Sam Pitroda
സാം  പിട്രോഡ | ചിത്രം : പിടിഐ

ഡിഷയിലെ ഗ്രാമത്തില്‍നിന്ന് ഗാന്ധിയുടെ തത്ത്വചിന്തയില്‍ ആകൃഷ്ടരായ മാതാപിതാക്കള്‍ രണ്ടു മക്കളെ ഗുജറാത്തില്‍ ചെന്ന്്് ഗാന്ധിയന്‍ സംസ്‌കാരത്തെ പഠിക്കാനും മനസ്സിലാക്കാനും പറഞ്ഞയച്ചു. സ്‌കൂള്‍ പഠനത്തോടൊപ്പം മഹാത്മാഗാന്ധിയെക്കുറിച്ച് പഠിച്ച് സത്യനാരായണ ഗംഗറാം പിട്രോഡ ബറോഡയില്‍ മഹാരാജസയാജിറാവു, യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഊര്‍ജതന്ത്രത്തില്‍ ബിരുദാനന്തരബിരുദവുമായി ഇലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍  ബിരുദാനന്തര ബിരുദത്തിനായി അമേരിക്കയിലെത്തി.

22 വയസ്സുവരെ സ്വന്തമായൊരു ലാന്‍ഡ് ഫോണില്ലാത്ത ചെറുപ്പക്കാരന്റെ മനസ്സില്‍ സ്വപ്നങ്ങളായിരുന്നു.  ജീവിതത്തില്‍ നാഴികക്കല്ലുകളുണ്ടാക്കാനുള്ള ജീവിതത്തെ, ചരിത്രത്തിന്റെ ഭാഗമാക്കാനുള്ള ഈ ചെറുപ്പക്കാരന്റെ അഭിലാഷമെത്തിച്ചത് ഇന്ത്യയുടെ, ലോകത്തിന്റെ ടെലികോം ഭൂപടത്തില്‍ മായാത്ത മറയാത്ത കൈയൊപ്പുമായാണ്.   ഇന്നു നാം കാണുന്ന കമ്യൂണിക്കേഷന്‍ വിപ്ലവത്തെ മാറ്റിമറിച്ച് ഇന്ത്യയെ വിദൂരമായ ഗ്രാമങ്ങളെ വാര്‍ത്താവിനിമയത്തില്‍ കൂട്ടിയിണക്കി വിപ്ലവാത്മകരമായ മാറ്റങ്ങള്‍ ഉണ്ടാക്കി.  

ഇന്ത്യയെ ലോകഭൂപടത്തിന്റെ ഉന്നതിയില്‍ എത്തിച്ച ഒരു ഗ്രാമീണ ബാലന് ജീവിതത്തിന്റെ പടവുകള്‍ കയറാന്‍ തുണയായത്, അടങ്ങാത്ത മോഹവും ജീവിതത്തെക്കുറിച്ചുള്ള വലിയസ്വപ്നങ്ങളും ദൃഢ നിശ്ചയവുമായിരുന്നു.  ചെറിയൊരുഗ്രാമത്തില്‍ നിന്ന് അമേരിക്കയിലെ വലിയൊരു യൂണിവേഴ്‌സിറ്റിയില്‍ പോയപ്പോഴും താന്‍ വളര്‍ന്ന ഗ്രാമത്തെപ്പോലെയുള്ള ഇന്ത്യന്‍ ഗ്രാമങ്ങളുടെ സ്ഥിതിയില്‍ വലിയൊരു മാറ്റമുണ്ടാക്കാനായിട്ടുള്ള  പ്രവര്‍ത്തനം    ജീവിതത്തില്‍ വേണമെന്ന ഒരു ഉറപ്പും അയാളുടെ മനസ്സിലുണ്ടായിരുന്നു. 


