കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ ഏറ്റവും വീറും വാശിയും പ്രകടിപ്പിക്കുന്നതാണ് ക്ലര്‍ക്ക് പരീക്ഷ. ആദ്യമായി പരീക്ഷയെഴുതുന്നവരും വര്‍ഷങ്ങളായി ശ്രമം തുടരുന്നവരും ചേരുമ്പോള്‍ പരീക്ഷയില്‍ മത്സരതീവ്രത ഉയരുന്നു. വിജയത്തിന് കൃത്യമായ ആസൂത്രണവും ചിട്ടയായ പഠനവുമാണ് ആവശ്യമായുള്ളത്. ആസൂത്രണം അപേക്ഷ അയയ്ക്കുന്ന ഘട്ടത്തിലേ തുടങ്ങണം.
ജില്ലകളിലെ മാമാങ്കം
ക്ലര്‍ക്ക് പരീക്ഷയെ സംബന്ധിച്ചിടത്തോളം അപേക്ഷ അയയ്ക്കുന്ന ജില്ലകള്‍ വളരെ പ്രധാനമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും നിയമനനില ഒരുപോലെയല്ല. ചില ജില്ലകളില്‍ നിയമനം ആയിരം കടക്കുമ്പോള്‍, 200 പേര്‍പോലും നിയമിക്കപ്പെടാത്ത ജില്ലകളുമുണ്ട്. വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളുടെ എണ്ണമാണ് അവിടുത്തെ നിയമനനിലവാരം നിശ്ചയിക്കുന്നത്.
ആസ്ഥാന കാര്യാലയങ്ങളും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും ധാരാളമായുള്ള തിരുവനന്തപുരം ജില്ലയിലാണ് ക്ലര്‍ക്ക് തസ്തികയില്‍ കൂടുതല്‍ നിയമനം നടക്കുന്നത്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളും നിയമനത്തില്‍ മുന്നിലാണ്.
സ്വന്തം ജില്ലയില്‍ ജോലി നേടാനാവും എല്ലാവരുടെയും ആഗ്രഹം. എന്നാല്‍, ഉന്നതമായ പഠനനിലവാരത്തില്‍ എത്തിയാലേ നിയമനനിലവാരം കുറഞ്ഞ ജില്ലകളില്‍ ജോലി നേടാനാവൂ.
സിലബസിനകത്തുനിന്നും വിജയം
അടുത്തകാലത്തായി നടന്ന പി.എസ്.സി.യുടെ പരീക്ഷകളില്‍ മിക്കതും സിലബസിനുള്ളില്‍ ഒതുങ്ങിയുള്ളവയായിരുന്നു. സിലബസ് കവര്‍ ചെയ്ത് പഠിച്ചവര്‍ക്ക് ജയിച്ചുകയറാന്‍ ഇത് സഹായകരമായി. സിലബസ് നന്നായി മനസ്സിലാക്കുക എന്നതാണ് മുന്നൊരുക്കത്തിന്റെ ആദ്യത്തെ ഘട്ടം.
സിലബസില്‍ പറയുന്ന വിവിധ വിഷയങ്ങളില്‍ ഓരോരുത്തര്‍ക്കുമുള്ള അവഗാഹം സ്വയം വിലയിരുത്തുക. അതിനുശേഷം വിവിധ വിഷയങ്ങള്‍ക്ക് നല്‍കേണ്ട സമയത്തെപ്പറ്റി സ്വയംവിലയിരുത്തുക. കൃത്യമായ ഒരു പഠനപദ്ധതി വളരെ പ്രധാനമാണ്. സിലബസില്‍ പറയാത്ത മേഖലകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധവേണം.
സമയവും പ്രവൃത്തിയും
ക്ലര്‍ക്ക് പരീക്ഷ നവംബറില്‍ ആരംഭിക്കും. അതുകൊണ്ടുതന്നെ പഠനകാര്യത്തില്‍ കൃത്യമായ സമയനിഷ്ഠ വേണം. എല്ലാമേഖലകളിലൂടെയും ഒരാവര്‍ത്തി കടന്നുപോയിക്കൊണ്ടു വേണം പഠനം തുടങ്ങാന്‍. ഉദ്യോഗാര്‍ഥിക്ക് വിവിധ മേഖലകളിലുള്ള ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയാന്‍ ഇതു സഹായിക്കും.
കൂടുതല്‍ ചോദ്യങ്ങള്‍ വരുന്ന മേഖലകള്‍ മനസ്സിലാക്കി കൂടുതല്‍ സമയം ചെലവഴിക്കണം. പരീക്ഷയ്ക്ക് മുന്‍പുള്ള മൂന്നുമാസങ്ങളില്‍ ദിവസവും കുറഞ്ഞത് അഞ്ചുമണിക്കൂറെങ്കിലും പഠനത്തിനായി നീക്കിവെക്കാന്‍ കഴിയണം.
