ഉയരക്കുറവില്‍ മിസ്സായ പോലീസ് ജോലി; മധുരപ്രതികാരമായി സനലിന്റെ 'ഡബിള്‍' ഒന്നാം റാങ്ക് | LDC | LGS


അഖില സെല്‍വംപവർ ലിഫ്റ്റിങ് ദേശീയ താരം, രണ്ട് തവണ സ്വർണമെഡൽ. ജിം ട്രെയിനറായി ജോലിക്ക് കയറിയ സനൽ ഇന്ന് ഇരട്ട റാങ്കിന്റെ തിളക്കത്തിലാണ്. തൃശൂർ ജില്ല എൽ.ഡി.സി, എൽ.ജി.എസ് പട്ടികയിൽ ഒന്നാം റാങ്ക് നേടിയ സനൽ സദാനന്ദന്റെ കഥ

success stories

PSC ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, എൽ.ഡി ക്ലാർക്ക് പരീക്ഷകളിൽ തൃശൂർ ജില്ലയിൽ ഒന്നാം റാങ്ക് നേടിയ സനൽ സദാനന്ദൻ

ഡബിള്‍ ഒന്നാം റാങ്ക് പൊക്കിയ സന്തോഷത്തിലാണ് പവര്‍ ലിഫ്റ്റിങ് താരം സനല്‍ സദാനന്ദൻ. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റിനും(LGS) എല്‍.ഡി. ക്ലാര്‍ക്കിനും ഒരേ ജില്ലയില്‍ ഒന്നാം റാങ്ക് നേടുകയെന്നത് വളരെ അപൂര്‍വ്വമായി നടക്കുന്ന പ്രതിഭാസമാണ്. ഒന്നാമനാണെന്നറിഞ്ഞ് സുഹൃത്തുക്കളും സഹപാഠികളുമൊക്കെ വിളിച്ച് അഭിനന്ദിച്ചപ്പോള്‍ അവര്‍ പോലും കരുതിക്കാണില്ല രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ച് അഭിനന്ദിക്കേണ്ടി വരുമെന്ന്. പക്ഷേ, ഇരട്ടറാങ്കെന്ന നേട്ടത്തിലേക്ക് ഒരു സുപ്രഭാതത്തിൽ നടന്നു കയറിയതല്ല സനൽ. അതിന്പിന്നില്‍ പറയാന്‍ ചില കഥകളുണ്ട്.

സെറ്റിലാകുന്നില്ലേ എന്ന ചോദ്യങ്ങള്‍..

'ഇത്തരം ചോദ്യങ്ങള്‍ നിരന്തരം കേള്‍ക്കേണ്ടി വന്നതുകൊണ്ട് തന്നെയാണ് 25 -ാമത്തെ വയസ്സില്‍ ജിം ട്രെയിനറായി ജോലിക്ക് കയറിയത്. ആദ്യം തൃശ്ശൂര്‍ ആസ്ഥാനമാക്കിയുള്ള ഇന്‍ര്‍നാഷണല്‍ ജിമ്മില്‍ ജോലി ചെയ്തു. പിന്നീട് അമൃതയില്‍ ജോയിന്‍ ചെയ്തു. 2018 ല്‍ -പിഎസ്സിക്ക് പഠിക്കാന്‍ ആരംഭിച്ചു. കൊല്ലം കരുനാഗപ്പള്ളിയില്‍ പാര്‍ട്ട് ടൈമായി ഒരു കോച്ചിങ് സെന്ററില്‍ പോയിരുന്നെങ്കിലും പഠനം അത്ര ട്രാക്കിലായിരുന്നില്ല. ക്ലാസ്സിലെ എല്ലാവരും നന്നായി പഠിക്കുന്നവരായിരുന്നു. എനിക്കൊക്കെ കുറവ് മാര്‍ക്കും കിട്ടിയിരുന്നു. പിന്നീട് അവര്‍ക്കൊക്കെ കിട്ടുന്ന മാര്‍ക്ക് കണ്ട് അവരെക്കാളൊക്കെ മാര്‍ക്ക് ലഭിക്കണമെന്ന വാശിയില്‍ പഠിക്കുമായിരുന്നു. വിട്ടുകൊടുക്കാന്‍ ഒരു തരത്തിലും തീരുമാനിച്ചില്ല. വാശിയോടെ പഠിച്ചു. അതുകൊണ്ട് തന്നെ ലിസ്റ്റില്‍ പേരു വരുമെന്ന് എനിക്ക് ആത്മവിശ്വാസം വന്നു.'

