മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചുരുക്കപ്പട്ടികയില്‍നിന്ന് ഡിപ്ലോമക്കാരെ ഒഴിവാക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ്. 

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാത്ത ജില്ലകളില്‍, വിജ്ഞാപനത്തില്‍ പറയുന്ന യോഗ്യതയുള്ളവരെ മാത്രം ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
 
തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇനി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ളത്. മറ്റു ജില്ലകളെല്ലാം ഡിപ്ലോമക്കാരെ ഉള്‍പ്പെടുത്തിയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ഇതിനെതിരേ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ട്രിബ്യൂണല്‍ ഉത്തരവ്. 

ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തിക മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ തസ്തികയെക്കാള്‍ ഉയര്‍ന്നതാണെന്ന് കോടതി വിലയിരുത്തി. അതുകൊണ്ടാണ് യോഗ്യതകളില്‍ വ്യത്യാസമുള്ളത്. ആരോഗ്യ വകുപ്പില്‍ ഡിപ്ലോമക്കാര്‍ക്കാണ് അവസരം നല്‍കുന്നത്. മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലേക്ക് ഡിപ്ലോമക്കാരുടെ അപേക്ഷകള്‍ പരിഗണിച്ചത് പി.എസ്.സിക്ക് പറ്റിയ പിഴവാണെന്നും വിധിയില്‍ പറയുന്നു. 

എസ്എസ്എല്‍സി വിജയവും സാനിട്ടറി ഇന്‍സ്പെക്ടര്‍ സര്‍ട്ടിഫിക്കറ്റുമാണ് വിജ്ഞാപനത്തില്‍ യോഗ്യതയായി പറഞ്ഞിരുന്നത്. എന്നാല്‍, ഉയര്‍ന്ന യോഗ്യതയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡിപ്ലോമയും ഈ തസ്തികയിലേക്ക് പിഎസ്‌സി പരിഗണിച്ചതാണ് വിവാദമായത്. 

ഇക്കാര്യം 2016 സെപ്റ്റംബര്‍ 24നും 2017 ഫെബ്രുവരി 18നും 'തൊഴില്‍വാര്‍ത്ത' റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് യോഗ്യതയുടെ സ്വീകാര്യത സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാരിനോട് പി.എസ്.സി ആവശ്യപ്പെട്ടു. അതിനിടയിലാണ് സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ ട്രിബ്യൂണലിനെ സമീപിച്ചത്.

2014-ലും 2015-ലുമായി രണ്ടു ഘട്ടമായാണ് മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലേക്കുള്ള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജ്ഞാപനം വന്നത്. 2014-ലെ ആദ്യ വിജ്ഞാപനം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഒമ്പത് ജില്ലകള്‍ക്കായിരുന്നു. ബാക്കി അഞ്ച് ജില്ലകളിലേക്കുള്ള വിജ്ഞാപനം 2015-ലാണ് പി.എസ്.സി. പ്രസിദ്ധീകരിച്ചത്.

എസ്എസ്എല്‍സി വിജയം, ബോംബെയിലോ മദ്രാസിലോ നിന്നുള്ള സാനിട്ടറി ഇന്‍സ്പെക്ടര്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മുംബൈ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റില്‍ നിന്നുള്ള സാനിട്ടറി ഇന്‍സ്പെക്ടര്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ റൂറല്‍ ഹയര്‍ എജുക്കേഷനില്‍ നിന്നുള്ള സാനിട്ടറി ഇന്‍സ്പെക്ടര്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സാനിട്ടറി ട്രെയിനിങ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യതയായി വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്.