ഒരര്‍ഥത്തില്‍ സദാ ടിക്ടിക് ശബ്ദത്തോടെ കഴിയുന്ന ടൈംബോംബുകളാണ് നാം. ജനിച്ച് ഏറെ കഴിയുന്നതിനു മുമ്പേതന്നെ ആത്മാവിലേക്ക് കുടിയേറുന്ന വൈറസാണ് സമയം, കാലം എന്നൊക്കെ വിളിപ്പേരുള്ള ടൈം. ആജീവനാന്തം നമ്മുടെ ചിന്തകളെയത്രയും നിര്‍വചിക്കുന്നത് സമയമാണ്.
തുടക്കംകുറിക്കുന്ന ജനനംമുതല്‍ ഒടുക്കം വിധിക്കുന്ന മരണംവരെയ്ക്കും കുതിക്കുന്ന ഒരു ബുള്ളറ്റ് ട്രെയിനാണ് ജീവിതകാലം. ഏറെ വേഗമേറിയ കാലമാവുന്ന വൈറസ് ഒടുവില്‍ നമ്മെയെല്ലാം കീഴ്‌പ്പെടുത്തുന്നു.
സംഭവങ്ങളുടെ ഒഴുക്കിനെക്കുറിച്ചുള്ള നമ്മുടെ അനുഭവംമാത്രമാണ് സമയം. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, സംഭവങ്ങളുടെ അനുഭവം ചിന്തകളുടെ പ്രവാഹമായി നമ്മിലേക്ക് വരുന്നു. സമയം ഒരു മിഥ്യാബോധമായി പിന്തുടരുകയാണ്. വര്‍ത്തമാനത്തില്‍ സ്വയംജീവിക്കാന്‍ മറന്നു ഭാവി ഭദ്രമാക്കാന്‍ നടക്കുന്ന ഏക ജീവി മനുഷ്യനാവണം.
ഹ്രസ്വമാണ് ജീവിതം, അത് ഹൃദ്യമാവണമെങ്കില്‍ ഓരോ നിമിഷവും കളഞ്ഞുപോവാതെ നോക്കണം. ഭൂമിശാസ്ത്രപരമായ അതിരുകളെയൊന്നും മാനിക്കാത്ത ഒരു വൈറസാണ് ഇന്നു ലോകത്തെ ചേര്‍ത്തുനിര്‍ത്തുന്നത്. നൂറു നൂറു ആശയങ്ങളാലും ചിന്തകളാലും വിഘടിച്ചുനില്‍ക്കുന്ന രാജ്യങ്ങളെയത്രയും വൈറസ് ചേര്‍ത്തുനിര്‍ത്തുകയാണ്. ഒരു ദുരന്തവണ്ടിയിലെ ഭീതിയുടെ ബോഗികളെന്നോണം. ഈ ഗ്രഹത്തിലെ നമ്മുടെ വാസം ക്ഷണികമാണ്, കാലബന്ധിതവും.
മനുഷ്യമനസ്സിന്റെ ലബോറട്ടറിയില്‍ വികസിപ്പിക്കപ്പെട്ട വൈറസാണ് സമയം. നാം എവിടെയൊക്കെയും കാലത്തിനെതിരായി കുതിക്കുന്നുവോ കാലം ഉന്മാദവും ഭയവും സമ്മര്‍ദവും പകരംതരുന്നു. കാലത്തെ കൂടെ കൂട്ടുമ്പോള്‍, സമയവുമായി ചങ്ങാത്തംകൂടുമ്പോള്‍, അത്യുന്നതങ്ങളില്‍ ഒഴുകിനടക്കുന്ന കഴുകനെന്നപോല്‍ നാം കാലത്തിനൊത്ത് ഒഴുകുന്നു.
അവസാനമായി, നാം കാലാതീതമായി ഉയരുമ്പോഴേക്കും ശാന്തിയും സമാധാനവും നമ്മില്‍ വന്നുനിറയും. ശാന്തതയുടെ ആഴമളക്കുന്നവര്‍ക്കാണ്, അചഞ്ചലമായിരിക്കാന്‍ അറിയുന്നവര്‍ക്കാണ് കാലാതീതമായ ജീവിതം അനുഭവിക്കാനാവുക.
(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറാണ് ലേഖകന്‍)
Content Highlights: Our thoughts are defined by the time, IIMK Director's Colum, Success Mantra
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..