നാലാം ക്ലാസുവരെ മാത്രം പഠിച്ചയാളാണ് സാമിന്റെ അച്ഛന്‍. മകനെ കടല്‍ താണ്ടി പഠിപ്പിക്കാനുള്ള അച്ഛന്റെ മോഹവും ജ്യേഷ്ഠസഹോദരന്റെ പ്രേരണയും ഒഡിഷ സര്‍ക്കാര്‍ നല്‍കിയ 3,000 രൂപയുമായി ബോട്ട് കയറിയ യുവാവ് വിവിധ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ച് അമേരിക്കയിലെ യൂണിവേഴ്‌സിറ്റിയില്‍ എത്തി. ഇന്ത്യയെ മാറ്റിമറിച്ച എണ്‍പതുകളിലെ ടെലികോം സാങ്കേതികവിദ്യയെ ഉദ്‌ബോധകമായ, വിജ്ഞാനപരമായ വിവരങ്ങളെ വേണ്ട വിധത്തില്‍ സംസ്‌കരിച്ച്, രൂപപ്പെടുത്തി ഉപയോക്താവിന് എത്തിച്ചുകൊടുക്കുന്നതിന്റെ അമരക്കാരനായി പിട്രോഡ. 

ടെലികമ്യൂണിക്കേഷനിലെ ടെക്‌നോളജി റിസര്‍ച്ചായിരുന്നു സാമിന്റെ '70കളിലെ പ്രവര്‍ത്തനം. Eletcronic Diary എന്ന '75 കളിലെ കണ്ടുപിടിത്തം പിട്രോഡയെ ഈ മേഖലയിലെ പ്രഥമ പ്രവര്‍ത്തകരില്‍ അഗ്രഗണ്യനാക്കി മാറ്റി.  സാമിന്റെ നാലുവര്‍ഷത്തിന്റെ അശ്രാന്തപരിശ്രമത്തിന്റെയും ഗവേഷണത്തിന്റെയും ഭാഗമായി 580 DSS Switch വികസിപ്പിച്ചെടുത്തത് ജീവിതത്തില്‍ വേറോരു നാഴികക്കല്ലായി. ഒട്ടേറെ ഉപജ്ഞാതത്തിലുള്ള അവകാശങ്ങളും (Patent) ഈ കാലയളവില്‍ സാമിന്റെ പേരിലായി.

മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ഉപദേഷ്ടാവായ എത്തിയ സാം തന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ ആറു പ്രധാനദൗത്യങ്ങള്‍ ഏറ്റെടുക്കുകയും അവയുടെ നായക സ്ഥാനത്തിലിരുന്ന് അവയെ നയിക്കുകയും ചെയ്തു.  കുടിവെള്ളം, സാക്ഷരത, പ്രതിരോധം, കുത്തിവെയ്പ്, ക്ഷീരോത്പനങ്ങള്‍, എണ്ണക്കുരു, വാര്‍ത്ത പ്രക്ഷേപണശാസ്ത്രം എന്നീ മേഖലകളില്‍ ഒരു ദൗത്യസംഘമുണ്ടാക്കി അതിന്റെ   പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ദിശാബോധമുണ്ടാക്കുകയാണ് സാം ചെയ്തത്.  ഇന്ത്യയുടെ ടെലികോം കമ്മിഷന്റെ ഉപജ്ഞാതാവും ചെയര്‍മാനും കൂടിയായിരുന്നു പിട്രോഡ. ഇന്നു നാം കാണുന്ന വാര്‍ത്താവിനിമയ മാറ്റത്തിന്റെ വിത്തുപാകിയ കാലഘട്ടമായിരുന്നു അത്. 

Sam Pitroda
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയൊടൊപ്പം സാം  പിട്രോഡ | ചിത്രം: മാതൃഭൂമി


