പാർലമെന്റിന്റെ പ്രവർത്തനരീതിയെപ്പറ്റിയുള്ള അറിവ്, ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ പി.ആർ.എസ്. (പോളിസി റിസർച്ച് സ്റ്റഡീസ്) ലെജിസ്ളേറ്റീവ് റിസർച്ച്, ലെജിസ്ലേറ്റീവ് അസിസ്റ്റന്റ്സ് ടു മെമ്പേഴ്സ് ഓഫ് പാർലമെന്റ് (എൽ.എ.എം.പി. -ലാംപ്) എന്ന പദ്ധതിയിലേക്ക് യുവജനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

സ്റ്റൈപ്പൻഡ്

അപേക്ഷയുടെ ഭാഗമായി ഫെലോഷിപ്പിന് അർഹത വ്യക്തമാക്കുന്ന ഒരു ഉപന്യാസവും ഏതെങ്കിലും നയം/നിയമം അടിസ്ഥാനമാക്കിയുള്ള മറ്റൊരു ഉപന്യാസവും (ഓരോന്നും 500 വാക്കിൽ) തയ്യാറാക്കി അപ്ലോഡ് ചെയ്യണം. മാസ സ്റ്റൈപ്പൻഡ് 20,000 രൂപയാണ്.

ബില്ലുകളുടെ ചർച്ചകൾക്ക് വേണ്ട വിവരങ്ങൾ നൽകുക, സഭയിൽ ഉന്നയിക്കേണ്ട ചോദ്യങ്ങൾ അംഗത്തിനായി തയ്യാറാക്കുക, ശൂന്യവേളാ ചർച്ചകളിൽ പങ്കെടുക്കാൻ അംഗത്തിന് പ്രഭാഷണം തയ്യാറാക്കുക, നയപരമായ വിഷയങ്ങളുടെ ചർച്ചകൾ, സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിങ്ങുകൾ,

പൊതുതാത്‌പര്യമുള്ള വിഷയങ്ങളുടെ ചർച്ചകൾ, എന്നിവയ്ക്കുവേണ്ട വിവരങ്ങൾ അംഗത്തിനു ലഭ്യമാക്കുക, സ്വകാര്യ ബില്ലുകൾ തയ്യാറാക്കുക, തുടങ്ങിയ കാര്യങ്ങൾക്ക് ലാംപ് വിശിഷ്ടാംഗം പാർലമെന്റ് അംഗത്തെ സഹായിക്കണം.

പാർലമെന്റ് സമ്മേളനം ഇല്ലാത്ത കാലയളവിൽ, നയരൂപവത്‌കരണ മേഖലയിൽ പ്രവർത്തിക്കുന്നവർ, അക്കാദമികരംഗത്തെ വിദഗ്ധർ, പബ്ലിക് പോളിസി കേന്ദ്രങ്ങളിലെ പ്രമുഖർ, തുടങ്ങിയവരുമായി സംവദിക്കുകയും പാർലമെന്റ് അംഗത്തിന്റെ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പത്രക്കുറിപ്പുകൾ, മണ്ഡല സംബന്ധമായ ഗവേഷണങ്ങൾ മുതലായ കാര്യങ്ങളിൽ പ്രവർത്തിക്കുകയും വേണം.

അപേക്ഷ

www.prsindia.org/ വഴി ജനുവരി 17 വരെ നൽകാം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ ഉണ്ടാകും. പാർലമെന്റ് അംഗത്തെ അനുവദിക്കുന്നത് യാദൃച്ഛികതാ തത്ത്വം (റാൻഡം) അനുസരിച്ചാകും.

Content Highlights: LAMP fellowship for students, policy research centre