രാജ്പഥില്‍ രാജ്യത്തിന്റെ സൈനികശക്തി പ്രതിഫലിപ്പിക്കുന്ന റിപ്പബ്ലിക്ദിന പരേഡില്‍ ഇത്തവണ നായകസ്ഥാനത്ത് മലയാളി വനിതയും. വ്യോമസേനാസംഘത്തെ നയിക്കുന്ന നാലുപേരിലൊരാള്‍ കൊല്ലം പുനലൂര്‍ സ്വദേശി ഫ്ളയിങ് ഓഫീസര്‍ രാഗി രാമചന്ദ്രനാണ് ഇത്തവണത്തെ പരേഡില്‍ മലയാളത്തിന്റെ അഭിമാനമാവുക.
പഠനം
തിരുവനന്തപുരത്തെ പാങ്ങോടുള്ള ആര്‍മി പബ്ലിക് സ്കൂളിലായിരുന്നു അഞ്ച്, ആറ് ക്ലാസുകളിലെ പഠനം. അതിനുമുമ്പും ശേഷവും അമ്മയുടെ ജോലിയെത്തുടര്‍ന്ന് വടക്കേന്ത്യയിലെ വിവിധ നഗരങ്ങളിലായിരുന്നു പഠനം. ചെറുപ്പംമുതലേ സൈന്യത്തോട് താത്പര്യം പ്രകടിപ്പിച്ചിരുന്ന രാഗിക്ക് പൈലറ്റാവുകയായിരുന്നു ഏറ്റവും വലിയ ലക്ഷ്യം
കരിയര്‍
മിലിട്ടറി നഴ്സിങ് സര്‍വീസില്‍ ഉദ്യോഗസ്ഥയായിരുന്ന അമ്മ ലെഫ് കേണല്‍ വിജയകുമാരിയുടെ പ്രചോദനവും പിന്തുണയുമാണ് തന്നെ വ്യോമസേനയില്‍ എത്തിച്ചതെന്ന് രാഗി പറയുന്നു. കരസേനയില്‍ ക്യാപ്റ്റനാണ് രാഗിയുടെ മൂത്ത സഹോദരി രശ്മി. 2016 ഡിസംബറിലാണ് തെലങ്കാനയിലെ ഡുണ്ടിഗല്‍ വ്യോമസേനാ അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കി രാഗി സേനയില്‍ ചേര്‍ന്നത്. ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയിലുള്ള ബാഗ്ഡോറയിലാണ് രാഗിയുടെ ഇപ്പോഴത്തെ നിയമനം.
റിപ്പബ്ലിക്ദിന പരേഡ്
എം.ഐ.-17 ഹെലികോപ്റ്റര്‍ പൈലറ്റായ രാഗിക്ക് തന്റെ ആദ്യ റിപ്പബ്ലിക്ദിനപരേഡില്ത്തന്നെയാണ് നായികസ്ഥാനം ലഭിച്ചത്. ഇത്തവണ നാല് ഓഫീസര്‍മാരുള്‍പ്പെടെ 148 പേരാണ് വ്യോമസേനയില്‍നിന്ന് റിപ്പബ്ലിക്ദിനപരേഡില് പങ്കെടുക്കുന്നത്. ചെറുയുദ്ധവിമാനങ്ങള്‍, റഡാര്‍, ആകാശ് മിസൈല്‍, സുഖോയ്-30 യുദ്ധവിമാനം എന്നിവയാണ് സേന പ്രദര്‍ശിപ്പിക്കുക. വ്യോമാഭ്യാസത്തില്‍ തദ്ദേശീയമായി വികസിപ്പിച്ച ജൈവ ഇന്ധനം കലര്‍ത്തിയ ഇന്ധനം ഉപയോഗിച്ച് പറക്കുന്ന വിമാനത്തിന്റെ പ്രകടനവും അരങ്ങേറും.
വ്യോമസേനയില്‍ ഓഫീസറാകാം
ഇന്ത്യന്‍ വ്യോമസേനയില്‍ ഫ്ളയിങ്, ടെക്നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി കോമണ്‍ അഡ്മിഷന് ടെസ്റ്റിന് (എയര്‍ഫോഴ്സ് കോമണ്‍ ടെസ്റ്റ് - AFCAT) അപേക്ഷ ക്ഷണിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വ്യത്യസ്ത കോഴ്സുകളാണുള്ളത്. മെറ്ററോളജി ബ്രാഞ്ചില്‍ പെര്‍മനന്റ്/ഷോര്‍ട്ട് സര്‍വീസ് കമ്മിഷനും അപേക്ഷ ക്ഷണിക്കും. എന്‍.സി.സി. എയര്‍ വിങ് സീനിയര്‍ ഡിവിഷന് 'സി' സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കായി ഫ്ളയിങ് ബ്രാഞ്ചില്‍ ഒഴിവുകള്‍ മാറ്റിവെച്ചിട്ടുണ്ട്. ഫ്ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്നിക്കല്‍) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 52 ആഴ്ചയും നീളുന്ന പരിശീലന കോഴ്സുണ്ട്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ പെര്‍മനന്റ്/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് ലഭിക്കും.
സെമസ്റ്ററുകളിലെല്ലാം ബാക്ക്ലോഗ് ഇല്ലാതെ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയ അവസാനസെമസ്റ്റര്‍ പി.ജി. വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ നിശ്ചിത തീയതിക്ക് മുന്‍പ് പി.ജി. ഒറിജിനല്‍/പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. https://afcat.cdac.in എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്
Content Highlights: Kerala Woman To Lead Air Force Contingent In RD Parade