വാട്ടര്‍ അതോറിറ്റിയിലെ സെക്യൂരിറ്റി ജോലി ആനന്ദ്കുമാര്‍ നിര്‍ത്തി. ഇനി വരില്ലെന്നു പറഞ്ഞ് പോന്നപ്പോള്‍ ഓഫീസിലെ ഉന്നതാധികാരികളില്‍ ചിലര്‍ ചോദിച്ചു- എന്തു ചെയ്യാന്‍ പോകുന്നു? മുടി വെട്ടാന്‍ പോകുന്നു. അതായിരുന്നു ഉത്തരം. അത് കളിയാക്കലാണെന്നാണ് ചിലര്‍ കരുതിയത്. പക്ഷേ കളിയാക്കിയതായിരുന്നില്ല.

തൃശൂര്‍ പാട്ടുരായ്ക്കലിലെ ഇമേജ് ജെന്റ്സ് ബ്യൂട്ടി പാര്‍ലറിലെത്തിയാല്‍ ആനന്ദിനെ കാണാം. ആനന്ദ് മാത്രമല്ല അവിടെ. ചിലര്‍ സ്വര്‍ഗതുല്യമെന്നു കരുതുന്ന മേഖല വിട്ട് ബ്യൂട്ടീഷ്യനായി മാറിയ വേറെ നാലുപേരുകൂടിയുണ്ട്- മണ്ണുത്തിയിലെ സി.സി. ബിജു, തിരൂരിലെ പി.കെ. സുനില്‍, കാളത്തോടിലെ എം.ആര്‍. ഉല്ലാസ്, ഗുരുവായൂരിലെ വി.ജി. വിനോദ്. വേറെ തൊഴില്‍ മേഖലയിലുണ്ടായിരുന്ന ഇവരെല്ലാം അതുവിട്ട് ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിച്ച് ഈ മേഖലയിലെത്തിയവരാണ്. എല്ലാവരും ചെറുപ്പക്കാര്‍. ഇവരില്‍ മൂന്നുപേര്‍ സ്വന്തമായി വീടും വെച്ചു. തൊഴിലിന്റെ സാധ്യതയും മഹിമയും അറിഞ്ഞ് ഇതിലേക്കെത്തിയ ഇവര്‍ക്ക് വലിയൊരു സല്യൂട്ട് നല്‍കാതിരിക്കാനാകില്ല.

സര്‍ക്കാര്‍ സ്ഥാപനത്തില്‍ എംപ്ലോയ്മെന്റ് വഴി കിട്ടിയ ജോലി വിട്ട് എത്തിയതാണെങ്കിലും ഇമേജ് ബ്യൂട്ടി പാര്‍ലറിന്റെ ഉടമയായ ആനന്ദ്കുമാറിന് സ്ഥാപനം പരമ്പരാഗതമായി കിട്ടിയതാണ്. അച്ഛന്‍ കെ.എസ്. രാജന്‍ ബാര്‍ബര്‍ തൊഴിലാളിയായിരുന്നു. അദ്ദേഹം തുടങ്ങിയ സ്ഥാപനം ഉദ്ഘാടനം ചെയ്തത് പ്രേംജി. ഈ സ്ഥാപനത്തിന്റെ ഏതാണ്ട് എതിര്‍വശത്തായിരുന്നു പ്രേംജി താമസിച്ചിരുന്നത്. ഇവിടെ മുടിവെട്ടാനെത്തിയുള്ള സൗഹൃദത്തിലാണ് സ്ഥാപനം പുതുക്കി ഇമേജ് എന്ന് പേരിട്ടപ്പോള്‍ ഉദ്ഘാടനം നടത്തിയത്. 1995 ജൂണ്‍ രണ്ടിനായിരുന്നു അത്.

പ്രേംജിയുടെ തുടക്കം മോശമായില്ല. ഇപ്പോള്‍ ഇമേജിലേക്ക് ഇമേജ് കൂട്ടാനെത്തുന്ന വി.ഐ.പി.കള്‍ ഏറെയുണ്ട്. വി.എം. സുധീരന്‍, ഐ.എം. വിജയന്‍, ബിജുമേനോന്‍ തുടങ്ങിയ നീണ്ടനിര. പട്ടിക വലുതാണ്. ഇവരാണ് ഇമേജിലെ തൊഴിലാളിക്കൂട്ടായ്മയുടെ കരുത്ത്. വി.ഐ.പി.കളെ ഒരുക്കുക എന്നു പറഞ്ഞാല്‍ വരുമാനത്തിലേറെ ഈ കൂട്ടായ്മയുടെ സന്തോഷമാണ്. ഈ തൊഴില്‍ നല്‍കുന്നത് മോശമല്ലാത്ത വരുമാനവും. അതിനാലാണ് വേറെ മേഖലകള്‍ വിട്ട് അഞ്ചുപേരും ബ്യൂട്ടീഷ്യന്മാരായതും അതേ മേഖലയില്‍ നിലനില്‍ക്കുന്നതും.

