മകന് പഠിക്കാൻ അമ്മ കൂട്ടിരുന്നു: PSC പരീക്ഷയില്‍ മകന് LDC റാങ്ക് 38, അമ്മയ്ക്ക് LGS-ല്‍ 92


ഭാഗ്യശ്രീഅമ്മയും മകനും സര്‍ക്കാര്‍ സര്‍വീസിലേക്ക്

success stories

ബിന്ദുവും മകൻ വിവേകും

'കല്യാണം കഴിഞ്ഞാല്‍ പഠിക്കാന്‍ പറ്റില്ല. അതിന് കുഴപ്പമില്ലെങ്കില്‍ എനിക്കിഷ്ടമാണ്'. പെണ്ണു കാണാന്‍ വന്നയാളുടെ മുഖം മനസില്‍ പതിഞ്ഞില്ലെങ്കിലും ആ വാക്കുകൾ ബിന്ദു ഇന്നും ഓര്‍ക്കുന്നുണ്ട്. സമ്മതമാണെന്ന വീട്ടുകാരുടെ വാക്കും. സമ്മതമല്ലെന്ന് ഒരു നൂറുവട്ടം ബിന്ദു മനസില്‍ പറഞ്ഞു. പക്ഷേ, വീട്ടുകാരോട് 'നോ' പറയാന്‍ ധൈര്യമുണ്ടായില്ല. വീട്ടുകാരെ സംബന്ധിച്ച് സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന തങ്ങള്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും നല്ല ബന്ധമായിരുന്നു അത്. അങ്ങനെ ചന്ദ്രന്റെ ഭാര്യയായി ബിന്ദു.

കാലം ഏത് മനുഷ്യനെയാണ് നവീകരിക്കാത്തത്? പഠിക്കരുതെന്ന് പറഞ്ഞ അതേ ചന്ദ്രന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബിന്ദുവിനെ വീണ്ടും പഠിക്കാനയച്ചു. 42-ാം വയസില്‍ മലപ്പുറം ജില്ല ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ 92-ാമതായി ബിന്ദുവിന്റെ പേര് തിളങ്ങുമ്പോള്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് മകനൊപ്പം എന്ന അപൂര്‍വനേട്ടം കൂടി സ്വന്തമാക്കുകയാണവര്‍. മകന്‍ വിവേക് മലപ്പുറം ജില്ലാ എല്‍.ഡി.സി. റാങ്ക് ലിസ്റ്റില്‍ 38-ാം റാങ്ക് നേടിയിരിക്കുന്നു. 11 വര്‍ഷമായി അരീക്കോട് മാതക്കോട് അംഗന്‍വാടി അധ്യാപികയായ ബിന്ദു മികച്ച അങ്കണവാടി അധ്യാപികയ്ക്കുള്ള സംസ്ഥാന പുരസ്‌കാര ജേതാവ് കൂടിയാണ്‌. പാതിവഴിയില്‍ അവസാനിപ്പിച്ച പഠനം 30-ാം വയസിലാരംഭിച്ച കഥ അമ്മയും 24-ാം വയസിലേ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ കഠിനാധ്വാനത്തിന്റെ കഥ മകനും പറഞ്ഞു തുടങ്ങി.

ബിന്ദു: അമ്മയില്ലാത്ത വീട്ടിലെ മരുമകളായി ചെല്ലുമ്പോള്‍ പഠിക്കാന്‍ പോയാല്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ ആരുമുണ്ടാവില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ആ 'നോ' പറച്ചിലിന് കാരണം. പിന്നീടതെല്ലാം മാറി. അങ്കണവാടി ടീച്ചറായി ഞാന്‍ ജോലിക്ക് കയറി. അവിടെ പഠിച്ച ഒരു കുട്ടിയുടെ അമ്മയാണ് സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ചു കൂടെയെന്ന് ആദ്യം ചോദിച്ചത്. വെറും പത്താം ക്ലാസ് മാത്രമുള്ള എനിക്ക് ഭര്‍ത്താവ് കെ.എസ്.ആര്‍.ടി.സിയില്‍ ആണെന്നതിനപ്പുറം സര്‍ക്കാര്‍ ജോലിയെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. അന്ന് പോസ്റ്റലായി വേണം പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍. ആരോ പറഞ്ഞു റാങ്ക് ഫയല്‍ എന്നൊരു ബുക്കുണ്ട്. അത് വാങ്ങി വായിച്ചാല്‍ പരീക്ഷ ജയിക്കാമെന്ന്. മാതൃഭൂമിയുടെ റാങ്ക് ഫയലാണ് അന്ന് വാങ്ങിയത്. 2011-ലാണ് ആദ്യമായി പി.എസ്.സി പരീക്ഷയ്ക്ക് പോകുന്നത്. പരീക്ഷയൊക്കെ നന്നായി എഴുതി. പക്ഷേ, ഒരബദ്ധം പറ്റി.പോസ്റ്റും മറ്റ് വിവരങ്ങളും പൂരിപ്പിക്കേണ്ട 'എ' പാര്‍ട്ട് പൂരിപ്പിച്ചത് മുഴുവന്‍ തെറ്റിപ്പോയി. 62 മാര്‍ക്കോളം കിട്ടിയിരുന്നു അന്നെനിക്ക്. റാങ്ക് ലിസ്റ്റില്‍ ഉണ്ടായേനേ. പറ്റിയ മണ്ടത്തരമോര്‍ത്ത് ദുഃഖിച്ചിട്ട് കാര്യമില്ലല്ലോ.