റാങ്കിലേക്കുള്ള തയ്യാറെടുപ്പുകള്‍

കോവിഡ് കാലത്താണ് സനൽ പഠനത്തെ സീരിയസായി സമീപിക്കാൻ ആരംഭിച്ചത്. കോവിഡ് കാലത്ത് സെന്ററില്‍ ചെന്നു പഠിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടക്കുന്നുണ്ടായിരുന്നു. ഓണ്‍ലൈനായി എക്‌സാമുകളും സംഘടിപ്പിച്ചിരുന്നു. അയ്യന്തോൾ ദേശം പുലിക്കളസംഘത്തില്‍ കൂട്ടായി പഠനം നടത്തി. പോലീസ് ഡ്രൈവറുടെ എക്‌സാമിന് ശ്രമിച്ചിരുന്നു. പക്ഷേ ഉയരമില്ലാത്തതിനാല്‍ അത് മിസ്സായി. എന്നിരുന്നാലും ചേട്ടന് ലഭിക്കാത്തയിടത്ത് അനിയന്‍ നേടിയെന്നതും രസകരമാണ്.സഹോദരന് അമല്‍ പോലീസ് കോണ്‍സ്റ്റബിളായി കയറി.

Also Read
success stories

ബി.ടെക്ക്, രണ്ട് സപ്ലി, കാറ്ററിങ് ജോലി ...

success stories

മകന് പഠിക്കാൻ അമ്മ കൂട്ടിരുന്നു: PSC പരീക്ഷയിൽ ...

success stories

ബ്രെയിൻ ട്യൂമർ പോലും സംശയിച്ച നാളുകൾ; ഒടുവിൽ ...

success stories

'പരിമിതികൾ ആലോചിച്ചാൽ ഒന്നും നടക്കില്ല', ...

വിജയത്തിലേക്കുള്ള പഠന രീതികള്‍

പഠനത്തിനായി നിശ്ചിത സമയം മാറ്റി വെക്കുന്നതിന് പകരം കിട്ടുന്ന സമയം നന്നായി വിനിയോഗിക്കുക എന്നതായിരുന്നു സനലിന്റെ പോളിസി. അതിരാവിലെ കുറച്ചൊക്കെ വായിക്കും. ബാക്കി പഠിക്കേണ്ട ഭാഗങ്ങള്‍ ഫോണില്‍ ഫോട്ടോ എടുത്ത് കരുതിയിട്ടുണ്ടാകും. ജോലിക്കിടയിൽ അതെടുത്ത് വായിക്കും. കോച്ചിങ് സെന്ററില്‍ നിന്നും രാത്രി 12 മണിയാകുമ്പോള്‍ ഒരു ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ അല്ലെങ്കില്‍ കവര്‍ ചെയ്യേണ്ട ടോപ്പിക്ക് എന്നിങ്ങനെ ഒരു ലിസ്റ്റ് വരും. പലപ്പോഴും 200 പേജൊക്കെ ഉണ്ടായിരിക്കും. അതൊക്കെ വായിച്ച് പഠിക്കണം. എന്നിട്ട് ചേദ്യങ്ങള്‍ തയ്യാറാക്കി ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യണം. ഒരാള്‍ ഇട്ട ചോദ്യം ആവര്‍ത്തിക്കാതിരിക്കാന്‍ ഗ്രൂപ്പംഗങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അക്കാര്യങ്ങളിൽ സനൽ വീഴ്ച വരുത്തിയതേ ഇല്ല. കണക്ക്, ഇംഗ്ലീഷ് പോലുള്ള വിഷയങ്ങള്‍ നന്നായി കവര്‍ ചെയ്യാന്‍ ശ്രമിച്ചു. കറണ്ട് അഫയേഴ്സ് അന്നന്നത്തെ പഠിച്ചു പോവുകയായിരുന്നു സനൽ ചെയ്തത്. പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു സനലിന്.

ലാസ്റ്റ് ഗ്രേഡ് സെര്‍വന്റിനും എല്‍ഡി ക്ലര്‍ക്കിനും ഒരേ ജില്ലയില്‍ നിന്ന് ഒന്നാം റാങ്ക്

'എക്‌സാം നല്ല രീതിയില്‍ അറ്റന്‍ഡ് ചെയ്യാൻ കഴിഞ്ഞു. ഗ്രേസ് മാർക്കും ഉളളതു കൊണ്ട് റാങ്ക് ഉറപ്പിച്ചിരുന്നു. പവർ ലിഫ്റ്റിങ് ആയിരുന്നു എന്റെയിനം. ദേശീയതലത്തില്‍ 2011- ലും 2013- ലും മെഡലൊക്കെ ലഭിച്ചിരുന്നു. മാര്‍ക്ക് ലിസ്റ്റ് വരാത്തതു കൊണ്ട് രണ്ടും എത്ര ശതമാനമാണെന്ന് ശരിയായി തിട്ടപ്പെടുത്താനാവില്ല. എല്‍ഡിസി- ക്ക് നല്ല മാര്‍ക്കുണ്ടായിരുന്നു. ആദ്യത്തെ പത്ത് റാങ്കിനുള്ളില്‍ വരേണ്ട തക്ക മാര്‍ക്ക് തന്നെയായിരുന്നു. പത്താം ക്ലാസ്സ് വരെ നന്നായി പഠിക്കുമായിരുന്നു. സ്‌പോര്‍ട്സിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോള്‍ പഠനത്തില്‍ ഉഴപ്പിത്തുടങ്ങി. ഡിഗ്രി ഞാന്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. ഡിപ്ലോമയാണ് ചെയതത്. തമിഴ്‌നാട് യൂണിവേഴ്‌സിറ്റിയുടെ ജിം ആന്‍ഡ് ഫിറ്റ്‌നസ്‌ ട്രെയിനിങ്ങില്‍ ഡിപ്ലോമ ക്രൈസ്റ്റ് കോളേജില്‍ ചെയ്തു. നാഷണല്‍ മെഡല്‍ നേടിയത് കൊണ്ട് റെയില്‍വേയിൽ അടക്കം ജോലിക്ക് ശ്രമിച്ചിരുന്നു. അവിടെയൊക്കെ പണം ഒരു വെല്ലുവിളിയായി മാറി. പണത്തിന് പഞ്ഞമില്ലായിരുന്നെങ്കില്‍ ഇത്തരം ടെസ്റ്റുകള്‍ കഷ്ടപ്പെട്ട് എഴുതേണ്ടി വരില്ലായിരുന്നല്ലോ.' സനൽ പറയുന്നു