സ്‌കോര്‍ നമ്മള്‍ തീരുമാനിക്കും
മത്സരപരീക്ഷകളില്‍ വിജയം നേടുന്നവര്‍ അനുവര്‍ത്തിക്കുന്ന ഒരു പ്രധാന രീതിയാണിത്. പരീക്ഷയ്ക്ക് മാസങ്ങള്‍ക്കു മുന്‍പു തന്നെ ഉദ്യോഗാര്‍ഥി ലക്ഷ്യംവെക്കുന്ന സ്‌കോര്‍ മനസ്സില്‍ കുറിച്ചിടണം. പിന്നീടുള്ള ഓരോ ദിവസവും ഈ സകോറിലേക്ക് എത്തിപ്പെടുംവിധം പഠനം ക്രമീകരിക്കണം. ക്ലര്‍ക്ക് പരീക്ഷകളെ സംബന്ധിച്ചിടത്തോളം 80 മാര്‍ക്ക് എന്നത് വളരെ സുരക്ഷിതമായ ഒരു സ്‌കോര്‍ ആണ്. ഇത്തരമൊരു ലക്ഷ്യം മുന്നില്‍ കണ്ടുവേണം പഠനത്തില്‍ മുന്നേറാന്‍.
മുന്‍ചോദ്യപേപ്പറുകളും മാതൃകാചോദ്യപേപ്പറുകളും
പി.എസ്.സി.യുടെ മാറിവരുന്ന ചോദ്യമേഖലകളും ചോദ്യരീതികളും ഉദ്യോഗാര്‍ഥികള്‍ അവശ്യം അറിഞ്ഞിരിക്കണം. ഇതിനായി ഇനി നടക്കുന്ന എല്ലാ പി.എസ്.സി. പരീക്ഷകളിലും ക്ലര്‍ക്ക് പരീക്ഷാ സിലബസിലെ ഭാഗങ്ങളുണ്ടെങ്കില്‍ ആ ചോദ്യങ്ങളിലൂടെ കടന്നുപോകണം.
പരീക്ഷയ്ക്കു മുന്‍പ് ഏറ്റവും ചുരുങ്ങിയത് 100 മുന്‍കാല ചോദ്യപ്പേപ്പറുകളെങ്കിലും വിശകലനം ചെയ്യാന്‍ കഴിഞ്ഞിരിക്കണം. മാതൃകാ ചോദ്യപ്പേപ്പറുകളും പ്രാധാന്യമുള്ളവയാണ്. ചുരുങ്ങിയത് 50 മാതൃകാ ചോദ്യപ്പേപ്പറുകളെങ്കിലും പരീക്ഷയ്ക്കു മുന്‍പ് കൈകാര്യം ചെയ്യുന്നത് പരീക്ഷയില്‍ മികവും ആത്മവിശ്വാസവും നല്‍കാന്‍ ഉപകരിക്കും.
ചരിത്രബോധമുള്ളവര്‍ മുന്നേറും
ക്ലര്‍ക്ക് പരീക്ഷകളിലെ പൊതുവിജ്ഞാനം മേഖലയിലെ ആകെ ചോദ്യങ്ങളുടെ 15 ശതമാനത്തിലേറെ ചരിത്രവുമായി ബന്ധപ്പെട്ടവയാണ്. ചരിത്രത്തെ ലോകചരിത്രം, ഇന്ത്യാചരിത്രം, കേരളചരിത്രം എന്നിങ്ങനെ തിരിക്കാമെങ്കിലും, ചരിത്രത്തിന്റെ കൂടുതല്‍ ചോദ്യം വരിക കേരളചരിത്രത്തില്‍ നിന്നുമാണ്.
ഇന്ത്യാചരിത്രത്തില്‍ ആധുനിക ഇന്ത്യ, ദേശീയപ്രസ്ഥാനം എന്നീ മേഖലകളിലെ ചോദ്യങ്ങളെ ഇപ്പോള്‍ പി.എസ്.സി. പരീക്ഷയ്ക്കു കണ്ടുവരുന്നുള്ളൂ. മധ്യകാലചരിത്രത്തില്‍ നിന്നും അപൂര്‍വമായി ചില ചോദ്യങ്ങള്‍ വരുന്നുണ്ട്. ലോകചരിത്രത്തില്‍ ആഴത്തിലൊരു പഠനം ആവശ്യമില്ല. പ്രധാന ലോകസംഭവങ്ങളെയും നേതാക്കളെയും അറിഞ്ഞിരിക്കുക എന്നതാണ് പ്രധാനം.
