എസ്.എസ്.സി: കേന്ദ്ര സര്‍വീസിലേക്കൊരു ഗ്രീന്‍ ചാനല്‍


റീഷ്മ ദാമോദര്‍, വിനീത് നാരായണ്‍

പി.എസ്.സി. പരീക്ഷ നേരിടാനുള്ളതിന്റെ പകുതി പരിശ്രമം മതിയാവും എസ്.എസ്.സിക്കെന്നാണ് വിജയികളുടെ അനുഭവസാക്ഷ്യം. എസ്.എസ്.സി. പരീക്ഷ അടുത്തറിഞ്ഞ് പരിശ്രമിച്ചാല്‍ കേന്ദ്ര സര്‍വീസ് ആര്‍ക്കും സ്വന്തമാക്കാം

കേന്ദ്ര​ സര്‍ക്കാരിന്റെ 'പി.എസ്.സി 'യാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍. ഓരോ വര്‍ഷവും ആയിരങ്ങളാണ് എസ്.എസ്.സി. പരീക്ഷയിലൂടെ കേന്ദ്ര സര്‍വീസിലെത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിനേക്കാള്‍ അവസരമുണ്ട് കേന്ദ്ര സര്‍ക്കാരില്‍.എന്നിട്ടും മലയാളികള്‍ എസ്.എസ്.സി. പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ മടിക്കുകയാണ്. കേരള പി.എസ്.സിയുടെ എല്‍.ഡി.സി. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവരില്‍ നാലിലൊന്നുപോലും കേന്ദ്രസര്‍വീസിലെ സമാന തസ്തികകള്‍ക്ക് അപേക്ഷിക്കുന്നില്ല. എസ്.എസ്.സി. പരീക്ഷയെക്കുറിച്ച് അറിയാത്തതുതന്നെ മുഖ്യ കാരണം. ജയിക്കാന്‍ പ്രയാസമെന്ന തെറ്റായ ധാരണ, ഇംഗ്ലീഷ് പേടി തുടങ്ങിയവയും മലയാളികളുടെ മുഖം തിരിക്കലിനു പിന്നിലുണ്ട്. പി.എസ്.സി. പരീക്ഷ നേരിടാനുള്ളതിന്റെ പകുതി പരിശ്രമം മതിയാവും എസ്.എസ്.സിക്കെന്നാണ് വിജയികളുടെ അനുഭവസാക്ഷ്യം. എസ്.എസ്.സി. പരീക്ഷ അടുത്തറിഞ്ഞ് പരിശ്രമിച്ചാല്‍ കേന്ദ്ര സര്‍വീസ് ആര്‍ക്കും സ്വന്തമാക്കാം.

കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനായി 1975-ല്‍ സ്ഥാപിച്ച റിക്രൂട്ടിങ് സ്ഥാപനമാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.
എസ്.സി. പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ്.

അപേക്ഷ ക്ഷണിക്കല്‍ പരീക്ഷാനടത്തിപ്പ്, മൂല്യനിര്‍ണയം, ഫലപ്രഖ്യാപനം എന്നിവയെല്ലാം നടത്തുന്നത് എസ്.എസ്. സി.യാണ് 2010 വരെ ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്), ഗ്രൂപ്പ് സി (നോണ്‍ ടെക്‌നിക്കല്‍) തസ്തികകളിലേക്കുള്ള പരീക്ഷാ ചുമതല മാത്രമാണ് എസ്.എസ്.സി.ക്ക് ഉണ്ടായിരുന്നത്. നിലവില്‍ ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍, അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ എന്നീ ഗ്രൂപ്പ് ബി (ഗസറ്റഡ്) തസ്തികകളിലേക്കുള്ള ചുമതലയും നിര്‍വഹിക്കുന്നു. എസ്.എസ്.സി. വര്‍ഷംതോറും നടത്താറുള്ള പ്രധാന പൊതുതിരഞ്ഞെടുപ്പ് പരീക്ഷകള്‍ ഇവയാണ്:

1. കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍
2. കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍
3. ജൂനിയര്‍ എന്‍ജിനീയര്‍
4. ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍
5. ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍
6. മള്‍ട്ടി ടാസ്‌കിങ് (നോണ്‍ ടെക്‌നിക്കല്‍) സ്റ്റാഫ്
7. സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി. ആന്‍ഡ് ഡി

ഇവ കൂടാതെ ഒറ്റപ്പെട്ട തസ്തികകളിലെ നിയമനങ്ങള്‍ 'സെലക്ഷന്‍ പോസ്റ്റ്' പരീക്ഷകളിലൂടെ നടത്തും.

മൂല്യനിര്‍ണയം കൂടുതല്‍ സുതാര്യവും ലളിതവുമാക്കാന്‍ 2016 ജൂണ്‍മുതല്‍ എസ്.എസ്.സി. പരീക്ഷകള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ അധിഷ്ഠിത ഒബ്ജെക്ടീവ് പരീക്ഷാഘടനയിലേക്ക് മാറി. എസ്.എസ്.സി.യുടെ 2017-18 വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് രണ്ടുകോടിയിലധികംപേരാണ് ആ വര്‍ഷം വിവിധ പരീക്ഷകള്‍ എഴുതിയത്. 2019-ല്‍ ഇത് രണ്ടര കോടിയിലധികമായിട്ടുണ്ട്.

ഉദ്യോഗാര്‍ഥികളില്‍ 30 ശതമാനംപേര്‍ വനിതകളാണെന്ന് എസ്.എസ്.സി.തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉയര്‍ന്ന ശമ്പള സ്‌കെയിലും കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളുമാണ് എസ്.എസ്.സി. അപേക്ഷകരുടെ എണ്ണം വര്‍ഷംതോറും വര്‍ധിക്കാന്‍ കാരണം. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് പരീക്ഷയാണ് ഏറ്റവും കൂടുതല്‍ പേരെഴുതുന്നത്. പത്താംക്ലാസ് യോഗ്യത നേടിയ 38 ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികളാണ് 2019-ല്‍ ഈ പരീക്ഷയ്ക്ക് അപേക്ഷിച്ചത്.

എസ്.എസ്.സി പരീക്ഷകളിലൂടെ...

കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (CGL)

സിവില്‍ സര്‍വീസ് പരീക്ഷ കഴിഞ്ഞാല്‍ ഇന്ത്യയിലെ ബിരുദധാരികളുടെ പ്രധാന ലക്ഷ്യമാണ് എസ്.എസ്.സി. നടത്തുന്ന കമ്പൈന്‍ഡ് ഗ്രാേജ്വറ്റ് ലെവല്‍ പരീക്ഷ. കേന്ദ്രഗവണ്‍മെന്റ് സര്‍വീസിലെ ഉന്നതസ്ഥാനങ്ങളില്‍ എത്താവുന്ന തസ്തികകളിലേക്കാണ് ഈ പരീക്ഷയിലൂടെ നിയമനം. തുടക്കത്തില്‍തന്നെ മികച്ച ശമ്പളത്തോടെയാവും നിയമനം. വിവിധ വകുപ്പുകളില്‍ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍, സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍, ഇന്‍സ്‌പെക്ടര്‍, ഡിവിഷണല്‍ അക്കൗണ്ടന്റ്, സബ് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലാണ് നിയമനം ലഭിക്കുക.

യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാനയോഗ്യത. എന്നാല്‍ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍/അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികളില്‍ അപേക്ഷിക്കുന്നവര്‍ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്/ കമ്പനി സെക്രട്ടറി/ എം.കോം./എം.ബി.എ. (ഫിനാന്‍സ്)/ മാസ്റ്റേഴസ് ഇന്‍ ബിസിനസ് സ്റ്റഡീസ്/ബിസിനസ് ഇക്കോണമിക്സ് എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ഇതുകൂടാതെ ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള അപേക്ഷകര്‍ പ്ലസ് ടുതലത്തില്‍ കണക്കില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അല്ലെങ്കില്‍ ബിരുദതലത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. ഇന്‍സ്‌പെക്ടര്‍/ സബ്-ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള അപേക്ഷകര്‍ക്ക് മികച്ച ശാരീരികയോഗ്യതയും വേണം. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നവര്‍ക്ക് ശാരീരികയോഗ്യതാപരീക്ഷ ഉണ്ടായിരിക്കും.

പരീക്ഷ ഇങ്ങനെ: പരീക്ഷ മൂന്നുഘട്ടങ്ങളായാണ് (ടയര്‍) നടത്തുക. ടയര്‍-1 പരീക്ഷയില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമേ ടയര്‍-II പരീക്ഷ എഴുതാനാകൂ. ഇവ രണ്ടും ഓണ്‍ലൈന്‍ ഒബ്ജക്ടീവ് പരീക്ഷയാണ്. ടയര്‍-II പാസാകുന്നവര്‍ വിവരാണത്മകരീതിയിലുള്ള ടയര്‍ -III പരീക്ഷയിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടും. ടയര്‍-I, ടയര്‍ - II പരീക്ഷകളില്‍ കിട്ടിയ മാര്‍ക്ക് പരിഗണിച്ചാണ് അന്തിമഫലം പ്രസിദ്ധീകരിക്കുന്നത്. ടയര്‍-I പരീക്ഷയ്ക്ക് ജനറല്‍ ഇന്റലിജന്‍സ്, റീസണിങ്, ജനറല്‍ അവയര്‍നസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് എന്നിവയാണ് സിലബസ്. ടയര്‍-II പരീക്ഷയ്ക്ക് ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ഇവ മാത്രമേ ഉണ്ടാവൂ. സി.ജി.എല്‍. 2018-ല്‍ എട്ടരലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് ഇന്ത്യയിലുടനീളം സജ്ജീകരിച്ച 362 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയത്.

കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ (CHSL)

സി.ജി.എല്‍. കഴിഞ്ഞാല്‍ ഉദ്യോഗാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന പരിക്ഷയാണ് CHSL. അടിസ്ഥാന യോഗ്യത പ്ലസ് ടു ആയതിനാല്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് വര്‍ഷം തോറും അപേക്ഷിക്കുന്നത്. പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്, എല്‍.ഡി. ക്ലാര്‍ക്ക്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികളിലാണ് നിയമനം. 27 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. രണ്ടുഘട്ടങ്ങളിലായി നടത്തുന്ന ഓണ്‍ലൈന്‍ ഒബ്ജക്ടീവ് പരീക്ഷ പാസാകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ടൈപ്പിങ്/സ്‌കില്‍ ടെസ്റ്റ് ഉണ്ടായിരിക്കും.

CHSL 2018ല്‍ 13 ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികളാണ് ഇന്ത്യയിലുടനീളം സജ്ജീകരിച്ച 361 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയത്.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (MTS)

വര്‍ഷംതോറും ആയിരത്തിലധികം ഒഴിവ് രേഖപ്പെടുത്തുന്ന മറ്റൊരു തസ്തികയാണ് മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. രണ്ടുഘട്ട പരീക്ഷയാണ് ഉണ്ടാവുക. ഒന്നാംഘട്ട പരീക്ഷ ഓണ്‍ലൈന്‍ ഒബ്ജക്ടീവ് രീതിയിലാണ്. ഇതില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ വിവരണാത്മകപരീക്ഷയായ ടയര്‍-കക ലേക്ക് തിരഞ്ഞെടുക്കപ്പെടും. രണ്ട് പരീക്ഷകളുടെയും മാര്‍ക്കിന്റെ തുകയാണ് അന്തിമഫലം പ്രസിദ്ധീകരിക്കാന്‍ പരിഗണിക്കുക. ജനറല്‍ ഇന്റലിജന്‍സ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റിയൂഡ്, ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ അവേര്‍നസ് ഉള്‍പ്പെടുന്നതാണ് ടയര്‍-I പരീക്ഷയുടെ സിലബസ്. ടയര്‍-II ഇംഗ്ലീഷ് /പ്രാദേശികഭാഷയില്‍ ഉപന്യാസം/കത്ത് തയ്യാറാക്കല്‍ എന്നിവ ഉള്‍പ്പെടുന്നതാണ്.

എം.ടി.എസ്-2019-ല്‍ 337 പരീക്ഷാകേന്ദ്രങ്ങളിലായി 19 ലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതിയത്.

ജൂനിയര്‍ എന്‍ജിനീയര്‍

ഇന്ത്യയിലെ എന്‍ജിനീയറിങ് ബിരുദ/ഡിപ്ലോമ ക്കാരുടെ സ്വപ്നപരീക്ഷയാണ് SSC ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷ. ഏതെങ്കിലും വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം/ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന പ്രായപരിധി 30 വയസ്സാണ്. തുടക്കത്തില്‍ തന്നെ 40,000 രൂപയിലധികം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. രണ്ടുഘട്ട എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും.

ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് കിട്ടാവുന്ന സര്‍ക്കാര്‍ജോലികളില്‍ ഏറ്റവും മികച്ച ഒന്നാണ് ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍. തുടക്കത്തില്‍ തന്നെ 40,000 രൂപയോളം ശമ്പളം ഉണ്ടാകും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താരതമ്യേന കുറവുള്ള തസ്തികയായതിനാല്‍ മത്സരം മറ്റ് പരീക്ഷകളെപ്പോലെ കടുപ്പമേറിയതാകില്ല. ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, സീനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, ഹിന്ദി പ്രാധ്യാപക് എന്നീ തസ്തികകളിലാണ് നിയമനം. 30 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. ഇംഗ്ലീഷ്/ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം പഠിച്ചവര്‍ക്കാണ് അവസരം. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം പഠിച്ചവര്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. ഹിന്ദി ബിരുദാനന്തര ബിരുദം പഠിച്ചവര്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.

എഴുത്തുപരീക്ഷ, വ്യക്തിത്വപരിശോധന/അഭിമുഖം എന്നിവയിലൂടെയാകും തിരഞ്ഞെടുപ്പ്. ആദ്യഘട്ട പരീക്ഷയില്‍ ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ ഹിന്ദി അടങ്ങുന്നതാണ് സിലബസ്. ഈ പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലുള്ളതാണ്. രണ്ടാംഘട്ട പരീക്ഷയില്‍ തര്‍ജമയും ഉപന്യാസരചനയും ഉള്‍പ്പെടുന്നു. രണ്ടുഘട്ട പരീക്ഷയ്ക്കും 200 മാര്‍ക്ക് വീതമാണ് ഉണ്ടാവുക.

വണ്‍ടൈം രജിസ്ട്രേഷന്‍

വര്‍ഷങ്ങളായി എസ്.എസ്.സി. പിന്തുടര്‍ന്നുവന്ന ഓഫ്‌ലൈന്‍ അപേക്ഷ സ്വീകരിക്കല്‍ കഴിഞ്ഞവര്‍ഷത്തോടെ പൂര്‍ണമായും നിര്‍ത്തലാക്കി. കൂടുതല്‍ സുതാര്യതയ്ക്കും ഉദ്യോഗാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമാണിത്. ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പി.എസ്.സി. മാതൃകയില്‍ എസ്.എസ്.സിയിലും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം. ssc.nic.in എന്ന വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യം ലഭ്യമാണ്.

അപേക്ഷ എങ്ങനെ?

ഒറ്റത്തവണ രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമേ എസ്.എസ്.സി. അപേക്ഷകള്‍ സമര്‍പ്പിക്കാനാവൂ. അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുക. മുകളിലായി Latest Notification, Application History, Modify Registration, Results/Marks എന്നീ ലിങ്കുകള്‍ ദൃശ്യമാകും. 'Latest Notification' ക്ലിക്ക് ചെയ്യുമ്പോള്‍ നിലവില്‍ അപേക്ഷിക്കാനാകുന്ന തസ്തികകള്‍ കാണാനാകും. ഓരോ തസ്തികയും ഓരോ ബോക്സുകളിലാകും നല്കിയിട്ടുണ്ടാവുക. ഈ ബോക്സുകള്‍ക്ക് ചുവടെയുള്ള 'Apply' എന്ന ലിങ്ക് ഉപയോഗിച്ച് പ്രസ്തുത തസ്തികയിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനാകും.

അപേക്ഷാ ഫീസ് ഓണ്‍ ലൈനായും/ഓഫ് ലൈനായും അടയ്ക്കാന്‍ കഴിയും. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് സൗകര്യം മുന്‍കൂട്ടി ക്രമീകരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ മറക്കരുത്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ചലാന്‍ മുഖേനയാണ് ഓഫ്‌ലൈന്‍ അപേക്ഷാഫീസ് അടയ്ക്കേണ്ടത്.

'Application History' എന്ന ലിങ്കിലൂടെ അപേക്ഷാര്‍ഥി മുന്‍പ് അപേക്ഷിച്ച തസ്തികകളുടെ വിവരങ്ങള്‍ അറിയാനാകും. 'ങ്ലഹശള്‍ ഞവഷഹീറിമറഹ്ൃ'എന്ന ലിങ്കിലൂടെ ഉദ്യോഗാര്‍ഥിക്ക് തന്റെ അടിസ്ഥാന വിവരങ്ങളില്‍ ചിലത് പുതുക്കാനുള്ള അവസരമുണ്ടാകും. ഇതുകൂടാതെ Results/Marks എന്ന ലിങ്കിലൂടെ ഉദ്യോഗാര്‍ഥിക്ക് തന്റെ മാര്‍ക്കുകള്‍ കാണാനാകും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഒരു തസ്തികയ്ക്ക് ഏതെങ്കിലും ഒരു റീജണിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ.

ഒരേ തസ്തികയിലേക്ക് രണ്ടോ അതില്‍ കൂടുതലോ റീജണുകളിലേക്ക് അപേക്ഷിച്ചാല്‍ ആ അപേക്ഷകള്‍ റദ്ദാക്കും .അതിനാല്‍ തനിക്ക് അനുയോജ്യമായ റീജണ്‍ തിരഞ്ഞെടുത്ത് അവിടേക്കുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കണം.

റീജണുകള്‍

എസ്.എസ്.സി.ക്ക് ഇന്ത്യയില്‍ പ്രധാനമായും ഏഴ് റീജണല്‍ ഓഫീസുകളുണ്ട്. സെന്‍ട്രല്‍, ഈസ്റ്റേണ്‍, കര്‍ണാടക- കേരള, നോര്‍ത്തേണ്‍, നോര്‍ത്ത്- ഈസ്റ്റേണ്‍, സതേണ്‍, വെസ്റ്റേണ്‍ എന്നീ റീജണല്‍ ഓഫീസുകള്‍ കൂടാതെ മധ്യപ്രദേശ്, നോര്‍ത്ത്- വെസ്റ്റേണ്‍ എന്നിങ്ങനെ രണ്ട് സബ്-റീജണല്‍ ഓഫീസുകള്‍കൂടിയുണ്ട്. കര്‍ണാടക-കേരള റീജണിന്റെ ആസ്ഥാനം ബംഗളൂരുവിലാണ്.

പരീക്ഷാഫീസ്

എസ്.എസ്.സി. പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിന് 100 രൂപയാണ് ഫീസ്. വനിതകള്‍ക്കും എസ്.സി., എസ്.ടി. അംഗപരിമിതര്‍ തുടങ്ങിയ സംവരണ വിഭാഗക്കാര്‍ക്കും ഫീസില്ല.

തിരഞ്ഞെടുപ്പും നിയമനവും

2017-18 വര്‍ഷങ്ങളില്‍നടന്ന പരീക്ഷകളെ സംബന്ധിച്ച നിയമന കണക്കുകളാണ് എസ്.എസ്.സി. നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലുടനീളം നടത്തിയ പൊതുതിരഞ്ഞെടുപ്പ് പരീക്ഷകളില്‍ വിജയിച്ച 43,815 പേര്‍ക്കാണ് നിയമന ശുപാര്‍ശ നല്‍കിയത്. കൂടാതെ സെലക്ഷന്‍ പോസ്റ്റ് പരീക്ഷകളിലൂടെ 1576 പേര്‍ക്കും നിയമനം നല്‍കി. ഇവരില്‍ 5335, 2708, 13405 പേര്‍ യഥാക്രമം എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങളിലുള്ളവരാണ്.

  • സ്‌കില്‍ ടെസ്റ്റ് - പി.എസ്.സി. മാതൃകയില്‍നിന്ന് വളരെ വ്യത്യസ്തമാണ്. എസ്.എസ്.സി.യുടെ സ്‌കില്‍ ടെസ്റ്റ്. പി.എസ്.സി. ഉദ്യോഗാര്‍ഥികള്‍ക്ക് ടൈപ്പിങ്, ഷോര്‍ട്ട്ഹാന്‍ഡ് എന്നിവയില്‍ പ്രാവീണ്യം നേടിയെന്നുള്ള സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷ എഴുതാനാകൂ. എന്നാല്‍, എസ്.എസ്.സി. ഇത്തരം തസ്തികകളിലേക്ക് (എല്‍.ഡി.സി., സ്റ്റെനോഗ്രാഫര്‍) നടത്തുന്ന ടയര്‍-I പരീക്ഷയില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ടൈപ്പിങ്, ഷോര്‍ട്ട്ഹാന്‍ഡ് പരിജ്ഞാനം അളക്കുന്നതിനായി പ്രത്യേകം പരീക്ഷ നടത്തും (ടയര്‍ II). ഇത് വിജയിച്ചാല്‍ മാത്രമേ അന്തിമഫലത്തില്‍ ഇടംനേടാനാകൂ.
  • ഉത്തര സൂചിക - പരീക്ഷ കഴിഞ്ഞ് അടുത്ത ദിവസങ്ങളില്‍ തന്നെ പ്രൊവിഷണല്‍ ഉത്തരസൂചിക ഔദ്യോഗിക വെബ്‌സൈറ്റിലൂടെ എസ്.എസ്.സി. പ്രസിദ്ധീകരിക്കും. ഇത് സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈനായിതന്നെ ഉദ്യോഗാര്‍ഥിക്ക് രേഖപ്പെടുത്താം. ഈ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അതിന്റെ ആധികാരികതയും പരിശോധിച്ച് അന്തിമ ഉത്തരസൂചിക തയ്യാറാക്കുന്നതിന് വിദഗ്ധരുടെ പാനല്‍ എസ്.എസ്.സി. രൂപവത്കരിച്ചിട്ടുണ്ട്.

Content Highlights: Staff Selection Commission: A Green Channel to Central Services

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


migrant workers

1 min

ബംഗാളികളെ പിടിക്കാന്‍ ബംഗാള്‍ സഖാക്കള്‍; രാഷ്ട്രീയപരീക്ഷണവുമായി സിഐടിയു

May 18, 2022

More from this section
Most Commented