ക്ഷണമൊത്ത സര്‍ക്കാര്‍ജോലിയായാണ് എല്‍.ഡി.ക്ലാര്‍ക്കിനെ പൊതുവേ പരിഗണിക്കുന്നത്. നിര്‍വഹണച്ചുമതല, വിവിധ ചട്ടങ്ങളിലെ അറിവ്, സര്‍ക്കാര്‍ വ്യവഹാരങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള കഴിവുകള്‍, ക്രമാനുഗതമായുള്ള ഉദ്യോഗക്കയറ്റങ്ങള്‍ എന്നിവയെല്ലാം ക്ലാര്‍ക്ക്‌ജോലിയെ വേറിട്ടതാക്കുന്നു. സര്‍ക്കാരിന്റെ ഭരണനിയന്ത്രണം സെക്രട്ടേറിയറ്റിലാണെങ്കിലും, ഭരണനിര്‍വഹണം വിവിധ വകുപ്പുകളിലെ ക്ലാര്‍ക്കുമാരുടെ കൈകളിലാണ്. 

യഥാര്‍ഥ ഭരണക്കാര്‍

സംസ്ഥാനത്തെ നൂറിലേറെവരുന്ന സര്‍ക്കാര്‍വകുപ്പുകളുടെ പ്രവര്‍ത്തനഘടനയില്‍ നിര്‍ണായക സ്ഥാനമാണ് ക്ലാര്‍ക്കുമാര്‍ക്കുള്ളത്. സര്‍ക്കാര്‍ജീവനക്കാരില്‍ 45 മുതല്‍ 50 വരെ ശതമാനം പേര്‍ എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയിലും അനുബന്ധ കേഡറുകളിലും ഉള്ളവരാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗികസംവിധാനത്തെ ചലിപ്പിക്കുന്നത് ഈ കേഡറിലുള്ളവരാണ്. പൊതുജനങ്ങളുടെ നൂറുകണക്കിനായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിയുക്തരായ ഉദ്യോഗസ്ഥരില്‍ വലിയ ശതമാനവും ക്ലാര്‍ക്കുമാരാണ്. ഔദ്യോഗികതലത്തില്‍ ഇവര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളും, മാനദണ്ഡങ്ങളുമാണ് സര്‍ക്കാര്‍സംവിധാനത്തെ നടത്തിക്കൊണ്ടുപോകുന്നത്. 

ഉയരങ്ങള്‍ കീഴടക്കാം

സര്‍ക്കാരിന്റെ വലിയൊരു ശതമാനം വകുപ്പുകളിലും ക്ലാര്‍ക്കുമാര്‍ക്ക് വലിയ ഉയരങ്ങളില്‍ എത്താനാവും. റവന്യൂ വകുപ്പിലെ എല്‍.ഡി. ക്ലാര്‍ക്കുമാരാണ് വില്ലേജ് ഓഫീസറും തഹസില്‍ദാരുമൊക്കെയായി ഉയരുന്നത്. ഡെപ്യൂട്ടി കളക്ടറായി ഐ.എ.എസ്. പദവിവരെ നേടിയെടുത്ത ഒട്ടേറെ ക്ലാര്‍ക്കുമാരുടെ കഥ റവന്യൂ വകുപ്പിനുണ്ട്. 

പഞ്ചായത്ത് വകുപ്പിലെ ക്ലാര്‍ക്കുമാര്‍ക്ക് അസിസ്റ്റന്റ് പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്തു വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ പദവികള്‍വരെ ഉയരാന്‍ കഴിയും. രജിസ്ട്രേഷന്‍ വകുപ്പിലെ ക്ലാര്‍ക്കിന് അസിസ്റ്റന്റ് രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ പദവികളിലേക്ക് വലിയ കാലവിളംബം ഇല്ലാതെ തന്നെ സ്ഥാനക്കയറ്റം ലഭിക്കും.

ഗ്രാമവികസന വകുപ്പിലെ എല്‍. ഡി. ക്ലാര്‍ക്കിന് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍, അസിസ്റ്റന്റ് ഡവ ലപ്‌മെന്റ് കമ്മിഷണര്‍ പദവിയിലൊക്കെ ഉയരാന്‍ സാധിക്കും. ലോട്ടറി വകുപ്പിലെ ക്ലാര്‍ക്കിന് ജില്ലാ ലോട്ടറി ഓഫീസര്‍ വരെയായി ഉയരാം. തൊഴില്‍ വകുപ്പില്‍ ലേബര്‍ ഓഫീസര്‍ തുടങ്ങിയ ഉയര്‍ന്ന സ്ഥാനങ്ങളിലേക്കെത്താന്‍ 20 വര്‍ഷത്തെ സര്‍വീസ് മതിയാവും. ട്രഷറികളില്‍ ഓഫീസര്‍ തസ്തികകളിലേക്ക് ഉയരുന്നതും ക്ലാര്‍ക്കായി ഉദ്യോഗത്തില്‍ പ്രവേശിക്കുന്നവരാണ്. 

