പ്രതീകാത്മക ചിത്രം | Photo:gettyimages.in
കൊള്ളേണ്ടതിനെക്കാളും തള്ളേണ്ടതാവും പലപ്പോഴും ഉപദേശങ്ങള്‍. ഭാവിലോകം എങ്ങനെയാവും എന്ന് ഉപദേശിക്കുന്നവരെയാണ് ആദ്യം തള്ളിക്കളയേണ്ടത്. ഒന്നാലോചിച്ചാല്‍ മതി, ഈ കാലത്ത് കോവിഡ് എന്നൊരു വൈറസ് ലോകത്തെ ഇങ്ങനെ മാറ്റുമെന്ന്, ഇരിക്കുന്ന കസേര തന്നെ ക്ലാസ്‌റൂമും ഓഫീസും ആവുമെന്ന് ആരെങ്കിലും പ്രവചിച്ചിരുന്നോ? ഒരാള്‍ പോസിറ്റീവാകുന്നത് ബാക്കിയുള്ളവരെ ഭയപ്പെടുത്തുന്ന നെഗറ്റീവ് കാലത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുവോ?
ഒരാളെ ധനികനാക്കുന്നത് കഴിവിന് ആനുപാതികമായി വേണ്ടെന്നു വെക്കാവുന്ന സംഗതികളാണെന്ന് നിരീക്ഷിച്ചത് തോറോയാണ്. ഉപദേശങ്ങളും അങ്ങനെത്തന്നെയാവണം. വേണ്ടെന്നുവെച്ച ഉപദേശങ്ങള്‍ ഒരുപാടുപേരെ ഉയര്‍ത്തിയെടുത്തിട്ടുണ്ട്. സ്വീകരിച്ച ഉപദേശങ്ങള്‍ ഏറെപ്പേരെ തളര്‍ത്തിയിട്ടുമുണ്ടാവണം. എത്രയെത്ര വിദഗ്ധ മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും മറ്റു വിദഗ്ധരുടെയും ഭാവി മാറ്റങ്ങളെപ്പറ്റിയുള്ള പ്രവചനങ്ങളാണ് ഭീകരമായ പരാജയം ഏറ്റുവാങ്ങുന്നത്. അതെല്ലാം സൂചിപ്പിക്കുന്നത് എല്ലാ വിദഗ്ധ ഉപദേശങ്ങളും മറ്റൊരാളുടെ കാര്യത്തില്‍ വിജയിക്കണമെന്നില്ലെന്നാണ്.
പരിധികളില്ലാതെ വിശ്വസിക്കാവുന്നത് സ്വന്തം ബോധത്തെയും സ്വപ്നങ്ങളെയുമാണ്. അതിനെതിരായ ഉപദേശങ്ങളെ സ്വീകരിക്കാതിരിക്കുകയാണ് വിജയത്തിലേക്കുള്ള നേര്‍വഴി. എല്ലാമറിയുന്നവര്‍ ആരുമില്ല. നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങളറിയുന്നിടത്തോളം മറ്റൊരാളും അറിയുന്നുമില്ല. അതുകൊണ്ടാണ് ഉപദേശം പലപ്പോഴും ഫലപ്രദമാവാത്തത്.
ഉപദേശങ്ങളെക്കാള്‍ ഗുണകരമാവുക കൃത്യമായ ഫീഡ്ബാക്ക് പ്രതികരണമാണ്. മുഖത്തിന് കണ്ണാടി പോലെ സ്വയം വിലയിരുത്താന്‍ പ്രതികരണങ്ങള്‍ സഹായിക്കും. ഫീഡ്ബാക്ക് വിവരം പങ്കുവെക്കലാണ്. ഉപദേശം മാര്‍ഗനിര്‍ദേശവും ശുപാര്‍ശയുമാണ്. കിട്ടിയ വിവരംവെച്ച് കൂട്ടിയും കിഴിച്ചും സ്വയം വഴി കണ്ടെത്തുന്നിടത്തോളം വരില്ല ഉപദേശിയുടെ മാര്‍ഗം കൂടല്‍. ഏറ്റവും കുറഞ്ഞത് പരാജയപ്പെട്ടാല്‍ പശ്ചാത്തപിക്കേണ്ടിയെങ്കിലും വരില്ല.
ഉപദേശം സ്വീകരിക്കാത്തത് അനുസരണക്കേടായി വ്യാഖ്യാനിക്കപ്പെടുന്നെങ്കില്‍ തോറോവിലേക്കുതന്നെ നോക്കാം- സ്വാതന്ത്ര്യത്തിന്റെ അടിത്തറ പണിതിരിക്കുന്നത് അനുസരണക്കേടിലാണ്, അനുസരണം അടിമകള്‍ക്കു പറഞ്ഞതുമാണ്.
Content Highlights: Life is unpredictable IIMK directors column, Debashish Chatterjee, Career guidance
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..