വിവേക്: സര്‍ക്കാര്‍ ജോലി കിട്ടാന്‍ ഒറ്റ വഴിയേ ഉള്ളൂ... കിട്ടണ വരെ പഠിക്കുക. ഇന്ന് കിട്ടാത്ത ഭാഗ്യം നമ്മെ തേടിവരും വരെ പഠിച്ചുകൊണ്ടേയിരിക്കുക. ഉറപ്പായും നമ്മള്‍ ലക്ഷ്യത്തിലെത്തും. അമ്മയാണ് എന്നെ പി.എസ്.സി. ക്ലാസില്‍ ചേര്‍ത്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങളൊരുമിച്ചാണ് ക്ലാസില്‍. ഞായറാഴ്ചയാണ് ക്ലാസ്. ബാക്കി ദിവസം അമ്മ അങ്കണവാടിയില്‍ പോകും. ഞായറാഴ്ച രാവിലെ 8.30-ന് പോയാല്‍ രാത്രി 9 കഴിയും വീടെത്താന്‍. എല്ലാവരും പറയും നിനക്കൊന്നുമറിയണ്ടല്ലോ ഫുള്‍ ചെലവ് അമ്മയെടുക്കുമല്ലോ. പഠിച്ചാല്‍ പോരേന്ന്. സത്യമാണ്. എനിക്ക് യാതൊരു ബുദ്ധിമുട്ടോ സമ്മര്‍ദങ്ങളോ ഉണ്ടായിരുന്നില്ല. പഠിച്ചാല്‍ മാത്രം മതിയായിരുന്നു. മഞ്ചേരി HM കോളേജിലാണ് ബി.എസ്‌സി. ജോഗ്രഫിയാണ് പഠിച്ചത്. ഡിഗ്രി കഴിഞ്ഞ് ആറ് മാസം വെറുതേയിരുന്നു. പിന്നെ പി.എസ്.സി പരീക്ഷാ പരിശീലനത്തിനു ചേര്‍ന്നു. നന്നായി പഠിച്ചു. വരാനിരിക്കുന്ന റാങ്ക്‌ലിസ്റ്റുകളിലും പ്രതീക്ഷയുണ്ട്. ഡിഗ്രി ലെവല്‍ പ്രിലിമിനറി കിട്ടി. ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കണം. അസിസ്റ്റന്റ് സെയ്ല്‍സ് മാന്‍, ഫീല്‍ഡ് വര്‍ക്കര്‍, എസ്.ഐ. പരീക്ഷകളിലും പ്രതീക്ഷയുണ്ട്

ബിന്ദു: അങ്കണവാടി ടീച്ചറായി സ്ഥിരനിയമനം ലഭിച്ചതോടെ പഠനത്തോട് വീണ്ടും ഗുഡ് ബൈ പറഞ്ഞു. 2014-ലാണ്, ഒരു ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ ഒരു പരിചയക്കാരി ശമ്പളത്തെക്കുറിച്ച് ചോദിച്ചു. അന്ന് 5000 രൂപയാണ് ഞങ്ങളുടെ ശമ്പളം. അധ്യാപികയല്ലേ...അഭിമാനത്തോടെ ഞാന്‍ ശമ്പളം പറഞ്ഞു. ' അയ്യായിരം രൂപ കൊണ്ടൊക്കെ ഇക്കാലത്ത് എന്താകാനാണ്. പിന്നെ അങ്കണവാടിയിലെ അരിയും പയറുമൊക്കെ ഉള്ളോണ്ട് കുഴപ്പമില്ല അല്ലേ' എന്നായിരുന്നു അവരുടെ മറുപടി. ഞാനാകെ ഇല്ലാതായിപ്പോയി. അന്നുവരെ അങ്ങനെയൊരു ചീത്തപ്പേര് അങ്കണവാടി ടീച്ചര്‍മാര്‍ക്ക് ഉള്ളതായി എനിക്കറിയില്ലായിരുന്നു. എങ്ങനെയെങ്കിലും എനിക്കാ ജോലി വിടണമെന്ന് മാത്രമായിരുന്നു പിന്നീട് മനസില്‍. അന്നവര്‍ പറഞ്ഞ മറുപടിയാണ് ഇന്നെന്നെ ഇവിടെ എത്തിച്ചത്. പി.എസ്.സിക്ക് പഠിക്കുമ്പോള്‍ ഉളുപ്പ് പാടില്ലെന്നാണ് മൂര്‍ക്കനാട് റെയ്‌സ്‌ കോച്ചിങ് സെന്ററില്‍നിന്ന് ഞാനാദ്യം പഠിച്ച പാഠം. എത്ര കാലമായി പഠിക്കുന്നു, ജോലിയൊന്നുമായില്ലേ എന്ന് അപമാനിക്കാന്‍ നിരവധി പേരുണ്ടാകും പക്ഷേ തളരരുതെന്ന ആ വാക്ക് ഞാനിന്നും പാലിക്കുന്നു.

