വികസ്വരരാജ്യങ്ങളില്‍ നിന്നുള്ള ജപ്പാന്‍ ഇതര ഗവേഷണ സ്ഥാപനത്തിലോ സര്‍വകലാശാലയിലോ കാര്‍ഷികമേഖലയിലെ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്ന ജപ്പാന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.

ജപ്പാന്‍ അഗ്രിക്കള്‍ച്ചര്‍ ഫോറസ്ട്രി ആന്‍ഡ് ഫിഷറീസ് മന്ത്രാലയത്തിനു കീഴിലെ അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി ആന്‍ഡ് ഫിഷറീസ് റിസര്‍ച്ച് കൗണ്‍സില്‍ ആണ് ജപ്പാന്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സസിന്റെ സഹകരണത്തോടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

അപേക്ഷകര്‍ 2021 ജനുവരി ഒന്നിന് 40 വയസ്സില്‍ താഴെയുള്ളവരാവണം. ഫുഡ് ഇന്‍ഡസ്ട്രി, എന്‍വയോണ്‍മെന്റ് ഉള്‍പ്പെടെ അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, അനുബന്ധ മേഖലകളിലൊന്നിലെ ഗവേഷണ, വികസനരംഗത്ത് പ്രവര്‍ത്തിക്കുന്നവരായിരിക്കണം.

പരമാവധി മൂന്നുപേര്‍ക്ക് 5000 യു.എസ്. ഡോളര്‍ വീതമുള്ള അവാര്‍ഡുകള്‍ സമ്മാനിക്കും. അപേക്ഷ ഗവേഷണ സ്ഥാപനത്തിന്റെ ശുപാര്‍ശയോടെയാണ് നല്‍കേണ്ടത്. ഒരു ഗവേഷണ സ്ഥാപനത്തിന് ഒരു ഗവേഷകനെ മാത്രമേ ശുപാര്‍ശ ചെയ്യാനാകൂ.

അപേക്ഷാ ഫോറം വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ https://www.jircas.go.jp/en/young_award/2021 എന്ന ലിങ്കില്‍നിന്ന് ഡൗണ്‍ലോഡു ചെയ്‌തെടുക്കാം.

അപേക്ഷാര്‍ഥിയുടെ പേരിലുള്ള കുറഞ്ഞത് മൂന്ന് റിസര്‍ച്ച് പേപ്പറുകള്‍, ടെക്‌നിക്കല്‍ ഹാന്‍ഡ് ബുക്കുകള്‍, പേറ്റന്റ് അപേക്ഷകള്‍/യൂറ്റിലിറ്റി മോഡലുകള്‍, പത്രങ്ങളിലെ ലേഖനങ്ങള്‍, ഗവേഷണവുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുടെ പൂര്‍ണപട്ടിക തുടങ്ങിയവ അപേക്ഷയുടെ ഭാഗമായിരിക്കണം.

മാര്‍ഗനിര്‍ദേശമനുസരിച്ച് വേര്‍ഡ് ഫോര്‍മാറ്റില്‍ തയ്യാറാക്കുന്ന ഓരോ രേഖയും ഗവേഷണകേന്ദ്രം വഴി jaward2021@ml.affrc.go.jp യിലേക്ക് ഇമെയില്‍ ചെയ്യണം. അപേക്ഷകരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യാന്‍ ഇത് ഉപയോഗിക്കും. കൂടാതെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിലാസത്തിലേക്ക് തപാല്‍ മുഖാന്തരവും പൂര്‍ണ അപേക്ഷ അയക്കണം.

നോമിനേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 22.

Content Highlights: Japan International Award for Researchers in the field of agriculture apply till march 22