നീതു(ഇടത്ത്). അച്ഛനും അമ്മയ്ക്കുമൊപ്പം(വലത്ത്
ചന്ദനമരവും വനവിഭവങ്ങളും കൊണ്ട് സമ്പന്നമായ മറയൂരില്‍ നിന്ന് കാട് കാക്കാന്‍ എത്തുകയാണ് നീതു ജോര്‍ജ് തോപ്പന്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ 28-റാങ്കും കേരളത്തില്‍ നിന്ന് രണ്ടാം റാങ്കും നേടി അഞ്ചുനാട്ടില്‍ ഐ.എഫ്.എസ് നേടുന്ന ആദ്യ പെണ്‍കുട്ടിയാവുകയാണ് നീതു. ഡിഗ്രി കഴിഞ്ഞ് പരിശീലനത്തിനിറങ്ങിയ നീതു നാലാമത്തെ ശ്രമത്തിലാണ് മിന്നുന്ന വിജയം സ്വന്തമാക്കിയത്
അപ്രതീക്ഷിത വിജയം
ധാരാളം പ്രതിസന്ധിയിലൂടെയും അനിശ്ചിതാവസ്ഥയിലൂടെയും കടന്നുപോയ ഒരു കാലമായിരുന്നു എനിക്ക് ഈ വര്‍ഷം. അതുകൊണ്ട് തന്നെ വിജയമെന്നത് വിദൂരസ്വപ്നം മാത്രമായിരുന്നു. പക്ഷേ പഠനത്തില്‍ നിന്ന് ശ്രദ്ധമാറ്റിയില്ല. അതിനിടയിലാണ് കോവിഡ് പിടിപെട്ടത്. ഒരു കണക്കിന് അതില്‍ നിന്ന് രക്ഷപ്പെട്ട് വന്നപ്പോഴേക്കും സ്റ്റെപ്പില്‍നിന്ന് വീണു കാര്യമായ പരിക്കുണ്ടായി. കാല് പ്ലാസ്റ്ററിട്ടാണ് പ്രിലിംസ് പരീക്ഷ എഴുതാന്‍ പോയത്. എന്ത് വന്നാലും ഇത്തവണ എഴുതണമെന്നുണ്ടായിരുന്നു.
ഇത്തവണയില്ലെങ്കില്‍ ഇനിയൊരിക്കലുമില്ല
2017-ലാണ് ഞാന്‍ ഡിഗ്രികഴിഞ്ഞിറങ്ങുന്നത്. പഠിക്കുമ്പോള്‍ മുതല്‍ ഫോറസ്റ്റ് സര്‍വീസ് മനസില്‍ കേറിയതുകൊണ്ട് പിജിക്കൊന്നും പോയില്ല. അന്നുമുതല്‍ നടത്തുന്ന തയ്യാറെടുപ്പ് നാലാം വര്‍ഷത്തിലേക്കെത്തുമ്പോള്‍ മൂന്ന് തവണയും പരാജയമാണുണ്ടായത്. പ്രിലിമിനറി പരീക്ഷയില്‍
സിവില്‍ സര്‍വീസിനേക്കാള്‍ കൂടുതല്‍ കട്ട് ഓഫ് മാര്‍ക്ക് വേണം ഫോറസ്റ്റ് സര്‍വീസിന്. ആദ്യതവണ പ്രിലിമിനറി കടന്നില്ല. രണ്ടാം തവണയും മൂന്നാം തവണയും സിവില്‍ സര്‍വീസ് പ്രിലിമിനറി കിട്ടിയെങ്കിലും മെയിന്‍സ് ക്ലിയര്‍ ചെയ്യാനായില്ല. നാലാമത്തെ ശ്രമത്തിലാണ് ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറിയും മെയിന്‍സും ക്ലിയര്‍ ചെയ്ത് അഭിമുഖത്തിനായി പോകുന്നത്. ഇത്തവണയും കിട്ടിയില്ലെങ്കില്‍ ഇനി ഈ വഴിക്കില്ലെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. ഹയര്‍ സ്റ്റഡീസിന് പോകാനായിരുന്നും പ്ലാന്‍. അതുകൊണ്ട് തന്നെ ഈ മാസം നടന്ന 2022 സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതിയിരുന്നില്ല. ഇഷ്ടപ്പെട്ട കരിയര്‍ ഏതായാലും ഉപേക്ഷിക്കേണ്ടി വന്നില്ല. ഫലം വന്നപ്പോള്‍ ഏറെ സന്തോഷം തോന്നിയതും അതോര്‍ത്തിട്ടാണ്