ഇവരുടെ കഥ പറയുംമുമ്പേ പറയട്ടെ, ഇവരിലാരും പത്തിന് മുകളില്‍ വിദ്യാഭ്യാസമുള്ളവരല്ല. പത്തിലെത്തിയത് ഒന്നോ രണ്ടോ പേര്‍ മാത്രം. അതിനാല്‍ വലിയ ഉദ്യോഗം ഉപേക്ഷിച്ചാണ് ഈ മേഖലയിലെത്തിയതെന്നു തെറ്റിദ്ധരിക്കരുത്. ചെറുകൂടു വിട്ട് വലിയ സാധ്യതയുള്ള കൂട്ടിലേക്ക് ചേക്കേറല്‍, അത്രമാത്രം. തൊഴിലില്ലെന്ന് പറയുന്നവര്‍ക്കും തൊഴിലന്വേഷികള്‍ക്കും ഇവരുടെ പ്രൊഫഷന്‍ മാതൃകയാക്കാം, അത്രതന്നെ.

വാട്ടര്‍ അതോറിറ്റിയിലെ ജോലികഴിഞ്ഞുള്ള സമയത്ത് ആനന്ദ് കുമാര്‍ ഇമേജിലെത്തി ബ്യൂട്ടീഷ്യന്‍ തൊഴിലും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇവിടെയെത്തുന്ന വി.ഐ.പി.കളുടെ സമയവുമായി ജോലിസമയം ഒത്തുപോകില്ല. അതിനാലാണ് ജോലി വിട്ടത്.

മണ്ണുത്തിയില്‍ കൃഷിയുമായി കഴിയുന്നതിനിടെയാണ് ബിജു ബ്യൂട്ടിപാര്‍ലറിലെ ജോലിയിലേക്ക് ചേക്കേറിയത്. അധ്വാനവും റിസ്‌ക്കും കുറവ്. മോശമല്ലാത്ത വരുമാനവും.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായിരുന്നു സുനില്‍. ഡിജിറ്റല്‍ കാലവും മൊബൈല്‍ ഫോണും സെല്‍ഫിയും എത്തിയതോടെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫിയുടെ സാധ്യത മങ്ങുന്നതായി മനസ്സിലാക്കി. പിന്നീട് ചേക്കേറിയത് അലൂമിനിയം ഫാബ്രിക്കേഷനിലേക്കാണ്. അതിനും വലിയ ഭാവിയില്ലെന്ന് മനസ്സിലാക്കിയതോടെ സുരക്ഷിതമായ ബ്യൂട്ടീഷ്യന്‍ രംഗത്തേക്ക് എത്തി. ഇപ്പോള്‍ സുനില്‍ സന്തോഷവാനാണ്.

പരമ്പരാഗതമായി കിട്ടിയ സ്വര്‍ണപ്പണിയായിരുന്നു ഉല്ലാസ് ഉപജീവനത്തിനായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് യന്ത്രവത്കരണവും ഇതര സംസ്ഥാന തൊഴിലാളികളും എത്തിയതോടെ തൊഴില്‍പ്രശ്നം മുന്‍കൂട്ടിക്കണ്ട് ബ്യൂട്ടീഷ്യന്‍ പഠനം പൂര്‍ത്തിയാക്കുകയായിരുന്നു. തുടര്‍ന്നാണ് ഇമേജിലെ കൂട്ടായ്മയിലേക്ക് എത്തിയത്.

വിവിധ മേഖലകളില്‍ ഉപജീവനത്തിനായി പയറ്റിയെങ്കിലും കാര്യമായ നേട്ടമില്ലെന്നു കണ്ടതോടെയാണ് വിനോദ് ബ്യൂട്ടീഷ്യനായി ഒരങ്കത്തിനിറങ്ങിയത്. അതില്‍ ചുവട് പിഴച്ചില്ല. തൊഴിലില്‍ സന്തോഷവും മോശമല്ലാത്ത വരുമാനവും. അതു പോരേ എന്നാണ് വിനോദ് ചോദിക്കുന്നത്.

ഓരോരുത്തരും ചെയ്യുന്ന ജോലിക്കനുസരിച്ചാണ് വരുമാനം. കിട്ടുന്ന തുകയുടെ ഒരു വിഹിതമാണ് കൂലി. ഒരേസമയം അഞ്ചുപേരുടെ മുടിവെട്ടാനും രണ്ടുപേര്‍ക്ക് ഫേഷ്യല്‍ ചെയ്യാനുമുള്ള സൗകര്യമുണ്ട് പാര്‍ലറില്‍. മൂന്ന് മുറികളും എയര്‍കണ്ടീഷന്‍ ചെയ്തതാണ്. ബ്യൂട്ടിപാര്‍ലര്‍ അസോസിയേഷന്റെ നിരക്കാണ് ഈടാക്കുന്നത്.

Content Highlights : Anand who left government job to become beautician , Career