C Dot എന്ന വലിയൊരു പ്രസ്ഥാനം (Center for the Development of telematics)ന് രൂപംകൊടുക്കുകയും ഇന്ത്യയില്‍ Fibre optic യുഗത്തിന്റെ പിറവി ആരംഭിക്കുകയും ചെയ്തതിന്റെ ബുദ്ധികേന്ദ്രം പിട്രോഡയുടേതാണ്.  2005 മുതല്‍ 2009 വരെ വീണ്ടും ഇന്ത്യയുടെ National Knowledge Commission ന്റെ ചെയര്‍മാനായി, 27 ഓളം വന്‍ മേഖലകളില്‍ കാര്യബോധവും അവബോധവുമുണ്ടാക്കി 300 ഓളം ശുപാര്‍ശകള്‍ ഉണ്ടാക്കി, പല മേഖലകള്‍ക്ക് ഇത് ഒരു പുത്തനുണര്‍വുണ്ടാക്കി. 2009 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ Public Information Infrastructure and Innovation ന്റെ ഉപദേശകനായി  കാബിനറ്റ് കേന്ദ്രമന്ത്രിക്ക് തത്തുല്യനായി നിയമിതനായി.  

ഈ കാലഘട്ടത്തിലാണ് 2010 ല്‍ നാഷണല്‍ Innovation council ചെയര്‍മാനായി നിയമിതനാവുകയും 2013 ല്‍ രാജസ്ഥാന്‍ കേന്ദ്രസര്‍വകലാശാലയുടെ ചാന്‍സലറായി നിയമിതനാവുകയും ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു സംവിധാനമല്ല നമ്മുടേത്.  പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചിന്തയും ഇരുപതാം നൂറ്റാണ്ടിന്റെ സമ്പ്രദായങ്ങളും കാര്യക്രമങ്ങളില്‍ നിന്നുള്ള ഒരു മാറ്റമാണ് അനിവാര്യമെന്ന് പറഞ്ഞ പിട്രോഡ, ദേശീയ Innovation കൗണ്‍സിലിലൂടെ വലിയൊരു മാറ്റമാണ് രാജ്യത്തിനുനല്‍കിയത്.  

ദേശീയ Innovation കൗണ്‍സില്‍ ഒരു നയോപായ വൈദഗ്ധ്യം, തന്ത്രം എന്നിവ രൂപവത്കരിക്കുകയും അത് വിവിധ മേഖലകളില്‍ വ്യാപിപ്പിക്കുകയും ചെയ്തു.  ദേശീയതലത്തിലെ കഴിവുതെളിയിച്ച വ്യവസായ പ്രമുഖരെ, വിദ്യാഭ്യാസ വിചക്ഷണരെ, ഉദ്യോഗസ്ഥ മേധാവികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ഇന്ത്യയിലെ വിവിധ മേഖലകളില്‍ ഒരു മാറ്റത്തിന്റെ തരംഗമുണ്ടാക്കി.   

ഇതിന്റെ തലവനായ സാം ദിവസേനയുള്ള പ്രവര്‍ത്തനത്തില്‍ വന്ന മാറ്റത്തെ, വിജയത്തെ തന്റെ ചെറുപ്പക്കാരായ ടിമംഗങ്ങള്‍ക്ക് വീതിച്ചു കൊടുക്കുകയും ചെയ്തു.  നവീനമായ ഒരു റോഡ് മാപ്പുണ്ടാക്കി 20102020 കാലഘട്ടത്തെ കണ്ടുപിടിത്തങ്ങളുടെ, നവീനതയുടെ പുതിയൊരു സംസ്‌കാരമുണ്ടാക്കി, ഒരു മാറ്റത്തിനായി അഞ്ചിന നയപരിപാടിക്ക് രൂപം കൊടുത്തു. ഈ കാലയളവിലാണ് സ്റ്റേറ്റ്  Innovation കൗണ്‍സിലുകള്‍ ഉണ്ടാക്കുകയും ദേശീയ Innovation കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്തു.  കേരളത്തിലെ ആയുര്‍വേദ ക്ലസ്റ്റര്‍, ഫര്‍ണിച്ചര്‍ ക്ലസ്റ്റര്‍ എന്നിവ പിട്രോഡയുടെ സംഭാവനങ്ങളാണ്.  ദേശീയ തലത്തിലുള്ള മാറ്റങ്ങളെ കേരളത്തെപോലെ വിദ്യാസമ്പന്നമായ സംസ്ഥാനം വളരെ വലിയ നിലയില്‍ ഏറ്റെടുത്ത് മാറ്റങ്ങളുണ്ടാക്കാനുള്ള മുഖ്യാധാര പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെ സംസ്ഥാനത്തിന്റെ ഉപദേശകനായിരുന്നു സാം നിരവധി തവണ ഊന്നിപ്പറഞ്ഞിട്ടുണ്ട്. 

100 പേറ്റന്റുകള്‍,  നിരവധി അന്താരാഷ്ട്ര, ദേശീയ അവാര്‍ഡുകള്‍, അഞ്ചോളം അന്താരാഷ്ട്ര NGO കളുടെ ചെയര്‍മാന്‍, അനവധി പുരസ്‌കാരങ്ങള്‍ ഇവയെല്ലാം കൈമുതലായ പിട്രോഡയുടെ കൂടെയുള്ള പ്രവര്‍ത്തനം ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായിരുന്നു. രാവിലെ 7.00 മണിക്ക് സാം ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളുടെ വൈസ് ചാന്‍സലര്‍ മാരെയും എട്ടിന് നഴ്‌സറി സ്‌കൂള്‍ ടീച്ചര്‍മാരെയും 10.00 മണിക്ക് സി.എസ്.ഐ. ആറിലെ ശാസ്ത്രജ്ഞരെയും 12.00 മണിക്ക് ഇന്ത്യന്‍ ജുഡീഷ്യറിയിലെ വിദഗ്ധരെയും ഇങ്ങനെ ഒരുദിനത്തില്‍ വിവിധതരത്തിലുള്ളവരെ അഭിസംബോധന ചെയ്യുന്ന പിട്രോഡയുടെ കഴിവുകളെ മനസ്സിലാക്കാനും പഠിക്കാനും ഫലപ്രദമാക്കാനുമുളള വേദിയാണ് എനിക്ക് അദ്ദേഹവുമായുള്ള അനുഭവങ്ങള്‍ തുറന്നു തന്നത്.  

Vision Values & Veloctiy, Dreaming Big എന്നിങ്ങനെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.  സാം ലോകമറിയപ്പെടുന്ന Motivational speaker ഉം സുഹൃത്തും വഴികാട്ടിയുമാണ്.  വലിയൊരു വിഭാഗം യുവജനങ്ങളുള്ള ഇന്ത്യക്ക് സാം പിട്രോഡയെ പോലെയുള്ള, രാഷ്ട്രത്തിന് ഉപയുക്തമാകുന്ന നേതാക്കളെയാണാവശ്യം.  യുവതലമുറയ്ക്ക് പഠിക്കാനും പകരാനും സാമിന്റെ പക്കലുള്ള ആവനാഴിയിലെ അസ്ത്രങ്ങള്‍ നിരവധി.  ഒഡിഷയിലെ ഗ്രാമത്തില്‍ നിന്ന് വലിയ വിദ്യാഭ്യാസമില്ലാത്ത രക്ഷാകര്‍ത്താക്കളുടെ മകന്‍ ഇന്ന് ലോകത്തെ വിജ്ഞാന വിപ്ലവത്തിലൂടെ സ്വന്തം കൈക്കുമ്പിളിലാക്കിയിരിക്കുന്നു.  നമ്മുടെയിടയില്‍ ഒട്ടേറെ സാം പിട്രോഡമാരുണ്ട്.  പക്ഷേ, സാമിന്റെ നിശ്ചയദാര്‍ഢ്യവും വീക്ഷണവും ഗ്രാമത്തെ സ്‌നേഹിച്ച് ഗ്രാമീണര്‍ക്ക് പുരോഗതിയുണ്ടാക്കാനുള്ള വ്യഗ്രതയും ജീവിതകഷ്ടതകളെ ചെറുത്തു തോല്പിക്കാനുള്ള മനസ്സ് നെയ്‌തെടുക്കലുമാവണം ഇവര്‍ പഠിക്കേണ്ട പാഠം. 

Content highlights: Sam Pitroda