.jpg?$p=ada105f&w=610&q=0.8)
രണ്ട് വര്‍ഷം ഡല്‍ഹി, പിന്നെ തിരുവനന്തപുരം
പഠനം കഴിഞ്ഞ് നേരെ പോയത് ഡല്‍ഹിക്കാണ്. കേരളത്തിലേതിനേക്കാള്‍ മികച്ച കോച്ചിങ് അവിടെയാണെന്ന് കേട്ടാണ് പോയത്. പക്ഷേ ഇന്നെനിക്ക് അങ്ങനെയൊരു അഭിപ്രായമില്ല. ഇവിടെയും പരിശീലിക്കാം. രണ്ട് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയപ്പോള്‍ വീട്ടിലിരുന്നുള്ള പരിശീലനത്തേക്കാള്‍ തിരുവനന്തപുരമാണ് നല്ലതെന്ന് തോന്നി. മെറ്റീരിയലുകള്‍ സംഘടിപ്പിക്കാനും, സമാന രീതിയില്‍ തയ്യാറെടുക്കുന്നവരുമായുള്ള നിരന്തര സമ്പര്‍ക്കത്തിനും അതാണ് നല്ലതെന്ന് തോന്നി. സിവില്‍ സര്‍വീസ് തയ്യാറെടുക്കുന്ന മറ്റ് ചിലരുമായി ചേര്‍ന്ന് വീടെടുത്ത് അവിടെ ഇരുന്നായിരുന്നു പിന്നെ പരിശീലനം. മെയിന്‍സ് ക്ലിയര്‍ ചെയ്തതോടെ കുറച്ച് മോക്ക് ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തു
മോക്ക് ഇന്റര്‍വ്യൂ ആത്മവിശ്വാസം മാത്രമല്ല കാഴ്ചപ്പാടും നല്‍കും
മോക്ക് ഇന്റര്‍വ്യൂകള്‍ കുറച്ചെണ്ണം ചെയ്തത് ആത്മവിശ്വാസത്തേക്കാള് എനിക്ക് സഹായകമായത് കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിനാണ്. കേരളത്തിലും ഡല്‍ഹിയിലും ഞാന്‍ മോക്ക് ഇന്റര്‍വ്യൂകള്‍ അറ്റന്‍ഡ് ചെയ്തിരുന്നു. കേരളത്തില്‍ അറ്റന്‍ഡ് ചെയ്യുമ്പോള്‍ പ്രധാനമായുള്ള പ്രശ്നം അഭിമുഖം നടത്തുന്നയാള്‍ക്ക് കുറച്ചുകൂടി പ്രാദേശികതലത്തില്‍ വിവരങ്ങളറിയാം എന്നതാണ്. അതുകൊണ്ട് തന്നെ എവിടെ നിന്ന് വരുന്നു എന്ന ചോദ്യത്തിന് മറയൂര്‍ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ സ്വാഭാവികമായും ചന്ദനത്തെക്കുറിച്ചും, അവിടുത്തെ പ്രത്യേകതകളെക്കുറിച്ചുമാണ് കൂടുതലും ചോദ്യങ്ങള്‍ വരിക. എന്നാല്‍ ഡല്‍ഹിയില്‍ അങ്ങനെയല്ല. മറയൂര്‍ എന്നതിനേക്കാള്‍ അവിടുത്തെ എന്റെ ഐഡന്റിറ്റി കേരളീയനാണ് എന്നതാണ്. അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ കേരളം അടിസ്ഥാനമാക്കിയാണ്. സ്വാഭാവികമായും മറയൂര്‍ എന്നതിനേക്കാള്‍ കേരളം എന്ന രീതിയിലേക്ക് കുറച്ചുകൂടി വിപുലവും വിശാലവുമായ രീതിയില്‍ ഞാന്‍ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. അത് ഏറെ സഹായകമാവുകയും ചെയ്തു
