കല്യാശ്ശേരി (കണ്ണൂര്‍): സര്‍ക്കാര്‍ ജോലി സ്വപ്നംകാണുന്ന പുതുതലമുറ ഉദ്യോഗാര്‍ഥികള്‍ക്ക് പാപ്പിനിശ്ശേരി അരോളി വടേശ്വരം സ്വദേശി എം.അമര്‍ജ്യോത് ഒരു പാഠപുസ്തകമാണ്. പി.എസ്.സി. പരീക്ഷകള്‍ എഴുതുക...പരിശീലിക്കുക...വീണ്ടും വീണ്ടും എഴുതുക...എന്നാല്‍ ഏതുലക്ഷ്യവും എത്തിപ്പിടിക്കാമെന്നതിന്റെ തെളിവാണീ യുവാവ്. കഴിഞ്ഞദിവസം പുറത്തുവന്ന സര്‍വകലാശാലാ കംപ്യൂട്ടര്‍ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് അമറിനാണ്.

ഇരുപതിലധികം പി.എസ്.സി. പരീക്ഷകള്‍ എഴുതി. ആദ്യം റാങ്ക് ലിസ്റ്റില്‍ ഇടംലഭിച്ച പൊതുമേഖലാ കമ്പനികളുടെ ജൂനിയര്‍ അസിസ്റ്റന്റ്, കാഷ്യര്‍ തസ്തികയില്‍ 2834-ാം റാങ്കാണ് ലഭിച്ചത്. ഒട്ടും നിരാശനായില്ല.

വീണ്ടും വീണ്ടും പരീക്ഷയെഴുതിയ അമര്‍ ഇപ്പോള്‍ അഞ്ച് റാങ്ക് ലിസ്റ്റുകളില്‍ 15-ല്‍ താഴെ സ്ഥാനത്തുണ്ട്. 'മാതൃഭൂമി തൊഴില്‍വാര്‍ത്ത'യാണ് പരീക്ഷകള്‍ക്ക് പ്രധാന വഴികാട്ടി.

സെക്രട്ടേറിയറ്റ് കംപ്യൂട്ടര്‍ അസിസ്റ്റന്റ് പരീക്ഷയില്‍ മാര്‍ക്കില്‍ ഒന്നാംസ്ഥാനം നേടിയെങ്കിലും റാങ്കില്‍ രണ്ടാമനായി. കണ്ണൂരിലെ എല്‍.ഡി.സി. ടൈപ്പിസ്റ്റ്‌നാല്, ടൈപ്പിസ്റ്റ് ഗ്രേഡ് രണ്ട്ഏഴ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് 14, കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്റെ സെയില്‍സ് അസിസ്റ്റന്റ് 61 എന്നിങ്ങനെയാണ് മുന്‍നിരയില്‍ ഇടംപിടിച്ച മറ്റു റാങ്ക് ലിസ്റ്റുകള്‍. ഇതുകൂടാതെ മറ്റ് അഞ്ച് റാങ്ക് ലിസ്റ്റുകളിലും മുന്നിലുണ്ട്.

കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ബിരുദവും ഇംഗ്ലീഷിലും സൈക്കോളജിയിലും ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. 2015-ലാണ് പി.എസ്.സി. പരീക്ഷകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്.

കണ്ണൂര്‍ ജില്ലയില്‍ ഗ്രാമവികസന വകുപ്പില്‍ എല്‍.ഡി. ടൈപ്പിസ്റ്റായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച അമര്‍ ഇപ്പോള്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റായി ജോലിചെയ്യുന്നു.

കണ്ണൂര്‍ പാപ്പിനിശ്ശേരി വടേശ്വരത്തെ അഞ്ജനത്തില്‍ എം. ഉണ്ണികൃഷ്ണന്റെയും സുവര്‍ണ ബിന്ദുവിന്റെയും മകനാണീ 34 കാരന്‍. പൊതുമരാമത്ത് വൈദ്യുതവിഭാഗം സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സീയര്‍ പ്രസുലയാണ് ഭാര്യ. മക്കള്‍: അലംകൃത, അഗസ്ത്യ.

Content Highlights: Kerala PSC University Computer Assistant first Rank Holder Amarjyoth, Mathrubhumi Thozhilvartha