Don't Miss It: കെ.എ.എസ്: ഒരുങ്ങാം, കേരളത്തിന്റെ സ്വന്തം സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക്

രേഖകളുടെ കാവല്‍ക്കാര്‍

ക്ലറിക്കല്‍ തസ്തികകളിലെ ജീവനക്കാര്‍ക്ക് വിവിധ സര്‍ക്കാര്‍ നടപടിക്രമങ്ങളിലും ഉത്തരവുകളിലും ചട്ടങ്ങളിലുമുള്ള അറിവ് ആഴത്തിലുള്ളതാണ്. വകുപ്പ് മേധാവികള്‍ പോലും താഴേത്തട്ടിലെ ക്ലാര്‍ക്കുമാരുടെ അഭിപ്രായങ്ങള്‍ ശരിവെക്കുന്നതാണ് പൊതുവേ കണ്ടുവരുന്ന രീതി. ഒരു വകുപ്പിനെ സംബന്ധിച്ച് അവിടത്തെ ജൂനിയര്‍ സൂപ്രണ്ടിനുള്ള അറിവ് വകുപ്പ് കൈകാര്യം ചെയ്യുന്ന ഐ.എ.എസു.കാരന് ഉണ്ടാവണമെന്നില്ല. ഇതൊക്കെ കൊണ്ടുതന്നെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാവല്‍ക്കാരാണ് ക്ലറിക്കല്‍ കേഡറിലെ ഉദ്യോഗസ്ഥര്‍ എന്നുപറയാം. 

തസ്തികമാറ്റ സാധ്യതകള്‍

അധ്യാപക യോഗ്യതകളുള്ള ഒരാള്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി ചേര്‍ന്നാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഹൈസ്‌കൂള്‍ അധ്യാപകനോ, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനോ ആയി ഉയരാനാവും. അതുപോലെ മോട്ടോര്‍ വാഹനവകുപ്പിലെ ക്ലാര്‍ക്കിന് ഡിപ്ലോമ ഉള്ള പക്ഷം വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് ഉയരാനാവും. ഇങ്ങനെ എല്ലാ വകുപ്പുകളിലും കണ്ണായ തസ്തികകള്‍ ക്ലാര്‍ക്കുമാരെ കാത്തിരിപ്പുണ്ട്. കേരളത്തിലെ 100-ലേറെ വരുന്ന സര്‍ക്കാര്‍ വകുപ്പുകളില്‍ താഴ്ന്ന തസ്തികകളിലെ ജീവനക്കാര്‍ക്ക് നിശ്ചിത എണ്ണം സീറ്റുകള്‍ ഇങ്ങനെ മാറ്റിവെച്ചിട്ടുണ്ട്. 

യോഗ്യത ചെറുത്, അധികാരം വലുത്

പത്താംക്ലാസ് വിജയം മാത്രമാണ് എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യത. എന്നാല്‍ ഈ ഉദ്യോഗത്തിലുള്ളവരുടെ അധികാരങ്ങള്‍ വളരെ വലുതാണ്. പൗരന്‍മാരുടെ അടിസ്ഥാനവിവരങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍ എന്ന അതീവപ്രാധാന്യമുള്ള ജോലി നിര്‍വഹിക്കുന്ന ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും ഐ.എ.എസ്.കാരോ, ഐ.പി.എസ്.കാരോ അല്ല. മറിച്ച് എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയിലോ, ഇതിന്റെ അനുബന്ധമായ മുകളിലെ തസ്തികകളിലോ ഉള്ളവരാണ്. ഇതുമൂലം ഉദ്യോഗസ്ഥര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന നിലയും വിലയും വലുതാണ്. 

