നല്ല മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. പഠിച്ചിറങ്ങിയാല്‍ ഉടന്‍ ജോലി. ഈ സങ്കല്പങ്ങളെല്ലാം പഴങ്കഥയായിക്കഴിഞ്ഞു. മറ്റൊരാളുടെ കീഴില്‍ ജോലിയെന്നത് ഇന്ന് പുതുതലമുറയില്‍ പലര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണ്. സ്വന്തമായൊരു സംരംഭമെന്നതാണ് പുതുതലമുറയെ മുന്നോട്ടുനയിക്കുന്നത്. ഈ സ്വപ്നത്തിന്റെ ചിറകിലേറിയുള്ള കുതിപ്പാണ് കേരളത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളക്കൂറുള്ള മണ്ണാക്കിയത്. സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനനുയോജ്യമായ സാഹചര്യങ്ങള്‍ ഇന്ന് ലഭ്യമാണ്. സര്‍ക്കാര്‍തലത്തിലും അല്ലാതെയും ഒട്ടേറെ പദ്ധതികളുണ്ട്. സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്.
വാട്ട് ആന്‍ ഐഡിയ!
മികച്ചൊരു ആശയം മാത്രം മതി. ഈ ലോകം മാറ്റിമറിക്കാനെന്ന് ഇന്നെല്ലാവര്‍ക്കുമറിയാം. ഗൂഗിളും ഫെയ്സ്ബുക്കും ആപ്പിളുമെല്ലാം ഉദാഹരണങ്ങളായി മുന്നിലുണ്ടല്ലോ. സാങ്കേതികമേഖലയിലെ കുതിപ്പും പുത്തന്‍ സാങ്കേതികതയുടെ വളര്‍ച്ചയുമെല്ലാം സംരംഭകത്വവികസനത്തിന്റെ സാധ്യതകളും വര്‍ധിപ്പിക്കുന്നു.സംരംഭകത്വവികസനം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ പദ്ധതികളേറെയുണ്ട്. ഈ മേഖലയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് സംരംഭകത്വം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ സ്‌കൂള്‍തലത്തില്‍നിന്നേ തുടങ്ങുന്നുണ്ട്. കോളേജ് തലത്തിലേക്ക് എത്തുമ്പോള്‍ ഐ.ഇ.ഡി.സി.യും (ഇന്നവേഷന്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് സെന്റര്‍) മിനി ഫാബ് ലാബുമെല്ലാമായി ഇത് കൂടുതല്‍ വികസിക്കുന്നു. സ്‌കൂളുകളെയും കോളേജുകളെയും ഗവേഷണകേന്ദ്രങ്ങളെയും സര്‍ക്കാര്‍സ്ഥാപനങ്ങളെയുമെല്ലാം സ്റ്റാര്‍ട്ടപ്പ് സംവിധാനവുമായി ബന്ധിപ്പിക്കുന്ന ശക്തമായ ശൃംഖല കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നു.
സ്റ്റാര്‍ട്ടപ്പ്സ് ഓണ്‍ കണ്‍ട്രി
സംരംഭകത്വവികസനത്തില്‍ കേരളം ഏറെ മുന്നേറിക്കഴിഞ്ഞു. കേരളത്തിന്റെ ചെറുവട്ടത്തില്‍ പിറന്ന സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കാന്‍ ബഹുരാഷ്ട്രകമ്പനികള്‍ മത്സരിക്കുകയാണ്. ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം തേടി പലരും കേരളത്തിലേക്കെത്തുന്നു. മികച്ച സാക്ഷരതാനിരക്കിന്റെ പേരില്‍ രാജ്യത്തിനുതന്നെ മാതൃകയായ കേരളം ഇപ്പോള്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെയും സംരംഭകരുടെയും പേരിലാണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. 2012 ഏപ്രില്‍ 15-ന് തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ചുവടുപിടിച്ചെത്തിയ സ്റ്റാര്‍ട്ടപ്പ് പ്രണയം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയിലാണ് വളര്‍ന്ന് പന്തലിച്ചത്. ചെറുപ്പക്കാരുടെ കൂട്ടായ്മകള്‍ക്ക് പിന്തുണയുമായി ഐ.ടി. മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. മനസ്സിലുള്ള ആശയം യാഥാര്‍ഥ്യമാക്കാന്‍ ഒരു സംരംഭമെന്നത് ഇന്നിപ്പോള്‍ അത്ര പ്രയാസമുള്ള കാര്യമല്ല. പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍പദ്ധതികള്‍ തന്നെ ഏറെയുണ്ട്. കണ്ടുപഠിക്കാന്‍ മുന്നില്‍ മാതൃകകളും കുറവല്ല.
സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഈ വര്‍ഷം പുറത്തിറക്കിയ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റം റിപ്പോര്‍ട്ടനുസരിച്ച് കേരളത്തില്‍ 2200 സ്റ്റാര്‍ട്ടപ്പുകളാണുള്ളത്. മുന്‍വര്‍ഷത്തെക്കാള്‍ 35 ശതമാനം വര്‍ധനയാണ് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലുണ്ടായിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളി ല്‍ 75 ശതമാനവും ഉത്പന്നാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളാണ്. സേവനമേഖലയില്‍ 25 ശതമാനം സ്റ്റാര്‍ട്ടപ്പുകളും പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ അഞ്ചുശതമാനത്തിന്റെ തലപ്പത്ത് മാത്രമാണ് സ്ത്രീകളുള്ളത്.
ദ്രുതവേഗത്തിലാണ് കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വളരുന്ന തെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയിലാണ് വളര്‍ച്ചയില്‍ ശ്രദ്ധേയമായ കുതിപ്പുണ്ടായത്. നിലവിലെ സ്റ്റാര്‍ട്ടപ്പുകളിലേറെയും എറണാകുളവും തിരുവനന്തപുരവും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ കണക്ക് 36 ശതമാനം വരും. 23 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നു. കോഴിക്കോട്ടെ സ്റ്റാര്‍ട്ടപ്പ് സാന്നിധ്യം 10 ശതമാനമാണ്. ഐ. ഐ. എം, എന്‍. ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളുടെ സാന്നിധ്യം വേണ്ടവിധം ഉപയോഗപ്പെടുത്തിയാല്‍ ഈ കണക്ക് വീണ്ടും ഉയരും. മറ്റു ജില്ലകളും പതിയെ സ്റ്റാര്‍ട്ടപ്പ് ചിത്രത്തിലേക്ക് കടന്നെത്തുന്നുണ്ടെന്നത് ഗുണകരമാണ്.
യുവാക്കള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്‍ക്യുബേഷന്‍ സെന്ററായും സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 230 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 10,000 വിദ്യാര്‍ഥികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്റെ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററിന്റെ (ഐ.ഇ.ഡി.സി.) പ്രയോജനം ലഭിക്കുന്നു. സാമൂഹിക പ്രസക്തിയുള്ള ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകള്‍ കോളേജുകളില്‍നിന്ന് ഉയര്‍ന്നുവരുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ കീഴില്‍ 130 സ്റ്റാര്‍ട്ടപ്പുകള്‍ ആഗോളതലത്തില്‍ വിവിധ മേഖലകളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അടുത്ത നാലുവര്‍ഷത്തിനകം സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ 1000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നതും ഈ മേഖലയിലേക്ക് കടന്നെത്തുന്നവരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.
Content Highlights: New Ways of Entrepreneurship, Startups in Kerala