എം.ആർ. സജിന
പത്ത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പഠിക്കാനിറങ്ങിയ കാസര്‍കോട് ഉദുമ മാവാട്ടെ ശബരിനിവാസില്‍ എം.ആര്.സജിന മടങ്ങിവന്നത് ദേശീയതലത്തില്‍ ഒന്നാം റാങ്കുമായി. മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കാനുള്ള ഡിപ്ലോമ ഇന്‍ എഡ്യുക്കേഷന്‍-സ്പെഷ്യല്‍ എഡ്യുക്കേഷന്‍ (മെന്റല്‍ റിട്ടാഡേഷന്‍) കോഴ്സിനാണ് റാങ്ക് നേടിയത്. സജിനയ്ക്ക് 2500-ല്‍ 2322 മാര്‍ക്ക് കിട്ടി. 92.88 ശതമാനം. രണ്ടുവര്‍ഷമാണ് ഡി. എഡ്.എസ്.ഇ. (എം.ആര്.) കോഴ്സിന്റെ കാലാവധി.
വിദ്യാനഗര്‍ ഇന്‍കം ടാക്സ് ഓഫീസിനു സമീപത്തെ ലക്ഷ്മിനിവാസില്‍ സത്യന്റെ ഭാര്യയാണ് സജിന. പ്ലസ് ടു പാസായി 2007-ല്‍ കാഞ്ഞങ്ങാട് പാരലല്‍ കോളേജില്‍ ഒന്നാംവര്‍ഷ ബി.കോം. കഴിഞ്ഞ് രണ്ടാംവര്‍ഷം ക്ലാസ് തുടങ്ങുമ്പോഴേക്ക് വിവാഹം കഴിഞ്ഞു. സത്യന്റെ അമ്മയ്ക്ക് സുഖമില്ലാതായതിനാല്‍ പഠനം തുടരാന്‍ കഴിഞ്ഞില്ല. രണ്ട് കുട്ടികളുമായതോടെ സ്ഥിരംപഠനം ഏറക്കുറെ അസാധ്യമായി.
ഇടയ്ക്ക് വിദേശ അക്കൗണ്ടിങ് താത്കാലിക കോഴ്സ് ചെയ്തു. കുറച്ചുനാള്‍ ഗ്യാസ് ഏജന്‍സിയില്‍ ക്ലാര്‍ക്കായി. ചാല ബെദിരയിലെ സ്കൂളില്‍ പ്രീപ്രൈമറി വിഭാഗത്തില്‍ പഠിപ്പിച്ചു. അങ്ങനെയിരിക്കെയാണ് വിദ്യാനഗറിലെ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കോഴ്സിന്റെ കാര്യം ബന്ധു ശ്രദ്ധയില്‍പ്പെടുത്തിയത്. 2017-ല്‍ കോഴ്സിന് ചേര്‍ന്നു. രണ്ടുവര്‍ഷങ്ങളിലായി 29 പേപ്പറിന്റെ ഫലം വന്നപ്പോള്‍ ദേശീയതലത്തില്‍ റാങ്ക്.
''റാങ്ക് ഒട്ടും പ്രതീക്ഷിച്ചില്ല. റെക്കോഡ് തയ്യാറാക്കുന്നത് സമയത്ത് ചെയ്തതിനാല്‍ അധ്യാപകര്‍ക്ക് താത്പര്യമായിരുന്നു. എങ്കിലും ഈ നേട്ടം സ്വപ്നത്തില്‍പോലും ഉണ്ടായിരുന്നില്ല''-ഇപ്പോള്‍ ഉളിയത്തടുക്ക പ്രഗതി സ്കൂളില്‍ മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന സജിന പറയുന്നു.
''ബദിര സ്കൂളില്‍ മാനസികവെല്ലുവിളികള്‍ നേരിടുന്ന കുട്ടികളും ഉണ്ടായിരുന്നു. അവരെ സഹായിക്കാന്‍ ആരുമില്ലല്ലോ എന്ന തോന്നല്‍ അന്നേ ഉണ്ടായിരുന്നു. ബന്ധു ഈ കോഴ്സിന്റെ കാര്യം പറഞ്ഞപ്പോള്‍ അതൊരു അവസരമാണല്ലോ എന്ന് തോന്നി''- അവര്‍ പറയുന്നു.
ഈ കോഴ്സില്തന്നെ ബി. എഡ്. ചെയ്യാന്‍ താത്പര്യമുണ്ട്. പക്ഷേ, ബിരുദമില്ല. അതിനാല്‍ ഓപ്പണ്‍ സര്‍വകലാശാലയില്‍ ബി.എ. സോഷ്യോളജിക്ക് രജിസ്റ്റര്‍ചെയ്തു. ബിരുദം കഴിഞ്ഞ് ബി.എഡിന് പോകാന്‍ പറ്റിയില്ലെങ്കില്‍ എം.എ. ചെയ്യണമെന്നാണ് സജിനയുടെ ആഗ്രഹം.
ചെന്നൈ ആസ്ഥാനമായ കേന്ദ്ര സ്ഥാപനം എന്‍.ഐ.ഇ.പി.എം.ഡി.യാണ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഇന്റലക്ച്വല്‍ ഡിസബിലിറ്റീസ്) ഡി.എഡ്.എസ്.ഇ. (എം.ആര്.) കോഴ്സ് നടത്തുന്നത്. സെക്കന്തരാബാദിലെ കേന്ദ്രത്തില്‍ 24-ന് നടക്കുന്ന ചടങ്ങില്‍ ഡോ. ബി.ഡി.മേനോന് സ്മാരക സ്വര്‍ണമെഡല്‍ സജിനയ്ക്ക് സമ്മാനിക്കും.
പരേതനായ മേഘരാജന്റെയും പുഷ്പലതയുടെയും മകളാണ്. മക്കള്‍: വിദ്യാര്‍ഥികളായ നിവേദ്യ, റോഷിന്.
Content Highlights: Sajina from Uduma secures first rank in DEd SE (MR)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..