തുടക്കത്തിലേ നല്ല ശമ്പളം

നിലവില്‍ 19,000 രൂപയാണ് എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയുടെ അടിസ്ഥാനശമ്പളം. ഈ തസ്തികയിലുള്ളവര്‍ക്ക് വര്‍ഷംതോറും ലഭിക്കുന്ന ഇന്‍ക്രിമെന്റ് 500 രൂപയാണ്. സര്‍ക്കാര്‍ജീവനക്കാരുടെ ഇപ്പോഴത്തെ ക്ഷാമബത്തയായ അടിസ്ഥാനശമ്പളത്തിന്റെ 20 ശതമാനവും എച്ച്.ആര്‍.എ., സി.സി.എ.എന്നീ അലവന്‍സുകളും ചേരുമ്പോള്‍ തുടക്കക്കാര്‍ക്ക് കിട്ടുന്ന ശമ്പളം 25,000-ത്തോളം രൂപയാണ്. ഇപ്പോഴത്തെ നിലയില്‍ എട്ടുശതമാനം ക്ഷാമബത്ത സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശ്ശികയിനത്തില്‍ ലഭിക്കാനുണ്ട്. ഇതുംകൂടി ചേരുമ്പോള്‍ ശമ്പളം 26,500 ആയി മാറും. 

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 11-ാം ശമ്പളകമ്മിഷന്‍ പരമാവധി ഒരുവര്‍ഷത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പുതിയ ശമ്പളകമ്മിഷന്‍ നിര്‍ദേശം പ്രാബല്യത്തില്‍വരുന്നതോടെ ജീവനക്കാരുടെ ശമ്പളത്തില്‍ ഏറ്റവും കുറഞ്ഞത് 30 ശതമാനം വര്‍ധനയെങ്കിലും ഉറപ്പാണ്. അങ്ങനെയെങ്കില്‍ 35,000 രൂപയോളം തുടക്കശമ്പളം പ്രതീക്ഷിക്കാം. പുതിയ വിജ്ഞാപനപ്രകാരം അപേക്ഷിച്ച് പരീക്ഷ വിജയിച്ചെത്തുന്നവരെ കാത്തിരിക്കുന്നത് ആകര്‍ഷകമായ പുതിയ ശമ്പളനിരക്കാണെന്നര്‍ഥം.

പരീക്ഷകളിലെ ബാഹുബലി

പി.എസ്.സി. നടത്തുന്ന ഏറ്റവും വലിയ പരീക്ഷയാണ് എല്‍.ഡി. ക്ലാര്‍ക്കിന്റെത്; ഏറ്റവും കൂടുതല്‍പേരെ സര്‍ക്കാര്‍ സര്‍വീസിലേക്കെത്തിക്കുന്നതും ഈ പരീക്ഷതന്നെ. പി.എസ്.സി.യുടെ മറ്റൊരു പരീക്ഷയ്ക്കും ഇത്രയും അപേക്ഷകരുണ്ടാവാറില്ല. നേരത്തേ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള പരീക്ഷയ്ക്കായിരുന്നു കൂടുതല്‍പേര്‍ എഴുതുന്നതിന്റെ ഖ്യാതി. എന്നാല്‍ അതിന്റെ യോഗ്യതയില്‍ മാറ്റങ്ങള്‍ വരുത്തിയതോടെ അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അപേക്ഷകരുടെ എണ്ണത്തിലെ വലുപ്പം കൊണ്ടുതന്നെ പതിനായിരക്കണക്കിനു പരീക്ഷാകേന്ദ്രങ്ങളാണ് 14 ജില്ലകളിലെ പരീക്ഷയ്ക്കായി പി.എസ്.സി.ക്ക് ഒരുക്കേണ്ടി വരുക. 

ഇനി പരിശീലനച്ചൂടില്‍

തസ്തികയുടെ പ്രാധാന്യത്തില്‍ അപേക്ഷകര്‍ ഒഴുകുമ്പോള്‍ ഗ്രാമ, നഗര വ്യത്യാസമില്ലാതെ പരീക്ഷാച്ചൂടും ഉയരും. 2020 ജൂണോടെയാണ് ഇത്തവണത്തെ പരീക്ഷ പ്രതീക്ഷിക്കുന്നത്. പരിശീലനത്തിന് എട്ടു മാസത്തോളം സമയം ലഭിക്കും. മാതൃകാ പരീക്ഷകളും കമ്പൈന്‍ഡ് സ്റ്റഡിയും വിവരശേഖരണങ്ങളുമൊക്കെയായി ചൂടേറിയ പരിശീലനനാളുകളിലേക്ക് കടക്കാം.

thozhil

Content Highlights: Kerala PSC LD Clerk Exam: First Step Towards the Dream Career