''ഒന്നുംപഠിക്കാതെ നീ ഇങ്ങനെ കളിച്ചുനടന്നോ...'' ദിവസം ഒരുതവണയെങ്കിലും രക്ഷിതാക്കളില്‍നിന്നോ അധ്യാപകരില്‍നിന്നോ ഇതുകേള്ക്കാത്ത കുട്ടികളുണ്ടാകില്ല. എന്നാല്‍, ചില കളികള്‍ അവസാനം നമ്മുടെ ജീവിതലക്ഷ്യംതന്നെ മാറ്റിമറിച്ചാലോ. തമാശയ്ക്ക് കംപ്യൂട്ടര്‍ ഗെയിം കളിച്ചും അവധിദിവസങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം ടൈല്‍ ഒട്ടിച്ചും നടന്ന രണ്ടുപേര്‍ അങ്ങനെയാണ് രാജ്യത്തിന്റെ അഭിമാനമായത്. ''ഇത്രയും പ്രതീക്ഷിച്ചില്ല... ഇപ്പോ അതേപ്പറ്റി ആലോചിക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു''. കഴിഞ്ഞവര്‍ഷം റഷ്യയില്‍ നടന്ന വേള്‍ഡ് സ്കില്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത എറണാകുളം വൈറ്റില കാവിലംപിള്ളി നിധിന് പ്രേമിനും മലപ്പുറം കൊണ്ടോട്ടി കുന്നംപള്ളി കെ. മുഹമ്മദ് റാബിത്തിനും ഇപ്പോഴും മത്സരത്തിന്റെ ആവേശം വിട്ടൊഴിഞ്ഞിട്ടില്ല.
3ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്ടില്‍ പങ്കെടുത്ത നിധിനും വാള് ആന്‍ഡ് ഫ്ളോര്‍ ടൈലിങ്ങില് പങ്കെടുത്ത മുഹമ്മദ് റാബിത്തും 'മെഡാലിയന്‍ ഫോര്‍ എക്സലന്‍സ്' സ്വന്തമാക്കിയാണ് തിരിച്ചെത്തിയത്.
നിധിനെ അവസാനം ഇന്ത്യയിലെ മികച്ച ഗെയിം നിര്‍മാണ കമ്പനി കൊത്തിയെടുത്തു. അതും ബിരുദപഠനം പൂര്‍ത്തിയാക്കുംമുമ്പ്. ഐ.ടി.ഐ. യോഗ്യതയുള്ള മുഹമ്മദ് റാബിത്താകട്ടെ കണ്ണൂര്‍ തളിപ്പറമ്പിലെ സ്ഥാപനത്തില്‍ സ്കില്‍ ഡെവലപ്മെന്റ് ട്രെയിനറുമായി.
വേള്‍ഡ് സ്കില്‍ മത്സരത്തിനുമുമ്പ് ഓസ്ട്രേലിയയില്‍ നടന്ന ഗ്ലോബല്‍ സ്കില്‍ മത്സരത്തില്‍ നിധിന് വെള്ളിമെഡലും ബെസ്റ്റ് ഇന്‍ ദി നേഷന്‍ പുരസ്കാരവും ലഭിച്ചു. ഡെന്മാര്ക്കില് നടന്ന സ്കില്‍ പരിശീലനത്തില്‍ മുഹമ്മദ് റാബിത്ത് രണ്ടാംസ്ഥാനവും നേടി.

സംസ്ഥാനത്ത് പ്രതിവര്‍ഷം മുക്കാല്‍ലക്ഷത്തോളം പേരാണ് സാങ്കേതിക തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിച്ചിറങ്ങുന്നത്.അതുകൂടാതെ മികച്ച നൈപുണിശേഷി സ്വയം നേടിയെടുത്തവരും നമുക്കിടയിലുണ്ട്. ഇതിനിടയില്‍ നമുക്ക് കൈയടി കിട്ടണമെങ്കില്‍ മാര്‍ക്ക് ഷീറ്റിലെ ഗ്രേഡ് മാത്രം പോരാ. മികച്ച തൊഴിലറിവുകൂടിവേണം. എങ്കില്‍ നേട്ടങ്ങള്‍ പിന്നാലെവരും. നിധിന് പറയുന്നതുപോലെ, കംപ്യൂട്ടര്‍ ഗെയിമിനെപ്പറ്റി പ്രാഥമിക അറിവ് മാത്രമുണ്ടായിരുന്ന എനിക്കിതാകാമെങ്കില് മനസ്സുവെച്ചാല്‍ നിങ്ങള്‍ക്കുമാകാം.
ഇന്ത്യ സ്കില്‍ കേരള
പൊതുസമൂഹത്തിനും യുവതലമുറയ്ക്കും നൈപുണീവികസനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയാണ് ലക്ഷ്യം. ഏതെങ്കിലും സാങ്കേതികയോഗ്യത നേടിയിട്ടുള്ളവര്ക്കുമാത്രമല്ല സ്വയം നൈപുണ്യം ആര്‍ജിച്ചവര്‍ക്കും പങ്കെടുക്കാം. വിദ്യാഭ്യാസയോഗ്യത മാനദണ്ഡമല്ല. തൊഴില്‍വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സും (കെയ്സ്) വ്യവസായിക പരിശീലനവകുപ്പും (ഐ.ടി.ഡി.) ചേര്‍ന്നാണ് സ്കില്‍ കേരള സംഘടിപ്പിക്കുന്നത്.
മത്സര രീതി
ജില്ലാ മത്സരങ്ങളിലെ ഓരോ നൈപുണിമേഖലയില്നിന്നും ജയിക്കുന്നവരെ മേഖലാതലത്തിലേക്ക് തിരഞ്ഞെടുക്കും. അവിടെനിന്ന് രണ്ടുപേരെ വീതം നൈപുണിമേഖല അടിസ്ഥാനമാക്കി സംസ്ഥാനതലത്തിലേക്കും പരിഗണിക്കും. അവിടെ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് ഒരുലക്ഷംരൂപയാണ് സമ്മാനം. രണ്ടാംസ്ഥാനക്കാരന് 50,000 രൂപയും. ഇവര്‍ക്ക് ദേശീയമേഖലാ തലത്തിലേക്ക് മത്സരിക്കാം. ഫൈനലില്‍ എത്തുന്നവര്‍ക്കെല്ലാം 10,000 രൂപയും ലഭിക്കും. ദേശീയമേഖലാ തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മികച്ച പരിശീലനം സര്‍ക്കാര്‍ ലഭ്യമാക്കും.
മത്സര ഇനങ്ങള്‍
ലോകനൈപുണിമത്സരത്തില് ഉള്‍പ്പെടുത്തിയിട്ടുള്ള 42 ഇനങ്ങളിലെ നൈപുണിശേഷിയാണ് പരിശോധിക്കുന്നത്. ഇത്തവണത്തെ വിവരസാങ്കേതികവിദ്യകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓട്ടോബോഡി റിപ്പയര്‍, ഓട്ടോ മൊബൈല്‍ ടെക്നോളജി, ബേക്കറി, ബ്യൂട്ടി തെറാപ്പി, ബ്രിക് ലേയിങ്, കാബിനറ്റ് നിര്‍മാണം, സി.എന്‍.സി,. ടേണിങ്, സി.എന്‍.സി. മില്ലിങ്, ഇലക്ട്രിക്കല്‍ ഇന്സ്റ്റലേഷന്, ഇലക്ട്രോണിക്സ്, ഫാഷന്‍ ടെക്നോളജി, ഫ്ളോറിസ്ട്രി, ഹെയര്‍ ഡ്രെസിങ്, ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍, ഹോട്ടല്‍ റിസപ്ഷനിസ്റ്റ്, ജൂവലറി, ജോയിനറി, ലാന്‍ഡ് സ്കേപ്പ് ഗാര്‍ഡനിങ്, പെയിന്റിങ് ആന്‍ഡ് ഡെക്കറേറ്റിങ്, പ്ലാസ്റ്റിക് ഡൈ എന്‍ജിനിയറിങ്, പ്ലംബിങ് ആന്‍ഡ് ഹീറ്റിങ്, ?െറഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, റെസ്റ്റോറന്റ് സര്‍വീസ്, വോള്‍ ആന്‍ഡ് ഫ്ളോര്‍ ടൈലിങ്, വാട്ടര്‍ ടെക്നോളജി, വെബ് ടെക്നോളജി, വെല്‍ഡിങ്, 3ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്ട്, ക്ലൗഡ് കംപ്യൂട്ടിങ്, ഐ.