ര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികവിദ്യ കൊണ്ട് പരിഹാരം കാണുക- ഈ ചിന്തയാണ് അഗ്‌സെന്‍ (Agzen) എന്ന സ്റ്റാര്‍ട്ടപ്പിലേക്ക് കോഴിക്കോടുകാരന്‍ ശ്രീദത്ത് പാനാട്ടിനേയും സുഹൃത്തുക്കളേയും എത്തിച്ചത്. ആറുവര്‍ഷത്തോളം അതിനായി പരിശ്രമിച്ച അവരിപ്പോള്‍ ഗവേഷണ പ്രോജക്ടുകളുടെ രാജ്യാന്തര മല്‍സരത്തില്‍ മൂന്നേമുക്കാല്‍ക്കോടി രൂപയുടെ സമ്മാനത്തിന് അര്‍ഹരായിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കീടനാശിനികളുടെ ഉപയോഗം പകുതിയായി കുറയ്ക്കാനുള്ള പദ്ധതിക്ക് രണ്ടാം സ്ഥാനം സ്വന്തമാക്കിയ സംഘത്തിലെ മലയാളി ശ്രീദത്ത് പാനാട്ട് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

അവാര്‍ഡിനെക്കുറിച്ച്

വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നടത്തിവരുന്ന ലോകത്തിലെത്തന്നെ ഏറ്റവും വലിയ മല്‍സരങ്ങളിലൊന്നാണ് റൈസ് ബിസിനസ് പ്ലാന്‍ കോംപറ്റീഷന്‍. യു.എസിലെ ടെക്‌സാസിലുള്ള റൈസ് യൂണിവേഴ്‌സിറ്റിയാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ലോകത്തിലെ ഏത് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും അവാര്‍ഡിനായി അപേക്ഷിക്കാം. രണ്ടു മുതല്‍ നാലുപേര്‍ വരെയടങ്ങുന്ന 440-ലധികം ടീമുകളാണ് മല്‍സരത്തിനായി അപേക്ഷിച്ചത്. അതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 54 ടീമുകളില്‍ ഒന്നായിരുന്നു അഗ്‌സെന്‍ (Agzen) എന്ന ഞങ്ങളുടെ ടീം. കോവിഡ് കാലമായതിനാല്‍ വെര്‍ച്വലായാണ് മല്‍സരം നടന്നത്. ബിസിനസ് പ്ലാന്‍ സംബന്ധിച്ച പ്രസന്റേഷനുകളടക്കം സൂമിലൂടെ ജഡ്ജിങ് പാനലിന് മുന്നില്‍ അവതരിപ്പിച്ചു. സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങളില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടി. ഓബണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്വിഫ്റ്റ്‌സ്‌കൂ (swiftsku) എന്ന ടീമിനാണ് ഒന്നാം സ്ഥാനം. എന്നാല്‍ ഒന്നാം സ്ഥാനത്തെത്തിയ ടീമിനെക്കാള്‍ സമ്മാനത്തുക ലഭിച്ചത് ഞങ്ങള്‍ക്കാണ്. വിഷ്ണു ജയപ്രകാശ്, പ്രൊഫസര്‍ കൃപ വാരണാസി, മഹീര്‍ ഡമക് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. എം.ഐ.ടിയിലെ പൂര്‍വ വിദ്യാര്‍ഥികളും വിദ്യാര്‍ഥികളുമാണ് ടീമിലെ മിക്ക അംഗങ്ങളും. 

എന്താണ് പ്രോജക്ട്?

കീടങ്ങളില്‍ നിന്ന് വിളകളെ സംരക്ഷിക്കുകയാണ് കര്‍ഷകരെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. പലപ്പോഴും അത് മറികടക്കാന്‍ അവരാശ്രയിക്കുന്നത് വീര്യം കൂടിയ കീടനാശിനികളെയാകും. വിപണിയില്‍ ലഭ്യമായിട്ടുള്ള കീടനാശിനികള്‍ വെള്ളത്തില്‍ കലക്കി നേര്‍പ്പിച്ച ശേഷം ഈ വെള്ളം നേരിട്ട് സസ്യങ്ങളുടെ മുകളിലേക്ക് പ്രയോഗിക്കുകയാണ് പതിവ്. സസ്യങ്ങളുടെ പ്രതലങ്ങള്‍ പൊതുവെ ജലത്തിനെ പ്രതിരോധിക്കുന്നതിനാല്‍ അളവില്‍ക്കൂടുതല്‍ കീടനാശിനി തളിച്ചാല്‍ മാത്രമേ പലപ്പോഴും പൂര്‍ണഫലം ലഭിക്കാറുള്ളൂ. ഇതിനാല്‍ സാധാരണ ഉപയോഗിക്കേണ്ടതിന്റെ 50 ഇരട്ടിയോളം കീടനാശിനികളാണ് നമ്മുടെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നത്. മലിനീകരണം, ജനിതകമാറ്റം, മാറാരോഗങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഇതുമൂലമുണ്ടാകുന്നത്. 

ഇന്റര്‍ഫേഷ്യല്‍ മെക്കാനിക്‌സ് അടിസ്ഥാനപ്പെടുത്തി ഈ പ്രശ്‌നത്തെ എങ്ങനെ പരിഹരിക്കാം എന്നതാണ് ഞങ്ങളുടെ പ്രോജക്ട്. കീടനാശിനിയിലേക്ക് ബയോകോംപാറ്റിബിള്‍ ആയ അഡിറ്റീവ് ചേര്‍ത്ത് അത് വിളകളിലേക്ക് സ്‌പ്രേ ചെയ്യും. ഒരു പ്രതലത്തിന് മുകളില്‍ പറ്റിപ്പിടിക്കാനുള്ള ഇവയുടെ കഴിവ് കീടനാശിനിയെ കൃത്യമായി വിളകള്‍ക്ക് മുകളില്‍ എത്തിക്കും. അതുവഴി കീടനാശിനികളുടെ അളവ് 50 ശതമാനം വരെ കുറയ്ക്കാം. ഇത് സാമ്പത്തികമായും കര്‍ഷകരെ സഹായിക്കും. 

യു.എസിലെ 500 ഏക്കര്‍ വരുന്ന സ്ഥലത്ത് നടത്തിയ പദ്ധതിയുടെ പ്രായോഗിക പരീക്ഷണവും വിജയകരമായിരുന്നു. ആറ് വര്‍ഷക്കാലമായി ഞങ്ങളുടെ ടീം ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷകരുമായി സംസാരിച്ചും ട്രയല്‍സ് നടത്തിയുമെല്ലാമാണ് സ്റ്റാര്‍ട്ടപ്പ് ഇന്ന് കാണുന്ന നിലയിലെത്തിയത്. പ്രോജക്ടിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. 

ഐ.ഐ.ടി നിന്ന് എം.ഐ.ടിയിലേക്ക് 

kripa varanasi
പ്രൊഫസര്‍ കൃപ വാരണാസി
vishnu
വിഷ്ണു ജയപ്രകാശ്
mahir
മഹീര്‍ ഡമക്

മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് ബി.ടെക്, എം.ടെക് ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം പൂര്‍ത്തിയാക്കിയ ശേഷമാണ് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്കെത്തുന്നത്. നിലവില്‍ എം.ഐ.ടിയില്‍ പി.എച്ച്.ഡി നാലാം വര്‍ഷ വിദ്യാര്‍ഥിയാണ്. അച്ഛന്‍ ശ്രീലകത്ത് പദ്മനാഭന്‍ നമ്പൂതിരി കേരള കൗമുദിയിൽ ന്യൂസ് എഡിറ്ററായിരുന്നു. അമ്മ കെ.സി. ലളിത കേരള ഗ്രാമീണ്‍ ബാങ്ക് മാനേജറാണ്. സഹോദരന്‍ ശ്രീരാഗ്‌ ബോംബൈ ഐ.ഐ.ടി പഠനത്തിന് ശേഷം ജോലി ചെയ്യുന്നു. കോഴിക്കോടാണ് വീട്. 

ഭാവി പദ്ധതികള്‍ 

വികസിത രാജ്യങ്ങളെക്കാള്‍ വികസ്വര രാജ്യങ്ങളിലെ കര്‍ഷകരാണ് കീടനാശിനികളുടെ ദോഷവശങ്ങള്‍ ഏറ്റവുമധികം അനുഭവിക്കുന്നത്. അതിനാല്‍ത്തന്നെ ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഡ്രോണുകളുപയോഗിച്ച് കീടനാശിനികള്‍ തളിക്കുന്ന ഒരു ഇന്ത്യന്‍ കമ്പനിയുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ 40,000-ഏക്കറോളം വരുന്ന സ്ഥലത്ത് പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്. 

പഠനം മാത്രമാകരുത് ലക്ഷ്യം

വിദ്യാഭ്യാസ കാലഘട്ടത്തില്‍ പഠനം മാത്രമാകരുത് ലക്ഷ്യമെന്നാണ് വിദ്യാര്‍ഥികളോട് പറയാനുള്ളത്. ചുറ്റുമുള്ളവര്‍ക്കും സമൂഹത്തിനും മുതല്‍ക്കൂട്ടാവുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാനുള്ള ശ്രമവും അതിനൊപ്പമുണ്ടാകണം. വ്യത്യസ്തമായി എന്ത് ചെയ്യാമെന്ന് ചിന്തിച്ചുകൊണ്ടേയിരിക്കണം. അതിനൊത്ത ആശയവും മികച്ച ടീമും എപ്പോള്‍ ലഭിക്കുന്നുവോ അതാണ് സ്റ്റാര്‍ട്ടപ്പ് തുടങ്ങനുള്ള മികച്ച സമയം. മനസ്സിലെ ചിന്തകള്‍ പ്രാവര്‍ത്തികമാക്കാനുള്ള അവസരം വരുമ്പോള്‍ മടിച്ച് നില്‍ക്കാതെ മുന്നിട്ടിറങ്ങണം.

Content Highlights: Rice Business Plan Competition, second prize grabed by Team Agzen, Sreedath Panat