ആൻ റോസ്, ശ്രീലക്ഷ്മി ഹരിദോസ്
തൃശ്ശൂര്‍: നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പെണ്‍കുട്ടികളുടെ ആദ്യ ബാച്ചിലേക്ക് യോഗ്യത നേടി കേരളത്തിലെ രണ്ട് മിടുക്കികള്‍. 1.75 ലക്ഷം പെണ്‍കുട്ടികള്‍ പ്രവേശനപരീക്ഷയെഴുതിയതില് 19 പേരാണ് മെറിറ്റ് അടിസ്ഥാനത്തില്‍ യോഗ്യത നേടിയത്. എറണാകുളത്തുനിന്നുള്ള ആന്‍ റോസ് ദേശീയതലത്തില്‍ ഏഴാമതും കേരളത്തില്‍ ഒന്നാമതുമായി. തൃശ്ശൂരിലെ ശ്രീലക്ഷ്മി ഹരിദോസിന് പന്ത്രണ്ടാം റാങ്കാണ് കിട്ടിയത്. ആന്‍ റോസ് സൈന്യത്തിലും ശ്രീലക്ഷ്മി വ്യോമസേന ഗ്രൗണ്ട് ഡ്യൂട്ടി സ്ട്രീമിലുമാണ് ചേരുന്നത്. നവംബറിലാണ് പ്രവേശനപരീക്ഷ നടന്നത്.
ഓഗസ്റ്റ് ആറിന് ആന്‍ റോസ് പുണെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേരും. പ്രവേശനപരീക്ഷ കഴിഞ്ഞ് ബെംഗളൂരുവിലായിരുന്നു സര്‍വീസ് സെലക്്ഷന്‍ ബോര്‍ഡ്. കായിക, മാനസിക പരിശോധനകള്‍ക്കായി അഞ്ചുദിവസങ്ങള്‍. യോഗ്യത നേടിയതിനുശേഷം അഭിമുഖം. നേവി കമാന്‍ഡറാണ് അച്ഛന് മാത്യു പി. മാത്യു. 'ആന്‍ റോസിന്റെ അമ്മ ബീനയുടെ വലിയ ആഗ്രഹമായിരുന്നു മകളും യൂണിഫോം അണിയണമെന്നത്. പക്ഷേ, അത് കാണാന്‍ കാത്തുനില്‍ക്കാതെ ബീന ഞങ്ങളെ വിട്ടുപോയി'- അദ്ദേഹം പറഞ്ഞു. ഇടപ്പള്ളി ടി.ടി.ഐ. യില്‍ അധ്യാപികയായിരുന്ന ബീന അര്‍ബുദബാധിതയായി കഴിഞ്ഞ ഏപ്രിലിലാണ് മരിച്ചത്. തൃക്കാക്കര മോഡല്‍ എന്‍ജിനിയറിങ് കോളേജിലെ ഒന്നാം വര്‍ഷ ബി. ടെക് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ആന്‍. പത്താം ക്ലാസിലും പ്ലസ്ടു പരീക്ഷയിലും എല്ലാ വിഷയങ്ങളിലും എ വണ്‍ നേടിയിരുന്നു. സഹോദരന് ക്രിസ്റ്റോ കോയമ്പത്തൂരില്‍ സോഫ്റ്റ് വേര് എന്‍ജിനിയറാണ്. വയനാട് പയ്യമ്പിള്ളി സ്വദേശിയായ ആന്‍ റോസ് ഇപ്പോള്‍ എറണാകുളത്താണ് താമസം.
കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ പോട്ടോര്‍ കുലപതി മുന്‍ഷി ഭവന്‍സ് വിദ്യാമന്ദിറിലെ വിദ്യാര്‍ഥി ശ്രീലക്ഷ്മി എല്ലാ വിഷയങ്ങളിലും എ വണ്‍ നേടിയിരുന്നു. പ്ലസ്ടു പരീക്ഷയില്‍ സ്കൂളിലെ ടോപ്പര്‍. വാരാണസിയില്വെച്ചായിരുന്നു ശാരീരിക, കായിക പരിശോധനകള്‍. െഡല്‍ഹി എയര്‍ഫോഴ്സ് സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റില്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം ഏപ്രിലില്‍ അഭിമുഖം. കഴിഞ്ഞ വെള്ളിയാഴ്ച അക്കാദമിയുടെ കോള്‍ ലെറ്റര്‍ വന്നു. പത്താം ക്ലാസിലും എല്ലാ വിഷയങ്ങളിലും എ വണ്‍ നേടി. കൊച്ചി കിഴക്കമ്പലം യൂറോടെക് മാരിടൈം അക്കാദമി ബി. ടെക്. വിഭാഗം മേധാവി ഹരിദോസ് ഭാസ്കരന്റെയും പോട്ടോര്‍ ഭവന്‍സിലെ കംപ്യൂട്ടര്‍ സയന്‍സ് അധ്യാപിക ജ്യോതി പുതുമനയുടെയും മകളാണ്. സഹോദരന് ശ്രീദത്ത് ചെന്നൈ വി.ഐ.ടി. യില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..