പരീക്ഷകള്‍ പരീക്ഷണങ്ങള്‍

'സത്യം പറഞ്ഞാല്‍ നല്ല രീതിയില്‍ പ്രയത്‌നിച്ച് പഠിച്ചെഴുതിയത് മൂന്ന് പരീക്ഷകള്‍ മാത്രമാണ്. അതില്‍ രണ്ടെണ്ണമാണ് എല്‍.ജി.എസും എല്‍.ഡി.സിയും. പിന്നെയുള്ളത് സെക്രട്ടറിയേറ്റ് അസിസ്റ്റന്റാണ്. അസിസ്റ്റന്റ് സെയില്‍സിലൊക്കെ പ്രിലിംസ് പാസ്സായി കടന്നു. പക്ഷേ ഇത് ഉറപ്പായിരുന്നത് കൊണ്ട് മെയിൻ എക്‌സാം എഴുതിയില്ല. ഈ വര്‍ഷം മുതല്‍ ചോദ്യത്തിന്റെ പാറ്റേണ്‍ മാറിയത് ചെറിയ വിഷമങ്ങളുണ്ടാക്കി. ഒരു ചോദ്യത്തിന് തന്നെ പല ഉപ ചോദ്യങ്ങളുള്ള മോഡലായിരുന്നു. പണ്ടത്തെ പാറ്റേണ്‍ എല്ലാവര്‍ക്കും പരിചിതമായിരുന്നു. അത് മാറിയത് എന്നെ പോലുള്ള കുറേ പേരെയെങ്കിലും സങ്കോചത്തിലാക്കി. പേപ്പര്‍ കണ്ടപ്പോള്‍ ശരിക്കും പേടിച്ചു. എന്നിരുന്നാലും കോച്ചിങ് സെന്ററിൽ ദിവസവും പരീക്ഷ എഴുതി പ്രാക്ടീസായത് കൊണ്ട് വലിയ ബുദ്ധിമുട്ടുണ്ടായില്ല. കോച്ചിങ് സെന്‍ന്ററിൽ 120 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഓരോരുത്തര്‍ ഓരോ ദിവസം ഓരോ സെറ്റ് ചോദ്യങ്ങള്‍- ഇങ്ങനെയായിരുന്നു പഠിച്ചത്. ഇത്ര മാര്‍ക്കിനുള്ള സ്റ്റേറ്റ്മെന്റ് ചോദ്യങ്ങൾ ഇടണമെന്നത് നിര്‍ബന്ധമായിരുന്നു. അത്തരത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത് കൊണ്ട് തന്നെ സമാധാനമുണ്ടായിരുന്നു'.

സനൽ സദാനന്ദനും കുടുംബവും

നടന്നു നീങ്ങിയ വഴികള്‍

'അച്ഛന്‍, അമ്മ ,അനിയന്‍, ഭാര്യ- ഇവര്‍ അടങ്ങുന്നതാണ് എന്റെ കുടുംബം. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ മെയ് 29 നായിരുന്നു കല്ല്യാണം. അച്ഛന്‍ ബസ്സിലെ ഡ്രൈവറായിരുന്നു. കോവിഡൊക്കെ ആയപ്പോള്‍ എന്റെയുള്‍പ്പെടെ എല്ലാവരുടെയും വരുമാനം നിലച്ചു. അനിയന് ജോലി കിട്ടിയത് കൊണ്ട് അവനെ ആശ്രയിച്ചായിരുന്നു ഞങ്ങള്‍ നിന്നത്. കോച്ചിങ് സെന്ററിൽ ഫീസൊന്നും വേണ്ടാഞ്ഞത് വലിയ ആശ്വാസമായിരുന്നു. അതിനായി വലിയ തുക ചെലവാക്കേണ്ടി വന്നില്ല. ധീരജ് എന്ന സാറാണ് അത് നടത്തിക്കൊണ്ട് പോയത്. ശരിയായ മാര്‍ഗനിർദേശങ്ങൾ കാലോചിതമായി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. പഠിക്കുന്നവർ തന്നെയാണ് അവിടെ പഠിപ്പിക്കുന്നതും . സാറിന്റെ നേതൃത്വമുണ്ടെന്ന് മാത്രം. അവിടെ പഠിച്ചവരിൽ പലരുടെയും പേര് ലിസ്റ്റില്‍ വന്നിരുന്നു. എഴുതിയവര്‍ക്കെല്ലാം എല്‍ഡിസി എല്‍ജിഎസ് ലഭിച്ചു.

