കാതിന് ഇമ്പമുള്ള ശബ്ദം കേട്ടാല്‍ മറ്റൊന്നും ശ്രദ്ധിക്കാതെ കണ്ണടച്ചിരുന്ന് കേള്‍ക്കുന്നവരാണ് നമ്മളില്‍ പലരും. അങ്ങനെ കേള്‍ക്കുന്നതിനിടെ അതുപോലെ മികച്ച ശബ്ദമാണല്ലോ എനിക്കെന്ന് തോന്നുകയാണെങ്കില്‍ ധൈര്യമായി നിങ്ങള്‍ക്കും പോഡ് കാസ്റ്ററാകാം. വാക്കുകള്‍ കൊണ്ട് അമ്മാനമാടാന്‍ ഒരല്‍പം കഴിവും അഭിരുചിയുമുണ്ടെങ്കില്‍ കിടിലന്‍ കരിയറാക്കാവുന്ന മേഖലയാണിത്. അതിന് സ്വന്തമായി റെക്കോഡിങ് സ്റ്റുഡിയോ വേണ്ടെയെന്നാണ് ചിന്തയെങ്കില്‍ ഡോണ്ട് വെറി. 

സ്പീഡുള്ള ഇന്റര്‍നെറ്റ് സംവിധാനമുണ്ടെങ്കില്‍ സ്റ്റുഡിയോ ഓണ്‍ലൈനായി ഒപ്പം പോരും. റേഡിയോ പരിപാടികളോട് ചേര്‍ന്ന് നില്‍ക്കുന്ന എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമാണ് പോഡ് കാസ്റ്റുകള്‍. ഡൗണ്‍ലോഡ് ചെയ്ത് വച്ചാല്‍ ഏതു നേരത്തും കേള്‍ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷേ പോഡ്കാസ്റ്ററാകാന്‍ കളത്തിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം 

എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന ധാരണ വേണം

എന്തിനെക്കുറിച്ചാണ് ശ്രോതാക്കളോട് സംസാരിക്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ വ്യക്തമായ ധാരണ വേണം. കൂടാതെ സംസാരിച്ച് തുടങ്ങുന്ന വിഷയത്തില്‍ നിന്ന് ഒരു കാരണവശാലും വ്യതിചലിക്കാന്‍ പാടില്ല. ശ്രോതാക്കള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അവരിലേക്ക് എത്തുക്കുമ്പോഴാണ് നിങ്ങളുടെ പരിപാടി വിജയിക്കുക.

കൃത്യമായ വിവരങ്ങള്‍ നല്‍കുക

നിങ്ങള്‍ പറയുന്ന വിവരങ്ങള്‍ സത്യസന്ധവും കൃത്യവുമാണെന്ന് ഉറപ്പു വരുത്തണം. വലിയൊരു വിഭാഗം ആള്‍ക്കാരെ സ്വാധീനിക്കാന്‍ കഴിയുന്ന മാധ്യമമാണ് ശ്രവ്യമാധ്യമം. അതിനാല്‍ ശരിയായ വിവരങ്ങള്‍ മാത്രം നല്‍കുക.  കേള്‍വിക്കാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കി അവരെ വീര്‍പ്പുമുട്ടിക്കാതിരിക്കാനും ശ്രദ്ധിക്കണം. വെറുതെ വിവരങ്ങള്‍ മാത്രം പറയാതെ അതിനൊപ്പം സ്വന്തം അനുഭവങ്ങളോ കഥകളോ അവര്‍ക്കു മുന്നില്‍ അവതരിപ്പിക്കുക. മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്നവരെ തേടി ശ്രോതാക്കളെത്തും.

വ്യത്യസ്തമായ അവതരണം
 
എല്ലാവരും ചെയ്യുന്നതിന് സമാനമായി പരിപാടി അവതരിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. പരമ്പരാഗത റേഡിയോ പ്രോഗ്രാമുകളില്‍ നിന്ന് വ്യത്യസ്തമായി നിങ്ങളുടേതായ ശൈലി രൂപപ്പെടുത്തുക. അതിനൊപ്പം മുന്നേറുക.

അഭിമുഖങ്ങളും മറ്റും അവതരിപ്പിക്കുമ്പോള്‍ ശ്രോതാക്കള്‍ അറിയാന്‍ ആഗ്രഹിക്കുന്ന പരമാവധിവിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കണം. അതിനായി വിവരങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്തുക. അഭിമുഖം ചെയ്യുന്ന വ്യക്തിയില്‍ നിന്ന് രസകരമായ വിവരങ്ങള്‍ ചോദിച്ചറിയുക. അത് നിങ്ങളുടെ പരിപാടിയെ കൂടുതല്‍ രസകരമാകും. 

കേള്‍ക്കുന്നവര്‍ക്ക് കൗതുകം തോന്നുന്ന തരത്തിലുള്ള തലക്കെട്ടുകള്‍ നല്‍കാന്‍ ശ്രമിക്കുക. ഒരോ എപ്പിസോഡിന്റെയും തലക്കെട്ടുകള്‍ വ്യത്യസ്ഥവും ആകര്‍ഷണീയവുമാക്കുക.

 
Content Highlights: Podcasting as a Career,Things to take care while doing a podcast