ബിന്ദുവും കുടുംബവും

'മുന്‍പൊക്കെ അടുക്കളപ്പണിക്കിടെ മോളെക്കൊണ്ട് ചോദ്യം ചോദിപ്പിക്കലായിരുന്നു. എന്നിട്ട് ഞാനുത്തരം പറയും. എന്നാല്‍ ഇപ്പോള്‍ ഫുള്‍ യൂട്യൂബാണ്. അടിക്കുമ്പോഴും തുടയ്ക്കുമ്പോഴും ഒക്കെ ഫോണ്‍ വര്‍ക്കിങ് ആയിരിക്കും. അന്ന് പഠിക്കണ്ട എന്ന് പറഞ്ഞ ആള്‍ പിന്നെ ആകെ മാറി. എനിക്ക് പഠിക്കാനുള്ളപ്പോള്‍ അദ്ദേഹം അടുക്കളയില്‍ കയറും. നീ പഠിച്ചോ ഞാന്‍ ചെയ്‌തോളാമെന്ന് പറയും. അല്ലാത്തപ്പോള്‍ പുലര്‍ച്ചെ എഴുന്നേറ്റ് വീട്ടുജോലി തുടങ്ങും മുന്‍പേ അന്നന്നത്തെ പാഠഭാഗം പഠിച്ചു തീര്‍ക്കും. ബാക്കി അങ്കണവാടിയിലേക്കുള്ള വഴിയേ പഠിക്കും. മൂന്നര കിലോ മീറ്റര്‍ നടത്തത്തിനിടെ പഠിക്കാന്‍ ചെറു കുറിപ്പുകളുണ്ടാക്കും. അല്ലെങ്കില്‍ വോയ്‌സ് റെക്കോഡിങ് കേള്‍ക്കും. ഉരുവിട്ട് പഠിച്ച് നടക്കുന്നത് കണ്ടിട്ട് 'എന്താ ടീച്ചറേ പാട്ടൊക്കെ പാടി പോണത്' എന്നൊക്കെ ചോദിക്കും ആളുകള്‍. ഒരു പുതിയ പാട്ട് പഠിച്ചതാണെന്ന് പറയും. പഠിക്കാന്‍ മോനെന്നെ നന്നായി സഹായിച്ചിട്ടുണ്ട്. എനിക്ക് പൊതുവിജ്ഞാനം നന്നായി ചെയ്യാന്‍ പറ്റും. ഒരു തവണ വായിച്ചാല്‍ മതി മനസില്‍ നില്‍ക്കും. പക്ഷേ, കണക്കും ഇംഗ്ലീഷും വഴങ്ങില്ലായിരുന്നു. അവനാണ് അവിടെയൊക്കെ സഹായിച്ചത്.

പത്താം ക്ലാസില്‍ വിവേകിന് പഠിക്കാന്‍ കൂട്ടിരിക്കുമ്പോള്‍ വെറുതേ തുടങ്ങിയ പൊതുവിജ്ഞാന വായന പിന്നീട് ബിന്ദുവിന് പി.എസ്.സി. പരീക്ഷയില്‍ തുണയായി. 2017-ല്‍ എല്‍.ഡി.സി ലിസ്റ്റില്‍ 73.33 മാര്‍ക്ക് വാങ്ങി മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. രണ്ട് മാസം കഴിഞ്ഞ് വന്ന എല്‍.ജി.എസ്. പരീക്ഷയ്ക്ക് അത് സഹായകമായി. 684-ാം റാങ്കോടെ ലിസ്റ്റില്‍ ഇടം നേടി. പക്ഷേ, നിപ, പ്രളയം, കൊറോണ... എല്ലാം കഴിഞ്ഞ് 2020 ഓഗസ്റ്റ് നാലിന് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞു. അന്ന് വൈകിട്ട് ആറ് മണി വരെ എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്നു.

