ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് അപേക്ഷകരുടെ എണ്ണം രണ്ടുലക്ഷം പിന്നിട്ടു. ജനുവരി 18 വരെയുള്ള കണക്ക് പ്രകാരം 14 ജില്ലകളിലുമായി 2,06,110 അപേക്ഷകള്‍ പി.എസ്.സിക്ക് ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്. ഏറ്റവും കുറവ് വയനാടും. ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാന്‍ സമയമുണ്ട്.
സര്‍ക്കാര്‍ ജോലിക്ക് സുവര്‍ണാവസരം
എല്‍.ഡി.സിയ്ക്ക് പിന്നാലെ ലാസ്റ്റ് ഗ്രേഡും. ബിരുദധാരികള്‍ക്ക് ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ കുറഞ്ഞ യോഗ്യതയുള്ള ഒട്ടേറെപ്പേരില്‍ ഒരു സര്‍ക്കാര്‍ ജോലി നേടിയെടുക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതിനെക്കാള്‍ മികച്ച അവസരമില്ല. പരീക്ഷയ്ക്ക് ഉടന്‍ തന്നെ പരിശീലനം ആരംഭിക്കണം.
30,000 രൂപ ശമ്പളം!
ഇപ്പോഴത്തെ വിജ്ഞാപനത്തില്‍ ലാസ്റ്റ് ഗ്രേഡിന് പറഞ്ഞിട്ടുള്ള അടിസ്ഥാന ശമ്പളം 16,500 രൂപയാണ്. ഇപ്പോള്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് ലഭിക്കുന്ന തുടക്കശമ്പളം 21,000 രൂപയിലേറെയാണ്. എന്നാല്‍ സര്‍ക്കാര്‍ പുതിയ ശമ്പളക്കമ്മിഷനെ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, ഈ വിജ്ഞാപനംപ്രകാരം പരീക്ഷകഴിഞ്ഞ് നിയമനം നടക്കുമ്പോഴേക്കും തികച്ചും വ്യത്യസ്തമായ സേവന-വേതന വ്യവസ്ഥയാവും ഉണ്ടാവുക.
അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍ എന്നിവയില്‍ ചുരുങ്ങിയത് 40 ശതമാനമെങ്കിലും വര്‍ധന വന്നേക്കും. പുതിയ ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ നിലവില്‍ വരുമ്പോള്‍ ലാസ്റ്റ് ഗ്രേഡിന്റെ അടിസ്ഥാനശമ്പളംതന്നെ 25,000 രൂപ കടന്നേക്കും. ഇതിനൊപ്പം അലവന്‍സുകള്‍ കൂടി ചേരുമ്പോള്‍ ജോലിയില്‍ പ്രവേശിക്കുന്ന തുടക്കക്കാരനുപോലും 30,000 രൂപയിലേറെ പ്രതിമാസ ശമ്പളം ലഭിക്കും.
സ്ഥാനക്കയറ്റങ്ങള്‍
ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സിന് സ്ഥാനക്കയറ്റത്തിന് പ്രത്യേക സംരക്ഷണമുണ്ട്. ജോലിയില്‍ പ്രവേശിച്ച് 8 വര്‍ഷത്തിനുള്ളില്‍ പ്രൊമോഷന്‍ ലഭിക്കാത്തപക്ഷം ഇതിനു തത്തുല്യമായ സാമ്പത്തികനേട്ടം ഉണ്ടാകുന്ന ഹയര്‍ഗ്രേഡ് പ്രൊമോഷന്‍ നല്‍കണമെന്നാണ് വ്യവസ്ഥ.
നൈറ്റ് വാച്ച്മാന്‍/ഓഫീസ് അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളില്‍ ജോലിയില്‍ പ്രവേശിക്കുന്നവരുടെ ആദ്യത്തെ സ്ഥാനക്കയറ്റം അറ്റന്റര്‍ തസ്തികയിലേക്കാണ്. ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്കാണ് അടുത്ത സ്ഥാനക്കയറ്റം.
തസ്തികമാറ്റത്തിന് സംവരണം
ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികയ്ക്ക് അപേക്ഷിക്കാന്‍ കഴിയാത്തത് ബിരുദധാരികള്‍ക്കു മാത്രമാണ് എന്നത് പ്രത്യേകം ഓര്‍ക്കണം. ബിരുദത്തിന് ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ വിലക്കില്ല. പ്ലസ്ടു, അതിനു ശേഷമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, ഡിപ്ലോമകള്‍ എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാന്‍ വിലക്കില്ല. ഇവര്‍ക്ക് യോഗ്യതകള്‍ക്കനുസൃതമായ സര്‍ക്കാര്‍ ജോലികള്‍ നേടിയെടുക്കാനുള്ള എളുപ്പമാര്‍ഗമാവും ലാസ്റ്റ് ഗ്രേഡ് ഉദ്യോഗം.
സര്‍ക്കാര്‍ സര്‍വീസിലെ എല്ലാ വലിയ തസ്തികകളിലും, നിശ്ചിത യോഗ്യതയുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കായി 10 ശതമാനം വരെ തസ്തികകള്‍ സംവരണം ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ലാസ്റ്റ് ഗ്രേഡും കെ.എ.എസും
പി.എസ്.സി.വഴി നിയമനം നല്‍കുന്ന ഏറ്റവും വലിയ തസ്തികയായ കെ.എ.എസിന് ഇപ്പോള്‍ പരീക്ഷ നടക്കാന്‍ പോവുകയാണല്ലോ. കെ.എ.എസിലേക്കു പോലുമുള്ള ഒരു എളുപ്പവഴിയാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗം. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗത്തിന് അപേക്ഷിക്കാന്‍ ബിരുദം നേടിയിരിക്കരുത് എന്നു മാത്രമേ നിഷ്‌കര്‍ഷയുള്ളൂ. എന്നാല്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചശേഷം ബിരുദംപോലുള്ള ഉന്നത വിദ്യാഭ്യാസയോഗ്യതകള്‍ ആര്‍ജിക്കുന്നതില്‍ വിലക്കില്ല.
മറ്റ് എല്ലാ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും പ്രൊബേഷന്‍ പൂര്‍ത്തിയാവുന്നത് കുറഞ്ഞത് രണ്ട് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുമ്പോഴാണ്. എന്നാല്‍ ലാസ്റ്റ് ഗ്രേഡില്‍ ഇത് ഒരു വര്‍ഷം മാത്രമാണ്. ലാസ്റ്റ് ഗ്രേഡ് സര്‍വന്റായി ജോലിയില്‍ പ്രവേശിച്ച ശേഷം എത്രയും പെട്ടെന്ന് ബിരുദംകൂടി പൂര്‍ത്തിയാക്കിയാല്‍ സ്ട്രീം-2 പ്രകാരം കെ.എ.എസിന് മത്സരിക്കാം. ഓപ്പണ്‍ മാര്‍ക്കറ്റിനെ അപേക്ഷിച്ച് ചെറിയ മത്സരം മാത്രമേ ഈ വിഭാഗത്തിലുള്ളൂ.
നിയമനങ്ങള്‍ വര്‍ധിക്കും
ഇപ്പോഴത്തെ വിജ്ഞാപനപ്രകാരം 14 ജില്ലകളില്‍ നിലവില്‍ വരുന്ന റാങ്ക് പട്ടികകളില്‍നിന്നും 10,000 വരെ നിയമനങ്ങള്‍ പ്രതീക്ഷിക്കാം. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ കൂടുതലായി നടക്കാന്‍ പോകുന്ന കാലയളവാണ് 2020-22 വര്‍ഷങ്ങള്‍.
കൂടാതെ എല്‍.ഡി.ക്ലാര്‍ക്ക്, പോലീസ് കോണ്‍സ്റ്റബിള്‍, എക്സൈസ് ഗാര്‍ഡ്, എച്ച്.എസ്. എ. തുടങ്ങിയ ഉയര്‍ന്ന തസ്തികകള്‍ കരസ്ഥമാക്കുന്ന ഇപ്പോഴത്തെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സ്ഥാനക്കയറ്റം സൃഷ്ടിക്കുന്ന ഒഴിവുകള്‍ വേറെയും.
ജോലി സാധ്യത ഉയര്‍ന്നു
ബിരുദമുള്ളവരെ ലാസ്റ്റ് ഗ്രേഡ് പരീക്ഷകളില്‍ നിന്നും ഒഴിവാക്കിയത് മറ്റുള്ളവരുടെ സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. പരീക്ഷയുടെ മത്സരനിലവാരത്തില്‍ വന്നിട്ടുള്ള നേരിയ ഇടിവ് ഇപ്പോള്‍ എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. മികച്ച മത്സരനിലവാരം, ഉയര്‍ന്ന മാര്‍ക്കുകള്‍, ദീര്‍ഘനാളത്തെ ശ്രമം എന്നിവയൊക്കെയാണ് ലാസ്റ്റ് ഗ്രേഡ് പരീക്ഷകളെ വേറിട്ടതാക്കുന്നത്. സാധാരണക്കാര്‍ക്ക് കൂടുതല്‍ സാധ്യതകളാണ് ലാസ്റ്റ്ഗ്രേഡ് പരീക്ഷയുടെ യോഗ്യതാ പരിഷ്‌കരണം നല്‍കിയിരിക്കുന്നത്.
പുഞ്ചിരിക്കാം തൊഴില്‍വാര്‍ത്തയ്‌ക്കൊപ്പം
ലാസ്റ്റ് ഗ്രേഡ് പരീക്ഷാ പരിശീലനം SMILE (Success Mantra in Last Grade Exam) എന്ന പേരില്‍ മാതൃഭൂമി തൊഴില്‍വാര്‍ത്തയില്‍ ആരംഭിച്ചിട്ടുണ്ട്. തുടക്കക്കാര്‍ക്കും പി.എസ്.സി. പരീക്ഷകളെഴുതി പരിചയമുള്ളവര്‍ക്കും ഒരുപോലെ ഉപകാരപ്പെടും വിധം, അടിസ്ഥാന വിവരങ്ങളില്‍ തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകും വിധമാണ് ക്രമീകരണം.
ലാസ്റ്റ് ഗ്രേഡിന് പുറമെ എല്‍.ഡി.സി., കെ.എ.എസ്. തുടങ്ങി വിവിധ മത്സരപ്പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കായി 24 പ്രത്യേക പേജുകളാണ് ഓരോ ലക്കവും തൊഴില്‍വാര്‍ത്ത ഒരുക്കുന്നത്.

Content Highlights: Last Grade Sevants Examination, Kerala PSC
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..