ഹോബി മുതല്‍ കള്ളക്കടത്തും ആനയിറങ്ങലും വരെ ചോദ്യമായ അഭിമുഖം
ഫോറസ്ട്രി മെയിന്‍ വിഷയമായി പഠിച്ചതിനാല്‍ വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും 80 ശതമാനം ചോദ്യങ്ങളും ഹോബിയെക്കുറിച്ചായിരുന്നു. പക്ഷി നിരീക്ഷണമായിരുന്നു ഹോബിയായി നല്‍കിയിരുന്നത്. പക്ഷികളിലെ ആണിനെയും പെണ്ണിനെയും എങ്ങനെ തിരിച്ചറിയാം, അവയുടെ പ്രത്യേകതകള്‍ എന്നിവയെല്ലാം ചോദ്യങ്ങളായി. ബയോഡാറ്റയില്‍ നല്കിയ വിവരങ്ങള്‍ ജെനുവിനാണോ എന്നറിയാനായിരിക്കണം അതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചത്. സ്കൂള്‍ കാലം മുതല്‍ പക്ഷിനിരീക്ഷണം ഏറെ ഇഷ്ടമായിരുന്നു. കോളേജിലെത്തിയപ്പോള്‍ അത് ഒന്നുകൂടി കൂടി.
ഓഫീസറാകുമ്പോള്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു പിന്നെ ചോദ്യങ്ങള്‍. നിങ്ങളൊരു ഡി.എഫ്.ഒ ആയാല്‍ ആ റേഞ്ചില്‍ ആനയിറങ്ങിയാല്‍ എന്തു ചെയ്യുമെന്ന് ചോദിച്ചു. ആനയിറങ്ങുന്നത് തടയാന്‍ സ്വീകരിക്കുന്ന നടപടികളെകുറിച്ച് വിശദീകരിച്ചു. കാട്ടിലെ കള്ളക്കടത്ത് തടയാന്‍ എന്തുചെയ്യുമെന്നായിരുന്നു അടുത്ത ചോദ്യം.' Poachers to Protectors: Engaging Local Communitiesin Solutions to Illegal Wildlife Trade' എന്ന സര്‍ക്കാരിന്റെ തന്നെ പദ്ധതിയെക്കുറിച്ചാണ് ഞാന്‍ അവിടെ വിശദമാക്കിയത്. കള്ളക്കടത്തില്‍ പിടിക്കപ്പെട്ട ആളുകളെ തന്നെ ഇത് തടയുന്നതിനായി കാടുകളില്‍ നിയമിക്കുന്നതാണ് പദ്ധതി. ഓഫീസറായാല്‍ ഞാനും അതേ രീതിയാകും സ്വീകരിക്കുക എന്ന് പറഞ്ഞു. ഒപ്പം മറ്റ് വിഭാഗങ്ങളുമായുള്ള മികച്ച സഹകരണവും ഉറപ്പാക്കും. പിന്നെ ഫോറസ്റ്റില്‍ ചെയ്ന്‍ സര്‍വേ എങ്ങനെയാണ് ചെയ്യുക, കാണി ആദിവാസി വിഭാഗത്തെക്കുറിച്ച് അറിയാമോ എന്ന ചോദ്യങ്ങളും ഉണ്ടായിരുന്നു
നാല് വര്‍ഷം കട്ടയ്ക്ക് കൂടെ നിന്ന വീട്ടുകാരാണ് ഹീറോസ്
കാന്തല്ലൂര്‍ പെരുമല തോപ്പന് വീട്ടില്‍ ജോര്‍ജ് ജോസഫും ജെസി ജോര്‍ജുമാണ് മാതാപിതാക്കള്‍. റിട്ടയേഡ് അധ്യാപകരാണ് ഇരുവരും. പഠനം കഴിഞ്ഞ് ഫോറസ്റ്റ് സര്‍വീസാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോള്‍ കൂടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്തു തന്നു. നാലാം തവണയാണ് എനിക്ക് പരീക്ഷ ക്ലിയര്‍ ചെയ്യാനായത്. അതുവരെ യാതൊരു സമ്മര്‍ദവും അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പ്രിലിമിനറി കടക്കാതിരുന്നപ്പോള്‍ പോലും പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. അതെനിക്ക് വലിയൊരു അനുഗ്രഹമാണ്. കാരണം ഓരോ തവണ തോല്‍ക്കുമ്പോഴും നമുക്ക് വരുന്ന ടെന്‍ഷനും പ്രഷറും വളരെ വലുതാണ്. ചുറ്റുമുള്ളവര്‍ അത് ലഘൂകരിക്കുന്നതിന് പകരം കൂട്ടാനാണ് ശ്രമിക്കുന്നതെങ്കില്‍ ഒരിക്കലും എനിക്ക് ഈ വിജയം നേടാനാവില്ല.
2021 നവംബറിലാണ് എന്റെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് ആശിഷ് അലക്സ് അമേരിക്കയില്‍ പിഎച്ച്.ഡിക്ക് പഠിക്കുന്നു. പരീക്ഷയുടെ നിര്ണായകസമയത്തായിരുന്നും വിവാഹം. ആശിഷിന്റെയും കുടുംബത്തിന്റേയും പൂര്‍ണപിന്തുണ എല്ലാ സമയത്തുമുണ്ടായിരുന്നു. രണ്ട് സഹോദരങ്ങളാണുള്ളത്. അവരും നല്ല സപ്പോര്‍ട്ടായിരുന്നു. സഹോദരി ഗീതു ജോര്‍ജ് തോപ്പന് ജര്‍മ്മനിയില്‍ പി.ജി.കോഴ്സ് പഠിക്കുന്നു. സഹോദരന് നവീന്‍ ജോര്‍ജ് അയര്‍ലന്‍ഡില്‍ പഠിക്കുകയാണ്.
.jpg?$p=797ccea&w=610&q=0.8)
സ്കൂള്‍ വിദ്യാഭ്യാസം, പഠനം
മറയൂര്‍ ജയ് മാതാ സ്കൂളിലാണ് എസ്.എസ്.എല്‍.സിയും പാലാ ചാവറ പബ്ളിക് സ്കൂളില്‍ പ്ളസ്ടുവും പഠിച്ചു. തൃശ്ശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നാണ് ഫോറസ്ട്രിയില്‍ ബി.എസ്സി ഓണേഴ്സ് നേടിയത്. ഐ.എഫ്.എസിന് ബോട്ടണിയും ഫോറസ്ട്രിയുമായിരുന്നു മെയിനായി എടുത്തത്. ഡിഗ്രിക്ക് ഫോറസ്ട്രി തന്നെയാണ് പഠിച്ചതും. അതുകൊണ്ട് ബോട്ടണിക്ക് കുറച്ചുകൂടി ഊന്നല്‍ നല്‍കിയായിരുന്നു പഠനം
ഇനി മസൂറിയിലേക്ക്
വോക്കിങ് ടെസ്റ്റും ഫിസിക്കല്‍ ടെസ്റ്റുമുണ്ട്. അതുകഴിഞ്ഞാല്‍ മസൂറിയിലേക്ക്. തീയതി വന്നിട്ടില്ല. കേരളത്തില്‍ തന്നെ പോസ്റ്റിങ് കിട്ടണമെന്നാണ് ആഗ്രഹം. നടക്കുമോ എന്നറിയില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..