ടി. സോഫ്റ്റ്വേര്‍ സൊലൂഷന്‍സ് ഫോര്‍ ബിസിനസ്, കാര്‍ പെയിന്റിങ്, കാര്‍പെന്ററി, ഐ.ടി. നെറ്റ്വര്‍ക്ക് സിസ്റ്റം അഡ്മിനിസ്ട്രേഷന്, കണ്‍ഫക്ഷണറി ആന്‍ഡ് പാറ്റിസെറീസ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ എയ്ഡ് ഡിസൈന്‍, മൊബൈല്‍ റോബോട്ടിക്സ്, ഗ്രാഫിക് ഡിസൈന്‍ ടെക്നോളജി, ഐ.ടി. നെറ്റ് വര്‍ക്ക് കേബിളിങ്, പ്രിന്റ് മീഡിയ ടെക്നോളജി, കുക്കിങ്, പ്ലാസ്റ്റിങ് ആന്‍ഡ് ഡ്രൈവോള്‍ സിസ്റ്റം.
രജിസ്ട്രേഷന്
ക്ലൗഡ് കംപ്യൂട്ടിങ്, സൈബര്‍ ടെക്നോളജി, ഐ.ടി. നെറ്റ് വര്‍ക്ക് കേബിളിങ്, വാട്ടര്‍ ടെക്നോളജി എന്നിവയ്ക്ക് 1996 ജനുവരി ഒന്നോ അതിനുശേഷമോ ജനിച്ചവര്‍ക്കും മറ്റ് 38 സ്കില്ലുകളില്‍ 1999 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവര്‍ക്കും പങ്കെടുക്കാം. പ്രാഥമികതലമായ ജില്ലാ മത്സരങ്ങള്‍ ഡിസംബര്‍ 14 മുതല്‍ 19 വരെ അതത് ജില്ലകളിലും മേഖലാ മത്സരങ്ങള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ജനുവരി 10 മുതല്‍ 15 വരെയും നടക്കും.
സംസ്ഥാനമത്സരങ്ങള്ക്ക് ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോട് സ്വപ്നനഗരി വേദിയാകും. പങ്കെടുക്കാന്‍ www.indiaskillskerala.com വഴി ഡിസംബര്‍ നാലുവരെ രജിസ്റ്റര്‍ചെയ്യാം. മാതൃകാ ചോദ്യപ്പേപ്പറും മറ്റ് വിവരങ്ങളും ഇതില്‍ ലഭിക്കും.
വിവരങ്ങള്‍ക്ക്: 0471 2735949, info@indiaskillskerala.com
വേള്‍ഡ് സ്കില്‍സ്
യുവജനങ്ങളുടെ നൈപുണിശേഷി വളര്‍ത്താനും നൈപുണി വികസനത്തിലൂടെ ലോകത്തെ ശക്തിപ്പെടുത്താനും പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് വേള്‍ഡ് സ്കില്‍സ്. നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്നു.
നൈപുണിശേഷി വികസനം
കേരളത്തിലെ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും നൈപുണിശേഷി വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സ്കില്‍ കേരള മത്സരങ്ങളുടെ ലക്ഷ്യം. തൊഴില്‍ നൈപുണിമേഖലകളില് കേരളത്തിന്റെ അഭിമാനതാരമാകാനുള്ള അവസരം കൂടിയാണിത്.
-ടി.പി. രാമകൃഷ്ണന് (തൊഴില്‍വകുപ്പു മന്ത്രി)
Content Highlights: Skill India Challenge to Find Your Dream career