സ്വാതി വി.സി
'തോറ്റുപോകുന്നത് വീണുപോകുമ്പോഴല്ല. വീണിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാതിരിക്കുമ്പോഴാണ്' - ഈ വാക്യങ്ങളെ അന്വര്‍ഥമാക്കുന്ന ജീവിതമാണ് വി.സി സ്വാതിയെന്ന കോഴിക്കോട്ടുകാരിയുടേത്. സ്വപ്‌നങ്ങള്‍ ചാടിപ്പിടിക്കുന്നതിനിടയില്‍ പരിക്കേറ്റ് വീണ ആ കൗമാരക്കാരി അന്ന് വേദനയോടെയാണ് തിരിഞ്ഞുനടന്നത്. എതിരാളികളെ മറികടകടക്കാന്‍ പോന്നൊരു ചാട്ടം ഇനി ചാടാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ സ്വാഭാവികമായും പതറിയിട്ടുണ്ടാകില്ലേ. നിങ്ങളിലെത്രപേര്‍ക്ക് അത് കരുത്തോടെ തരണം ചെയ്യാനാകും? കോഴിക്കോട് താമരശ്ശേരിയിലെ ലോങ് ജമ്പ് താരം സ്വാതി ഏവരേയും അതിശയിപ്പിക്കും വിധമാണ് അത് മറികടന്നത്. പരിക്കേറ്റ് വീണിടത്തു നിന്നും എല്‍.ഡി.സി ഒന്നാം റാങ്കിലേക്കുളള ഒരു ചാട്ടത്തിലൂടെ. അത് പക്ഷേ അനായാസമായിരുന്നില്ല. അതിന് പിന്നിലെ സ്വാതിയുടെ പോരാട്ടം ആരേയും പ്രചോദിപ്പിക്കുന്നതാണ്.
മകളെ ഒരു സ്‌പോര്‍ട്‌സ് താരമാക്കുക എന്ന അച്ഛന്റെ കടുത്ത ആഗ്രഹത്തിന്റെ ഫലമായാണ് സ്വാതി ചെറുപ്പം മുതലേ സ്‌പോര്‍ട്‌സിലേക്ക് തിരിയുന്നത്. ഇഷ്ടമേഖല ലോങ് ജമ്പായിരുന്നു. പഠനത്തോടൊപ്പം തന്നെ ലോങ് ജമ്പിലും ശ്രദ്ധകേന്ദ്രീകരിച്ചു. നിരവധി മത്സരങ്ങളിലും പങ്കെടുത്തു. അച്ഛന്റെ ചിട്ടയായ പരിശീലനമാണ് സ്വാതിയിലെ കായികതാരത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. കായികമത്സരങ്ങളിലെല്ലാം പങ്കെടുപ്പിക്കാന്‍ അച്ഛന്‍ തന്നെയാണ് മുന്നിട്ടിറങ്ങുക. ഏഴാം ക്ലാസ് വരെ അച്ഛന്റെ മേല്‍നോട്ടത്തിലായിരുന്നു സ്വാതി ലോങ് ജമ്പ് പരിശീലിച്ചത്.
ഏഴാം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം ഇടുക്കിയില്‍ വെച്ച് ദ്രോണാചാര്യന്‍ കെ.പി തോമസ് മാഷിന്റെ ശിക്ഷണത്തിലായിരുന്നു സ്വാതിയുടെ ലോങ് ജമ്പ് പരിശീലനം. കൂടുതല്‍ മികവോടെ ഉന്നതിയിലേക്ക് കുതിക്കാന്‍ പ്രാപ്തമാകുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു ഇത്. ഇടുക്കി വണ്ണപ്പുറം ശ്രീ നാരായണ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പഠനത്തോടൊപ്പം തന്നെയായിരുന്നു പരിശീലനം. രാവിലെ ആറ് മണി മുതല്‍ എട്ട് മണി വരേയും വൈകുന്നേരം നാല് മണി മുതല്‍ ആറ് മണി വരേയുമായിരുന്നു പരിശീലനം. സ്‌കൂളിനായി നിരവധി ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുകയും ചെയ്തു. പഞ്ചാബ് ലുധിയാനയില്‍ വെച്ച് നടന്ന നാഷണല്‍ ലെവല്‍ മീറ്റില്‍ ലോങ് ജമ്പില്‍ വെങ്കലമെഡല്‍ നേടാനും സ്വാതിക്കായി.
ഈ പരിശീലനമൊന്നും സ്വാതിയുടെ വിദ്യാഭ്യാസത്തിന് തടസ്സമായിരുന്നില്ല. ഇതിനിടയിലും പത്താം ക്ലാസ് പരീക്ഷയില്‍ ഫുള്‍ എ പ്ലസ്സോടെ തിളങ്ങുന്ന വിജയം കരസ്ഥമാക്കി. പ്ലസ് ടു വിന് ശേഷം ബി.എസ്.സി മാത്‌സ് കോഴ്‌സിനാണ് ചേരുന്നത്. കൂടുതല്‍ താത്പര്യവും കണക്കിനോട് തന്നെയായിരുന്നു. അപ്പോഴും ലോങ് ജമ്പ് മത്സരങ്ങളില്‍ നിരന്തരം പങ്കെടുത്തുകൊണ്ടേയിരുന്നു.
ബി.എസ്.സിക്ക് ശേഷം എം.എ ഇംഗ്ലീഷാണ് സ്വാതി തിരഞ്ഞെടുത്തത്. ലോങ് ജമ്പില്‍ കൂടുതല്‍ സമയം ചിലവിടുന്നതിലും ശ്രദ്ധേകേന്ദ്രീകരിക്കുന്നതിലും ഉണ്ടായേക്കാവുന്ന പ്രായോഗിക ബുദ്ധിമുട്ട് മുന്നില്‍ കണ്ടായിരുന്നു ഇത്. അത് കൊണ്ടാണ് കണക്കിന് പകരം ഇംഗ്ലീഷ് പി.ജിയ്ക്ക് പഠിക്കാന്‍ തീരുമാനിച്ചത്. പഠനവും സ്‌പോര്‍ട്‌സും ഒരുമിച്ച് കൊണ്ടുപോകാന്‍ ഈ കോഴിക്കോട്ടുകാരിയ്ക്ക് കഴിയുന്നതും അങ്ങനെയാണ്.
ബെംഗളൂരുവില്‍ വെച്ച് നടന്ന മീറ്റില്‍ ലോങ് ജമ്പില്‍ വെളളി നേടിക്കൊണ്ട് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു സ്വാതി. ഭാവിയില്‍ കീഴടക്കിയേക്കാവുന്ന നേട്ടങ്ങളെക്കുറിച്ചും സ്വപ്‌നം കണ്ടുതുടങ്ങിയിരുന്നു. അതിനിടയിലാണ് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. പരിശീലനത്തിനിടയിലായിരുന്നു അപകടം. പരിശോധിച്ച ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വേണമെന്നാണ് നിര്‍ദേശിച്ചത്. അതോടെയാണ് പഴയതുപോലെ മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞത്.
'സ്‌പോര്‍ട്‌സിലൂടെ ഒരു ഗവണ്‍മെന്റ് ജോലി നേടണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പരിക്കേറ്റതിനാല്‍ ട്രയല്‍സിലും മറ്റു മത്സരങ്ങളിലും പങ്കെടുക്കാനായില്ല. മികച്ച പെര്‍ഫോമന്‍സും അനിവാര്യമായിരുന്നു. മൈതാനത്ത് ഇറങ്ങാന്‍ സാധിക്കാതെ വന്നപ്പോള്‍ ആ ശ്രമം മുഴുവനായും നിര്‍ത്തി.'
ഇന്നും വേദനയോടെയാണ് സ്വാതി ആ നാളുകളെ ഓര്‍ത്തെടുക്കുന്നത്.
പരിക്ക് വില്ലനായി...മുന്നില്‍ പി.എസ്.സി മാത്രം
ലോങ് ജമ്പ് തുടരാനാവില്ലെങ്കിലും ഒരു ഗവണ്‍മെന്റ് ജോലി നേടിയെടുക്കുക എന്ന ആഗ്രഹം സ്വാതി ഉപേക്ഷിച്ചിരുന്നില്ല. കൂടെയുണ്ടായ പലര്‍ക്കും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം ലഭിക്കുകയും ചെയ്തു. പക്ഷേ പരിക്ക് മൂലം സ്വാതിക്ക് ട്രയല്‍സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതോടെ സ്‌പോര്‍ട്‌സ് ക്വാട്ട വഴി ഗവണ്‍മെന്റ് ജോലി നേടുകയെന്ന ആഗ്രഹം നടക്കില്ലെന്നുറപ്പായി. ഗവണ്‍മെന്റ് ജോലിക്കായി പി.എസ്.സിക്ക് തയ്യാറെടുക്കാന്‍ അവിടം തൊട്ടാണ് സ്വാതി തീരുമാനിക്കുന്നത്. അങ്ങനെയാണ് പി.എസ്.സി കോച്ചിങ്ങിനായി ബാലുശേരി എയിം കോച്ചിങ് സെന്ററില്‍ ചേരുന്നത്.
കോച്ചിങ് സെന്ററിലെ പഠനത്തോടൊപ്പം തൊഴില്‍വാര്‍ത്തയും വായിച്ചായിരുന്നു പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുത്തത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് കോച്ചിങ് സെന്ററിലെ ക്ലാസ്. ബാക്കിയുളള ദിവസങ്ങളില്‍ സഹപാഠികളുമൊത്ത് കൂട്ടായി പഠിക്കും. ഈ കാലയളവില്‍ ഫോണ്‍, സോഷ്യല്‍മീഡിയ എന്നിവയുടെ ഉപയോഗം സ്വയം നിയന്ത്രിക്കുകയും ചെയ്തു. എങ്ങനെയെങ്കിലും പി.എസ്.സി റാങ്ക് ലിസ്റ്റില്‍ കയറിക്കൂടുകയെന്നതായിരുന്നു ലക്ഷ്യം. അവിടെ വെച്ചാണ് സഹപാഠിയായ അഖിലേഷിനെ പരിചയപ്പെടുന്നത്. പിന്നീട് ക്ലാസില്ലാത്ത സമയങ്ങളിലെല്ലാം അഖിലേഷുമൊത്ത് ഒരുമിച്ചായിരുന്നു പഠനം. നിരവധി പരീക്ഷകള്‍ എഴുതുകയും ചെയ്തു.
.png?$p=8676a2f&&q=0.8)
ഒന്നാം റാങ്ക് അപ്രതീക്ഷിതം, ലക്ഷ്യത്തിനായി ശ്രമം തുടരുകയാണ്
ഒടുവില്‍ സി.പി.ഒ റാങ്ക് ലിസ്റ്റിലാണ് ആദ്യമായി സ്വാതി ഉള്‍പ്പെടുന്നത്. ശേഷം 2021-ല്‍ വനിതാ സി.പി.ഒ ആയി നിയമനവും ലഭിച്ചു. എല്‍.ഡി.സി പ്രിലിമിനറി പരീക്ഷ എഴുതിയതിന് ശേഷമാണ് സി.പി.ഒ ട്രെയിനിംഗിനായി പോകുന്നത്. അപ്പോഴും മെയിന്‍ പരീക്ഷയ്ക്കായുളള തയ്യാറെടുപ്പില്‍ വിട്ടുവീഴ്ചകളുണ്ടായിരുന്നില്ല. ട്രെയിനിംഗ് കാലയളവിലും സമയം കണ്ടെത്തിയാണ് എല്‍.ഡി.സി മെയിന്‍ പരീക്ഷയ്ക്കായി തയ്യാറെടുത്തത്. രാവിലെ ആറ് മണി മുതല്‍ ട്രെയിനിംഗ് ആരംഭിക്കുന്നതിനാല്‍ അതിരാവിലെ എണീറ്റാണ് പലപ്പോഴും പഠിച്ചത്. ഇടവേളകളില്‍ വീണുകിട്ടുന്ന അരമണിക്കൂര്‍ സമയങ്ങള്‍പോലും പഠനത്തിന് ചിലവഴിച്ചു. അങ്ങനെയാണ് സ്വാതി ഇത്തവണത്തെ എല്‍.ഡി.സി റാങ്ക് ലിസ്റ്റില്‍ ഇടം നേടുന്നത്. അതും കോഴിക്കോട് ജില്ലയില്‍ നിന്ന് ഒന്നാം റാങ്കോടെ.
'എല്‍.ഡി.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഒന്നാം റാങ്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ഇനി ഡിഗ്രി ലെവല്‍ മെയിന്‍ പരീക്ഷയാണ് ലക്ഷ്യം. പ്രിലിമിനറി പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ മെയിന്‍ പരീക്ഷയില്‍ വിജയം നേടാനുളള ശ്രമത്തിലാണ്.'
ചാട്ടത്തിനിടയില്‍ പരിക്കേറ്റ് വീണ ആ പഴയ ലോങ് ജമ്പ് താരത്തിന്റെ പോരാട്ടവീര്യത്തിന് തെല്ലും കുറവില്ല. ഡിഗ്രി ലെവല്‍ മെയിന്‍ പരീക്ഷ മറികടക്കാന്‍ സ്വാതി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.
സ്വാതിയുടെ ഭര്‍ത്താവ് അഖിലേഷും പി.എസ്.സി പരീക്ഷയില്‍ തിളങ്ങുന്ന വിജയമാണ് കരസ്ഥമാക്കിയത്. ഇപ്പോള്‍ കെ.എസ്.എഫ്.ഇ യിലെ ഉദ്യോഗസ്ഥനാണ് അഖിലേഷ്.
Content Highlights: psc ldc first rank holder from kozhikkode Swathy V C
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..