Rajath Sambyal
സിവിൽ സർവീസ് പരീക്ഷാഫലം പുറത്തു വന്നപ്പോൾ പതിവുപോലെ വിജയികളുടെ പിന്നാലെ എല്ലാവരും ഓടുമ്പോൾ ഇക്കുറി പരാജയപ്പട്ടവന്റെ വേദനയും വൈറലാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പരാജിതന്റെ വീഴ്ച്ചയിൽ കൈത്താങ്ങുമായി എത്തി. പത്തു വർഷമായി ആറു തവണ പരീക്ഷയെഴുതി തോറ്റ രജത് സംബ്യാലിന്റെ ട്വീറ്റിൽ നിറയുന്നത് ഇന്റർവ്യൂ വരെ എത്തിയിട്ടും കപ്പിനും ചുണ്ടിനുമിടയിൽ വിജയം വഴുതിപ്പോയവന്റെ ഹൃദയഭേദകമായ വേദന.
ഇന്ത്യയിലെ ഏറ്റവും സങ്കീർണമായ പരീക്ഷ എന്നറിയപ്പെടുന്ന സിവിൽ സർവീസസ് പരീക്ഷയിൽ 685 പേരാണ് ഇത്തവണ പാസായത്. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ പരിശ്രമങ്ങളുടെയും കഥകളാണ് ഓരോ വിജയിക്കും പറയാനുള്ളത്. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളിൽനിന്ന് ആയിരം പേരോളം മാത്രം മറുകര കടക്കുന്ന പരീക്ഷ. ആദ്യ നൂറിലെത്താനായി കഠിനാധ്വാനം ചെയ്തവരാണ് അവരിലോരോരുത്തരും. ആയിരത്തിൽപ്പോലും എത്താനാവാതെ പോയ സംബ്യാൽ കുറിച്ചതിങ്ങനെ: 'പത്തു വർഷത്തെ കഠിനാധ്വാനത്തിന് അവസാനം. ആറ് യു.പി.എസ്.സി. അവസരങ്ങളും അവസാനിച്ചിരിക്കുന്നു. പ്രിലിമിനറി പരാജയപ്പെട്ടത് മൂന്ന് തവണ, മെയിൻ പരാജയപ്പെട്ടത് രണ്ട് തവണ, അവസാനശ്രമത്തിൽ അഭിമുഖത്തിലെ കുറഞ്ഞ സ്കോറിൽ ഞാൻ കീഴടങ്ങിയിരിക്കുന്നു. 11 മാർക്കിന്റെ വ്യത്യാസത്തിൽ നഷ്ടമായി... എന്നിട്ടും ഞാൻ എഴുന്നേറ്റു നിൽക്കുന്നു.'
ചണ്ഡീഗഡിലെ പഞ്ചാബ് എൻജിനീയറിങ് കോളേജിൽനിന്ന് സിവിൽ എൻജിനീയറിങ് പൂർത്തിയാക്കിയ രജത് സാംബ്യാൽ കഴിഞ്ഞ പത്ത് വർഷമായി സിവിൽ സർവീസസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിലായിരുന്നു. ആറ് തവണ പരീക്ഷ എഴുതിയ സാംബ്യാലിന്റെ അവസാനശ്രമമാണ് അഭിമുഖത്തിലെ മാർക്ക് വന്നതോടെ പരാജയത്തിൽ കലാശിച്ചത്. ജമ്മു സാംബ സ്വദേശിയാണ് രജത്.
ഡൽഹിയിലെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഓഫീസിന് പുറത്ത് നിന്നെടുത്ത ഫോട്ടോയും റിപ്പോർട്ട് കാർഡും രജത് ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്. ആകെ 942 മാർക്കാണ് രജത് സ്കോർ ചെയ്തത്.ഐ.പി.എസ്. മോഹമാണ് രജതിനെ എപ്പോഴും മുന്നോട്ടു നയിച്ചിരുന്നത്. മൂന്ന് തവണ പ്രിലിമിനറിയും രണ്ട് തവണ മെയിൻ പരീക്ഷവരെയും എത്തിയ ആ യാത്ര ഇത്തവണ ഇന്റർവ്യൂ വരെ എത്തിയിരുന്നു. ഇന്റർവ്യൂവിൽ മാർക്ക് കുറഞ്ഞതാണ് ഇത്തവണ രജത്തിന് വിനയായത്
രജത് സാംബ്യാലിന്റെ ട്വീറ്റിന് താഴെ നിരവധി കമന്റുകളാണ് നിമിഷങ്ങൾക്കകം പ്രത്യക്ഷപ്പെട്ടത്. തോൽവിയിൽ പതറാതെ മുന്നേറാൻ പ്രചോദിപ്പിക്കുന്ന കമന്റുകളാണ് മിക്കവയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസകളുമായി രംഗത്തെത്തി.
'സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കാനാവാത്തവരുടെ നിരാശ ഞാൻ പൂർണ്ണമായി മനസ്സിലാക്കുന്നു, എന്നാൽ ഏത് മേഖലയിലും വ്യക്തിമുദ്ര പതിപ്പിക്കുകയും ഇന്ത്യയ്ക്ക് അഭിമാനമേകുകയും ചെയ്യുന്ന മികച്ച യുവാക്കളാണ് ഇവരെന്ന് എനിക്കറിയാം. അവർക്ക് എന്റെ ആശംസകൾ.' എന്നാണ് മോദി ട്വീറ്റ് ചെയതത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..