സുല്‍ത്താന്‍ബത്തേരി: സ്വാശ്രയ കോളേജുകളിലെ അധ്യാപകര്‍ നേരിടുന്ന ചൂഷണത്തിനെതിരേ നിയമ നിര്‍മാണം വേണമെന്ന ആവശ്യമുയര്‍ത്തി സംഘടനകള്‍ സമരത്തിനൊരുങ്ങുന്നു. അധ്യാപകര്‍ക്ക് മാന്യമായ വേതനവും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്നാണ് ആവശ്യം.

സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ സ്ഥിരാധ്യാപകരുടെ ശമ്പളത്തിന്റെ നാലിലൊന്ന് പോലും തുല്യ യോഗ്യതയോടെ ജോലി ചെയ്യുന്ന താത്കാലിക അധ്യാപകര്‍ക്ക് ലഭിക്കുന്നില്ല. അടുത്തിടെ, സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളിലെയും സര്‍വകലാശാലകളിലെയും അധ്യാപകരുടെ ശമ്പളം 22 മുതല്‍ 28 ശതമാനംവരെ വര്‍ധിപ്പിച്ചിരുന്നു. ഇതുപ്രകാരം ജോലിയില്‍ പ്രവേശിക്കുന്ന അസി. പ്രൊഫസര്‍ക്ക് മാസം 57,700 രൂപ കുറഞ്ഞ വേതനമായി ലഭിക്കുമ്പോള്‍ ഇതേ ജോലിചെയ്യുന്ന സ്വാശ്രയ മേഖലയിലെ അധ്യാപകര്‍ക്ക് 10,000 രൂപയോ അതില്‍താഴെയോ ആണ് ശമ്പളം.

പുല്പള്ളിയിലെ ഒരു എയ്ഡഡ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോഴ്‌സുകളിലേക്ക് അധ്യാപകരെ നിയമിക്കുമ്പോള്‍ പ്രതിമാസം 15,000 രൂപ ശമ്പളമായി നല്‍കുമെന്നാണ് കരാറെഴുതുന്നത്. എന്നാലിവര്‍ക്ക് 10,000 രൂപയിലധികം ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. ഇതേ കോളേജില്‍ അനുവദിച്ച പി.ജി. എയ്ഡഡ് കോഴ്‌സില്‍ മൂന്ന് സ്ഥിരം അധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഈ തസ്തികയില്‍ ക്ലാസെടുക്കുന്നവര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ മാനദണ്ഡ പ്രകാരം (ഡി.ഡി. സാലറി) നല്‍കുന്നതിനുള്ള നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.

ബിരുദാനന്തര ബിരുദവും നെറ്റും പി.എച്ച്ഡി.യും യോഗ്യതയുള്ളവര്‍പോലും തുച്ഛമായ ശമ്പളത്തില്‍ മാത്രം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. പലമാനേജുമെന്റുകളും ശമ്പളം കൃത്യസമയത്ത് നല്‍കാറുമില്ല. പുറത്തുപറഞ്ഞാലുള്ള മാനക്കേടും ജോലിയില്‍ നിന്നുള്ള പിരിച്ചുവിടല്‍ ഭീഷണിയും മൂലം മിക്കവരും ഇതൊക്കെ സഹിക്കുകയാണ്. പ്രതികരിക്കുന്നവരെ പിരിച്ചുവിടുന്നതുള്‍പ്പടെയുള്ള പല പ്രതികാരനടപടികളും സ്വീകരിക്കുന്നതും സര്‍വസാധാരണമായിട്ടുണ്ട്.

ക്ലാസെടുക്കുന്നതിന് പുറമേ അധ്യാപകരെക്കൊണ്ട് ഓഫീസ് ജോലികളും ചെയ്യിക്കാറുണ്ട്. സമരങ്ങള്‍, പെട്ടന്നുള്ള അവധികള്‍ എന്നീ ദിവസങ്ങളിലും വേതനം കിട്ടാറില്ല. രണ്ട് മാസത്തെ വേനലവധിക്കാലത്ത് ശമ്പളം നല്‍കുന്നത് ഒഴിവാക്കാനായി പല കോളേജുകളിലും അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടും. തുടര്‍ന്ന് അടുത്ത അധ്യയന വര്‍ഷത്തേക്ക് വീണ്ടും കൂടിക്കാഴ്ച നടത്തി നിയമനം നല്കും. സര്‍ക്കാര്‍, എയ്ഡഡ് മേഖലയെക്കാള്‍ കൂടുതല്‍ കോളേജുകളും വിദ്യാര്‍ഥികളുമുള്ളത് സ്വാശ്രയ മേഖലയിലാണ്. നൂറുകണക്കിനാളുകളാണ് സ്വാശ്രയ മേഖലയില്‍ അധ്യാപക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.കെ. ദിനേശന്‍ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതിനാവശ്യമായ നിരവധി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ചെങ്കിലും തുടര്‍നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കണമെന്ന വിഷയം പരിശോധിച്ച് വിശദീകരണം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജൂലായില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

നിയമ നിര്‍മാണം വേണം

"സ്വാശ്രയ മേഖലയില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ക്കും ജീവനക്കാരും മാനേജ്‌മെന്റുകളുടെ ചൂഷണത്തിനിരയാവുകയാണ്. തുല്യജോലിക്ക് തുല്യമായ വേതനം ലഭ്യമാക്കണം. ഈ മേഖലയില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനായി സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തേണ്ടത് അനിവാര്യമാണ്."

-അജിത് കെ. ഗോപാലന്‍, സെല്‍ഫ് ഫിനാന്‍സിങ് കോളേജ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി