നോട്ടെഴുത്തില്ല, ഉറക്കമിളയ്ക്കലില്ല; പത്രവായനയും ഗ്രൂപ്പ് സ്റ്റഡിയും നൽകിയ ഒന്നാം റാങ്ക് | LDC | PSC


ജെസ്ന ജിന്റോ

ഹരിത പി.കെ.

''പി.എസ്.സി. വഴി ഒരു ജോലിയെന്നത് എനിക്ക് ഒരു സ്വപ്നമേ ആയിരുന്നില്ല. സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ഉറക്കമൊഴിച്ച് കുത്തിയിരുന്ന് പഠിക്കുന്ന സ്വഭാവവും എനിക്കില്ലായിരുന്നു. എന്നാല്‍, കോവിഡ് കാലത്ത് വീടിനടുത്തുള്ള കുറച്ചുപേര്‍ക്കൊപ്പം നടത്തിയ ഒന്നിച്ചിരുന്നുള്ള പഠനമാണ് എനിക്ക് എല്‍.ഡി.സി. പരീക്ഷയില്‍ വിജയമുറപ്പിച്ചത്''

-അടുത്തിടെ പുറത്തുവന്ന എല്‍.ഡി.സി. റാങ്ക് ലിസ്റ്റില്‍ കാസര്‍കോടുനിന്നുള്ള ഒന്നാം റാങ്കുകാരി പി.കെ. ഹരിതയുടേതാണ് ഈ വാക്കുകള്‍.

കോറോണയുടെ തുടക്കകാലത്താണ് എല്‍.ഡി.സി.യ്ക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. മുമ്പ് കോച്ചിങ് സെന്ററില്‍ പരിശീലനത്തിനായി പോയിരുന്നുവെങ്കിലും എല്‍.ഡി.സി.യുടെ ഫലം കംബൈന്‍ഡ് സ്റ്റഡി നല്‍കിയതാണെന്ന് ഹരിത ഉറപ്പിച്ചു പറയുന്നു. തുടക്കക്കാലത്ത് ഞങ്ങള്‍ 20 പേരോളം അന്ന് ഒന്നിച്ചിരുന്ന് പഠിക്കാന്‍ ഉണ്ടായിരുന്നു. ഇന്ന് അതിലധികം ആളുകള്‍ അവിടെയെത്തി പഠിക്കുന്നുണ്ട്. പ്രീത എന്ന യുവതിയുടെ നേതൃത്വത്തിലാണ് ഇവിടെ പഠനം നടക്കുന്നത്. മുമ്പ് റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രീതയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഉദ്യോഗാര്‍ഥികള്‍ പഠനം നടത്തുന്നത്. എല്ലാവരും പരസ്പരം തങ്ങള്‍ക്ക് കൂടുതല്‍ പ്രാവീണ്യമുള്ള വിഷയങ്ങള്‍ പഠിപ്പിക്കുകയാണ് അവിടെ ചെയ്യുന്നത്. ഉദാഹരണത്തിന് ഗണിതം കൂടുതല്‍ അറിയാവുന്നവര്‍ മറ്റുള്ളവര്‍ക്ക് ക്ലാസ് എടുത്ത് നല്‍കും-ഹരിത പറഞ്ഞു.

ബാങ്ക് കോച്ചിങ്ങിനായാണ് ആദ്യമായി ഹരിത പരിശീലനകേന്ദ്രത്തില്‍ എത്തുന്നത്. ഇതിനായി കോച്ചിങ് സെന്ററിലെത്തുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറഞ്ഞതോടെ പി.എസ്.സി. പരിശീലിക്കാന്‍ അവിടുത്തെ അധ്യാപകര്‍ ഹരിതയോട് നിര്‍ദേശിക്കുകയായിരുന്നു. ആ സമയവും പി.എസ്.സി. എഴുതിയെടുക്കാന്‍ ഹരിതയ്ക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ല.

ശേഷം കണ്ണൂരിലുള്ള മറ്റൊരു പരിശീലനകേന്ദ്രത്തില്‍ യു.പി.എസ്.സി. പരീക്ഷയ്ക്കുള്ള പരിശീലനത്തിന് പോയി. എന്‍ട്രസ് പരീക്ഷയെഴുതിയാണ് അവിടെ അഡ്മിഷന്‍ കിട്ടിയത്. ഇന്റര്‍വ്യു കൂടി പാസായതോടെ സ്‌കോളര്‍ഷിപ്പോടുകൂടിയാണ് ഹരിത ഇവിടെ പരിശീലനം നേടിയത്. ഒരു വര്‍ഷത്തോളം അവിടുത്തെ പരിശീലനം തുടര്‍ന്നു. ശേഷമാണ് പി.എസ്.സിയിലേക്ക് ഹരിത എത്തിപ്പെട്ടത്.

ബോട്ടണിയിലാണ് ഹരിത ബിരുദം നേടിയത്. പി.എസ്.സി., യു.പി.എസ്.സി. പരീക്ഷകളില്‍ നിന്ന് കിട്ടിയ പ്രചോദനം ഉള്‍ക്കൊണ്ട് ബിരുദാനന്തര ബിരുദത്തിന് ചരിത്രമാണ് ഹരിത തിരഞ്ഞെടുത്തത്. ഡിസ്റ്റന്‍സ് ആയിട്ടാണ് ഹരിത ബിരുദാനന്തര ബിരുദം ചെയ്തത്.

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ അറിയാന്‍ join whatsapp group

വീടിന് സമീപത്തുള്ള എല്‍.പി., യു.പി., ഹൈസ്‌കൂള്‍ തലം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുക്കുന്നുമുണ്ട് ഹരിത.

മുമ്പ് പോലീസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എഴുത്ത് പരീക്ഷകളില്‍ ഹരിത ഏറെ മുന്നില്‍ എത്തിയിരുന്നെങ്കിലും ഉയരക്കുറവ് തിരിച്ചടിയായി. ഇത് കൂടാതെ എഴുതിയ മറ്റ് പി.എസ്.സി. പരീക്ഷകളുടെ ഫലം വരാനിരിക്കുന്നതേയുള്ളൂ.

പഠനരീതി

തൊഴില്‍ വാര്‍ത്ത സ്ഥിരമായി വാങ്ങാറും പഠിക്കാറുമുണ്ട്. അതിലെ മോക് ടെസ്റ്റുകള്‍ പതിവായി ചെയ്തു നോക്കും. കംബൈന്‍ഡ് സ്റ്റഡിക്ക് പുറമെ പത്രവായനയാണ് എല്‍.ഡി.സി. വിജയം ഉറപ്പിച്ച മറ്റൊരു സുപ്രധാന ഘടകം. ഒരുദിവസം പോലും പത്രം വായിക്കുന്നത് മുടക്കാറില്ല. ധാരാളം സമയമെടുത്ത് തന്നെയാണ് പത്രവായന. പത്രവായന പൊതുപരീക്ഷകളില്‍ ഏറെ ഗുണകരമായി മാറി. നോട്ട് എഴുതി പഠിക്കുന്ന ശീലം ഒരിക്കലും ഇല്ല. ഉറക്കം ഒഴിവാക്കിയും അധികം ഊര്‍ജം കളഞ്ഞുമുള്ള പഠനമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. പഠിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പഠിക്കും. പിന്നീട് മറ്റെന്തെങ്കിലും ജോലികള്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സിലിട്ട് വീണ്ടും പറഞ്ഞുനോക്കും. ഇതാണ് പഠനരീതി. പഠിച്ചകാര്യങ്ങള്‍ നന്നായി ഓര്‍മിച്ചുവയ്ക്കാന്‍ ശ്രമിക്കും. ഇപ്പോള്‍ പഠിക്കുന്ന കാര്യം പിന്നെ വായിച്ച് നോക്കാം എന്ന് കരുതരുത്. പിന്നീട് ഒരിക്കലും അത് പഠിക്കാനുള്ള അവസരം ഉണ്ടാകില്ലെന്ന് കരുതി വേണം ആദ്യം തന്നെ പഠിക്കാന്‍. പത്രത്തിലുള്ള, ഒട്ടും അറിയാത്ത കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ നോട്ട് എഴുതി സൂക്ഷിക്കുന്നത്. പിന്നെ പഠിച്ച കാര്യങ്ങള്‍ ചെറിയ പോയിന്റ് രൂപത്തിലാക്കി എഴുതി ചുമരില്‍ പതിപ്പിച്ച് വയ്ക്കും.

പി.എസ്.സിക്ക് പരിശീലിക്കുന്നവരോട്

കൂടുതല്‍ ഫോക്കസ് ചെയ്ത് പഠിക്കുക. ദിവസവുമുള്ള പത്രവായന മുടക്കാതിരിക്കുക. പത്രവായന മത്സരപരീക്ഷകളില്‍ നന്നായി ഉപകാരപ്പെടും. ഒരിക്കല്‍ പരീക്ഷയെഴുതി പരാജയപ്പെട്ടാല്‍ നിരാശപ്പെടരുത്. ഫലത്തെക്കുറിച്ച് ചിന്തിച്ചിരിക്കാതെ, പരിശ്രമിച്ചുകൊണ്ടേയിരിക്കുക. വിജയം ഉറപ്പായും ലഭിക്കും.

കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയ്ക്ക് സമീപം പാടിയോട്ടുചാല്‍ സ്വദേശിനിയാണ് ഹരിത. കൂലിപ്പണിക്കാരനായ തമ്പിയും അങ്കണവാടി ഹെല്‍പ്പറായ സുജാതയുമാണ് മാതാപിതാക്കള്‍. ലിജിന്‍ സഹോദരനാണ്.


Content Highlights: ldc first rank holder from kasaragod, haritha pk, psc exam, career


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented