വിദേശത്ത് പഠനമോ ജോലിയോ ആഗ്രഹിക്കുന്നവരാണോ?; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം 


എം.എസ്. രാഖേഷ് കൃഷ്ണന്‍

Career Guidance

Representational Image (Photo: canva)

ഉന്നതപഠനത്തിന് വിദേശസര്‍വകലാശാലകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. നല്ല ലക്ഷ്യബോധത്തോടെയും തയ്യാറെടുപ്പുകളോടെയും വിദേശപഠനത്തെ സമീപിക്കുന്നവരെ മികച്ച കരിയറാണ് കാത്തിരിക്കുന്നത്. വിദേശപഠനം ആഗ്രഹിക്കുന്നവര്‍ക്ക് സഹായകരമായ 50 കാര്യങ്ങള്‍ ഇതാ...

1. പഠിക്കാനുദ്ദേശിക്കുന്ന കോഴ്സ്, രാജ്യം, വിദ്യാഭ്യാസ സ്ഥാപനം/സര്‍വകലാശാല എന്നിവയേതാണെന്നുള്ള തീരുമാനം ആദ്യമുണ്ടാകണം. എങ്ങനെയെങ്കിലും വിദേശത്തുപോയി പഠിച്ചാല്‍ മതിയെന്ന രീതി ഗുണം ചെയ്യില്ല.

2. ഓരോ രാജ്യത്തെയും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കാവൂ. വിശ്വസനീയമായ സ്ഥാപനങ്ങളാണെങ്കില്‍ അവയുടെ വെബ്സൈറ്റുകള്‍ക്കൊപ്പം രാജ്യത്തെ സൂചിപ്പിക്കുന്ന അക്ഷരങ്ങള്‍കൂടി കാണും. ഉദാഹരണമായി അമേരിക്കയില്‍ .us, ഫ്രാന്‍സില്‍ .fr, ജര്‍മനിക്ക് .de, ദക്ഷിണ കൊറിയയ്ക്ക് .kr.

3. തിരഞ്ഞെടുക്കുന്ന കോഴ്സിന് ഇന്ത്യയിലോ ജോലി ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തോ അംഗീകാരമുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കണം.

4. തിരഞ്ഞെടുക്കുന്ന സ്ഥാപനം മികവുള്ളതാണോ എന്ന കാര്യം ശ്രദ്ധിക്കണം. പൂര്‍വവിദ്യാര്‍ഥികളോട് ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാം.

5. കോഴ്സിന് അപേക്ഷിക്കാനുള്ള പൂര്‍ണമായ യോഗ്യതയും ആവശ്യമായ സര്‍ട്ടിഫിക്കറ്റും ഉണ്ടെന്ന് ഉറപ്പാക്കണം. രേഖാപരിശോധനാസമയത്ത് ആവശ്യമായ യോഗ്യതയില്ലെന്ന് കണ്ടാല്‍ ഫീസ് നഷ്ടപ്പെടാനും നിയമപ്രശ്‌നങ്ങളിലേക്ക് പോകാനും സാധ്യതയുണ്ട്.

6. അപേക്ഷ യഥാസമയംതന്നെ നല്‍കാന്‍ ശ്രദ്ധിക്കുക. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയതിനുശേഷം ചില രേഖകള്‍ തപാലില്‍ അയയ്ക്കാനും ചിലപ്പോള്‍ ആവശ്യപ്പെടാറുണ്ട്. തപാല്‍ മാര്‍ഗത്തില്‍ വൈകാനുള്ള സാധ്യതകൂടി പരിഗണിക്കണം.

7. എല്ലാവര്‍ഷവും ട്യൂഷന്‍ ഫീസിന് പുറമേ നോണ്‍ ട്യൂഷന്‍ ഇനത്തിലും ഫീസുണ്ടാകും. പരീക്ഷ, ആരോഗ്യ ഇന്‍ഷുറന്‍സ്, അക്കാദമിക് റെക്കോഡ്, മെയിന്റനന്‍സ് തുടങ്ങിയവയെല്ലാം നോണ്‍ ട്യൂഷന്‍ ഇനത്തിലാണ് പരിഗണിക്കുക.

