ഠിച്ച് മുന്നേറണമെന്ന ഉറച്ചവിശ്വാസത്തിനൊപ്പം കഠിനാധ്വാനവും ചേര്‍ന്നപ്പോഴാണ് മുന്‍നിര ഗവേഷണ സ്ഥാപനങ്ങളുടെ വാതിലുകള്‍ ഈ പെണ്‍കുട്ടിക്കായി തുറന്നുകിട്ടിയത്. അതുകൊണ്ടുതന്നെ ഗവേഷണവുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി ആഷ്‌ന വി.എം. പറയുന്നത് ശ്രദ്ധിക്കുക. പഠിപ്പിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് ആഷ്‌ന.

ജീവിതം മാറ്റിയ കോളേജ് ലൈബ്രറി

എം.എസ്‌സി.ക്ക് പഠിക്കുമ്പോഴാണ് ഗവേഷണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത്. കോളേജ് ലൈബ്രറിയില്‍ കണ്ട ഒരു പ്രബന്ധത്തില്‍ നിന്നാണ് ഗവേഷണ ഇന്റേണ്‍ഷിപ്പിനെക്കുറിച്ച് അറിയുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.), ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ.) എന്നിവിടങ്ങളില്‍ ഗവേഷണം നടത്താന്‍ തീരുമാനിച്ചത് ഇതേത്തുടര്‍ന്നാണ്.

വി.എസ്.എസ്.സി.യില്‍

വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ (വി.എസ്.എസ്.സി.) ഇന്റേണ്‍ഷിപ്പിന് അപേക്ഷിച്ചു. എന്നാല്‍ അപേക്ഷ തള്ളി. എം.എസ്‌സി.ക്കാര്‍ക്ക് കൊടുക്കില്ലെന്നായിരുന്നു മറുപടി. പ്രതീക്ഷ കൈവിടാതെ വീണ്ടും ശ്രമിച്ചപ്പോള്‍ ശരിയായി. സ്‌പേസ് ഫിസിക്‌സ് ലബോറട്ടറിയില്‍ ഗ്രാവിറ്റി വേവിനെ കുറിച്ച് മൂന്നുമാസത്തെ ഗവേഷണം. ഇവിടെ വെച്ചാണ് ഗവേഷകര്‍ക്ക് എന്തെല്ലാം വേണമെന്ന് മനസ്സിലാക്കുന്നത്. അവിടെയുള്ളവരുടെ അര്‍പ്പണബോധവും കഴിവും കഠിനാധ്വാനവും അദ്ഭുതപ്പെടുത്തി. ആത്മസമര്‍പ്പണമാണ് എല്ലാ പരീക്ഷണശാലകളിലും.  

സോളാര്‍ ഒബ്‌സര്‍വേറ്ററിയില്‍

കൊടൈക്കനാല്‍ സോളാര്‍ ഒബ്‌സര്‍വേറ്ററിയില്‍ എം.എഫില്‍ കോഴ്‌സിന്റെ ഭാഗമായി ആറുമാസത്തെ ഇന്റേണ്‍ഷിപ്പ്. ഒബ്‌സര്‍വേറ്ററിയിലെ താമസവും ലൈബ്രറിയിലെ അമൂല്യങ്ങളായ പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളുമെല്ലാം പുതിയൊരുലോകം സമ്മാനിച്ചു. ശേഷം രണ്ടുവര്‍ഷത്തോളം പല ഗവേഷണജോലിയുമായി ബന്ധപ്പെട്ട് അഭിമുഖങ്ങള്‍. അവസാനം എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്‌സില്‍ ഗവേഷണത്തിന് ചേര്‍ന്നു. നൈനിറ്റാളിലെ ആര്യഭട്ട റിസര്‍ച്ച് സെന്ററിലും ഇന്റേണ്‍ഷിപ്പ് ചെയ്തു.

സ്‌പേസ് സ്‌കൂളില്‍

ഇതിനിടെയാണ് മഹാരാഷ്ട്രയില്‍ ഐ.എസ്.ആര്‍.ഒ.യും നാസയും അടക്കമുള്ള സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന സ്‌പേസ് സ്‌കൂളില്‍ പങ്കെടുക്കുന്നത്. ലോകപ്രശസ്ത ശാസ്ത്രജ്ഞരെ പരിചയപ്പെടാനും അവരുടെ ക്ലാസുകള്‍ കേള്‍ക്കാനും അവസരംലഭിച്ചു. ഗൂഗിള്‍ വഴിയാണ് ഇതേക്കുറിച്ച് അറിയുന്നത്. നാസയില്‍നിന്ന് ഏഴുപേരാണ് ഈ പരിപാടി സംഘടിപ്പിക്കാന്‍ ഇന്ത്യയില്‍ എത്തിയത്. അവിടെവെച്ചാണ് സ്‌കോസ്റ്റെപ്പ് വിസിറ്റിങ് സ്‌കോളര്‍ പ്രോഗ്രാമിനെ (SCOSTEP Visiting Scholar) കുറിച്ച് അറിയുന്നത്. എന്തുവന്നാലും ഇത് നേടിയെടുക്കണമെന്ന ഉറച്ചതീരുമാനത്തോടെ തയ്യാറെടുപ്പുകള്‍ തുടങ്ങി.

വലിയ കടമ്പകടക്കുന്നു

നാസ ഗോദാര്‍ദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലാണ് അപേക്ഷിച്ചത്. റിസര്‍ച്ച് പ്രൊപോസല്‍, സി.വി., ഗൈഡിന്റെ കത്ത് അടക്കമുള്ള കാര്യങ്ങളാണ് പ്രവേശനം ലഭിക്കുന്നതില്‍ പ്രധാനഘടകങ്ങള്‍. എന്തിനാണ് വരുന്നതെന്നും ഏത് മേഖലയിലാണ് ഗവേഷണം നടത്തുന്നതെന്നുമെല്ലാം വ്യക്തമാക്കണം. അപേക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ഗവേഷണത്തിന് ഏതുതരത്തിലുള്ള വിവരമാണ് വേണ്ടതെന്ന് പ്രൊപോസലില്‍ ഉള്‍പ്പെടുത്തണം. കൂടാതെ മൂന്നുമാസത്തെ സമയം ഉപയോഗിച്ച് ചെയ്യുന്ന ജോലികള്‍ എന്തെല്ലാം, സെന്ററില്‍നിന്ന് എന്തെല്ലാം സഹായങ്ങള്‍ വേണം എന്നിവയും ഉള്‍പ്പെടുത്തണം.

പരിഗണന എന്‍ജിനീയര്‍മാര്‍ക്ക്

എന്‍ജിനീയറിങ് കഴിഞ്ഞവരെയാണ് നാസ ഇന്റേണ്‍ഷിപ്പിന് പരിഗണിക്കുന്നത്. പഠിക്കുന്ന സമയത്ത് മികച്ച സ്ഥാപനങ്ങളില്‍ത്തന്നെ ഇന്റേണ്‍ഷിപ്പിന് ശ്രമിക്കണം.

Ashana V M

സ്വന്തമായി കണ്ടെത്തുക

ഗവേഷണ വിദ്യാര്‍ഥികളെ എന്നും മോഹിപ്പിക്കുന്ന പേരാണ് നാസ. ഉപഗ്രഹങ്ങളെയും ബഹിരാകാശ വാഹനങ്ങളെയും ബാധിക്കുന്ന സ്‌പെയ്‌സ് വെതര്‍ ഇഫക്ടിനെ കുറിച്ചാണ് ആഷ്‌നയുടെ ഗവേഷണം. ഓഫീസ് സമയം വെച്ച് ഗവേഷണം നടത്തുന്ന സ്ഥാപനമല്ല നാസ. ശാസ്ത്രജ്ഞര്‍ പലപ്പോഴും രാത്രി മുഴുവനും പരീക്ഷണശാലയിലായിരിക്കും. അവധി ദിവസങ്ങളില്‍പ്പോലും ജോലിചെയ്യുന്നവരുണ്ട്. വീട്ടിലിരുന്ന് ജോലിതീര്‍ക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. ഒന്നിനും ആരെയും നിര്‍ബന്ധിക്കുന്നില്ല. മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ തുടക്കകാര്‍ക്കൊപ്പം ചെലവിടാന്‍ ധാരാളം സമയം കണ്ടെത്തും. നിര്‍ദേശങ്ങള്‍ നല്‍കും. തെറ്റുതിരുത്തി മുന്നേറാന്‍ സ്വാതന്ത്ര്യവുമുണ്ട്. പ്രഭാഷണം, സെമിനാര്‍ അങ്ങനെ ഒട്ടേറെ പരിപാടികള്‍ നടക്കുന്നു. ഗവേഷണത്തിലൂടെ സ്വയം കണ്ടെത്താനും പുതിയ വഴികള്‍ തേടാനും പ്രേരിപ്പിക്കുന്നതാണ് ഇവിടത്തെ രീതികള്‍. ഗവേഷകരില്‍ മാനസികപിരിമുറുക്കമോ അപകര്‍ഷബോധമോ ഒന്നും ഇവിടെ കാണാനാവില്ല.

പ്രവേശനം

സി.വി.യിലൂടെയാണ് കഴിവുകള്‍ ആദ്യം അളക്കുന്നത്. മുന്‍പ് ചെയ്ത ഗവേഷണ പ്രബന്ധങ്ങള്‍, ഇന്റേണ്‍ഷിപ്പ് തുടങ്ങിയവ പരിശോധിക്കും. വി.എസ്.എസ്.സി., സോളാര്‍ ഒബ്‌സര്‍വേറ്ററി, ആര്യഭട്ട റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളില്‍ നേരത്തേ ഇന്റേണ്‍ഷിപ്പ് ചെയ്തത് സഹായകമായി. മൂന്നുമാസത്തെ ഇന്റേണ്‍ഷിപ്പിന് ഏഴുലക്ഷത്തോളം രൂപയാണ് സ്‌കോളര്‍ഷിപ്പ്. ഭക്ഷണം, താമസം, യാത്രാച്ചെലവ്, ഫെലോഷിപ്പ് തുക എന്നിവ ഉള്‍പ്പെടും.

 

Content highlight: National Aeronautics and Space Administration, NASA, Goddard Space Flight Center, Indian Space Research Organisation, ISRO, VSSC, Space weather, Space Science, Internship, Physics, Research, Ashna V.M, Science internships