റോബോട്ട്, കടലിന്റെ ആഴത്തട്ടിലേക്കുവരെ കടന്നെത്തുന്ന ഡ്രോണുകൾ തുടങ്ങി സ്മാർട്ട് ഉടുപ്പുകൾവരെ; സാങ്കേതികവിദ്യയുടെ കൈയൊപ്പ് പതിഞ്ഞ നേട്ടങ്ങൾ ഏറെയുണ്ട് നമ്മുടെ സ്റ്റാർട്ടപ്പുകൾക്ക് അവകാശപ്പെടാൻ. എറണാകുളം കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന മേക്കർ വില്ലേജിലേക്ക് എത്തിയാൽ ഇവയിൽ പലതും നേരിൽ കണ്ടറിയാം. കേന്ദ്ര ഇലക്‌ട്രോണിക്‌സ് മന്ത്രാലയം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി - കേരള, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് മേക്കർ വില്ലേജ് പ്രവർത്തിക്കുന്നത്. 

നിർമിതബുദ്ധി, റോബോട്ടിക്സ്

മേക്കർ വില്ലേജ് എന്ന പേര് സൂചിപ്പിക്കുന്നതുപോലെ ഉത്പന്നങ്ങളുടെ നിർമാണമാണ് ഇവിടെ നടക്കുന്നത്. നിർമിത ബുദ്ധി, റോബോട്ടിക്‌സ് എന്നിങ്ങനെ പുത്തൻ സാങ്കേതികതകളിൽ അധിഷ്ഠിതമായ വ്യത്യസ്തമായ ഉത്പന്നങ്ങളാണ് പുറത്തിറങ്ങുന്നതെന്നുമാത്രം. മികച്ച ആശയങ്ങളാണ് മേക്കർ വില്ലേജ് പ്രോത്സാഹിപ്പിക്കുന്നത്.
75 കമ്പനികൾ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്നുണ്ട്. 2016 ജൂണിലാണ് പ്രവർത്തനം തുടങ്ങിയത്. ഇതിനകം ആറ്് പേറ്റന്റുകൾ മേക്കർ വില്ലേജിലെ കമ്പനികൾ നേടിക്കഴിഞ്ഞു. 45 പേറ്റന്റ് അപേക്ഷകൾ പരിഗണനയിലുണ്ട്. വരുന്ന ആറുമാസത്തിനകം പേറ്റന്റുകളുടെ എണ്ണം 20 ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 29 കോടി രൂപയുടെ നിക്ഷേപം

സിങ്കപ്പൂർ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽനിന്നുള്ള സ്റ്റാർട്ടപ്പുകൾ ഇവിടെയുണ്ട്. കേരളത്തിനുപുറമേ ബെംഗളൂരു, ഹൈദരാബാദ്, പുണെ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള സ്റ്റാർട്ടപ്പുകളും മേക്കർ വില്ലേജിന്റെ ഭാഗമാണ്. കഴിഞ്ഞ ഒരുവർഷംകൊണ്ട് 29 കോടി രൂപയുടെ നിക്ഷേപം മേക്കർ വില്ലേജിലെ കമ്പനികൾ നേടി. പ്രതിരോധ ഗവേഷണത്തിൽ സ്റ്റാർട്ടപ്പുകളുടെ സഹകരണം ഉറപ്പാക്കുന്ന ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്‌സലൻസിന്റെ (ഐഡെക്‌സ്) പങ്കാളിയായും അടുത്തിടെ മേക്കർ വില്ലേജിനെ തിരഞ്ഞെടുത്തിരുന്നു.

പുത്തൻ ആശയങ്ങൾ ഉണ്ടെങ്കിൽ വരാം

മേക്കർ വില്ലേജിലേക്ക് ആർക്കുവേണമെങ്കിലും കടന്നുവരാം. പ്രവർത്തനാനുമതിക്കുള്ള തിരഞ്ഞെടുപ്പ് വളരെ ലളിതമാണ്. വിദ്യാഭ്യാസ യോഗ്യതയും പ്രായവുമൊന്നും ഇവിടെ പ്രശ്‌നമല്ല. മുന്നോട്ടുവെക്കുന്ന ആശയങ്ങളാണ് പ്രധാനം. ഉത്പന്നമാക്കി മാറ്റാൻ കഴിയുന്ന നൂതന ആശയങ്ങൾക്കാണ് മുൻഗണന.

അപേക്ഷ സമർപ്പിക്കാൻ അഞ്ചുനിമിഷംമാത്രം മതിയാകും. പ്രാഥമിക വിലയിരുത്തലുകൾ തൃപ്തികരമായാൽ വിശദമായ അപേക്ഷ ആവശ്യപ്പെടും. വിദഗ്ധരടങ്ങുന്ന കമ്മിറ്റിയാണ് കമ്പനികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആശയം യാഥാർഥ്യമാക്കുന്നതിനാവശ്യമായ പിന്തുണ നൽകും. 

സ്റ്റാർട്ടപ്പുകളെ സാമ്പത്തികമായി ഉൾപ്പെടെ പിന്തുണയ്ക്കുന്നതിന് സർക്കാർതലത്തിലും അല്ലാതെയും ഒട്ടേറെ പദ്ധതികളുണ്ട്. സാങ്കേതിക സംവിധാനങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ചതെന്നുതന്നെ വിശേഷിപ്പിക്കാനാകും മേക്കർ വില്ലേജിനെ. കൊച്ചിക്കുപുറമേ തിരുവനന്തപുരത്തും മേക്കർ വില്ലേജിന്റെ കാമ്പസ് പ്രവർത്തിക്കുന്നുണ്ട്. വിവരങ്ങൾക്ക്: www.makervillage.in

 

അന്താരാഷ്ട്ര   നിലവാരത്തിലേക്ക്

അന്താരാഷ്ട്ര നിലവാരത്തിലേക്ക് മേക്കർ വില്ലേജിനെ വികസിപ്പിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്രതലത്തിലെ ബോഷ്, ക്വാൽകോം,  ആം,  ടെക്സാസ് ഇൻസ്ട്രുമെന്റ്‌സ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.  ഇതുവഴി കൂടുതൽ അവസരങ്ങൾ കമ്പനികൾക്ക് ലഭിക്കും. പുതിയ ഉപകരണങ്ങളും ലാബുമെല്ലാമായി മേക്കർ വില്ലേജ് കൂടുതൽ ആധുനികമാകുകയാണ്. രണ്ടുമാസത്തിനകം അന്താരാഷ്ട്ര നിലവാരത്തിലുള്ള കൂടുതൽ ഉപകരണങ്ങൾ എത്തും.
-പ്രസാദ് ബാലകൃഷ്ണൻ നായർ, സി.ഇ.ഒ., മേക്കർ വില്ലേജ് 

Content Highlights: Largest Electronics Hardware Incubator: Kerala's Own Maker Village