്ചു. അതിനായി അവരും ആഘോഷപരിപാടികളിലോ മറ്റ് യോഗങ്ങളിലോ പങ്കെടുത്തില്ല. ആഘോഷങ്ങളില്‍ മകളെവിടെ എന്ന ചോദ്യം, കളിയാക്കലും നെഗറ്റിവിറ്റിയും...അങ്ങനെയുള്ള ഒരവസരങ്ങള്‍ക്കും അവര്‍ നിന്നു കൊടുത്തതേയില്ല. അതെ, തന്റെ നേട്ടം ഒരു ഫാമിലി എഫേര്‍ട്ട് തന്നെയാണന്ന് ഗമിനി അഭിമാനത്തോടെ പറയുന്നു.
'How I Topped The UPSC, And How You Can Too' എന്ന പേരില്‍ സ്വന്തം അനുഭവങ്ങള്‍ പുസ്തകമാക്കിയിരിക്കുകയാണ് ഗമിനി സിംഗ്ല. മത്സര പരീക്ഷകളെ അഗ്‌നിപരീക്ഷണങ്ങളായി കാണുന്നവര്‍ക്ക് കരുത്തേകാന്‍, കാലിടറാതിരിക്കാന്‍!
കടപ്പാട്: ബിബിസി
Content Highlights: story of Gamini Singla (AIR 3)- IAS Toppers 2021
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..