ശ്യാംകുമാർ | Photo: Special arrangement
നാലുകൊല്ലത്തെ എന്‍ജിനീയറിങ് പഠനത്തിനൊടുവില്‍ രണ്ട് സപ്ലി. ഉപജീവനത്തിന് കാറ്ററിങ് ജോലി. ജോലി കിട്ടാത്തതിനെ ചൊല്ലി ചുറ്റുപാടുനിന്നും സമ്മര്‍ദ്ദവും കുറ്റപ്പെടുത്തലും. സാഹചര്യങ്ങള്‍ മോശമായിരുന്നെങ്കിലും അങ്ങനെ തോറ്റുകൊടുക്കാന്‍ കൊല്ലം ചാത്തിനാംകുളം സ്വദേശി ശ്യാം കുമാര്‍ തയ്യാറായിരുന്നില്ല. നാലുകൊല്ലം നന്നായി പഠിച്ചു, ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതി അങ്ങനെ കൊല്ലം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് റാങ്ക് പട്ടികയില്‍ ശ്യാം ഒന്നാമനുമായി. 70.33 കട്ട് ഓഫ് വന്ന റാങ്ക് പട്ടികയില്‍ 91.33 മാര്‍ക്കാണ് ശ്യാം നേടിയത്.
ചാത്തനാംകുളത്തെ എം.എസ്.എം. എച്ച്. എസ്. സ്‌കൂളില്‍നിന്നാണ് ശ്യാം കുമാര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പെരുമണ്‍ എന്‍ജിനീയറിങ് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ കോഴ്‌സിന് ചേര്‍ന്നു. ആശിച്ചു മോഹിച്ച് എന്‍ജിനീയറിങ്ങിന് ചേര്‍ന്നയാളായിരുന്നില്ല ശ്യാം. പ്ലസ് ടു കഴിയുന്ന മലയാളി വിദ്യാര്‍ഥികളില്‍ പലരുടെയും മുന്നില്‍ മെഡിസിന്‍ അല്ലങ്കില്‍ എന്‍ജിനീയറിങ് എന്നീ രണ്ട് ഓപ്ഷനുകളാണ് ഉണ്ടാവുക. ശ്യാമിനും അങ്ങനെ തന്നെ ആയിരുന്നു. പിന്നെയൊന്നും നോക്കിയില്ല, നേരെ എന്‍ജിനീയറിങ്ങിന് ചേര്‍ന്നു. 2016-ല്‍ കോഴ്‌സ് പൂര്‍ത്തിയായപ്പോള്‍ രണ്ട് സപ്ലി കിട്ടി. ശേഷം മറ്റു ജോലികള്‍ക്ക് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. അതോടെ, അടുത്തൊരു വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പി.എസ്.സി. പഠനം ആരംഭിച്ചു.
വഴികാട്ടിയായി പ്രദീപ് മുഖത്തല
സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പി.എസ്.സി. പഠനം പുരോഗമിക്കുന്നതിനിടെയാണ് പ്രദീപ് മുഖത്തല എന്ന അധ്യാപകനെ കുറിച്ചും അദ്ദേഹത്തിന്റെ സൗജന്യ പരിശീലന കേന്ദ്രത്തെ കുറിച്ചും അറിയുന്നത്. അങ്ങനെ അവിടുത്തെ പ്രവേശനപരീക്ഷ പാസായ ശ്യാം പരിശീലനത്തിന് ചേര്‍ന്നു. ജോലിയില്ലാത്തതിനെ കുറിച്ചുള്ള കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുമ്പോഴും വ്യക്തിജീവിതത്തിലെ പ്രശ്നപരിഹാരത്തിനാണെങ്കിലും പ്രദീപ് അണ്ണന്‍ ഒപ്പമുണ്ടായിരുന്നെന്ന് ശ്യാം പറയുന്നു. കെ.എസ്.ഇ.ബിയില്‍ കാഷ്യറായ പ്രദീപ് നിലവില്‍ ലീവിലാണ്.
പുലര്‍ച്ചെ നാലര മുതല്‍ ഏഴര വരെ പഠനം, പിന്നെ ജോലി
മറ്റു ജോലികള്‍ക്കു പോയാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ല എന്നതുകൊണ്ടാണ് ഇടയ്ക്കിടെ കിട്ടുന്ന കാറ്ററിങ് ജോലിയില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ ശ്യാം നിശ്ചയിച്ചത്. മറ്റൊരു ജോലിക്കുപോയാല്‍ സമയം ക്രമീകരിച്ച് പഠിക്കുന്നതില്‍ ബുദ്ധിമുട്ട് ആയിരിക്കും. രാവിലെ പോയി വൈകിട്ട് മടങ്ങിയെത്തുന്ന ജോലിക്ക് പോയാല്‍ പഠിക്കാന്‍ പിന്നെ സമയം കിട്ടില്ല. മാത്രമല്ല, മറ്റൊരു ജോലിയില്‍നിന്ന് വരുമാനം കിട്ടിയാല്‍ അതിലേക്ക് തന്നെ ആയിപ്പോകും. അതുകൊണ്ടാണ് കാറ്ററിങ് ജോലി തിരഞ്ഞെടുത്തത്- ശ്യാം പറഞ്ഞു. എന്‍ജിനീയറിങ് കഴിഞ്ഞ മകന്‍ പി.എസ്.സി. പഠനവുമായി നടന്ന കണ്ടപ്പോള്‍ മറ്റൊരു ജോലിക്ക് ശ്രമിക്കാന്‍ വീട്ടില്‍നിന്ന് നല്ല സമ്മര്‍ദവുമുണ്ടായിരുന്നെന്നും ശ്യാം കൂട്ടിച്ചേര്‍ക്കുന്നു. അപ്പോഴും മാനസികപിന്തുണയുമായി പ്രദീപ് എത്തി. എന്‍ജിനീയറിങ് കഴിഞ്ഞതിനാല്‍ കണക്ക്, ഇംഗ്ലീഷ് ചോദ്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യാനാകും. പിന്നെ പൊതുവിജ്ഞാനം മാത്രംപഠിച്ചെടുക്കേണ്ട ബുദ്ധിമുട്ടേ ഉള്ളൂ. പഠിച്ചാല്‍ സര്‍വീസ് എഴുതിയെടുക്കാവുന്നതേയുള്ളൂ. അതുകൊണ്ട് ഇപ്പോള്‍ കേള്‍ക്കുന്നതൊക്കെ വിടുക. ഇപ്പോള്‍ ഉള്ള കഷ്ടപ്പാട് ജോലി കിട്ടുന്നത് വരയേ ഉള്ളൂ എന്നായിരുന്നു ശ്യാമിന് പ്രദീപ് നല്‍കിയ ഉപദേശം.
പരിശീലനം ഇങ്ങനെ...
പി.എസ്.സിയുടെ റാങ്ക് ഫയലിലെ ഒരു ഭാഗം പഠിക്കാന്‍ നിര്‍ദേശിക്കും. അതേക്കുറിച്ച് തൊട്ടടുത്ത ദിവസം പരീക്ഷ. അത്തരത്തിലായിരുന്നു പരിശീലനകേന്ദ്രത്തിലെ പതിവ്. ഇങ്ങനെ നടത്തുന്ന പരീക്ഷയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് കാഷ് പ്രൈസ് ലഭിക്കും. സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ശ്യാമിനെ സംബന്ധിച്ചിടത്തോളം ആ തുക മോഹനവാഗ്ദാനമായിരുന്നു. ആ കാഷ് പ്രൈസിന് വേണ്ടിത്തന്നെ പഠിച്ചിട്ടുണ്ടെന്നും ശ്യാം പറയുന്നു. ജോലിക്ക് പോകുന്ന സമയത്ത് രാവിലത്തെ ക്ലാസിനു ശേഷം പഠിക്കാന്‍ അത്രയ്ക്ക് സമയം കിട്ടിയെന്ന് വരില്ല. ചിലപ്പോ ഒന്‍പതുമണിക്ക് ജോലിക്ക് പോകേണ്ടിവരും. പിന്നെ രണ്ട് അല്ലെങ്കില്‍ മൂന്ന് മണിക്കാവും തിരികെവരിക. പിന്നെ കിട്ടുന്ന സമയത്ത് ഇരുന്ന് പഠിക്കും. പക്ഷേ പരീക്ഷ അടുക്കുന്ന സമയത്ത് രണ്ടുമാസത്തോളം ജോലിക്ക് പോവില്ല. മുഴുവന്‍ സമയവും ഇരുന്നു പഠിക്കും- ഇങ്ങനെയായിരുന്നു ശ്യാമിന്റെ പഠനരീതി. ഇതാദ്യമായല്ല ശ്യാം, പി.എസ്.സി. പരീക്ഷയില്‍ വിജയം നേടുന്നത്. നേരത്തെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയുടെ എഴുത്തു പരീക്ഷ പാസ് ആയിരുന്നു. പക്ഷേ കായികക്ഷമതാ പരീക്ഷ പാസാകാനായില്ല. 2021-ല്‍ നടന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് പരീക്ഷയില്‍ കൊല്ലത്ത് 70.33 ആയിരുന്നു കട്ട് ഓഫ്. 91.33 മാര്‍ക്കാണ് ശ്യാമിന് ലഭിച്ചത്. അടുത്തമാസം വരുന്ന എല്‍.ഡി.സി. റാങ്ക് ലിസ്റ്റിലും ഉള്‍പ്പെടുമെന്ന പ്രതീക്ഷ ശ്യാമിനുണ്ട്. അതില്‍ ആദ്യ നൂറിനുള്ളില്‍ കടക്കനാവുമെന്ന് കരുതുന്നതായി ശ്യാം പറഞ്ഞു. ആദ്യം എല്‍.ജി.എസില്‍ കയറി പിന്നെ എല്‍.ഡി.സിയിലേക്ക് മാറാനാണ് പദ്ധതി. ഇതിനിടെ എന്‍ജിനീയറിങ്ങിന്റെ രണ്ട് സപ്ലി പേപ്പറുകളില്‍ ഒന്ന് എഴുതിയെടുത്തു കഴിഞ്ഞു. അടുത്തത് കൂടി എഴുതിയ ശേഷം ഡിഗ്രി ലെവല്‍ പരീക്ഷ എഴുതുമെന്നും ശ്യാം പറയുന്നു.
Content Highlights: kollam psc last grade servants exam first rank holder shyam kumar story
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..