തിരുവനന്തപുരം മോഡൽ സ്‌കൂളിലും ആർട്‌സ് കോളേജിൽ പ്രീഡിഗ്രിക്കും പഠിച്ചിരുന്ന കാലം എസ്. ഗോപാലകൃഷ്ണൻ എന്ന സേനാപതി ഗോപാലകൃഷ്ണന് മുന്നിൽ ജീവിതം വലിയൊരു ചതുരംഗക്കളരിയായിരുന്നു. പ്രീഡിഗ്രിക്ക് സയൻസ് ഗ്രൂപ്പ് പഠിച്ച് നല്ലൊരു ഡോക്ടർ ആവണമെന്ന മോഹം ചെന്നെത്തിച്ചത് ബി.എസ്‌സി.ക്ക് ഊർജതന്ത്രം പഠിക്കാനായിരുന്നു. 
 
തിരുവനന്തപുരത്ത് എൻജിനീയറിങ് കോൺട്രാക്ടുകൾ എടുത്ത് ജീവിതംനയിച്ചിരുന്ന പാലാ രാമപുരം സ്വദേശിയായ അച്ഛൻ സേനാപതിയുടെയും അമ്മ ആനന്ദവല്ലിയുടെയും മൂത്ത മകന് ജീവിതത്തിൽ സ്വപ്നങ്ങളുണ്ടായിരുന്നു.  ലോകത്തിലറിയപ്പെടുന്ന ഗവേഷകനാകണം, നല്ലൊരു ഭിഷഗ്വരനാവണം എന്നതായിരുന്നു ഈ 17- കാരന്റെ അഭിലാഷം.  അട്ടിമറിക്കപ്പെട്ട മെഡിസിൻപ്രവേശനം ഗോപാലകൃഷ്ണനെ കൊണ്ടെത്തിച്ചത് ലോക ഐ.ടി. (Information Technology) ഭൂപടത്തിന്റെ നെറുകയിൽ തന്നെയാണ്.
 
ഇത് ലോക ഐ.ടി. വ്യവസായത്തെ തന്റെ കൈകുമ്പിളിലൊതുക്കി വിഷമകാലഘട്ടത്തിൽ ഇൻഫോസിസ് എന്ന ഇന്ത്യൻ ഐ.ടി. ഭീമനെ മരുപ്പച്ചയിലെത്തിച്ച്, ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന ക്രിസ് ഗോപാലകൃഷ്ണന്റെ ജീവിതാനുഭവങ്ങളാണ്.  പഠനവും പ്രവർത്തനവും മെഡിസിന് പ്രവേശനം ലഭിക്കാതെ ഊർജതന്ത്രത്തിൽ ഡിഗ്രി നേടി മദ്രാസ് ഐ.ഐ.ടി.യിൽ ഊർജതന്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ ക്രിസിന്റെ മുന്നിൽ അടുത്ത ചുവട് എങ്ങോട്ടുപോകണമെന്നായിരുന്നു.  അധ്യാപകനായ പ്രൊഫ. മഹാബലയായിരുന്ന ഗോപാലകൃഷ്ണന്റെ വഴികാട്ടി. 
 
സേനാപതി ഗോപാലകൃഷ്ണൻ ഇ-മെയിലിനുവേണ്ടി ഉണ്ടാക്കിയ പാസ്‌വേഡായിരുന്നു ക്രിസ് എന്നത്. ഇന്ന് ആ പേര്നി ശ്ചയദാർഢ്യത്തിന്റെയും തൊഴിൽമികവിന്റെയും ജീവിക്കുന്ന പര്യായമാണ്
 
ഊർജ തന്ത്രത്തെക്കാൾ ഉപരിതന്ത്രങ്ങൾ ക്രിസിന്റെ കൈവശമുണ്ടെന്ന തിരിച്ചറിഞ്ഞ അധ്യാപകന്റെ ഉൾവിളി ക്രിസിന് ഈ മേഖലയിൽ തന്റെതായ ഒരു കൈയൊപ്പ് വയ്ക്കാനിടയാക്കി.  കംപ്യൂട്ടറിന്റെ വരാൻ പോകുന്ന സാധ്യതകളെക്കുറിച്ച് ക്രിസിനെ ബോധാവാനാക്കിയ അധ്യാപകൻ ക്രിസിനോട് ഐ.ഐ.ടി ചെന്നൈയില്‍ അപേക്ഷിക്കാൻ പറഞ്ഞു.  ഐ.ഐ.ടി.യിൽ അഡ്മിഷൻ ലഭിച്ച് 1979-ൽ എം.ടെക്. കംപ്യൂട്ടർ സയൻസിൽ വൻവിജയം കൈവരിച്ച  ക്രിസ്  മുംബൈയിൽ ജോലി ലഭിക്കുകയും ചെയ്തു.  ചരിത്രം തുടങ്ങുന്നത് ഇവിടെ നിന്നാണ്.  തന്നെപ്പോലെ മികവുള്ള പലരുമായും ക്രിസ് ആശയവിനിമയം നടത്തുകയും ഒരു സംരംഭകനാകണമെന്ന ഏഴു പേരുടെ തീരുമാനം പുതിയൊരു വ്യവസായ സംരംഭത്തിന് തുടക്കമിടുന്നത് ഇവിടെ നിന്നാണ്.  '81-ൽ പി.സി.എസ്. വിടുകയും പുതിയ സംരംഭവുമായി ഇൻഫോസിസിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.  
 
തിരിഞ്ഞുനോട്ടമില്ലാത്ത വിജയകഥകളാണ് മൂന്നു പതിറ്റാണ്ട് ക്രിസ് അനുഭവിച്ചത്. Success brings success എന്ന ആശയത്തെ പ്രാവർത്തികമാക്കുകയാണ് ക്രിസ് ഗോപാലകൃഷ്ണൻ തന്റെ പ്രവർത്തന മണ്ഡലത്തിൽ ചെയ്തത്.  ഇൻഫോസിസിന്റെ വിവിധ കസേരകളിൽ പ്രവർത്തിച്ച ഗോപാലകൃഷ്ണന്റെ പ്രവർത്തനശൈലി മനസ്സിലാക്കി ഇൻഫോസിസിന്റെ COO (Chief Operating Officer) ആയി. കമ്പനിയുടെ വിവിധ മേഖലകളിൽ തന്റെ പ്രാവീണ്യം തെളിയിച്ച ക്രിസിനെ  CEO & MD ആക്കി ക്രിസിന്റെ കരങ്ങളിലേക്ക് ഇൻഫോസിസിനെ ഏല്പിക്കുകയായിരുന്നു.  2007ൽ ഭരണസാരഥ്യം ഏൽക്കുമ്പോൾ മൂന്ന് ബില്ല്യൺ യു.എസ്. ഡോളറായിരുന്ന വിറ്റു വരുമാനം.  2007–2008ൽ 35 ശതമാനം വളർച്ചയുണ്ടാക്കാൻ ക്രിസിന് പറ്റി.  ആഗോളപരമായിട്ടുള്ള ബുദ്ധിമുട്ടിലായിരുന്നു തുടക്കം.
 
എല്ലാ മേഖലകളിലും ധനതത്ത്വശാസ്ത്ര സംബന്ധിയായ നിർണായകസമയത്താണ് ക്രിസ് നിയമിതനാവുന്നത്.  കമ്പനിയെ തിരിച്ച് മുഖ്യധാരാ പ്രവർത്തനത്തിലേക്ക് കൊണ്ടു വരുകയെന്നതായിരുന്ന ആദ്യ അജൻഡ. ഗ്ലോബൽ ഡെലിവറി മോഡലുകളിൽ വരുത്തിയ വൻമാറ്റങ്ങൾ ഇൻഫോസിസിന്റെ സഞ്ചാരപഥത്തിൽ വലിയൊരു മാറ്റം വരുത്തി. ചൈന, അന്താരാഷ്ട ഉത്പാദനത്തിന്റെ തലസ്ഥാനമായി മാറുമ്പോൾ ഇന്ത്യയെ ഐ.ടി. അപ്ലിക്കേഷൻ ഡവലപ്പമെന്റിന്റെ സാരഥിയായി മാറ്റാൻ ക്രിസ് വഹിച്ച പങ്ക്  നിർണായകമാണ്.  ഇതിനിടയിൽ ഹാർഡ് വെയർ ഉത്പന്നങ്ങളിൽ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി സ്ഥാപിച്ച കമ്പനിയെ നല്ലൊരു വിലയ്ക്ക് വിൽക്കുകയാണ് ഉണ്ടായത്.  'Hardware Product Business is not my cup of Tea' എന്ന വാക്കുകൾ പറയുമ്പോൾ അതിൽനിന്ന് ലഭിച്ച ജീവിതപരിചയത്തെ വലിയൊരു സമ്പത്തായി കാണുന്നതായും ക്രിസ് പറഞ്ഞു.
 
അന്താരാഷ്ട്ര മാന്ദ്യത ഇൻഫോസിസിന്റെ അടുത്ത രണ്ടുകൊല്ലത്തെ വളർച്ചയെ സാരമായി ബാധിച്ചെങ്കിലും മറ്റുള്ള കമ്പനികൾ നെഗറ്റീവ് വളർച്ചയിലേക്ക്്്  പോയപ്പോഴും ഇൻഫോസിസ് 2008-2009ൽ 11ശതമാനം വളർച്ചയിലും 2009 '10-ൽ മൂന്ന് ശതമാനം  വളർച്ചയിലും എത്തി.  2011-ൽ വളർച്ച 26 ശതമാനമാവുകയും ചെയ്തു.  തന്ത്രപ്രധാനമായ പല തീരുമാനങ്ങളും ഈ കാലയളവിലുണ്ടായി.  ടെക്‌നോളജിയുടെ ഭാഗമായി പുതിയ നിക്ഷേപങ്ങൾ കമ്പനിക്കുള്ളിൽ നടത്തുകയും ഐ.പി. (Products and Tools)Cloud, Automation  എന്നീ മേഖലകളിലെ മികവ് ഉത്പാദനക്ഷമത വർധിപ്പിക്കുകയും ചെയ്തു.  ഈയിടെ ഇൻഫോസിസിൽ സ്ഥാപകൻ നാരായണമൂർത്തിയും സി.ഇ.ഒ.യും തമ്മിലുള്ള അധികാരവടംവലിയെക്കുറിച്ച് ചോദിച്ചപ്പോൾ ക്രിസ് സി.ഇ.ഒ. ആയിരുന്ന കാലഘട്ടത്തിൽ സഹസ്ഥാപകരുമായി അനാവശ്യ ഇടപെടലുകളുണ്ടായിരുന്നില്ല എന്നും വലിയൊരു പ്രൊഫഷണൽ പരിതഃസ്ഥിതി ഇൻഫോസിസിൽ എല്ലാ കാലത്തും ഉള്ളതാണെന്നും ക്രിസ് പറഞ്ഞു.  
 
പുതിയ കാൽവെപ്പ്
 
മെഡിക്കൽ റിസർച്ച്, ചെറുപ്പക്കാരായ സംരംഭകർക്ക് പുതിയ കാൽവെപ്പിനായി സഹായം എന്നിവയ്ക്കായി Axilor ventures എന്ന സ്ഥാപനം 2016-ൽ തുടങ്ങുകയുണ്ടായി.  ഇപ്പോൾത്തന്നെ 60ഓളം പുതിയ സ്റ്റാർട്ട് അപ്പുകൾക്ക് ആക്‌സിലർ നിക്ഷേപം നടത്തി കഴിഞ്ഞു.  മെഡിക്കൽ ഗവേഷണത്തിന് ഊന്നൽ കൊടുത്തുകൊണ്ട് നടത്തുന്ന നിക്ഷേപങ്ങൾ രാജ്യത്തിനും ഈ മേഖലയ്ക്കും വലിയൊരു മാറ്റമുണ്ടാക്കുമെന്ന് ക്രിസ് പറഞ്ഞു.  ഇന്ത്യയിൽ വലിയൊരു സാധ്യതയുള്ള മേഖലയാണ് ആരോഗ്യപരിരക്ഷയും പരിപാലനവും.  അതിനു വേണ്ടിയുള്ള പ്രവർത്തനമാണ് ഇപ്പോൾ.  
 
ലോകരാഷ്ട്രങ്ങളോട് കിടപിടിക്കാൻ പറ്റിയ രാജ്യമാണ് ഇന്ത്യ.  ഒരു ഐ.ടി. വിപ്ലവം ഇനിയും വരുമെന്നും  ഈ മേഖലയിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്നും ഈ മാറ്റത്തിൽ ഇന്ത്യ വലിയൊരു സ്ഥാനം അർഹിക്കുന്നുവെന്നും അത് നേടുമെന്നും ക്രിസ് കൂട്ടി ചേർത്തു.  40 ലക്ഷം ജനങ്ങൾ പണിയെടുക്കുന്ന 160 ബില്ല്യൺ ഡോളർ വിറ്റുവരവുള്ള വേറൊരു വ്യവസായം ഇന്ത്യയിൽ ഇല്ല-ക്രിസ് വാചാലനായി.  105 വർഷം പഴക്കമുള്ള ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 225 കോടി രൂപ നിക്ഷേപിച്ച് ശാസ്ത്രഗവേഷണങ്ങൾക്കും പ്രത്യേകിച്ച് Brain Research Cetnre തുടങ്ങാനായി സംഭാവന നൽകി.  ആദ്യമായിട്ടാണ് ഒരു വ്യക്തിയിൽ നിന്ന് ഇത്രയും വലിയ തുക ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലേക്ക് ഗവേഷണത്തിനായി സംഭാവനയായി ലഭിക്കുന്നത്.  
 
2011-ൽ കേന്ദ്രസർക്കാർ ക്രിസ് ഗോപാലകൃഷ്ണനെ പദ്മഭൂഷൺ നൽകി ആദരിച്ചു.  നിരവധി അനവധി പുരസ്‌കാരങ്ങൾ ലഭിക്കുമ്പോഴും ''നാം നമ്മൾ വന്ന വഴി മറക്കാതെയുള്ള പ്രവർത്തനമാണ് ഇന്നാവശ്യം. ഇന്ന് ചെറുപ്പക്കാർക്കും പ്രൊഫഷണലുകൾക്കും വേണ്ട അത്യാവശ്യ ഗുണം ചെയ്യുന്ന പ്രവൃത്തിയിലെ അറിവും നിശ്ചയദാർഢ്യവും ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടത്താനും ഉള്ള കഴിവാണ്. മെഡിസിന് അഡ്മിഷൻ കിട്ടാതെ പോയത് വലിയൊരു ഭാഗ്യമായിപ്പോയില്ലേ എന്ന എന്റെ ചോദ്യത്തിന് സ്വതഃസിദ്ധമായ ഒരു കുസൃതിച്ചിരിയോടെ ക്രിസ് പറഞ്ഞു:'When God Closes One Door he opens many' തുറന്നുകിട്ടാത്ത വാതിലുകളെക്കുറിച്ച് വേവലാതിപ്പെടാതെ, തുറന്നുകിട്ടിയ വാതിലുകളിലൂടെയുള്ള പോസിറ്റീവ് പ്രയാണവും പ്രയത്‌നവുമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. 
 
മുന്നോട്ടുള്ള യാത്രയിൽ ദൃഢ ചിത്തതയും ജീവിതത്തിൽ നാഴികക്കല്ലുകളുണ്ടാക്കാനുള്ള ആഗ്രഹവും വഴികാട്ടിയാവാനുള്ള മോഹവും തീരുമാനങ്ങളെടുക്കാനുള്ള ശേഷിയും നമ്മെ മുന്നോട്ടുനയിക്കുന്നു.  തെറ്റായ തീരുമാനങ്ങൾ ചില സമയങ്ങളിൽ എടുക്കുമ്പോൾ അതിൽ നിന്ന് വലിയൊരു പഠനം നമുക്ക് സാധ്യമാകുന്നു.  ഈ പഠനമാകും നമുക്ക് മാർഗദർശിയായി നമ്മെ നയിക്കുക. ഇ.മെയിലിനുവേണ്ടി തിരഞ്ഞെടുത്ത പാസ് വേർഡായിരുന്നു ക്രിസ് എന്ന ചുരുക്കപ്പേര്.  പക്ഷേ, ഇന്ന്‌ ആ പേര്‌ ലോകം മുഴുവൻ അറിയപ്പെടുന്നു.