8. സ്ഥാപനങ്ങളുടെ ഫീസ് റീഫണ്ട് പോളിസിയെന്താണെന്ന് മനസ്സിലാക്കിവയ്ക്കണം. ഏതെങ്കിലും കാരണവശാല്‍ കോഴ്സ് നിര്‍ത്തേണ്ടിവന്നാല്‍ ചില ഇനത്തിലെ ഫീസെങ്കിലും തിരിച്ചുകിട്ടിയേക്കാം. പൊതുവേ അടച്ച ഫീസ് തിരിച്ചുലഭിക്കാനുള്ള സാധ്യത വളരെക്കുറവാണ്.

9. ഏജന്റോ കൗണ്‍സലിങ് സ്ഥാപനങ്ങളോ വഴിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ അവര്‍ നല്‍കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കുക. അവര്‍ നല്‍കുന്ന സേവനങ്ങളെന്തൊക്കെയാണെന്നും ഫീസെത്രയാണെന്നും ആദ്യമേ ചോദിച്ച് മനസ്സിലാക്കുക.

10. ഏജന്റുമാര്‍ക്ക് പണം നല്‍കുമ്പോള്‍ ഇതിന് വ്യക്തമായ രശീതി ചോദിച്ചുവാങ്ങണം. പരമാവധി ഡിജിറ്റലായിമാത്രം പണം കൈമാറുക.

വിസ

11. വിസയ്ക്ക് നേരത്തേ അപേക്ഷിക്കണം. ഇത് കിട്ടുന്നത് വൈകാനോ നിരസിക്കപ്പെടാനോ സാധ്യതയുണ്ട്.

12. വിസയ്ക്ക് ആവശ്യമായ രേഖകള്‍ ഓരോ രാജ്യത്തും വ്യത്യസ്തമായിരിക്കും. എങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍, സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നെങ്കില്‍ അതിന്റെ രേഖകള്‍, സാമ്പത്തിക പ്രസ്താവന, താമസസൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ എല്ലായിടത്തും ആവശ്യമാണ്.

13. വിദേശത്ത് താമസിക്കുന്ന മുഴുവന്‍ കാലയളവിലേക്കുമുള്ള കാലാവധി വിസയ്ക്കും പാസ്പോര്‍ട്ടിനുമുണ്ടാകണം. വിസ കാലാവധി കഴിഞ്ഞ് മൂന്നുമാസമെങ്കിലും കൂടുതല്‍ കാലത്തേക്ക് പാസ്പോര്‍ട്ടിന് കാലാവധിയുണ്ടാകുന്നതാണ് നല്ലത്.

14. നിലവില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്ളവരാണെങ്കില്‍ അതിന് അന്താരാഷ്ട്ര കവറേജ് ഉണ്ടോയെന്ന് പരിശോധിക്കണം.

15. ഷെങ്കന്‍ രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന യൂറോപ്പിലെ പ്രധാന രാജ്യങ്ങളിലെയും അമേരിക്കയിലെയും സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ബ്രിട്ടന്‍, ഓസ്ട്രേലിയ, സിംഗപ്പുര്‍, മലേഷ്യ എന്നിവിടങ്ങളില്‍ ഇത് നിര്‍ബന്ധമല്ലെങ്കിലും എടുക്കുന്നത് നല്ലതാണ്.

സ്‌കോളര്‍ഷിപ്പ്

16. മിക്കയിടത്തും കോഴ്സിന് അപേക്ഷിക്കുമ്പോള്‍തന്നെ സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കേണ്ടിവരും. അതിനാല്‍ ഏതെല്ലാം സ്‌കോളര്‍ഷിപ്പുകളാണുള്ളത് എന്ന് ആദ്യമേ മനസ്സിലാക്കിവയ്ക്കണം.

17. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്കുപുറമേ വിദേശവിദ്യാര്‍ഥികള്‍ക്ക് പൊതുവായി ആതിഥേയരാജ്യം നല്‍കുന്നവയും കണ്ടേക്കാം. ഇക്കാര്യവും പ്രത്യേകം അന്വേഷിച്ച് മനസ്സിലാക്കണം.

18. ഒരു സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് ഒരേസമയം മറ്റൊന്ന് ലഭിച്ചില്ലെന്നുവരാം. അപ്പോള്‍ ഏറ്റവും മെച്ചമായത് തിരഞ്ഞെടുക്കുക.

19. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാവുന്ന ചില സ്‌കോളര്‍ഷിപ്പുകള്‍:

* Inlaks Shivdasani Foundation Scholarships * Fulbright - Nehru Fellowship * Campus France Charpak Scholarship * Erasmus Mundus Scholarships for International Students * WISE (funded by German Academic Exchange Service - DAAD) * Orange Tulip Scholarship (OTS) * British Council GREAT scholarships for Indian Students * LSE Commonwealth Shared Scholarship Scheme (CSSS) * Commonwealth Scholarship and Fellowship Postgraduate * Chevening Scholarships * Cornell University Tata Scholarship * British Council-IELTS Prize

20. ഓസ്ട്രേലിയയില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാവുന്ന ചില സ്‌കോളര്‍ഷിപ്പുകള്‍: $ University of New South Wales (UNSW Sydney) Future of Change India Scholarship $ India Global Leaders Scholarship $ University of Adelaide Ashok Khurana Scholarship for Indian Studenst

21. ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാവുന്ന ചില സ്‌കോളര്‍ഷിപ്പുകള്‍: $ Peking University Scholarship $ Asian Development Bank Scholarship

എന്തൊക്കെ കൊണ്ടുപോകണം

22. പോകുന്ന രാജ്യത്തെ കാലാവസ്ഥയനുസരിച്ചുള്ള വസ്ത്രങ്ങളാണ് കൊണ്ടുപോകേണ്ടത്. കോട്ട്, തൊപ്പി, കൈയുറകള്‍, ഷൂസ് എന്നിവ യുക്തിപൂര്‍വം തിരഞ്ഞെടുക്കുക.

23. വിമാനത്തിലാണ് യാത്രയെങ്കില്‍ നിശ്ചിത ഭാരത്തിലുള്ള വസ്തുക്കള്‍ മാത്രമേ സൗജന്യമായി കൊണ്ടുപോകാനാകൂ. ബാഗുകളൊരുക്കുമ്പോള്‍ ഇത് ശ്രദ്ധിക്കണം. അനുവദനീയമായ ഭാരം എത്രയെന്ന് ടിക്കറ്റിലുണ്ടാകും. പുറപ്പെടുംമുന്‍പ് ബാഗുകളുടെ ഭാരം ഇതിനുള്ളിലാണെന്ന് ഉറപ്പുവരുത്തുക.

24. ഭാരം കുറയ്ക്കാന്‍വേണ്ടി എല്ലാ സാധനങ്ങളും പോകുന്ന രാജ്യത്തുനിന്നുതന്നെ വാങ്ങാമെന്ന് കരുതരുത്. നമ്മുടെ നാട്ടിലേതിനേക്കാള്‍ ഇരട്ടിവിലയാകും പല വസ്തുക്കള്‍ക്കുമുണ്ടാകുക.

25. ടിക്കറ്റ്, പാസ്പോര്‍ട്ട്, വിസ, മറ്റ് യാത്രാരേഖകള്‍, പഠനാവശ്യത്തിനാണ് പോകുന്നത് എന്നതിന്റെ രേഖകള്‍ എന്നിവയുടെയെല്ലാം അസലും ഒന്നിലേറെ കോപ്പികളും കൈവശമുണ്ടായിരിക്കണം. ഇവ ഹാന്‍ഡ്ബാഗില്‍തന്നെ സൂക്ഷിക്കണം. ഒരിക്കലും ലഗേജുകള്‍ക്കൊപ്പം വയ്ക്കരുത്.

26. സ്ഥിരമായി കഴിക്കുന്ന മരുന്നുകളുണ്ടെങ്കില്‍ അവ ഡോക്ടറുടെ കുറിപ്പോടുകൂടി കൈവശം വയ്ക്കണം.

27. ഫീസടച്ച രശീതി ഉള്‍പ്പെടെയുള്ള എല്ലാ രേഖകളുടെയും ഡിജിറ്റല്‍ കോപ്പികളും സൂക്ഷിച്ചുവയ്ക്കണം.

ഭാഷ

28. വിദേശത്തെ ചില കോഴ്സുകള്‍ക്ക് അതത് രാജ്യത്തെ ഭാഷയില്‍ ചില അടിസ്ഥാന അറിവെങ്കിലും ആവശ്യമായിരിക്കും. കോഴ്സ് തിരഞ്ഞെടുക്കുന്നതിനുമുന്‍പ് ഇത് മനസ്സിലാക്കിയിരിക്കണം. ഫ്രാന്‍സിലെ ചില പ്രോഗ്രാമുകള്‍ക്ക് ഫ്രഞ്ച് ഭാഷാപരിജ്ഞാനം ആവശ്യമാണ്.

29. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം (IELTS) അല്ലെങ്കില്‍ ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ആസ് എ ഫോറിന്‍ ലാംഗ്വേജ് (TOFEL) സ്‌കോറുകള്‍ ആവശ്യമായിവരും. ഇംഗ്ലീഷ് ഭാഷകളിലെ നിലവാരം അളക്കുന്ന വ്യത്യസ്ത പരീക്ഷകളാണിവ. വായന, എഴുത്ത്, സംസാരം, കേട്ടുമനസ്സിലാക്കല്‍ എന്നിവയിലെ പ്രാവീണ്യമാണ് വിലയിരുത്തുക.

30. IELTSല്‍ ബ്രിട്ടീഷ് ഇംഗ്ലീഷിലെ പ്രാവീണ്യമാണ് അളക്കുന്നത്. IELTS രണ്ടുതരത്തിലാണുള്ളത്. ഒന്ന്, വിദേശത്തെ ഉപരിപഠനം ലക്ഷ്യംവെച്ചുള്ളതാണ്. രണ്ടാമത്തേത് ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും മറ്റും ഇടപെടാന്‍ ഉദ്ദേശിച്ചുള്ളതാണ്. വിശദവിവരങ്ങള്‍ക്ക് www.ielts.org എന്ന വെബ്സൈറ്റ് കാണുക.

31. അമേരിക്കയില്‍ രൂപപ്പെടുത്തിയെടുത്തതാണ് TOFEL. അമേരിക്കന്‍ ഇംഗ്ലീഷിലെ അറിവാണ് ഇവിടെ അളക്കുന്നത്. എഴുത്തുപരീക്ഷയോ ഓണ്‍ലൈന്‍ പരീക്ഷയോ ആണുണ്ടാകുക. വിശദവിവരങ്ങള്‍ക്ക് www.ets.org എന്ന വെബ്സൈറ്റ് കാണുക.

32. അമേരിക്കയിലെ സ്ഥാപനങ്ങള്‍ കൂടുതലും TOFEL സ്‌കോര്‍ ആണ് പരിഗണിക്കുക. ബ്രിട്ടണില്‍ IELTS UKVI എന്ന പരീക്ഷയിലെ സ്‌കോര്‍ ആവശ്യമായേക്കും.

പണം

33. വിദേശരാജ്യങ്ങളിലെത്തിയാലുടന്‍ ടാക്സി വിളിക്കുന്നതടക്കമുള്ള ഒട്ടേറെ ചെലവുകളുണ്ടാകാം. അതിനാല്‍ കൈവശം ആവശ്യത്തിന് അവിടുത്തെ കറന്‍സിയുണ്ടായിരിക്കണം. വിമാനത്താവളത്തില്‍ കറന്‍സി മാറ്റുന്നതിനുള്ള സൗകര്യമുണ്ടാകും.

34. യൂറോ, പൗണ്ട്, ഡോളര്‍ എന്നീ കറന്‍സികള്‍ എല്ലാ രാജ്യത്തുനിന്നും മാറ്റാനുള്ള സൗകര്യമുണ്ടാകും. ഇന്ത്യന്‍ രൂപ ചില രാജ്യങ്ങളില്‍ മാറുന്നത് എളുപ്പമാകില്ല.

35. വിദേശത്ത് ഉപയോഗിക്കാവുന്നതും ഇന്ത്യയില്‍നിന്ന് ടോപ്പ് അപ്പ് ചെയ്യാന്‍ സൗകര്യമുള്ളതുമായ ട്രാവല്‍ കാര്‍ഡുകള്‍ ബാങ്കുകളില്‍നിന്ന് ലഭിക്കും. ഇതിന് ചെറിയ ട്രാന്‍സാക്ഷന്‍ നിരക്കുണ്ടാകും.

36. സാമ്പത്തികകാര്യങ്ങള്‍ക്കായി അംഗീകൃതമാര്‍ഗങ്ങള്‍ മാത്രം അവലംബിക്കുക. ഇല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളില്‍ പെടാന്‍ സാധ്യതയുണ്ട്.

37. വിദേശവിദ്യാര്‍ഥികള്‍ക്ക് ഒരു സാമ്പത്തികവര്‍ഷം കൈമാറ്റം ചെയ്യാവുന്ന പണത്തിന് ചിലപ്പോള്‍ പരിമിതിയുണ്ടാകും. എത്തുന്ന രാജ്യത്തെ നിയമം എങ്ങനെയാണെന്ന് മനസ്സിലാക്കുക.

താമസം

38. വിദേശത്തെത്തിയാലുള്ള താമസ സൗകര്യം പോകുന്നതിനുമുന്‍പേ ഉറപ്പാക്കണം.

39. കാമ്പസില്‍തന്നെ താമസ സൗകര്യം മിക്ക സ്ഥാപനങ്ങളിലുമുണ്ട്. ആദ്യമെത്തുന്നവര്‍ക്കായിരിക്കും ഇത് അനുവദിക്കുക.

40. കാമ്പസിന് പുറത്തുള്ള താമസസ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ വാടകയ്‌ക്കൊപ്പം യാത്രാച്ചെലവും പരിഗണിക്കണം.

41. വിദേശത്ത് പൊതുഗതാഗത സൗകര്യങ്ങളില്‍ ട്രാവല്‍ കാര്‍ഡുകള്‍ ലഭ്യമാണ്. ഇവ ചെലവ് കുറയ്ക്കും.

42. വിദേശത്ത് പഠിക്കുമ്പോള്‍ അവിടുത്തെ സ്ഥലങ്ങള്‍ കാണാനും സംസ്‌കാരം അടുത്തറിയാനുമുള്ള അവസരങ്ങള്‍കൂടി പരമാവധി ഉപയോഗപ്പെടുത്തണം. യൂറോപ്പിലാണെങ്കില്‍ തീവണ്ടി യാത്രകള്‍ക്കായുള്ള EU rail pass ഇതിന് ഉപകരിക്കും.

പാര്‍ട്ട് ടൈം ജോലി

43. വിദേശരാജ്യങ്ങളില്‍ പഠനത്തിനൊപ്പം ജോലി ചെയ്യാനും അവസരം ലഭിക്കും. ഇത് സ്വയംപര്യാപ്തരാകാന്‍ നമ്മെ സഹായിക്കും.

44. പൂര്‍ണസമയ വിദ്യാര്‍ഥികള്‍ക്ക് ജോലിചെയ്യാനുള്ള സമയം മിക്ക രാജ്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ സമയം ജോലിചെയ്യാന്‍ അനുവാദമില്ല.

45. പാര്‍ട്ട് ടൈം ജോലികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ആവശ്യമാണോയെന്ന് പരിശോധിക്കണം.

46. ജോലി ചെയ്യുമ്പോള്‍ പഠനത്തിനോടുള്ള താത്പര്യം നഷ്ടമാകരുത്. ആദ്യ പരിഗണന എപ്പോഴും പഠനത്തിനായിരിക്കണം.

47. പഠനത്തിനുശേഷം ജോലി തേടാനുള്ള അംഗീകൃത സമയം ഓരോ രാജ്യത്തും വ്യത്യസ്തമാണ്. ഇങ്ങനെ ജോലി ലഭിക്കുന്നതിന് പ്രത്യേക വര്‍ക്ക് പെര്‍മിറ്റ് ആവശ്യമായിവന്നേക്കാം.

സഹായം

48. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ MADAD പോര്‍ട്ടലില്‍ (www.madad.gov.in) വിദേശത്ത് പഠിക്കാന്‍ പോകുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. വിദേശത്തെത്തിയാല്‍ അവിടുത്തെ ഇന്ത്യന്‍ എംബസികളില്‍ നേരിട്ടുപോയോ വെബ്സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാനും ശ്രദ്ധിക്കണം.

49. എല്ലാ വിദേശരാജ്യങ്ങളിലും ഇന്ത്യക്കാരുടെയും മലയാളികളുടെയുമൊക്കെ കൂട്ടായ്മകളുണ്ടാകും. ഇവരുമായി ബന്ധപ്പെടുന്നത് നല്ലതാണ്.

50. വിദേശത്തെ പ്രശ്‌നങ്ങളില്‍ സഹായം ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രവുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍: +911140503090/26885021 (ഇന്ത്യക്ക് പുറത്തുനിന്ന്), 1800113090 (ഇന്ത്യയില്‍നിന്ന് മാത്രം). ഇ-മെയില്‍: helpline@mea.gov.in

കടപ്പാട്: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ 2021 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച Student Handbook for Studying Abroad

(മാതൃഭൂമി തൊഴില്‍വാര്‍ത്തയുടെ ഹരിശ്രീ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Preparing for Study Abroad: 50 Things You Need to Know

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented