ചുറ്റിലും കണ്ണോടിക്കുമ്പോള്‍ ചെറുതും വലുതുമായ വാര്‍ത്തകള്‍ നിങ്ങള്‍ക്കു മുമ്പിലുണ്ടെന്നും അതു പുറത്തുകൊണ്ടുവരണമെന്നും തോന്നുന്നുണ്ടോ, എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി മാധ്യമപ്രവര്‍ത്തനം പഠിക്കാം. നിരീക്ഷണപാടവവും പരന്ന വായനയും കാര്യങ്ങളെ സത്യസന്ധമായി വിശകലനം ചെയ്യാനുളള കഴിവുമാണ് ഒരാള്‍ക്ക് ഈ രംഗത്തു വിജയിക്കാനുള്ള പ്രധാന ഘടകങ്ങള്‍. 

പഴയകാലത്തെ അപേക്ഷിച്ച് നവമാധ്യമങ്ങളുമായി സമ്പര്‍ക്കം ചെയ്തുളള പരിചയവും ഇന്നത്തെ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്. രാവിലെ പത്രത്തെ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന മലയാളിയെ സിനിമയിലോ കഥകളിലോ മാത്രമേ കാണാന്‍ കഴിയൂ. ടി.വി.യും സാമൂഹിക മാധ്യമങ്ങളും ഇന്റര്‍നെറ്റും പത്രങ്ങള്‍ക്ക് തുല്യമായ സ്ഥാനം വഹിക്കുന്നുണ്ട്. ഇതിനു പുറമെ പരസ്യങ്ങളും വാര്‍ത്താവിഭാഗത്തിന്റെ പാരലല്‍ശാഖയായി വര്‍ത്തിക്കുന്നു. 

ബ്ലോഗുകളും വെബ്സൈറ്റുകളും വന്നതോടെ വാര്‍ത്തകളും പരസ്യങ്ങള്‍ക്കുമെല്ലാം ഒരേ ഭാഷയായി. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി വാര്‍ത്തപോലെയുള്ള നെടുനീളന്‍ ലേഖനങ്ങള്‍ എഴുതാന്‍ പ്രമുഖ ബ്രാന്‍ഡുകളെല്ലാം പ്രത്യേകം ആളുകളെ നിയമിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം പറയുന്ന യോഗ്യത മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദമൊക്കെയാണ്. 

ഐ.ടി. കമ്പനികളിലടക്കം ഇത്തരം അവസരങ്ങളുണ്ട്. വെറും വാര്‍ത്തയെഴുത്തിനപ്പുറം നവമാധ്യമങ്ങളിലടക്കം മാധ്യമപ്രവര്‍ത്തനം നടക്കുന്നുവെന്നര്‍ഥം. ഇന്ത്യയിലെ മാധ്യമമേഖല അന്തര്‍ദേശീയതലത്തില്‍ പോലും ശ്രദ്ധിക്കപ്പെടുന്നു.

എഴുത്തിലായാലും സംസാരത്തിലായാലും ആശയവിനിമയം ചെയ്യാനുളള പാടവം ഒരാളെ മികച്ച മാധ്യമപ്രവര്‍ത്തകനാക്കുന്നു. പലവിധത്തിലുളള നൂറുകണക്കിന് മാധ്യമകമ്പനികളും ശാഖകളുമാണ് ദിനംപ്രതി രാജ്യത്തുണ്ടാകുന്നത്.

മാധ്യമപ്രവര്‍ത്തനം പലവിധം

1. വാര്‍ത്തകളെ എഴുതുകയും തിരുത്തുകയും ചെയ്യുന്ന പ്രിന്റ്, ഇലക്ട്രോണിക്, ഓണ്‍ലൈന്‍ എന്നീ വിഭാഗങ്ങളില്‍ ജോലിയെടുക്കുന്നവരാണ് ജേണലിസ്റ്റ് എന്ന വിഭാഗത്തില്‍ പെടുന്നത്. ചാനലുകളിലാണെങ്കില്‍ വാര്‍ത്താവതരണം ഏറെ ഗ്ലാമറും പ്രശസ്തിയും നേടിത്തരുന്ന ഒന്നാണ്.

2. ബ്രാന്‍ഡിനെ ഉപഭോക്താക്കളില്‍ പരിചയപ്പെടുത്തുന്ന പരസ്യവിഭാഗത്തിലും ജോലി ലഭിക്കും. പ്രധാനമായും വസ്തുക്കളില്‍ ആളുകള്‍ക്ക് വിശ്വാസ്യത വരുത്തലാണ് പ്രധാന പണി. അതു ചിലപ്പോള്‍ ഓണ്‍ലൈന്‍ വഴിയാകാം. 

കോപ്പി റൈറ്റിങ്, ആര്‍ട്ട് സംവിധാനം എന്നിവയും ഇതില്‍പെടും. ക്ലയന്റ് എക്‌സിക്യൂട്ടിവ്/മാനേജര്‍/ഡയറക്ടര്‍, കോപ്പി എക്‌സിക്യൂട്ടീവ്/മാനേജര്‍/ ഡയറക്ടര്‍, ക്രിയേറ്റീവ് ഡയറക്ടര്‍, അക്കൗണ്ട് പ്ലാനിങ് എക്സിക്യൂട്ടീവ്/മാനേജര്‍/ ഡയറക്ടര്‍ തുടങ്ങിയ ജോലികള്‍ ലഭിക്കും.

3. വെബ്സൈറ്റിലേക്കോ വില്‍പ്പനയ്ക്കുദ്ദേശിക്കുന്ന വസ്തുവിലേക്കോ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് കണ്ടന്റ് റൈറ്ററുടെ ജോലി. ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളില്‍ ആളുകള്‍ തിരയുന്ന വാക്കുകള്‍ ഉള്‍ക്കൊള്ളിച്ച് ലേഖനങ്ങളെഴുതി ഉപഭോക്താക്കളെ ആകര്‍ഷിക്കലാണ് പ്രധാനമായും ഇതില്‍ ചെയ്യുന്നത്.

4. ഒരു സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും നിരന്തരം പൊതുസമൂഹവുമായി പങ്കുവെക്കുന്ന പബ്ലിക് റിലേഷന്‍സ് മേഖലയിലും പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍, ഉപഭോക്താക്കള്‍, ജീവനക്കാര്‍, ഷെയറുടമകള്‍ തുടങ്ങിയവരുമായി ആശയവിനിമയം നടത്തേണ്ടിവരും. 

വലിയ കമ്പനികളിലെല്ലാം ഇതിനായി ഒരു സംഘം തന്നെയുണ്ട്. പബ്ലിക് റിലേഷന്‍സ് എക്‌സിക്യൂട്ടീവ് മുതല്‍ മാനേജരോ ഡയറക്ടറോ വരെയാകാം.

5. ചടങ്ങുകളെല്ലാം ഭംഗിയാക്കാന്‍ പ്രൊഫഷണലുകളെ ഏല്‍പ്പിക്കുന്ന കാലമാണ്. സ്റ്റേജ് ഷോ, കല്യാണം, സമ്മേളനങ്ങളെല്ലാം ഈവന്റ് മാനേജ്മെന്റ് മാനേജര്‍ കൈകാര്യം ചെയ്യുന്നു. പരിപാടിയുടെ നടത്തിപ്പിനൊപ്പം തന്നെ പ്രമോഷനും ഇവര്‍ നടത്തുന്നു. പരിചയവും പരിശീലനവും വഴി ശോഭിക്കാം.

6. സിനിമ, പരസ്യം. സീരിയലുകള്‍ തുടങ്ങിയവയ്ക്ക് തിരക്കഥയെഴുതുവാനും മാധ്യമപ്രവര്‍ത്തനത്തില്‍ ഉപരിപഠനം സഹായിക്കും. വെറുമൊരു തിരക്കഥയ്ക്കപ്പുറം കഥാപാത്രങ്ങളെയുണ്ടാക്കലും സംഭാഷണമെഴുത്തും തിരക്കഥാകൃത്തിന്റെ ജോലിയില്‍ പെടും. 

thozhilദൈനംദിന സംഭവങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇതില്‍ ശോഭിക്കാനാകും. ഏതൊരു ടെലിവിഷന്‍ പരിപാടിയുടെയും വിജയത്തിന് അതിന്റെ തിരക്കഥ പ്രധാനഘടകമാണ്. 

ഇതു കൂടാതെ ഫാഷന്‍ ഫോട്ടോഗ്രാഫര്‍, റേഡിയോ ജോക്കി, വീഡിയോ ജോക്കി, ആനിമേഷന്‍, ഡിസൈനര്‍ എന്നിവയ്ക്കും സാധ്യത നല്‍കുന്നു. ഇതിനു പുറമെ യു.ജി.സി. നെറ്റ് എഴുതിയാല്‍ കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസറാകാം. 

എന്തുപഠിക്കാം ?

മാധ്യമരംഗത്തേക്ക് വരുമെന്ന് ഉറപ്പിച്ചാല്‍ സ്‌കൂള്‍പഠനം കഴിഞ്ഞാല്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങാം. മറ്റു മേഖലകളെ അപേക്ഷിച്ച്  സമൂഹവുമായി നിരന്തരം സംവദിക്കാമെന്നത് ഏറ്റവും മികച്ചതും ശ്രേഷ്ഠവുമായ ഗുണമാണ്. കഴിവിന് അനുസരിച്ച് ജോലിയില്‍ ഉയരാമെന്നത് മറ്റു മേഖലകളിലെ പോലെ ഇവിടെയും ബാധകമാണ്.

മൂന്നു വര്‍ഷത്തെ ബിരുദവും രണ്ടു വര്‍ഷത്തെ ബിരുദാനന്തരബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമയുമുണ്ട്. എംഫിലും ഡോക്ടറേറ്റുമെടുക്കാന്‍ താത്പര്യമുളളവര്‍ക്ക് തുടര്‍ന്നും പഠിക്കാം. ഡിഗ്രി ഏതു വിഷയത്തിലായാലും ജേണലിസത്തില്‍ ബിരുദാനന്തരബിരുദത്തിനോ ഡിപ്ലോമയ്ക്കോ ചേരുന്നതിനു തടസ്സമില്ല

മാധ്യമപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുന്ന ഒട്ടേറ മികച്ച സ്ഥാപനങ്ങള്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലുണ്ട്. പഠനത്തിന്റെ ഇടവേളകളില്‍ പ്രശസ്തമായ മാധ്യമസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പുകളും ഫ്രീലാന്‍സായും പ്രവര്‍ത്തിക്കാം. കൂടാതെ ബ്ലോഗുകളും നവമാധ്യമസാന്നിധ്യവും കരിയറില്‍ ഗുണം ചെയ്യും.

എവിടെ പഠിക്കാം ?

കേന്ദ്ര വാര്‍ത്തവിതരണ മന്ത്രാലയത്തിനു കീഴിലുളള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ആണ് രാജ്യത്തെ ഏറ്റവും പ്രശസ്തമായ മാധ്യമപരിശീലന സ്ഥാപനം.

ഇംഗ്ലീഷ്, ഹിന്ദി, ഒഡിയ എന്നീ ഭാഷകളിലായി ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇവിടെ നല്‍കുന്നു. റേഡിയോ, ടി.വി., പരസ്യം, പബ്ലിക് റിലേഷന്‍സ് തുടങ്ങിയവയില്‍ സ്പെഷലൈസ് ചെയ്യാം.

ഇതിനു പുറമെ നാലു മാസത്തെ ഡിപ്ലോമ കോഴ്സുകളുമുണ്ട്. ഡവലപ്മെന്റ് ജേണലിസം, ഉറുദു ജേണലിസം എന്നിവയിലാണ് കോഴ്സുകള്‍. ഐ.ഐ.എം.സിയുടെ കാമ്പസുകള്‍ ന്യൂഡല്‍ഹി, ഒഡിഷയിലെ ഡന്‍കനാല്‍, ഐസ്വാള്‍, മഹാരാഷ്ട്രയിലെ അമരാവതി, ജമ്മു തുടങ്ങിയ സ്ഥലങ്ങളോടൊപ്പം കേരളത്തില്‍ കോട്ടയത്തുമുണ്ട്. 

മാര്‍ച്ചിലാണ് അപേക്ഷ ക്ഷണിക്കുന്നത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിവരങ്ങള്‍ക്ക്  www.iimc.nic.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. 

ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റിയില്‍ ബിരുദവും ബിരുദാനന്തരബിരുദമുണ്ട്. 

അതിനു പുറമെ ഫിലിം സ്റ്റഡീസ് ആന്‍ഡ് വിഷ്വല്‍ കമ്യൂണിക്കേഷനില്‍ പിഎച്ച്.ഡി. ചെയ്യാനും അവസരമുണ്ട്. ഷില്ലോങ്, ലഖ്നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് കാമ്പസുകള്‍. ജേണലിസത്തിന്റെ എല്ലാ മേഖലകളിലും ഇവിടെ പരിശീലനമുണ്ട്. വിവരങ്ങള്‍ക്ക് http://www.efluniversity. ac.in/

ഹരിയാണയിലെയും ജമ്മുവിലെയും തമിഴ്നാട്ടിലെയും കേന്ദ്ര സര്‍വകലാശാലകളില്‍ മാധ്യമപ്രവര്‍ത്തനപരിശീലനമുണ്ട്. കൂടാതെ ന്യൂഡല്‍ഹിയിലെ ജാമിയ മിലിയ, ഹൈദരാബാദ്, മദ്രാസ്, ബനാറസ്, പോണ്ടിച്ചേരി, ഭാരതിയാര്‍ സര്‍വകലാശാലകള്‍ മാധ്യമരംഗത്ത് പരിശീലനം നല്‍കുന്നു. പല സ്വകാര്യ സര്‍വകലാശാലകളും ഡിഗ്രിയും പിജിയും ഡിപ്ലോമയും കൊടുക്കുന്നു.

കേരളത്തില്‍ കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം ബിരുദാനന്തരബിരുദം (എം.സി.ജെ.) നല്‍കുന്നു. ഈ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള പല കോളേജുകളിലും എം.സി.ജെ.യുണ്ട്. 

കേരള സര്‍വകലാശാലയുടെ തിരുവനന്തപുരം കാര്യവട്ടം കാമ്പസിലാണുള്ളത്. എം.ജി.യുടെ കോഴ്സ് സ്വാശ്രയാടിസ്ഥാനത്തിലാണ്. 20 സീറ്റുളള കാലിക്കറ്റ് യുണിവേഴ്സിറ്റിയിലെത് തേഞ്ഞിപ്പലം കാമ്പസിലും 25 സീറ്റുളള കണ്ണൂരിന്റെത് മങ്ങാട്ട്പറമ്പ് കാമ്പസിലുമാണുള്ളത്. 

എഴുത്തുപരീക്ഷയിലൂടെയാണ് അഡ്മിഷന്‍. സര്‍ക്കാരിനു കീഴിലെ കൊച്ചിയിലെ കേരള മീഡിയ അക്കാദമിയും തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് പ്രസ് ക്ലബ്ബുകളും പി.ജി. ഡിപ്ലോമ കോഴ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. 

ചെന്നൈ ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം, കോട്ടയത്തെ മനോരമ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍, ഭാരതീയ വിദ്യാഭവന്റെ കോട്ടയം, തൃശ്ശൂര്‍, തിരുവനന്തപുരം സെന്ററുകള്‍ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഡിപ്ലോമയെടുക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത.