Representational Image| Pic Credit: Getty Images
ആപ്പിളിന്റെയും ഉബറിന്റെയും മാര്‍ക്കറ്റിങ്ങിനെ നയിച്ച, ഇപ്പോള്‍ വിനോദമാധ്യമ രംഗത്തെ ആഗോള ഭീമനായ വില്യം മോറിസ് എന്‍ഡവറിന്റെ സി.എം.ഒ. ആയ പ്രതിഭാസമ്പന്നയായ യുവതിയാണ് ബസോമ സെയ്ന്റ് ജോണ്‍. തൊഴിലിടങ്ങളിലെ പുരുഷാധിപത്യത്തിന്റെയും തൊലിനിറത്തിന്റെയുമൊക്കെ രാവണന്‍കോട്ടകളെ അതിജീവിച്ചാണ് അവരെപ്പോലുള്ളവര്‍ അനിഷേധ്യമായ തങ്ങളുടേതായ ഒരിടം കോര്‍പ്പറേറ്റ് ലോകത്ത് നേടിയെടുത്തത്. സ്വയം ഒരു ചെയ്ഞ്ച് ഏജന്റ് എന്നറിയപ്പെടാന്‍ ആഗ്രഹിച്ച അവരോട് ഒരു അഭിമുഖത്തില്‍ ചോദ്യമുയര്‍ന്നു. താങ്കളുടെ ജീവിതത്തെ ഏറെ സ്വാധീനിച്ച, ജീവിതത്തില്‍ മാര്ഗദീപമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന മഹദ് വചനങ്ങള്‍ ഉണ്ടോ?
അത് ''ബി ദ ചെയ്ഞ്ച് യു വാണ്ട് റ്റു സീ ഇന്‍ ദ വേള്‍ഡ്'' എന്നാണെന്ന് ബസോമ. ആത്മീയതയുടെയും ഭൗതികതയുടെയും ആഴമളന്ന ഒരു ഗാന്ധിചിന്തയാണത്. മാറിയ ലോകം ആഗ്രഹിക്കുന്നവര്‍ അവരാഗ്രഹിക്കുന്ന മാറ്റം ആദ്യം സ്വജീവിതത്തില്‍ യാഥാര്‍ഥ്യമാക്കണം. ലോകത്തു സകലതിനെപ്പറ്റിയും പരാതി പറയുന്നവരെ കാണാം, ഒന്നാലോചിച്ചാല്‍ ഒന്നാഞ്ഞുപിടിച്ചാല്‍ പരാതികളില്‍ പാതിയും പതിരാവുന്നതു കാണാവുന്നതേയുള്ളൂ.
പലതും മാറ്റിമറിക്കാനുള്ള കരുത്തു നമ്മളിലുണ്ടെന്നതു ചിലര്‍ മറക്കുന്നു, ചിലരാവട്ടെ അതോര്‍മിക്കാന്‍ ഇഷ്ടപ്പെടുന്നുമില്ല, ചിലര്‍ ചെയ്യുന്നു. രണ്ടാമതായി ബസോമ എടുത്തിട്ടത് മൈക്കിള്‍ ജാക്സന്റെ പ്രശസ്തമായ വരിയായിരുന്നു: ''ഐ ആം സ്റ്റാര്‍ട്ടിങ് വിത് ദ മാന്‍ ഇന്‍ ദ മിറര്‍.''
ലോകമെങ്ങും ആരാധകരുള്ള അഹിംസയുടെ പ്രവാചകനും മാസ്മരിക പ്രകടനങ്ങളിലൂടെ ലോകത്തെ ഇളക്കിമറിച്ച പോപ് സംഗീത ചക്രവര്‍ത്തിയും അവരില്‍ ചെലുത്തിയ സ്വാധീനം എന്തുമാത്രമാണ്? ഇനി ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാല്‍ ഗാന്ധിചിന്തയുടെ ആത്മാവിനെ പോപ് സംഗീതത്തിലേക്കാവാഹിച്ച ജാക്സണ് യുവതയുടെ സിരകളെ ത്രസിപ്പിച്ചു ബോധത്തെ ഉണര്‍ത്തിയെന്നു വേണം കരുതാന്‍. ജാക്സണും ഗാന്ധിജിയുടെ ആരാധകനായിരുന്നു. 2009ലെ ഒരു പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത് ദുര്‍ബലര്‍ക്കു ഒരിക്കലും ക്ഷമ സാധ്യമല്ല, ക്ഷമ ശക്തരുടെ ഗുണമാണെന്ന ഗാന്ധി വചനത്തോടെയായിരുന്നു.
അദ്ദേഹത്തിന്റെ 'മാന്‍ ഇന്‍ ദ മിററില്‍' ഒരു ഗാന്ധി ഫൂട്ടേജ് ഉണ്ടായിരുന്നു. സന്ദേശം ഒന്നുതന്നെ. രണ്ടിടത്തും പറഞ്ഞതു രണ്ടുപേര്‍ രണ്ടു രീതിയില്‍ എന്നു മാത്രം. നമ്മളില്‍ പലര്‍ക്കും രാജ്യവും ലോകവും ഒക്കെ മാറണം, നമ്മളായിട്ടു മാറുകയും ഇല്ല. ആ ലോകത്താണ് ഗാന്ധിജി ജീവിച്ചത്, നൂതനമായ ഒരു സമരമാര്‍ഗത്തിലൂടെ ലോകത്തെ അമ്പരപ്പിച്ച പ്രതിഭ. സ്ഫോടനാത്മകമായ സര്‍ഗശേഷിയാല്‍ വംശീയ അതിര്‍വരമ്പുകളെ ഭേദിച്ചു സംഗീതത്തെ തന്റേതായ വഴിയില്‍ നടത്തിയ പ്രതിഭയാണ് ജാക്സണ്. തലമുറകളെ തങ്ങളുടെ ചിന്തകളാല്‍ പ്രചോദിതരാക്കുന്നവരാണ് പ്രതിഭകള്‍. വഴിമാറി സഞ്ചരിച്ചവരാണവര്, മാറാന്‍ മടിച്ചവരല്ല.
(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറാണ് ലേഖകന്‍)
Content Highlights: People who Paved New ways, Inspiration, Career Guidance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..