ലോകത്തെ മുൻനിര സർവകലാശാലകൾ നൂറുകണക്കിന് കോഴ്‌സുകൾ മൂക് (മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ്) പ്ലാറ്റ്‌ഫോമിൽ നടത്തുന്നുണ്ട്. പണം നൽകിയും അല്ലാതെയും പഠിക്കാവുന്നവയുണ്ട്. ഇതിൽ വേരിഫൈഡ്, നോൺ വേരിഫൈഡ് സർട്ടിഫിക്കറ്റ് കോഴ്‌സുകളുണ്ട്. വേരിഫൈഡ് കോഴ്‌സുകൾക്ക് ഫീസ് ഈടാക്കും. പരീക്ഷയുമുണ്ടാകും. മുൻനിര ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമുകളിലൊന്നായ എഡ് എക്‌സ് (edX) മുതൽ തിരഞ്ഞെടുക്കാൻ ഒട്ടേറെ വെബ്‌സൈറ്റുകൾ ലഭ്യമാണ്.
പ്രധാന മൂക് പ്ലാറ്റ്‌ഫോമുകളിൽ ചിലത്
• www.edx.org • www.coursera.org • www.skillshare.com • udacity.com
അസാപ് വെബിനാർ
തൊഴിൽമേഖലകളെക്കുറിച്ച് അറിയുന്നതിനും അഭിരുചിക്കിണങ്ങിയ സാങ്കേതികവിദ്യകളിൽ ഹ്രസ്വകാല പരിശീലന കോഴ്‌സുകളിൽ ഓൺലൈനായി പങ്കെടുക്കുന്നതിനും ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) അവസരം ഒരുക്കുന്നു. വിദ്യാർഥികളെ സയൻസ്, കോമേഴ്സ്, ആർട്‌സ്, എൻജിനിയറിങ് തുടങ്ങി ഏഴ് വിഭാഗങ്ങളായിത്തിരിച്ച് ഓരോ വിഭാഗത്തിനും സ്വായത്തമാക്കാവുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളാണ് ലഭ്യമാക്കുന്നത്. കൂടാതെ വിവിധവിഷയങ്ങളിൽ ബിരുദ - ബിരുദാനന്തരധാരികളായവർക്ക് അനുയോജ്യമായതും വ്യവസായലോകത്ത് തൊഴിലവസരങ്ങൾ ലഭ്യമാകുന്നതുമായ വിവിധ മേഖലകളിലെ സാധ്യതകളെ സംബന്ധിച്ച് അതത് മേഖലകളിൽ നിന്നുള്ള വിദഗ്ധർ അസാപിന്റെ ഓൺലൈൻ വെബിനാർ പ്ലാറ്റ്‌ഫോമിലൂടെ ഉദ്യോഗാർഥികളുമായി സംവദിക്കുന്നു.
എല്ലാദിവസവും പകൽ 11-നും നാലിനുമാണ് വെബിനാർ. പ്രവേശനം സൗജന്യം. ഇതോടൊപ്പം സൗജന്യമായി വിവിധ വിഷയങ്ങളിൽ ഹ്രസ്വകാല കോഴ്‌സുകളും ലഭ്യമാക്കുന്നു. http://skillparkkerala.in/nesw_and_events/webinars/
ഫാഷൻ ബിസിനസ്
ടെക്‌സ്റ്റൈൽ, ഫാഷൻ ബിസിനസിനെക്കുറിച്ച് ഓൺലൈൻ കോഴ്‌സുമായി അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ (എ.ടി.ഡി.സി.).
എട്ടു മോഡ്യൂളുകൾ ഏപ്രിൽ 15 വരെ സൗജന്യമാക്കി. https://lms.atdcindia.co.in/register
ഖാൻ അക്കാദമി
ഗണിതശാസ്ത്രം, സയൻസ്, ഇക്കണോമിക്സ്, ആർട്‌സ്, ഹ്യുമാനിറ്റീസ്, കംപ്യൂട്ടർ സയൻസ് എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം. സാറ്റ്, ജിമാറ്റ്, ഐ.ഐ.ടി.-ജെ.ഇ.ഇ. തുടങ്ങി വിവിധ എൻട്രൻസ് പരീക്ഷകൾക്കായുള്ള ക്ലാസുകൾ വീഡിയോ രൂപത്തിലും മറ്റ് ഫോർമാറ്റിലും സൗജന്യമായി ലഭിക്കും. സർട്ടിഫിക്കറ്റ് ലഭിക്കില്ല. www.khanacademy.com
ഹബ്‌സ്പോട്ട് അക്കാദമി
മാർക്കറ്റിങ്, സെയിൽസ്, കസ്റ്റമർ സർവീസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ നൈപുണി വികസനം ഉദ്ദേശിച്ചുള്ളത്. സൗജന്യം. ഇൻബൗണ്ട് മാർക്കറ്റിങ്, ഗ്രോത്ത് ഡ്രൈവൺ ഡിസൈൻ, ഫ്രിക്‌ഷൻലസ് സെയിൽസ്, ഇ-മെയിൽ മാർക്കറ്റിങ് തുടങ്ങി ഒട്ടേറെ മേഖലകളിൽ അറിവുനേടാം. www.hubspotacademy.com
ടെഡ് ടോക്സ്
വിവിധ വിഷയങ്ങളിൽ കൂടുതൽ അറിവുനേടാൻ പ്രയോജനപ്പെടുത്താം. അതത് വിഷയങ്ങളിലെ വിദഗ്ധരുടെ വീഡിയോ പ്രഭാഷണങ്ങളാണ് പ്രത്യേകത. https://www.ted.com/
സ്കിൽ ജങ്ഷൻ
കേരള ഐ.സി.ടി. അക്കാദമി എൻജിനിയറിങ് വിദ്യാർഥികൾക്ക് അവരുടെ അറിവ് നവീകരിക്കുന്നതിനുള്ള തയ്യാറാക്കിയ വെർച്വൽ പ്ലാറ്റ്‌ഫോം. ഇതിനുപുറമേ സ്കിൽ എ ഡേ എന്ന ഇ-ലേണിങ് പ്ലാറ്റ്‌ഫോമും ലഭ്യമാണ്. http://skillsjunxion.com/
ഓൺലൈൻ കോഡിങ് പ്ലാറ്റ്‌ഫോം
എൻജിനിയറിങ് കോഴ്‌സ് പഠിച്ചിറങ്ങുന്നവർക്ക് പ്രോഗ്രാമിങ്ങിലുള്ള മികവ് മെച്ചപ്പെടുത്താൻ കോഡിങ് പ്ലാറ്റ്‌ഫോം സഹായിക്കും. ക്ലാസിലുള്ള പഠനംകൊണ്ടോ പരീക്ഷ ജയിച്ചതുകൊണ്ടോ പ്രോഗ്രാമിങ് വഴങ്ങണമെന്നില്ല. ചില പ്രധാനപ്പെട്ട കോഡിങ് പ്ലാറ്റ്‌ഫോമുകളാണ് coderbyte, project euler, hackerrank, codechef, codewars, leetcode, hackerearth തുടങ്ങിയവ.
നൈപുണ്യശേഷി അളക്കാനുള്ള പ്രോഗ്രാമുകൾ വിവിധ കമ്പനികൾ അപ്‌ലോഡ് ചെയ്തത് ഇതിലുണ്ടാകും. അത് ശരിയായി ചെയ്യുന്നതിലുള്ള കഴിവും രീതിയും ചിലപ്പോൾ ജോലിയിലേക്കു വഴിതുറന്നേക്കാം.
ലിങ്ക്ഡ് ഇൻ ലേണിങ്
അരമണിക്കൂർ മുതൽ 16 മണിക്കൂർ വരെ ദൈർഘ്യമുള്ള കോഴ്‌സുകളുണ്ട്. 1400 രൂപ അടച്ചാൽ ഒരുമാസത്തിനിടെ 5000-ൽ ഏറെ കോഴ്‌സുകൾ ചെയ്യാം. മെമ്പർഷിപ്പ് സിസ്റ്റമാണ് പിന്തുടരുന്നത്. അതിനാൽ ഓരോ കോഴ്‌സ് പഠിക്കുന്നതിനും പണം നൽകേണ്ട.
കോഴ്‌സ് പൂർത്തിയാക്കുന്നവരുടെ വിവരങ്ങൾ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ ഉൾപ്പെടുത്തും. ഭാവിയിൽ ജോലിസാധ്യതയും ഇതുവഴി ലഭിക്കും. www.linkedinlearning.com
സ്വയം തീരുമാനിക്കുക
നമുക്ക് ആവശ്യമായ കോഴ്‌സുകൾ ഏതെന്ന് സ്വയം തീരുമാനിക്കണം. ജോലിയുമായി ബന്ധപ്പെട്ടതാണെങ്കിൽ പഠനം എളുപ്പമാകും. ഓൺലൈൻ കോഴ്‌സുകളുമായി പരിചയമില്ലാത്തവരുടെ അഭിപ്രായം തേടാതിരിക്കുക. അത് നിങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കാം. പഠനത്തിന്റെ ഭാഗമായ അസൈൻമെന്റുകൾ കൃത്യമായി പൂർത്തിയാക്കുക. ഓൺലൈൻ കോഴ്‌സാണെന്നുകരുതി ഉഴപ്പരുത്.
-ഡോ.എസ്. പ്രദീപ് (നോളജ് ഓഫീസർ, ഐ.സി.ടി. അക്കാദമി കേരള)
Content Highlights: online learning platforms for continue studies in lock down period