താങ്ങായി നിന്നവര്‍

'2009- ലാണ് ഞാന്‍ സ്പോർട്സിലേക്ക് വരുന്നത്. ഐബിസി ജിം മൂര്‍ച്ചിനിക്കരയിലെ കൃഷ്ണനെന്ന വ്യക്തിയാണ് സഹായകമായത്. കരുനാഗപ്പള്ളിയിലെത്തിയപ്പോള്‍ ഷംസ് സാറായിരുന്നു എന്റെ സപ്പോര്‍ട്ട് സിസ്റ്റം. പിന്നെ വീട്ടുകാര്‍. പൊതുവേ എന്റെ വീട്ടിലെ കാര്യങ്ങളെല്ലാം കാരണവരെ പോലെ നടത്തിയിരുന്നത് ഞാനായിരുന്നു. പക്ഷേ പഠിക്കുന്ന സമയത്ത് വീട്ടിലെ കാര്യങ്ങള്‍ എന്നോട് പറഞ്ഞു ബുദ്ധിമുട്ടിക്കാതിരിക്കാന്‍ അമ്മ വളരെയധികം ശ്രദ്ധിച്ചു. ആര്‍ക്കും ജോലിയിയല്ലാതിരുന്ന സമയം അനിയന്‍ നല്‍കിയിരുന്ന സാമ്പത്തിക സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞു തീര്‍ക്കാനാവില്ല. പ്രണയിക്കുന്ന കാലം മുതൽ ഇന്നുവരേയും മനീഷ നന്നായി സപ്പോർട്ട് ചെയ്തു. ജോലിയായതിന് ശേഷം മാത്രമേ രണ്ടു പേരും വിവാഹം കഴിക്കുള്ളൂവെന്ന് മുന്നേ തീരുമാനിച്ചതാണ്. ഭാര്യ ഇപ്പോള്‍ തൃശ്ശൂരില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റാണ്'.

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ അറിയാന്‍ join whatsapp group

ജീവിതത്തില്‍ പലതും നേടാന്‍ സഹായിച്ച പവർ ലിഫ്റ്റിങ്

'സത്യം പറഞ്ഞാല്‍ ഞാന്‍ ചെറുപ്പത്തില്‍ നന്നേ മെലിഞ്ഞിട്ടായിരുന്നു. ആ പ്രായത്തില്‍ ജിമ്മില്‍ പോയി ബോഡി സെറ്റാക്കാന്‍ ഏതു പയ്യനാണ് ആഗ്രഹിക്കാത്തത്. എന്റെ ഒരു കൂട്ടുകാരനുണ്ടായിരുന്നു. അവന്‍ ഇങ്ങനെ ജിമ്മിലൊക്കെ പോയി പവര്‍ ലിഫ്റ്റിങ്ങിന് സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയത് പ്രചോദനമായപ്പോൾ എന്നാല്‍ പിന്നെ ജിമ്മില്‍ പോയിക്കളയാം എന്ന് തീരുമാനിക്കുകയായിരുന്നു. എവിടെ ചെന്നാലും ഏറ്റവും മുന്നിലെത്തണമെന്ന വാശി എന്നില്‍ എപ്പോഴുമുണ്ടായിരുന്നു. പക്ഷേ സ്ഥിരമായി ഒരു ജോലി കിട്ടാതായപ്പോള്‍ അല്‍പം തളർന്നുപോയിരുന്നു. പക്ഷേ കൂടെ നിന്നവർ പകർന്ന ഊർജം ചെറുതായിരുന്നില്ല

തൊഴില്‍വാര്‍ത്തയുടെ പങ്ക്

'എന്റെ പഠനത്തില്‍ ഏറ്റവും വലിയ പങ്ക് വഹിച്ച മാതൃഭൂമി തൊഴില്‍ വാർത്തയുടെ തന്നെ കവര്‍ പേജില്‍ എന്റെ ചിത്രം വന്നത് വലിയൊരു സന്തോഷമായിരുന്നു. ഞങ്ങളുടെ പഠനത്തിന്റെ ആഴ്ച തോറുമുള്ള ടോപ്പിക്കില്‍ തൊഴില്‍ വാര്‍ത്തയ്ക്കുമിടമുണ്ടായിരുന്നു. അത് പഠിച്ചെഴുതാനായി പ്രത്യേക പരീക്ഷകളുമുണ്ടായിരുന്നു. ഇപ്പോള്‍ ഒരു അലമാര മുഴുവനും തൊഴില്‍വാര്‍ത്തയുടെ പതിപ്പുകളാണ്'.

Content Highlights: sanal LGS ang LDS First rank 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented