Steve Jobs | Photo: Gettyimages
' നിങ്ങള്‍ കാരണം നിങ്ങളുടെ ചുറ്റുമുള്ളവര്‍ സന്തോഷിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ മാതാപിതാക്കള്‍ ഒരു രാത്രിയെങ്കിലും മനസമാധാനത്തോടെ കിടന്നുറങ്ങുന്നുണ്ടെങ്കില്‍, അതിന് കാരണം നിങ്ങളാണെങ്കില്‍ അതാണ് അച്ചീവ്മെന്റ്... ഒരാള്‍ ജീവിതത്തില്‍ വിജയിച്ചു എന്ന് പറയുന്നത് അയാളുടെ ജീവിതം മറ്റുള്ളവര്‍ക്ക് ഉപകാരപ്പെട്ടോന്ന് നോക്കിയിട്ടാ....അങ്ങനെ നോക്കുമ്പോ ഒരു വലിയ ജീവിതവിജയം നേടിയ ആളല്ലേ ഞാന്‍...എ ഫുള്‍ സക്‌സസ്ഫുള്‍ മാന്‍'
ഇരുപതാണ്ടിനുമേല്‍ പ്രവാസജീവിതം നയിച്ചിട്ടും 'ഒന്നുമുണ്ടാക്കാന്‍' കഴിഞ്ഞില്ലെന്ന് കുടുംബവും വീട്ടുകാരും ഒരുപോലെ കുറ്റപ്പെടുത്തിയ, എല്ലാം കൊണ്ടും തോറ്റയാളെന്ന് സിനിമയുടെ അവസാനം വരെ കാഴ്ചക്കാരനെ തോന്നിപ്പിച്ച പത്തേമാരിയിലെ നാരായണന്‍ (മമ്മൂട്ടി) അയാളുടെ ജീവിതത്തെ ക്ലൈമാക്‌സില്‍ ഇങ്ങനെ ഡിഫൈന്‍ ചെയ്തപ്പോള്‍ തിയേറ്ററില്‍ ഉയര്‍ന്ന കൈയടിയുണ്ട്. അന്നുമുതല്‍ സ്വയം ചോദിക്കുന്ന ഒരു ചോദ്യവുമുണ്ട്. ആരാണ് യഥാര്‍ത്ഥ വിജയി? പഠനം കഴിഞ്ഞ് നല്ലൊരു ജോലിയില്‍ കയറി, ആറക്ക ശമ്പളം വാങ്ങി, വീടും കാറും വാങ്ങുന്നവനാണോ? കൈ നിറയെ പണമുള്ളയാളാണോ? അതോ നിറയെ സൗഹൃദങ്ങളും സ്‌നേഹസമ്പൂര്‍ണമായ കുടുംബവുമുള്ളയാളാണോ? ഇനി ഇതെല്ലാം ചേര്‍ന്നതാണോ?
വിജയിയെന്ന് മറ്റുള്ളവരോ ഇനി അയാള്‍ തന്നെയോ വിലയിരുത്തുന്ന വ്യക്തികള്‍ക്ക് ചില പൊതുഗുണങ്ങളുണ്ട്. അറിഞ്ഞോ അറിയാതെയോ വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയ ചില ഗുണങ്ങള്‍. സ്വപ്നതുല്യമായ നേട്ടങ്ങളും സാക്ഷാത്കാരങ്ങളും അവരെത്തേടിയെത്തിയതില്‍ ആ ഗുണങ്ങള്‍ക്ക് ഏറെ പങ്കുമുണ്ട്. ഏറിയും കുറഞ്ഞും അവയില്‍ ചിലത് നമ്മളിലുമുണ്ടാകാം.
പ്രശ്‌നങ്ങളുണ്ടോ....വരട്ടെന്നേയ്! ബി പോസിറ്റീവ്
പ്രതിസന്ധികളും പ്രശ്‌നങ്ങളും വരുമ്പോള്‍ എനിക്ക് മാത്രമെന്താ ഇങ്ങനെയെന്ന് ചിന്തിക്കുന്നവരാണ് പലരും. അതിനുപകരം ഇതും കടന്നുപോകുമെന്ന് ചിന്തിക്കാന്‍ കഴിഞ്ഞാലോ? വിഷയങ്ങള്‍ കൈകാര്യം ചെയ്യാനോ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനോ നമുക്ക് സാധിച്ചെന്ന് വരില്ല. പക്ഷേ ആ പ്രശ്‌നത്തെ നേരിടാനും ഇപ്പോള്‍ ദാ ഇത്രയല്ലേ സംഭവിച്ചുള്ളൂ എന്നോര്‍ത്ത് നല്ല നാളെ പ്രതീക്ഷിക്കാനും കെല്‍പുണ്ടെങ്കില്‍ ഒന്നും പേടിക്കണ്ട, മുന്നോട്ട് പോകാം. എല്ലാം നല്ലതിനെന്ന് ചിന്തിച്ചാല്‍ മതി തകരില്ല. തളരില്ല.
'സെല്‍ഫ് കോണ്‍ഫിഡന്‍സി'നോളം വരില്ല ഒന്നും
പത്ത് പൈസ കൈയില്‍ ഇല്ലാതിരുന്നോട്ടെ, സഹായിക്കാന്‍ ഒരാളും കൂടെയില്ലാതിരുന്നോട്ടെ, ജോലി ഇല്ലായ്മയോ സമ്മര്‍ദമോ ഉണ്ടായിക്കോട്ടെ.., പൊരുതുമെന്നുറപ്പിച്ചാല്‍, നേടുമെന്ന് അടിയുറച്ച് വിശ്വസിച്ചാല്‍, അതിനായി പരിശ്രമിച്ചാല്‍ അന്തിമവിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. ഇല്ലാത്ത സൗഭാഗ്യങ്ങളോര്‍ത്ത് ദു:ഖിക്കുകയോ, പരിമിതികളോര്‍ത്ത് ചടഞ്ഞിരിക്കുകയോ അല്ല, അവ മുന്നേറാനുള്ള ഊര്‍ജമായി കണക്കാക്കുകയാണ് വേണ്ടത്. പ്രതിസന്ധികളില്ലാത്ത മനുഷ്യനോ ദു:ഖങ്ങളില്ലാത്ത ജീവിതമോ ഉണ്ടായിരിക്കില്ല. അവ കൈകാര്യം ചെയ്യപ്പെടുന്ന രീതി അനുസരിച്ചാണ് തോത് വ്യത്യാസപ്പെട്ടിരിക്കുന്നത്. തനിക്ക് കഴിയുമെന്ന വിശ്വാസം അവനവനിലാണ് ആദ്യം ഉണ്ടായിരിക്കേണ്ടത്.
ദാരിദ്ര്യവും പ്രശ്‌നങ്ങളും മാത്രം കൂട്ടിനുണ്ടായിരുന്നിടത്ത് നിന്നാണ് 23-ാമത്തെ വയസില്‍ അന്‍സാര്‍ അഹമ്മദ് ഷെയ്ക് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസ് ഉദ്യോഗസ്ഥനാകുന്നത്. ഈ നേട്ടം എങ്ങനെ കൈയെത്തിപ്പിടിച്ചുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'നിങ്ങള്‍ മത്സരിക്കേണ്ടത് നിങ്ങളോടാണ്' എന്നായിരുന്നു അന്‍സാറിന്റെ മറുപടി. അതെ, ലക്ഷക്കണക്കിന് പേര്‍ പരീക്ഷ എഴുതുന്ന ഏറ്റവും സങ്കീര്‍ണമായ പരീക്ഷകളൊന്നില്‍ ഞാനെങ്ങനെ കൃത്യമായ പരിശീലനമില്ലാതെ പങ്കെടുക്കുമെന്ന് ഒരു വേള ആ യുവാവ് ചിന്തിച്ചിരുന്നെങ്കിലോ.....അവനവനില്‍ വിശ്വാസമര്‍പ്പിക്കുക. ബാക്കിയെല്ലാം പിന്നാലെ നടക്കും.
നിങ്ങള്‍ നിങ്ങളായിരിക്കുക..
അവനവനോട് നീതി പുലര്‍ത്താത്തവര്‍ ജീവിതത്തില്‍ സംതൃപ്തരായിരിക്കില്ല. നിങ്ങള്‍ നിങ്ങളായിരിക്കുക. ആത്മാഭിമാനവും വ്യക്തിത്വവും ഉള്ളവരായിരിക്കുക. വിജയത്തിലേക്ക് കൃത്യമായി വഴികളില്ല. അവനവന്‍ നടക്കുന്നതാണ് വഴി. മറ്റുള്ളവരെ ഉള്‍ക്കൊള്ളാം, പിന്തുടരേണ്ടതില്ല. വ്യത്യസ്തരായിരിക്കുന്നതില്‍ സങ്കടപ്പെടേണ്ടതില്ല. തിരസ്‌കരണത്തെ ഭയക്കേണ്ടതുമില്ല. സക്‌സസ്ഫുള്‍ പീപ്പിള്‍ എന്ന് നാം വിളിക്കുന്ന പലരും ആദ്യഘട്ടത്തില്‍ തിരസ്‌കരണത്തിന്റെ കയ്പറിഞ്ഞ് വന്നവര്‍ തന്നെയാണ്. മികച്ച കണ്ടുപിടിത്തങ്ങളായി ലോകം വാഴ്ത്തുന്ന പലതും ഇന്നലെകളില്‍ നിരാകരിക്കപ്പെട്ട ആശയങ്ങളാണ്.
ആഗ്രഹങ്ങളല്ല, പാഷനുണ്ടാകണം
'The only way to do great work is to love what you do'- പാഷനെക്കുറിച്ച്, ജോലിയുടെ ആസ്വാദനത്തെക്കുറിച്ച് ഒരിക്കല്‍ ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് പറഞ്ഞ വാക്കുകളാണിത്. ജീവിതത്തില്‍ എന്തെങ്കിലുമൊന്നിനോട് അടങ്ങാത്ത പാഷനുണ്ടായിരിക്കുക. ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുതിച്ചുയരാനുതകുന്ന ഇന്ധനമാണത്. ഒരു കാര്യം ഇഷ്ടത്തോടെ, ആസ്വദിച്ച് ചെയ്യുമ്പോള്‍ അതിനി എത്ര പ്രയാസമേറിയതാണെങ്കിലും നമ്മളത് ചെയ്ത് തീര്‍ക്കും. കുടുംബമായാലും കരിയറായാലും ഇഷ്ടത്തോടെയാണെങ്കില്‍ ചെലവഴിക്കുന്ന സമയത്തിനോ അധ്വാനത്തിനോ നാം കണക്കു വെയ്ക്കില്ല. പണത്തേക്കാള്‍ ഇഷ്ടങ്ങള്‍ക്കും താത്പര്യത്തിനും മുന്‍ഗണന നല്‍കി നോക്കൂ. ജീവിതത്തില്‍ മാറ്റങ്ങള്‍ അനുഭവിച്ചറിയാം
ആഗ്രഹം മാത്രം പോര, അധ്വാനിക്കണം
ഹാര്‍ഡ് വര്‍ക്കോ സ്മാര്‍ട്ട് വര്‍ക്കോ...അത് നിങ്ങളുടെ ചോയ്സാണ്. രണ്ടായാലും പണിയെടുക്കണമെന്നതാണ് പ്രധാനപ്പെട്ട കാര്യം. എല്ലാവരും എല്ലാം തികഞ്ഞവരായിക്കൊള്ളണമെന്നില്ല. പക്ഷേ, നിരന്തര പരിശ്രമം നിങ്ങളെ വളര്‍ത്തും. ലക്ഷ്യപ്രാപ്തിക്കായി ഓരോ ദിവസവും ഒരു ചുവടെങ്കിലും വെയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ വിജയം സുനിശ്ചിതം. ലക്ഷ്യത്തിനായി അധ്വാനിക്കുന്നവനേ വിജയമാഗ്രഹിക്കാവൂ
'The dictionary is the only place where success comes before work.' - Mark Twain- ഡിക്ഷണറിയിലല്ലാതെ ഒരിടത്തും പണിയെടുക്കുന്നതിന് മുന്നേ വിജയത്തെ കാണില്ല.
നാളേക്ക് വെയ്‌ക്കേണ്ട....ഇന്ന് തന്നെ തീര്‍ത്തോളൂ
നമുക്ക് കിട്ടുന്ന ഓരോ മിനിറ്റും ജീവിതം നല്‍കുന്ന ബോണസാണ്. ഓരോ ദിവസവും അവസാനദിവസമായി കണക്കാക്കുക. ഇന്നു തന്നെ ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നു തന്നെ ചെയ്യുക. സമയമില്ലെന്ന് പരാതി പറയുന്നവര്‍ ആദ്യം ചെയ്യേണ്ടത് അവരുടെ സമയം എങ്ങനെ വിനിയോഗിക്കുന്നു എന്ന വിലയിരുത്തലാണ്. സമയം ഉണ്ടാവലല്ല, ഉണ്ടാക്കലാണ്
കാല്‍ കരേസോ ആജ് കര്‍, ആജ് കരേസോ അബ്
പല്‍ മേം പരലയ് ഹോയെഗീ, ബഹുരി കരേഗാ കബ്- കബീര്‍ദാസ് (നാളെ ചെയ്യേണ്ടത് ഇന്ന് ചെയ്യുക, ഇന്ന് ചെയ്യേണ്ടത് ഇപ്പോള്‍ ചെയ്യുക. നാളെ നാമില്ലാതായാല്‍ പിന്നെ എപ്പോഴാണ് ചെയ്യുക?)
ഓര്‍ഡിനറിയല്ല....എക്‌സ്ട്രാ ഓര്‍ഡിനറിയാകാം
സ്വപ്നങ്ങളും അത് സാക്ഷാത്കരിക്കാനുള്ള മനസും നേടിയെടുക്കണമെന്ന പാഷനുമില്ലാതെ ആരും എവിടെയും വിജയിച്ചിട്ടില്ല. കുടുംബത്തിലെ പട്ടിണി മാറ്റാന്‍ ഇറങ്ങിത്തിരിച്ചവന് മുന്നിലുള്ളതൊന്നും പ്രതിബദ്ധങ്ങളായിരിക്കില്ലല്ലോ. അതുപോലെയാണ് ഓരോ കാര്യങ്ങളും. കരിയറില്‍ നിങ്ങള്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ടെങ്കില്‍ കൃത്യമായ മാര്‍ഗവുമുണ്ടായിരിക്കും. ആരും ചിന്തിക്കാത്തത് ചിന്തിക്കാനും അത് നടപ്പിലാക്കാനും നിങ്ങള്‍ക്ക് സാധിക്കും. വ്യവസ്ഥാപിത ചട്ടക്കൂടുകള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ ആ ലക്ഷ്യം നിങ്ങള്‍ക്ക് കരുത്തേകും. എനിക്കിതൊക്കെ മതി, ഇതാണെന്റെ വിധി എന്നൊക്കെ പരിതപിക്കുന്നവര്‍ക്ക് മുന്നേറാനുള്ള മനസില്ലെന്ന് വേണം കരുതാന്‍. വ്യക്തിജീവിതമായിക്കൊള്ളട്ടെ, പ്രഫഷണല്‍ ജീവിതമായിക്കൊള്ളട്ടെ ഒരു സാധാരണക്കാരനാകുമ്പോഴല്ല, അസാധാരണക്കാരനാവുമ്പോഴാണ് വിജയം നിങ്ങളെത്തേടിയെത്തുക.
റിസ്‌ക് എടുക്കാന്‍ മനസുണ്ടോ ?
അവസരങ്ങള്‍ ആരേയും തേടിവരാറില്ല, അത് കണ്ടെത്തുന്നവരാണ് എന്നും മുന്നേറിയിട്ടുള്ളത്. റിസ്‌ക് എടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് വിജയം കൈയെത്തിപ്പിടിക്കാം. കംഫര്‍ട്ട് സോണുകളില്‍ നിന്ന് പുറത്തുവരുമ്പോള്‍ മാത്രമാണ് വിജയത്തിന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറക്കപ്പെടുക. നാളെ എന്തായിരിക്കുമെന്ന ഭയം എല്ലാവര്‍ക്കുള്ളിലുമുണ്ട്. അതോര്‍ത്ത് മുന്നിലെത്തുന്ന അവസരങ്ങളെ തട്ടിക്കളയാതിരിക്കാം. അവസരങ്ങള്‍ വിനിയോഗിക്കുന്നവര്‍ക്കേ വിജയസാധ്യതയുള്ളൂവെന്ന് മറക്കാതിരിക്കാം. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതോര്‍മ്മയില്ലേ,
'Take Risks in Your Life If you Win, U Can Lead! If u Lose, you Can Guide!'
സമ്മര്‍ദമേറുമ്പോള്‍ ബ്രേക്കെടുക്കാം
തിരക്കുകളും പ്രതിസന്ധികളുമേറുമ്പോള്‍ സമ്മര്‍ദത്തിലാവുക സ്വാഭാവികമാണ്. യാത്രകളോ, വീട്ടില്‍ സ്വസ്ഥമായിരിക്കുകയോ, വായിക്കുകയോ....നിങ്ങളെ റീച്ചാര്‍ജ് ചെയ്യാന്‍ ഉതകുന്നതെന്തോ ആ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. സമ്മര്‍ദങ്ങളും എടുക്കുന്ന ബ്രേക്കും തിരികെ വരാവുന്ന തരത്തില്‍ താത്കാലികമായിരിക്കണം. ബ്രേക്കുകള്‍ ഫുള്‍സ്റ്റോപ്പുകളാവരുത്. ആത്മവിശ്വാസമുണ്ടെങ്കില്‍ തിരിച്ചുവരവ് നിങ്ങളെ വളര്‍ത്തും.
ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാം
ഓരോ മനുഷ്യന്റെ വളര്‍ച്ചയിലും നിര്‍ണായകമായ സംഗതിയാണ് ആരോഗ്യപരമായ വ്യക്തിബന്ധങ്ങള്‍. മറ്റുള്ളവരെ മനസിലാക്കാനും അവരെ അറിയാനും സാധിക്കുന്നതിനൊപ്പം അവനവനെ അറിയാനും നല്ല ബന്ധങ്ങള്‍ സഹായിക്കും. കുടുംബബന്ധങ്ങള്‍, ഹൃദ്യമായ സൗഹൃദങ്ങള്‍, മനോഹര പ്രണയങ്ങള്‍....ബന്ധമെന്തുമായിക്കൊള്ളട്ടെ, അത് നന്നായി കാത്തുസൂക്ഷിക്കാനുള്ള കഴിവാണ് പ്രധാനം. നിങ്ങളുടെ പ്രവൃത്തികള്‍ മറ്റുള്ളവരെ വേദനിപ്പിച്ചെങ്കില്‍ മാപ്പുപറയാന്‍, നല്ല കാര്യങ്ങള്‍ കണ്ടാല്‍ അഭിനന്ദിക്കാന്‍, തെറ്റുകള്‍ കണ്ടാല്‍ മാന്യമായി വിമര്‍ശിക്കാന്‍, അതിവൈകാരികതയെ കൈപ്പിടിയിലൊതുക്കാന്‍ നാം പ്രാപ്തരാവുമ്പോള്‍ മാത്രമാണ് ആരോഗ്യകരമായ വ്യക്തിബന്ധങ്ങള്‍ ഉടലെടുക്കുക. തെറ്റിദ്ധാരണകളുണ്ടായാല്‍ അത് പരിഹരിച്ച് ബന്ധങ്ങള്‍ നിലനിര്‍ത്തുമ്പോഴാണ് ഒരാള്‍ 'Strong' ആവുന്നത്.
വേണം അടുക്കും ചിട്ടയും
വസ്തുക്കള്‍ അടുക്കിവെയ്ക്കുന്നതില്‍ മാത്രമല്ല ജീവിതത്തിലും അല്‍പം 'ഓര്‍ഗനൈസ്ഡ്' ആകാം. ചെയ്യുന്നതെന്തുമാകട്ടെ, അതിനൊരു ശരിയായ പാറ്റേണ്‍ ഉണ്ടാക്കാം. ജോലിയായാലും ജീവിതമായാലും തട്ടിത്തടയാതെ ഒഴുകാന്‍ കഴിയുമെങ്കില്‍ അതല്ലേ നല്ലത്. കൃത്യതയും അച്ചടക്കം പാലിക്കലും ശീലമാക്കാം. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളും ചെയ്ത് തീര്‍ക്കേണ്ട കടമകളും കുറിച്ച് വെയ്ക്കുകയോ മറക്കാതെ ഓര്‍ത്തെടുക്കാനോ പ്രത്യേകം ശ്രദ്ധിക്കാം
പ്രയത്‌നിക്കുക നിരന്തരം
ഒറ്റ രാത്രി കൊണ്ട് ജീവിതത്തില്‍ ആരും ഒന്നുമായിട്ടില്ല. വിജയം നൈമിഷികമല്ല. കാലങ്ങളോളം നീണ്ട അധ്വാനവും കാത്തിരിപ്പും അതിന് പിന്നിലുണ്ട്. പരാജയങ്ങളില്‍ പതറാതെ നടന്നവന്റെ കണ്ണീരുണ്ട്. ഒരു വിജയമോ സന്തോഷമോ നിങ്ങളെത്തേടിയെത്തിയാല്‍ അവസാനിക്കുന്ന യാത്രയല്ലത്. വിജയത്തില്‍ മതിമറക്കാതെയും പരാജയത്തില്‍ തളരാതെയും മുന്നോട്ട് കുതിക്കുക. കാരണം ഒരു പ്രവൃത്തിയോ ഒരു സംഭവമോ കണക്കിലെടുത്തല്ല ഒരാളും വിജയിച്ചവനാകുന്നത്. കാലങ്ങളുടെ പ്രയത്‌നമാണത്. ആ യാത്രയില്‍ സ്ഥിരതയുണ്ടാവുക, ഇടയ്ക്ക് വെച്ച് നിര്‍ത്തിപ്പോകാതിരിക്കുക. അതാണ് നിങ്ങള്‍ക്ക് നിങ്ങളോടുണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഉത്തരവാദിത്തം.
'All our dreams can come true if we have the courage to pursue them.'(സ്വപ്‌നങ്ങള്‍ പിന്തുടരാനുള്ള ധൈര്യമുണ്ടെങ്കില്‍ അവ യാഥാര്‍ത്ഥ്യമാക്കപ്പെടും) - വാള്‍ട്ട് ഡിസ്‌നി
Content Highlights: How to Be Successful, simple ways to be successful in life, How define success?
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..