പരിശീലന ക്ലാസില്‍ മുന്നിലായിരുന്നെങ്കിലും പരീക്ഷാഹാളിലെ മാനസിക സമ്മര്‍ദം താങ്ങാന്‍ ബിന്ദുവിന് സാധിച്ചിരുന്നില്ല. അത് വേണ്ടവിധം കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഇതിനു മുന്‍പേ ബിന്ദു സര്‍ക്കാര്‍ ജോലിക്കാരിയായേനെ. പക്ഷേ, അത് ഇങ്ങനെയൊരു അപൂര്‍വ സൗഭാഗ്യത്തിന് വേണ്ടി ദൈവം നീട്ടിവെച്ചതാവുമെന്ന് വിശ്വസിക്കാനാണ് ബിന്ദുവിനിഷ്ടം. വരാനിരിക്കുന്ന ഐ.സി.ഡി.എസ്. റാങ്ക്‌ലിസ്റ്റിലാണ് ബിന്ദുവിന്റെ പ്രതീക്ഷ.

പോളിടെക്‌നിക്കിന് പഠിക്കുന്ന ഹൃദ്യയാണ് മകള്‍. ഭര്‍ത്താവ് ചന്ദ്രന്‍ കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്യുന്നു

പഠനരീതി

പഠനത്തില്‍ ഹാര്‍ഡ് വര്‍ക്കാണ് ബിന്ദുവിന് തുണയായതെങ്കില്‍ സ്മാര്‍ട്ട് വര്‍ക്കാണ് വിവേകിന് തുണയായത്. ഒരുമിച്ചുള്ള പഠനമായിരുന്നില്ല ഇരുവരുടേതെങ്കിലും സംശയങ്ങള്‍ വന്നാലോ, വിഷമങ്ങള്‍ വന്നാലോ പരസ്പരം താങ്ങാകും. എസ്.സി. ആര്‍.ടി. ടെക്സ്റ്റ് ബുക്കിനെ അടിസ്ഥാനപ്പെടുത്തി പരിശീലനക്ലാസില്‍ നിന്ന് നോട്ടുകള്‍ തന്നിരുന്നു. പുതിയ രീതിയിലുള്ള ചോദ്യങ്ങള്‍ പരിശീലിക്കാന്‍ ഇത് സഹായകമായി. ക്ലാസില്ലാത്ത ദിവസങ്ങളിലും വിവേക് അമ്മയ്‌ക്കൊപ്പം പരിശീലന ക്ലാസിലെത്തി. ഒരുമിച്ചിരുന്ന് പഠിച്ചു. മോക്ക് ടെസ്റ്റുകളും ടെസ്റ്റ് സീരീസുകളും ചെയ്തു. സ്വന്തമായി കോഡ് ഉണ്ടാക്കിയാണ് പല കാര്യങ്ങളും പഠിച്ചതെന്ന് ബിന്ദു പറയുന്നു. കോച്ചിങ് സെന്ററില്‍നിന്ന് ലഭിച്ച ആത്മവിശ്വാസവും ഏറെ പ്രചോദനമായി

പഠിച്ച് കൊതിതീര്‍ന്നില്ല, ഇനിയും പഠിക്കണം

മുപ്പതാം വയസില്‍ പി.എസ്.സി പഠനം ആരംഭിച്ചിരുന്നെങ്കിലും പല സമയത്തായി അതു മുടങ്ങിപ്പോയിരുന്നു. 2019-ല്‍ അരീക്കോട് പ്രതീക്ഷാ കോച്ചിങ് സെന്ററില്‍ വിവേക്
പി.എസ്.സി കോച്ചിങ് ക്ലാസില്‍ പോകാന്‍ തുടങ്ങിയതോടെയാണ് ബിന്ദു വീണ്ടും പഠനത്തെ ഗൗരവമായി കാണാന്‍ തുടങ്ങിയത്. പരീക്ഷയോടടുത്ത് മൂന്ന് മാസം അവധിയെടുത്താണ് ബിന്ദു പഠിച്ചത്. ആ പഠനം ഫലപ്രാപ്തിയില്‍ എത്തിയതിന്റെ സന്തോഷവുമുണ്ട്. പത്താം ക്ലാസായിരുന്നു വിവാഹസമയത്തെ ബിന്ദുവിന്റെ വിദ്യാഭ്യാസം. ഇതിനിടെ പ്ലസ് ടു തുല്യത പരീക്ഷയും ബിന്ദു പാസായി. ഇനി ഡിഗ്രി എടുക്കണമെന്നാണ് ബിന്ദുവിന്റെ ആഗ്രഹം. എന്തായാലും, ജോലിക്ക് കയറും മുന്‍പേ ഡ്രൈവിങ് പഠനം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ബിന്ദു.

Content Highlights: psc news, jobs, LDC, LGS, last grade, LD clerk, bindu and vivek


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented