വനിതാ ശാസ്ത്രജ്ഞര്‍ക്ക് ബൗദ്ധിക സ്വത്താവകാശ മേഖലയില്‍ സ്‌റ്റൈപ്പന്‍ഡോടെയുള്ള ഒരു വര്‍ഷത്തെ ഓണ്‍-ദി- ജോബ് പരിശീലപദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രഖ്യാപിച്ചു.

വിമണ്‍ സയന്റിസ്റ്റ്‌സ് സ്‌കീം - സി (ഡബ്ല്യു.ഒ. എസ്.-സി.) എന്ന പദ്ധതിപ്രകാരം വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് അസസ്‌മെന്റ് കൗണ്‍സില്‍ (ടി.ഐ.എഫ്.എ.സി.) ആണ് പേറ്റന്റ്സ് ഫെസിലിറ്റേറ്റിങ് സെന്റര്‍ മേല്‍നോട്ടം വഹിക്കുന്ന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സയന്‍സില്‍ പി.ജി. അല്ലെങ്കില്‍ എന്‍ജിനിയറിങ്/ടെക്‌നോളജിയില്‍ ബിരുദം ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഏറ്റവും പുതിയ ശാസ്ത്ര സാങ്കേതിക കണ്ടെത്തലുകളിലും നൂതനരീതികളിലും ഇടപഴകാനുള്ള താത്പര്യം വേണം.

യോഗ്യതയ്ക്കനുസരിച്ച് പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ബേസിക്/ അപ്ലൈഡ് സയന്‍സസ് എം. എസ്സി., ബി.ടെക്./എം.ബി.ബി.എസ്./തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് - 25,000 രൂപ; എം.ഫില്‍/എം.ടെക്./എം.ഫാര്‍മ/എം.വി.എസ്സി. - 30,000 രൂപ, ബേസിക് സയന്‍സ്/അപ്ലൈഡ് സയന്‍സ് പിഎച്ച്.ഡി./തത്തുല്യം- 35,000 രൂപ.

അപേക്ഷ www.tifac.org.in വഴി ജൂലായ് 31 വരെ നല്‍കാം.

Content Highligts: On the job  Training plan for women