യുവ മനസ്സുകളെ ശാക്തീകരിക്കുവാനും പുതിയ പഠന വ്യവസ്ഥ രൂപപ്പെടുത്താനും അതുവഴി ഭാവി നേതാക്കൻമാരെ വാർത്തെടുക്കാനും ലക്ഷ്യമിടുന്ന 'യുവ: പ്രൈം മിനിസ്റ്റേഴ്സ് സ്കീം ഫോർ മെന്ററിങ് യങ് ഓതേഴ്സ്' പദ്ധതിയിലേക്ക് അപേക്ഷിക്കാം.

മികവ് വേണം

അഭിപ്രായപ്രകടനം നടത്താൻ പ്രാപ്തിയുള്ള, അന്താരാഷ്ട്ര വേദികളിൽ രാജ്യത്തെയും സംസ്കാരത്തെയും സാഹിത്യത്തെയും അവതരിപ്പിക്കാൻ കഴിവുള്ള 30 വയസ്സിൽ താഴെ പ്രായമുള്ള ഒരു കൂട്ടം എഴുത്തുകാരെ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന യുവഎഴുത്തുകാർ നോവൽ, ലേഖനം, സഞ്ചാരസാഹിത്യം, നാടകം, കവിത തുടങ്ങിയ മേഖലകളിൽ മികവു പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുസ്തകം പ്രസിദ്ധീകരിക്കും

മൊത്തം 75 എഴുത്തുകാരെ തിരഞ്ഞെടുക്കും. നാഷണൽ ബുക്ക് ട്രസ്റ്റ് (എൻ.ബി.ടി.) രൂപവത്‌കരിക്കുന്ന സമിതിയാകും തിരഞ്ഞെടുപ്പു നടത്തുക. ജൂലായ് 31 വരെ എൻട്രികൾ നൽകാം. മെന്റർഷിപ്പ് പദ്ധതിയിലൂടെ പുസ്തകമാക്കി രൂപപ്പെടുത്താവുന്ന 5000 വാക്കുകളിൽ തയ്യാറാക്കിയ ഒരു ൈകയെഴുത്തുപ്രതി മത്സരാർഥി സമർപ്പിക്കണം. ഓഗസ്റ്റ് 15-ന് വിജയികളെ പ്രഖ്യാപിക്കും. നാമനിർദേശം ചെയ്യപ്പെടുന്ന മെന്റർമാരുടെ മേൽനോട്ടത്തിൽ, തിരഞ്ഞെടുക്കപ്പെടുന്നവർ അന്തിമ തിരഞ്ഞെടുപ്പിനായി അവരുടെ ൈകയെഴുത്തുപ്രതികൾ പരിഷ്കരിക്കണം. ഡിസംബർ 15-ഓടെ പ്രസിദ്ധീകരണത്തിനായി അന്തിമമായി തിരഞ്ഞെടുക്കപ്പെടുന്ന രചനകൾ പ്രഖ്യാപിക്കും.

പരിശീലനം

2022 ജനുവരി 12-ന് തിരഞ്ഞെടുത്ത പുസ്തകങ്ങൾ പ്രകാശനം ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാഷണൽ ബുക്ക് ട്രസ്റ്റ്, രണ്ടാഴ്ച നീളുന്ന റൈറ്റേഴ്സ് ഓൺലൈൻ പ്രോഗ്രാം നടത്തും. പ്രഗല്ഭരായ എഴുത്തുകാരുടെയും മെന്റർമാരുടെയും നേതൃത്വത്തിലായിരിക്കും പരിശീലനം. ഇതേത്തുടന്ന് വിവിധ ഓൺലൈൻ/ഓൺസൈറ്റ് ദേശീയ ക്യാമ്പുകൾ എൻ.ബി.ടി. സംഘടിപ്പിക്കും. മൂന്നു മാസമാണ് പരിശീലനത്തിനുള്ള ആദ്യഘട്ടം.

രണ്ടാംഘട്ടം ഘട്ടത്തിൽ സാഹിത്യ സമ്മേളനങ്ങൾ, പുസ്തക മേളകൾ, െവർച്വൽ ബുക്ക് ഫെയറുകൾ, സാംസ്കാരിക വിനിമയ പരിപാടികൾ തുടങ്ങിയ അന്താരാഷ്ട്ര പ്രോഗ്രാമുകളിൽ പങ്കെടുക്കാനും ആശയവിനിമയം നടത്താനും അവസരം ലഭിക്കും.

സ്കോളർഷിപ്പ്

മെന്ററിങ് പ്രോഗ്രാമിന്റെ ഔട്ട്പുട്ട് എന്ന രീതിയിൽ ഇവരുടെ ഗ്രന്ഥങ്ങൾ എൻ.ബി.ടി. പ്രസിദ്ധപ്പെടുത്തും. മെന്ററിങ് പദ്ധതി പൂർത്തീകരിക്കുമ്പോൾ മാസം 50,000 രൂപ നിരക്കിൽ ആറ് മാസത്തേക്ക് മൂന്നുലക്ഷം രൂപ സ്കോളർഷിപ്പായി ഗ്രന്ഥകാരന്മാർക്ക് അനുവദിക്കും. അവരുടെ പുസ്തകത്തിന്റെ വിൽപ്പനയുടെ വരവിൽ പത്തുശതമാനം റോയൽറ്റിയായി ഗ്രന്ഥകാരന് നൽകും. പുസ്തകങ്ങൾ മറ്റു ഭാഷകളിലേക്കും തർജമ ചെയ്യപ്പെടാം. അപേക്ഷ https://innovateindia.mygov.in/yuva വഴി ജൂലായ് 31 വരെ നൽകാം.

Content Highlights: Mentoring program for young authors