തോറ്റത് ആറ് തവണ; ഏഴാം വട്ടം സിവില്‍സര്‍വീസ് മോഹം കൈപ്പിടിയിലൊതുക്കി മധുശ്രീ 


ഭാഗ്യശ്രീ പുല്‍പറമ്പില്‍

3 min read
Read later
Print
Share

ഐച്ഛിക വിഷയമായി തെരഞ്ഞെടുത്ത സോഷ്യോളജിയില്‍ പി.ജിയെടുത്ത്‌ മധുശ്രീ ഇതിനിടെ നെറ്റും ജെ.ആര്‍.എഫും കരസ്ഥമാക്കി

സിവിൽ സർവീസസ് പരീക്ഷയിൽ 365-ാം റാങ്ക് നേടിയ മധുശ്രീ

റ് തവണയാണ് കൊല്ലം സ്വദേശിയായ മധുശ്രീ സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ടത്. ഇതില്‍ നാലു തവണയും മെയിൻ പാസ്സായി അഭിമുഖം വരെ എത്തി. രണ്ടുതവണ പ്രിലിമിനറി പോലും കടന്നില്ല. ചെറിയ മാര്‍ക്കിനാണ് പലതവണയും പരാജയപ്പെട്ടത്. പക്ഷേ, പിന്‍വാങ്ങാന്‍ മധുശ്രീ തയ്യാറായിരുന്നില്ല. പരാജയത്തിന്റെ കയ്പുനീര്‍ ആവോളം കുടിച്ചിട്ടും സമ്മര്‍ദങ്ങളില്‍ മധുശ്രീക്ക് മനസ്സിടറിയില്ല. ഇത്തവണ സിവില്‍സര്‍വീസ് പരീക്ഷാഫലം വന്നപ്പോള്‍ 365-ാം റാങ്കാണ് മധുശ്രീയെ തേടിയെത്തിയത്‌

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഹരിത. വി. കുമാര്‍ വാര്‍ത്തയാകുന്ന കാലത്താണ് സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന മധുശ്രീക്കും സിവില്‍ സര്‍വീസ് മോഹമുദിക്കുന്നത്. ഐ.എ.എസ്, ഐ.പി.എസ് എന്നൊക്കെ വാര്‍ത്തയിലും സിനിമയിലും കണ്ടു എന്നുള്ളതില്‍ കവിഞ്ഞ് മറ്റൊരു പരിചയവും മധുശ്രീക്കുണ്ടായിരുന്നില്ല. കുടുംബത്തിലോ നാട്ടിലോ അങ്ങനെയൊരു നേട്ടം സ്വന്തമാക്കിയ ആരുമുണ്ടായിരുന്നില്ല. പക്ഷേ ഉള്ളില്‍ മുളച്ച ആഗ്രഹത്തെ ഓരോ ദിവസവും മധുശ്രീ വളര്‍ത്തിക്കൊണ്ടേയിരുന്നു.

ഒന്നും രണ്ടുമല്ല...ഏഴ് വര്‍ഷത്തെ പ്രയത്‌നം

2015-ല്‍ എന്‍ജിനീയറിങ് പഠനം കഴിഞ്ഞ് സുഹൃത്തുക്കള്‍ ഉപരിപഠനത്തിനും ജോലിക്കുമായി പോയപ്പോള്‍ മധുശ്രീ നേരെ പോയത് സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനത്തിനായിരുന്നു. തിരുവനന്തപുരം എന്‍ലൈറ്റ് ഐ.എ.എസ് അക്കാദമിയില്‍ നിന്നായിരുന്നു പരിശീലനം. ആദ്യശ്രമത്തില്‍ തന്നെ അഭിമുഖം വരെ എത്തി. പക്ഷേ, അക്കൊല്ലത്തെ റാങ്ക് ലിസ്റ്റില്‍ മധുശ്രീ ഉണ്ടായിരുന്നില്ല. നാലും അഞ്ചും തവണ എഴുതിയിട്ടും പ്രിലിമിനറി പോലും കടക്കാത്ത നിരവധി പേരുള്ളപ്പോള്‍ മധുശ്രീ ആദ്യശ്രമത്തില്‍ തന്നെ മെയിൻ പാസ്സായത് ഏറെ പ്രതീക്ഷ നല്‍കി. ആ പ്രതീക്ഷയാണ് പിന്നീടുള്ള വര്‍ഷങ്ങളിലും മധുശ്രീയെ തുണച്ചത്.

