യര്‍ന്ന ശമ്പളത്തോടെ അല്ലെങ്കില്‍ സ്‌കോളര്‍ഷിപ്പോടെ ജര്‍മനിയില്‍ ഗവേഷണം നടത്താന്‍ താത്പര്യമുണ്ടോ? പ്രവേശനത്തിന് ജര്‍മന്‍ ഭാഷ അറിഞ്ഞിരിക്കണമെന്ന് നിര്‍ബന്ധമില്ല. അവിടെ പൊതു സര്‍വകലാശാലകളില്‍ ട്യൂഷന്‍ ഫീസില്ലെന്ന് മാത്രമല്ല പല വഴിയില്‍ സാമ്പത്തികസഹായം ലഭിക്കാം. താത്പര്യത്തിനനുസരിച്ച് ഗവേഷണത്തിനൊപ്പം ജര്‍മന്‍ഭാഷ സൗജന്യമായി പഠിക്കുകയും ചെയ്യാം. സ്ഥാപനത്തിനുപുറത്ത് ആളുകളുമായുള്ള ആശയവിനിമയത്തിനും ഭാവിയില്‍ ജര്‍മനിയില്‍ത്തന്നെ ഉദ്യോഗം ലഭിക്കുന്നതിനും ഇത് സഹായിക്കും. 

ജര്‍മനിയില്‍ രണ്ടുതരത്തിലുള്ള ഗവേഷണമാണുള്ളത്. ആദ്യത്തേത് ട്രഡീഷണല്‍ അല്ലെങ്കില്‍ ഇന്‍ഡിവിജ്വല്‍. രണ്ടാമത്തേത് സ്ട്രക്ച്ചേഡ് പിഎച്ച്.ഡി. ഇന്ത്യയിലെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദാനന്തരബിരുദം ഉണ്ടെങ്കില്‍ രണ്ടിനും അപേക്ഷിക്കാം.

ട്രഡീഷണല്‍/ ഇന്‍ഡിവിജ്വല്‍ പിഎച്ച്.ഡി.

സര്‍വകലാശാല പ്രൊഫസറുടെ കീഴില്‍ ചെയ്യുന്ന ഗവേഷണമാണിത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയിലെ സര്‍വകലാശാലകളില്‍ ചെയ്യുന്ന ഗവേഷണം ഒരു ജോലിയായിട്ടാണ് കണക്കാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ട്യൂഷന്‍ ഫീസ് ഇല്ല. ശമ്പളം ലഭിക്കും. മുഴുവന്‍സമയ കരാറിലാണ് കിട്ടുന്നതെങ്കില്‍ ആദ്യവര്‍ഷം നികുതി കഴിഞ്ഞ് ഏകദേശം 2100 യൂറോ (ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം രൂപ) മാസശമ്പളം ലഭിക്കും. വര്‍ഷംതോറും ശമ്പളവര്‍ധനയും കാണും.

Sreelakshmiസ്ത്രീകളെ പ്രൊഫഷണല്‍ രീതിയില്‍ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന സംവിധാനമാണ് ജര്‍മനിയിലേത്. ഗവേഷണത്തോടൊപ്പം കുടുംബജീവിതവും മുന്നോട്ട് കൊണ്ടുപോവാന്‍ ഒരു വര്‍ക്ക് ലൈഫ് ബാലന്‍സ് സാധ്യമാകുന്ന രീതി സഹായകരമാണ്. കൂടാതെ, വ്യക്തിത്വനൈപുണ്യ വികസനത്തിന് സര്‍വകലാശാലതന്നെ സൗജന്യമായി നല്‍കുന്ന വിവിധ പരിശീലനങ്ങള്‍ ഭാവിയില്‍ സഹായിക്കും.  

ശ്രീലക്ഷ്മി രാജന്‍ 

നാലാംവര്‍ഷ പിഎച്ച്.ഡി. വിദ്യാര്‍ഥി സ്ട്രക്ചറല്‍ എന്‍ജിനീയറിങ്

ആര്‍.ഡബ്യു. ടി.എച്ച്. ആഘന്‍ സര്‍വകലാശാല 

കോഴിക്കോട് വടകര സ്വദേശിനി 

കുടുംബത്തെ കൂട്ടാം

കുടുംബമുണ്ടെങ്കില്‍ നികുതി കുറയും. ഒരു കുടുംബത്തിന് നല്ല രീതിയില്‍ ജീവിക്കാനുള്ള സാമ്പത്തികം പിഎച്ച്.ഡി. ജോലിവഴി ലഭ്യമാണ്. ഗവേഷണം തീര്‍ക്കാന്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ എടുത്തേക്കാം. സര്‍വകലാശാല ഡിപ്പാര്‍ട്മെന്റുകളുടെ വെബ്സൈറ്റുകളില്‍ ഒഴിവുകള്‍ പ്രസിദ്ധീകരിക്കും. അതുവഴി അപേക്ഷിക്കാം. അതല്ലെങ്കില്‍ ആഗ്രഹിക്കുന്ന വിഷയത്തിലെ പ്രൊഫസര്‍മാരെ കണ്ടുപിടിച്ച് അവര്‍ക്ക് നേരിട്ട് ഇ-മെയില്‍ അയച്ച് താത്പര്യം അറിയിക്കാം. രണ്ടാമത്തെ വഴിയാണ് പൊതുവേ വിജയിക്കാറുള്ളത്. ജര്‍മനിയിലെ പ്രശസ്തമായ ഒമ്പത് സാങ്കേതിക സര്‍വകലാശാലകള്‍ TU9 (http://www.tu9.de/en/) എന്ന പേരില്‍ അറിയപ്പെടുന്നു. ബാക്കിയുള്ള സര്‍വകലാശാലകളുടെ വിവരങ്ങള്‍ ജര്‍മന്‍ സര്‍ക്കാരിന്റെതന്നെ DAAD (German Academic Exchange Services- www.daad.de) വഴി അറിയാം

സ്ട്രക്ച്ചേഡ് പിഎച്ച്.ഡി.
  
ജര്‍മനിയിലെ വിവിധ ഗ്രാജുവേറ്റ് സ്‌കൂളുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഗവേഷണമാണിത്. ഗവേഷണത്തില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം എന്നതിനാല്‍ മൂന്നുവര്‍ഷംകൊണ്ട് ചെയ്തുതീര്‍ക്കാന്‍ പറ്റുന്ന രീതിയിലാണ് ഘടന. ആ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളില്‍ നിലവിലുള്ള ഒഴിവുകളും അപ്ലിക്കേഷന്‍ രീതികളും ഉണ്ടാകും. പ്രവേശനത്തിനൊപ്പം സ്‌കോളര്‍ഷിപ്പും ലഭിക്കുന്നു. സ്‌കോളര്‍ഷിപ്പ് തുക പ്രതിമാസം 1500 യൂറോ മുതല്‍ 2000 യൂറോ വരെ. ഈ സ്ഥാപനങ്ങള്‍ ഏതൊക്കെ എന്നത്  ജര്‍മന്‍ സര്‍ക്കാരിന്റെതന്നെ DFG (www.dfg.de/en) അല്ലെങ്കില്‍ DAAD (www.daad.de) എന്നീ വെബ്സൈറ്റുകളില്‍നിന്ന് അറിയാം. ചിലയിടത്ത് ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാന്‍ TOEFL , IELTS സ്‌കോര്‍ വേണ്ടിവന്നേക്കാം. 

കൂടാതെ ജര്‍മന്‍ സര്‍ക്കാര്‍ DAAD വഴി നേരിട്ട് തരുന്ന സ്‌കോളര്‍ഷിപ്പുകളുമുണ്ട്. DAADs ന്റ ഡല്‍ഹിയിലുള്ള ഓഫീസ് (www.daad.in) ആണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ണയിക്കുന്നത്. വിവിധ സ്‌കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍  എന്നിവവഴി ഇന്ത്യന്‍ വിദ്യാര്‍ഥികളെയും ഗവേഷകരെയും ജര്‍മനിയില്‍ പഠിക്കാനും ഗവേഷണം ചെയ്യാനും സഹായിക്കുന്നതില്‍ DAADന്റെ സേവനം സ്തുത്യര്‍ഹമാണ്. 

(ജര്‍മനിയിലെ ആര്‍.ഡബ്യു.ടി.എച്ച്. ആഘന്‍ സര്‍വകലാശാലയില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ലേഖകന്‍ ഇപ്പോള്‍ നാസയുടെ ലാങ്ലി റിസര്‍ച്ച് സെന്ററില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയാണ് )


Content Highlights : Research in Germany, Traditional phd, Structured phd, German Academic Exchange Service, DAAD, Gernamn Research Foundation