നവോത്ഥാനമുള്ള മനസ്സുകള്‍ക്ക് വിജയം
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പി.എസ്.സി. പരീക്ഷകളിലെ പ്രധാന ഇനങ്ങളിലൊന്നാണ് കേരള നവോത്ഥാനം. തീരെ ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈ മേഖല പി.എസ്.സി. സിലബസില്‍ സ്ഥാനംപിടിച്ചതോടെ വളരെ സജീവമായി മാറി.
പരന്ന വായന ഈ വിഷയത്തില്‍ വേണ്ടതുണ്ട്. ആഴത്തിലുള്ള ചോദ്യങ്ങളും ഈ മേഖലയില്‍ നിന്നും അടുകാലത്തായി വരുന്നുണ്ട്. കേരള നവോത്ഥാനവുമായി ബന്ധപ്പെട്ടുള്ള കൃതികള്‍ വായിക്കുന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് ഗുണംചെയ്യും. പരമാവധി മാര്‍ക്കുകള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയും എന്നതിനാല്‍ അവധാനതയോടെ വേണം ഈ മേഖല കൈകാര്യം ചെയ്യാന്‍.
ഭൂമിയെ അറിയണം
പി.എസ്.സി. ചോദ്യപ്പേപ്പറുകളില്‍ ഭൂമിശാസ്ത്രത്തിന്റെ പ്രാധാന്യം ഒട്ടും തന്നെ കുറയുന്നില്ല. ഇന്ത്യ, കേരളം എന്നീ ഭാഗങ്ങളിലെ ഭൂമിശാസ്ത്രം സാമാന്യം നല്ലരീതിയില്‍ മനസ്സിലാക്കിയിരിക്കണം. 15 മുതല്‍ 20 വരെ ശതമാനം ചോദ്യങ്ങള്‍ ചോദിക്കുന്ന വിഷയമാണ് ഭൂമിശാസ്ത്രം.
അതുകൊണ്ടുതന്നെ ക്രമമായി കാര്യങ്ങള്‍ പഠിക്കണം. ഓരോ ഉദ്യോഗാര്‍ഥിയുടെയും ഉത്സാഹത്തിനനുസരിച്ച് കൂടുതല്‍ മാര്‍ക്ക് നേടാവുന്ന മേഖലയാണിത് എന്ന പ്രത്യേകതയുമുണ്ട്. താരതമ്യേന ഓര്‍ത്തിരിക്കാന്‍ എളുപ്പമുള്ള ചോദ്യങ്ങളാണ് ഭൂമിശാസ്ത്രത്തിലേത്. അതുകൊണ്ടുതന്നെ ഏതു സമയത്തും ഈ വിഷയം പഠിക്കാവുന്നതാണ്.
രാഷ്ട്രീയം വിലക്കരുത്
കേരളരാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയം, ഭരണഘടന എന്നീ മേഖലകളില്‍ ആഴത്തിലുള്ള ചോദ്യങ്ങള്‍ അടുത്തകാലത്തായി കൂടിവരുന്നുണ്ട്. ഉദ്യോഗാര്‍ഥികളില്‍ വലിയൊരു വിഭാഗത്തിന് താത്പര്യക്കുറവുള്ള വിഷയവുമാണിത്. അതുകൊണ്ടുതന്നെ ഈ വിഷയങ്ങളില്‍ മികച്ച പരിശീലനം നടത്തുന്നത് ഉയര്‍ന്ന റാങ്കുകളിലേക്ക് നയിക്കും.
ഭരണഘടനയിലെ പ്രധാനപ്പെട്ട അനുച്ഛേദങ്ങള്‍ പ്രത്യേകം എഴുതിത്തന്നെ പഠിക്കണം. പ്രമുഖ നേതാക്കളുമായി ബന്ധപ്പെട്ട വിവരങ്ങളും ശ്രദ്ധയോടെ മനസ്സിലാക്കണം. സമീപകാലത്തെ രാഷ്ട്രീയസംഭവവികാസങ്ങള്‍ മനസ്സിലാക്കണം.
ശാസ്ത്രത്തിലെ അധ്വാനം
ക്ലര്‍ക്ക് പരീക്ഷയിലെ പത്തോളം ചോദ്യങ്ങള്‍ ജനറല്‍ സയന്‍സ് വിഭാഗത്തില്‍ വരുന്നുണ്ട്. മനുഷ്യശരീരം, വൈദ്യശാസ്ത്രം മേഖലകള്‍ക്കാണ് കൂടുതല്‍ ഊന്നല്‍നല്‍കേണ്ടത്. നിത്യജീവിതവുമായി ബന്ധപ്പെട്ട രാസവസ്തുക്കളും യന്ത്രങ്ങളുടെ പ്രവര്‍ത്തനവുമെല്ലാം ഇതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നു.
മധുരം മലയാളം
മലയാളം ഭാഗത്തെ പത്തുചോദ്യങ്ങള്‍ക്ക് റാങ്ക് നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുണ്ട്. സാധാരണഗതിയില്‍ ആറോ ഏഴോ മാര്‍ക്കിനപ്പുറം ഈ മേഖലയില്‍ ഉദ്യോഗാര്‍ഥികള്‍ ലക്ഷ്യംവെക്കാറില്ല. എന്നാല്‍ വളരെച്ചെറിയ ഒരു പഠനമേഖല എന്ന നിലയില്‍ മലയാളത്തില്‍ പരമാവധി മാര്‍ക്ക് നേടാന്‍ ശ്രമിക്കണം. ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പായും ചോദ്യങ്ങള്‍ പ്രതീക്ഷിക്കാവുന്ന ചില ഉപവിഭാഗങ്ങള്‍ മലയാളത്തിലുണ്ട്.
ഇംഗ്ലീഷ് ചാനല്‍ കരുതലോടെ നീന്തിക്കടക്കണം
കരുതലോടെ തന്നെ നേരിടേണ്ടതാണ് ജനറല്‍ ഇംഗ്ലീഷിലെ ചോദ്യങ്ങള്‍. നൂറുശതമാനം ഉറപ്പുള്ള ഉത്തരങ്ങള്‍ മാത്രമേ ഈ മേഖലയില്‍ നിന്നും എഴുതാന്‍ ശ്രമിക്കാവൂ. ഉദ്യോഗാര്‍ഥികള്‍ മൈനസ് മാര്‍ക്ക് കൂടുതലായും വാങ്ങുന്നത് ഇംഗ്ലീഷില്‍ നിന്നുമാണ്.
അതേസമയം, കുറഞ്ഞത് ആറു മാര്‍ക്കെങ്കിലും ഇംഗ്ലീഷില്‍ നിന്നും നേടേണ്ടത് ഉയര്‍ന്ന റാങ്കിന് അനിവാര്യമാണ്. പരമ്പരാഗതമായ ചോദ്യമേഖലകളില്‍ നിന്നുമാണ് ഇംഗ്ലീഷിലെ ചോദ്യങ്ങള്‍ കൂടുതലായും വരുന്നത്. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായ തയ്യാറെടുപ്പിലൂടെ തന്നെ മാര്‍ക്കുകള്‍ ഉറപ്പിക്കാം.
കണക്കിലെ കളികള്‍
ക്ലര്‍ക്ക് പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ കണക്ക് /മെന്റല്‍ എബിലിറ്റി ഭാഗത്തു നിന്നും പരമാവധി മാര്‍ക്കുകള്‍ നേടേണ്ടതുണ്ട്. ഈ ഭാഗത്തു നിന്നുള്ള ആകെ 20 ചോദ്യങ്ങളില്‍ 15 മാര്‍ക്കെങ്കിലും ലക്ഷ്യമിടണം.
പി.എസ്.സി. ചോദ്യപ്പേപ്പറുകളില്‍ വര്‍ഷങ്ങളായി മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്ന ചോദ്യമാതൃകകളാണ് കണക്ക്/മെന്റല്‍ എബിലിറ്റി ഭാഗത്തെത്. കണക്കിലെ 12 ഓളം വരുന്ന അടിസ്ഥാനക്രിയകളാണ് ഇവിടെ പ്രധാന ചോദ്യങ്ങള്‍. പ്രത്യേക താത്പര്യത്തോടെ ഈ വിഭാഗത്തിലെ വിവിധ രീതികള്‍ നന്നായി മനസ്സിലാക്കണം.
വഴികാട്ടികള്‍ മികച്ചവരാകണം
മുന്നേറാന്‍ മികച്ച വഴികാട്ടികള്‍ കൂടിയേ തീരൂ. കേരളത്തില്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ നേടിക്കൊടുത്തത് തൊഴില്‍വാര്‍ത്താ പ്രസിദ്ധീകരണങ്ങളാണ്. തൊഴില്‍വാര്‍ത്തയും ഹരിശ്രീയും നല്‍കുന്ന ചിട്ടയായ പരിശീലനം പിന്‍തുടരുന്നവര്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച നിലവാരത്തിലെത്താനാവും.
ചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കി പരിചയമുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്നതാണ് തൊഴില്‍വാര്‍ത്തയിലെ പരിശീലകര്‍. കൂടാതെ, വര്‍ഷങ്ങളുടെ അറിവിലൂടെ ശാസ്ത്രീയമായി തയ്യാറാക്കുന്ന ചോദ്യങ്ങള്‍ ഉദ്യോഗാര്‍ഥികളുടെ നിലവാരം അവരറിയാതെതന്നെ ഉയര്‍ത്തുന്നു. ക്ലര്‍ക്ക് ഉദ്യോഗത്തിലേക്കുള്ള കുതിപ്പ് തൊഴില്‍വാര്‍ത്തയ്‌ക്കൊപ്പമാവാം.