ജോലി വിട്ട് സ്റ്റാര്‍ട്ടപ്പിലേക്ക്: ഇപ്പോള്‍ സി.ഇ.ഒ


കെ.പി. പ്രവിത

2016-ലാണ് കമ്പനിയ്ക്ക് തുടക്കമിട്ടത്. 2017 നവംബറിലാണ് ഇവര്‍ യുണൈറ്റ് എ.ആറുമായി ബന്ധപ്പെട്ട ജോലികള്‍ തുടങ്ങിയത്. വായ്പയും സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള ഗ്രാന്റുമെല്ലാമായിരുന്നു തുടക്കത്തിലെ സാമ്പത്തിക സ്രോതസ്

-

ല്ലാ മാസവും മുടങ്ങാതെ അക്കൗണ്ടിലെത്തുന്ന ശമ്പളം വേണ്ടെന്ന് വച്ച് സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ഇറങ്ങിത്തിരിക്കുക. കേട്ടാല്‍ മണ്ടത്തരമെന്നു തോന്നുമെങ്കിലും ആ മണ്ടത്തരത്തിന് പിറകെ പോയി വിജയം കൈവരിച്ച വ്യക്തിയാണ് തിരുവനന്തപുരം സ്വദേശി ജെ.പി. വിഷ്ണു. മികച്ച ശമ്പളമുള്ള ജോലിയുപേക്ഷിച്ച് സ്റ്റാര്‍ട്ടപ്പ് ചെയ്യാന്‍ ഇറങ്ങിത്തിരിച്ച വിഷ്ണുവിന്ന് ഓഗ്മെന്റഡ് റിയാലിറ്റി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ ബോസോണ്‍ കമ്പനിയുടെ സി.ഇ.ഒയാണ്.

സ്റ്റാര്‍ട്ടപ്പ് എന്ന ചിന്ത

പഠനകാലത്ത് മനസ്സില്‍ നാമ്പിട്ട സ്റ്റാര്‍ട്ടപ്പ് എന്ന മോഹത്തിന് പിറകെ പോയെങ്കിലും പരാജയമായിരുന്നു ഫലം. ജോലി ചെയ്ത് സമ്പാദിച്ചതെല്ലാം കമ്പനിയില്‍ മുടക്കേണ്ടി വന്നു. എങ്കിലും തോറ്റു പിന്‍മാറാന്‍ ആ യുവാവ് ഒരുക്കമായിരുന്നില്ല. അവസാനം ഭാഗ്യം ഒപ്പം നിന്നു. വിഷ്ണുവുള്‍പ്പെടെ മൂന്നു പേരുമായിട്ടായിരുന്നു ഐ ബോസോണ്‍ എന്ന കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. ഒരാള്‍ പിന്നീട് പിന്മാറി. നിലവില്‍ വിഷ്ണുവാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ റോളില്‍. എ. വിനീത ചീഫ് ടെക്‌നോളജി ഓഫീസറും. ടെക്‌നോപാര്‍ക്കിലാണ് ഓഫീസ്. യുണൈറ്റ് എ.ആര്‍. എന്ന ഉത്പ്പന്നമാണ് ഐ ബോസോണ്‍ വിപണിയിലിറക്കിയത്. ഇന്ന് ഈ ഉല്‍പ്പന്നത്തിന് ആരാധകരേറെയാണ്.

എന്താണ് യുണൈറ്റ് എ.ആര്‍?

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഓഗ്മെന്റഡ് റിയാലിറ്റി (എ.ആര്‍.) കേന്ദ്രമാക്കിയാണ് യുണൈറ്റ് എ.ആറിന്റെ പ്രവര്‍ത്തനം. എന്നാല്‍ എ.ആറിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവര്‍ക്കും ഇത് എളുപ്പം ഉപയോഗിക്കാമെന്ന് വിഷ്ണു പറയുന്നു. പ്രൊജക്്ട് പ്രസന്റേഷനും കണ്ടന്റ് മാനേജ്‌മെന്റുമെല്ലാം ഇതുപയോഗിച്ച് ചെയ്യാനാകും. പണ്ട് നോട്ടീസ് കാണിച്ചാണ് ഉത്പ്പന്നത്തെക്കുറിച്ച് കമ്പനികള്‍ വിശദീകരിച്ചിരുന്നത്. ഇപ്പോള്‍ ത്രീ ഡി സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തി ഉത്പ്പന്നം പരിചയപ്പെടുത്താം്.

വീട്ടിലേക്ക് സോഫ വാങ്ങാനെത്തുന്നവര്‍ക്ക് അത് ലിവിങ് റൂമിന് എങ്ങനെ യോജിക്കുമെന്ന് വെര്‍ച്വല്‍ മാര്‍ഗത്തിലൂടെ കാണിച്ചു നല്‍കാം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് വീട്ടില്‍ അത് ഘടിപ്പിക്കുന്നതിന് ടെക്‌നീഷ്യന്റെ സഹായം കമ്പനികള്‍ നല്‍കാറുണ്ട്. യുണൈറ്റ് എ.ആര്‍ വഴി ടെക്‌നീഷ്യന്റെ സഹായം ഒഴിവാക്കാം. ഉത്പന്നം ഘടിപ്പിക്കുന്നതിന്റെ ഓരോ ഘട്ടവും ദൃശ്യമാക്കി ഉപഭോക്താവിനെക്കൊണ്ട് തന്നെ അത് ചെയ്യിക്കാനാകും വിഷ്ണു ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാമാണ് യുണൈറ്റ് എ.ആര്‍. ലക്ഷ്യം വെക്കുന്നത്. യൂറോപ്പിലും അമേരിക്കയിലുമാണ് ഉപഭോക്താക്കള്‍ കൂടുതലും. കണ്ടന്റ് മാനേജ്‌മെന്റില്‍ തുടങ്ങി മാര്‍ക്കറ്റിങ്ങില്‍ വരെ യുണൈറ്റ് എ.ആര്‍.ഉപയോഗിക്കുന്നു.

നിര്‍ണ്ണായകമായത് ഏഞ്ചല്‍ ഫണ്ട്

2016-ലാണ് കമ്പനിയ്ക്ക് തുടക്കമിട്ടത്. 2017 നവംബറിലാണ് ഇവര്‍ യുണൈറ്റ് എ.ആറുമായി ബന്ധപ്പെട്ട ജോലികള്‍ തുടങ്ങിയത്. വായ്പയും സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള ഗ്രാന്റുമെല്ലാമായിരുന്നു തുടക്കത്തിലെ സാമ്പത്തിക സ്രോതസ്. 2018-ന്റെ അവസാനത്തില്‍ യുണൈറ്റ് എ.ആറില്‍ താത്പര്യപ്പെട്ട് ഒരു അമേരിക്കന്‍ സംരംഭകന്‍ ഒന്നേകാല്‍ കോടി രൂപ നിക്ഷേപിക്കാന്‍ മുന്നോട്ടു വന്നു. കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായത് ഈ ഏഞ്ചല്‍ നിക്ഷേപമാണ്.

2019 ഓഗസ്റ്റില്‍ വിഷ്ണുവും സംഘവും യുണൈറ്റ് എ.ആറിന്റെ ആദ്യരൂപം വിപണിയിലിറക്കി. നിലവില്‍ 20,000 ത്തോളം പേര്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചിട്ടുണ്ട്. സ്‌കെയിലിങ് സ്‌റ്റേജ് എന്ന് വിശേഷിപ്പിക്കുന്ന വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഐ ബോസോണ്‍ എന്ന സ്റ്റാര്‍ട്ടപ്പിപ്പോള്‍. കമ്പനിയിലേക്ക് കൂടുതല്‍ നിക്ഷേപം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഇവര്‍. ഇതിനൊപ്പം യുണൈറ്റ് എ.ആറിന്റെ പരിഷ്‌ക്കരണവും പദ്ധതികളിലുണ്ട്. സ്വന്തം ആഗ്രഹങ്ങളെ പിന്തുടരുന്നവര്‍ക്ക് വിജയം ഉറപ്പാണെന്ന് വിഷ്ണുവിന്റെ കഥ കാട്ടിത്തരുന്നു.

ഓഗ്മെന്റഡ് റിയാലിറ്റി

യഥാര്‍ഥവസ്തുക്കളെയും കംപ്യൂട്ടര്‍ സഹായത്താല്‍ നിര്‍മിക്കുന്ന ചിത്രങ്ങളെയും കൂട്ടിച്ചേര്‍ത്ത് യഥാര്‍ഥലോകത്തെ കാഴ്ചാനുഭവം തരുന്ന സാങ്കേതികവിദ്യയാണ് ഓഗ്മെന്റഡ് റിയാലിറ്റി (ഒ.ആര്‍.). യാഥാര്‍ത്ഥവുമായി കുറച്ചു കൂടി അടുത്തു നില്‍ക്കുന്ന അനുഭവതലമാണിത്.