താങ്ങായ തിരുവനന്തപുരം

പരീക്ഷയും പഠനവുമായി മധുശ്രീ തിരുവനന്തപുരത്തായിരുന്നു ഏറിയപങ്കും. സിവില്‍ സര്‍വീസ് പരിശീലനത്തിനെത്തിയവരുടെ സൗഹൃദവലയം നല്‍കിയ പിന്തുണ ഓരോ തവണയും മധുശ്രീക്ക് ഊര്‍ജം നല്‍കി. പരിശീലനം നടത്തിയിരുന്ന എന്‍ലൈറ്റ് അക്കാദമിയില്‍ പരിശീലകയായി പ്രവര്‍ത്തിച്ചത് വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മധുശ്രീയെ സഹായിച്ചു. മോക്ക് ടെസ്റ്റുകളും ടെസ്റ്റ് സീരീസുകളും ധാരാളം ചെയ്തു പരിശീലിച്ചു. പഠിച്ചും പഠിപ്പിച്ചും സിവില്‍ സര്‍വീസ് സ്വപ്‌നം ഓരോ തവണയും മധുശ്രീ ഊട്ടിയുറപ്പിച്ചു

ഐച്ഛിക വിഷയമായി തെരഞ്ഞെടുത്ത സോഷ്യോളജിയില്‍ പി.ജിയെടുത്ത്‌ മധുശ്രീ ഇതിനിടെ നെറ്റും ജെ.ആര്‍.എഫും കരസ്ഥമാക്കി. മറ്റ് പരീക്ഷകള്‍ക്കും ഇതിനിടയില്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കെ.എ.എസ് പരീക്ഷയില്‍ 58-ാം റാങ്ക് നേടിയത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 36-ാമതായിരുന്നു മധുശ്രീ. 35 പേര്‍ക്ക് പരിശീലനത്തിനായി മെമ്മോ ലഭിച്ചു. അതിലൊരാള്‍ മറ്റ് ജോലി കിട്ടി പോയതോടെ മധുശ്രീക്ക് സാധ്യത തെളിഞ്ഞു. പക്ഷേ, ഒരാള്‍ക്ക് മാത്രമായി പരിശീലനം നല്‍കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു അധികൃതരുടേത്.

നിരാശപടര്‍ന്ന നാളുകള്‍

വയ്യ, മതിയായി ഇനി ഈ വഴിക്കില്ലെന്ന് തോന്നിപ്പോയ നിമിഷങ്ങളുണ്ട്. ഓരോ തവണ പരാജയപ്പെടുമ്പോഴും പിടിച്ചുനില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പെങ്കിലും ആ നിമിഷമൊക്കെ മധുശ്രീയെ തേടിയെത്തി. എന്‍ലലൈറ്റിലെ അധ്യാപകരുടെ രൂപത്തില്‍, സുഹൃത്തുക്കളുടെയോ മാതാപിതാക്കളുടേയോ രൂപത്തില്‍. അവര്‍ നല്‍കിയ പിന്തുണയില്ലായിരുന്നില്ലെങ്കില്‍ ഇന്നിങ്ങനെ അഭിമാനത്തോടെ നില്‍ക്കാന്‍ കഴിയില്ലെന്ന് പറയുന്നു മധുശ്രീ. തളര്‍ന്നെന്ന് തോന്നുമ്പോള്‍, മടുപ്പ് ബാധിക്കുമ്പോള്‍ വിജയകഥകളോര്‍ക്കും മുന്നില്‍ കാത്തിരിക്കുന്ന ഭാവിയോര്‍ക്കും പിന്നെ ഒരു പഠനമാണ്. തന്റെ സ്വപ്‌നത്തിലേക്കുള്ള യാത്രതുടരാന്‍

കൈവിടാത്ത ആത്മവിശ്വാസം

ക്യാമ്പസിന്റെ പടിയിറിങ്ങിയിട്ട് അപ്പോഴേക്കും വര്‍ഷം ആറ് പിന്നിട്ടിരുന്നു. കൂടെപഠിച്ചിരുന്ന പലരും ജോലി വാങ്ങി 'സെറ്റില്‍' ആയിക്കഴിഞ്ഞിരുന്നു. വയസ് 29 തൊട്ടപ്പോള്‍ ഇനി വിവാഹം കഴിഞ്ഞിട്ട് പോരേ പഠിത്തമെന്ന ചോദ്യമായിരുന്നു ചുറ്റിലും. മകളുടെ ഭാവിയോര്‍ത്തിട്ടാവണം ഇടയ്‌ക്കെപ്പോഴോ മാതാപിതാക്കളും ഇതേ കാര്യമാവര്‍ത്തിച്ചു. പക്ഷേ, ചെറിയ മാര്‍ക്കിന് കൈവിട്ടുപോയ സ്വപ്‌നത്തെ ആ പെണ്‍കുട്ടി മാതാപിതാക്കളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. തിരുവനന്തുപുരത്ത് നിന്ന് നാട്ടിലേക്കുള്ള ഓരോ വരവും ചോദ്യശരങ്ങളുടെ കാലം കൂടിയാവും. ഇത്രകാലമായിട്ടും ഒരു ജോലിയും ശരിയായില്ലേ എന്ന ചോദ്യത്തെ മധുശ്രീ ശ്രദ്ധിച്ചതേയില്ല. പഠനത്തിനായി കൂടുതല്‍ സമയം മാറ്റിവെച്ചു. അങ്ങനെ ഏഴാം പരിശ്രമത്തില്‍ മധുശ്രീ 365-ാംറാങ്ക് സ്വന്തമാക്കി

പഠനം വഴികാട്ടിയ വിജയം

ചിട്ടയായ പഠനവും തുടര്‍ച്ചയായി പരിശ്രമിക്കാനുള്ള മനസുമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും സിവില്‍ സര്‍വീസ് കൈയെത്തിപ്പിടിക്കാമെന്ന് പറയുകയാണ് മധുശ്രീ. പാഠപുസ്തകങ്ങള്‍ കൃത്യമായി പഠിക്കുകയും ക്ലാസില്‍ മികച്ച വിദ്യാര്‍ഥി ആയിരിക്കുമ്പോഴും പൊതുവിജ്ഞാനത്തില്‍ പിന്നോട്ടായതാണ് പരിശീലനം കുറച്ച് കടുപ്പമാക്കിയതെന്ന് മധുശ്രീ പറയുന്നു. പഠനത്തിനൊപ്പം പൊതുവിജ്ഞാനവും പത്രവായനവും ശീലമാക്കിയവര്‍ക്ക് കൃത്യമായ പരിശീലനവും ലഭിച്ചാല്‍ ഈ മേഖലയില്‍ മികച്ച റാങ്ക് സ്വന്തമാക്കാമെന്നാണ് മധുശ്രീയുടെ അഭിപ്രായം

'സിവില്‍സര്‍വീസ് പരിശീലനം ആരംഭിച്ചതില്‍ പിന്നെയാണ് പത്രവായനയും ആനുകാലിക സംഭവങ്ങളും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പഠത്തിന് കൃത്യമായ ഒരു ചിട്ടപാലിക്കേണ്ടതുണ്ട്. ഒന്നോ രണ്ടോ ദിവസത്തെ കാര്യമല്ല ഇത്. വര്‍ഷങ്ങള്‍ തന്നെ തുടര്‍ച്ചയായി ഇരിക്കേണ്ടി വരും. അങ്ങനൊയൊരു മനസ് ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം വേണ്ടത്. പഠിക്കുന്ന കാലത്ത് പരീക്ഷയ്ക്ക് മുന്‍പ് കുത്തിയിരുന്ന് പഠിക്കുന്ന സ്വഭാവമായിരുന്നു. പക്ഷേ, സിവില്‍ സര്‍വീസ് പരിശീലനത്തിന് ആ പഠനം പോര. ഒരുപക്ഷേ, ഇത്ര വര്‍ഷം ഞാന്‍ കാത്തിരിക്കേണ്ടി വന്നതും പഠനരീതിയിലെ പോരായ്മകൊണ്ടാണ്. കോച്ചിങ് ക്ലാസുകള്‍ സഹായകമാകുന്നതും ഇവിടെയാണ്. ശരിയായ ക്ലാസുകളില്‍ നിന്നാണ് എന്റെ പഠനരീതി നവീകരിക്കപ്പെട്ടത്' ; മധുശ്രീ പറയുന്നു

വിമുക്തഭടന്‍ വെണ്ടാര്‍ മധുശ്രീസില്‍ (മുരിക്കിലഴികത്ത്) എന്‍.കെ.മധുസൂദനന്റെയും രാജശ്രീയുടെയും ഏക മകളാണ് മധുശ്രീ


Content Highlights: Madhusree, UPSC, success story, latest news, civil service toppers story, inspiring stories

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shinu
Premium

6 min

സ്‌കൂളിന് ജയിക്കാന്‍ പുറത്തായ കുട്ടി,ആനയും അട്ടയും ദുരിതമുണ്ടാക്കിയ വഴി;ഒരു തഹസില്‍ദാറുടെ ഇന്നലെകള്‍

Sep 18, 2023


professional

3 min

'ലുക്കിലല്ല വര്‍ക്കിലാണ് കാര്യ'മെന്ന് പറയുന്നവരോട്: 'ഇമേജ് ബില്‍ഡിങ്' അത്ര പ്രയാസകരമല്ല...!

Sep 6, 2023


photo

3 min

സ്ട്രോങ്ങ് ആയ ഒരു ലിങ്ക്ഡ് ഇൻ അക്കൗണ്ടുണ്ടോ?; ജോലി നിങ്ങളെ തേടി വരും

Aug 31, 2023


Most Commented