ബാപ്പുട്ടിയും ഭാര്യ മാസിതയും ഡോക്ടർമാരായ മക്കളും മരുമക്കളും
മുത്താണിക്കാട്ട് കുഞ്ഞി മുഹമ്മദ് എന്ന ബാപ്പുട്ടിക്ക് ഡോക്ടറാകാനായിരുന്നു ആഗ്രഹം. പക്ഷേ ജീവിത സാഹചര്യം ഡോക്ടറാകാന്‍ മോഹിച്ച ബാപ്പുട്ടിയെ പ്രവാസിയാക്കി. പക്ഷേ, ബാപ്പുട്ടി തോറ്റില്ല. ചോര നീരാക്കി നാലു മക്കളെയും പഠിപ്പിച്ച് ഡോക്ടറാക്കി തന്നെ തോല്പിച്ച വിധിയോട് ബാപ്പുട്ടി പകരം വീട്ടി. ഇന്ന് മലപ്പുറം ജില്ലയിലെ തിരൂര്‍ തലക്കുടത്തൂര് നെല്ലിക്കാട്ടെ മുത്താണിക്കാട്ടെ ബാപ്പുട്ടിയെന്ന 56-കാരന് ചുറ്റും മക്കളും മരുമക്കളുമായി ഏഴ് പേരാണ് ഡോക്ടര്‍മാര്‍. എല്ലാവരും ബിരുദാനന്തരബിരുദക്കാര്‍
മൂന്ന് പെണ്മക്കളും ഒരു ആണ്‍കുട്ടിയുമാണ് ബാപ്പുട്ടിക്ക്. ചെറുപ്പത്തിലേ പഠിക്കാന്‍ മിടുക്കരായിരുന്ന നാല് പേരും ആദ്യ ശ്രമത്തില്‍ തന്നെ ഗവ. മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ് സീറ്റ് നേടി. എല്ലാവരും എം.ഡിയുമെടുത്തു. മക്കള്‍ക്ക് കൂട്ടായെത്തിയ മരുമക്കളും ഡോക്ടര്മാരായതോടെ ബാപ്പുട്ടി ഡബിള്‍ ഹാപ്പി.
മൂത്ത മകള്‍ മുര്‍ഷിത ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സിയും പൂര്‍ത്തിയാക്കി. റേഡിയോളജിയില്‍ ഡി.എന്‍.ബി ബിരുദം നേടി. രണ്ടാമത്തെ മകള്‍ സുമാനത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് പഠിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എം.ഡി. ജനറല്‍ മെഡിസിന് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. മൂന്നാമത്തെ മകള്‍ നസ്ല ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി .എസ് കഴിഞ്ഞ്
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡെര്‍മറ്റോളജി എം.ഡിക്ക് പഠിക്കുന്നു .നാലാമത്തെ മകന് മുഹമ്മദ് മുസ്തഫ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് കഴിഞ്ഞ് ആദ്യ ചാന്‍സില്‍ തന്നെ 530 റാങ്കിലെത്തി ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എം.ഡി.ക്ക് ചേരാനുള്ള ഒരുക്കത്തിലാണ്.
1984-ല്‍ തിരൂര്‍ എസ്.എസ്.എം. പോളിടെക്നിക്കില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ നേടിയ ബാപ്പുട്ടി ഏഴൂര്‍ എം.ഡി.പി.എസ്. ഐ.ടി.സി.യില്‍ ഒരു വര്‍ഷം അധ്യാപകനായി ജോലി ചെയ്തു. 1986-ല്‍ ഖത്തറിലേക്ക് പോയ ബാപ്പുട്ടി 24 വര്‍ഷം അവിടെ പ്രവാസജീവിതം നയിച്ചു.
2017-ല്‍ നാട്ടിലെത്തിയ ബാപ്പുട്ടി ഇപ്പോല്‍ വൈലത്തൂരില്‍ മെഡിക്കല്‍ ഷോപ്പ് നടത്തിവരുന്നു. ചിട്ടയോടെ കുട്ടികളുടെ പഠനകാര്യങ്ങള്‍ ശ്രദ്ധിച്ച് വേണ്ട സമയത്ത് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത് ബാപ്പുട്ടിയുടെ ഭാര്യ മാസിതയാണ്. മാസിതയുടെ തറവാട്ടിലും ഡോക്ടര്‍മാരുണ്ട്. സഹോദരന് ഡോ. അബ്ദുള്‍ മാലിക്കും ഭാര്യ ഡോ. ഷംന മാലിക്കും കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ഡോക്ടര്‍മാരാണ്.
Content Highlights: muthanikkad family, malappuram news, doctors, MBBS, MD, Doctors Stories
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..